മനുവിന്റെ വർണപ്പൂക്കൾ

അവധിക്കാലത്ത് ഓരോരുത്തരും ചെയ്ത കാര്യങ്ങൾ എഴുതാനായിരുന്നു അന്നത്തെ വേദപാഠ ക്ലാസിൽ സെലീന ടീച്ചർ കുട്ടികളോടാവശ്യപ്പെട്ടത്. അതിനായി പത്തുമിനിറ്റ് സമയവും നല്കി. ഏറ്റവും നല്ല ഉത്തരത്തിന് സമ്മാനവും ടീച്ചർ പ്രഖ്യാപിച്ചു.

അവധിക്കാലം തുടങ്ങിയപ്പോഴേ ബന്ധുവീടുകളിൽ പോയതും അങ്കിളിന്റെ കുടുംബത്തോടൊപ്പം വീഗാലാന്റിൽ പോയതുമായിരുന്നു ടോണിക്ക് എഴുതാനുണ്ടായിരുന്നത്. ക്ലാസിൽ വേറെയാരും വീഗാലാന്റിൽ പോയിട്ടുണ്ടാവില്ല എന്നൊരു ചെറിയ അഹങ്കാരവും ടോണിക്കുണ്ടായിരുന്നു. കൂട്ടുകാരുമൊത്ത് പാടത്ത് കളിച്ചതുമാത്രമേ ബോണി എഴുതിയുള്ളൂ. കാർട്ടൂൺ കണ്ടതും പുതിയ വീഡിയോ ഗെയിം വാങ്ങിയതും മിന്നു എഴുതിയപ്പോൾ പുതിയ സൈക്കിൾ വാങ്ങി ഓടിക്കാൻ പഠിച്ചതായിരുന്നു സോനു എഴുതിയത്. എല്ലാവരും വേഗംതന്നെ എഴുതി പേപ്പർ ടീച്ചറിന് കൊടുത്തു. എന്നാൽ, തിരക്കൊന്നും കൂട്ടാതെ ശാന്തമായി ഓരോന്ന് ആലോചിച്ച് എഴുതിയ മറ്റൊരാൾ ആ ക്ലാസിൽ ഉണ്ടായിരുന്നു, മനു. ടീച്ചർ അത് ശ്രദ്ധിച്ചു. നല്ലതുപോലെ പഠിക്കുന്നവനും ശാന്തസ്വഭാവക്കാരനുമായിരു മനു. ഏറ്റവും ഒടുവിലാണ് മനു പേപ്പർ നല്കിയത്. ടീച്ചർ എല്ലാം വായിച്ചു നോക്കി. ഒന്നോ രണ്ടോ കാര്യങ്ങളിൽ കൂടുതൽ ആരുംതന്നെ എഴുതിയിരുന്നില്ല. ഒടുവിൽ ടീച്ചർ ഇപ്രകാരം പറഞ്ഞു:

”നിങ്ങൾ എല്ലാവരുംതന്നെ അവധിക്കാലത്ത് ചെയ്ത കാര്യങ്ങൾ ഭംഗിയായി എഴുതിയിട്ടുണ്ട്. ഏതാണ്ട് ഒരേപോലുള്ള കാര്യങ്ങളൊക്കത്തന്നെയാണ് എല്ലാവരും എഴുതിയിരിക്കുന്നത്. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായ ഒന്ന് ഞാൻ വായിക്കാം.” ടീച്ചർ മനുവിന്റെ പേപ്പർ എടുത്ത് വായിച്ചു. ‘എല്ലാ ദിവസവും അനുജനെയും കൂട്ടി ദൈവാലയത്തിൽ പോയി… അമ്മയെ വീട്ടിലെ ജോലികളിൽ സഹായിച്ചു… കഠിനവരൾച്ചയിൽ വീട്ടിലെ കിണർ വറ്റിയതുകൊണ്ട് അല്പം അകലെയുള്ള കിണറ്റിൽനിന്ന് അമ്മയ്ക്ക് വെള്ളം കോരിക്കൊണ്ടുവന്നു കൊടുത്തു… മാതാപിതാക്കളോടൊപ്പം രണ്ടുദിവസം ബന്ധുവീടുകളിൽ പോയി മടങ്ങി… വീടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിച്ചു… പഴയ നോട്ടുബുക്കുകളിൽ അക്ഷരങ്ങൾ എഴുതി പഠിക്കാൻ അനുജനെ സഹായിച്ചു… അടുത്തു താമസിക്കുന്ന ചേച്ചിയുടെ അടുക്കൽനിന്ന് വർണക്കടലാസുകൊണ്ട് പൂക്കൾ ഉണ്ടാക്കാൻ പഠിച്ചു…’

വായിച്ചുകഴിഞ്ഞ് ടീച്ചർ മനുവിനെ വിളിച്ച് അരികിൽ നിർത്തി. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു: ‘കുട്ടികളേ, അവധിക്കാലവും തീർച്ചയായും ആഘോഷിക്കണം. കൂട്ടുകൂടാനും കളിക്കാനുമൊക്കെയുള്ള അവസരമാണത്. എന്നാൽ, മുഴുവൻ സമയവും കളിച്ചും ടി.വി കണ്ടും പാഴാക്കരുത്. വീട്ടിൽ നിങ്ങളെക്കൊണ്ട് ആവുന്ന സഹായങ്ങൾ ചെയ്യണം. അല്പമെങ്കിലും പഠിക്കാൻ സമയം കണ്ടെത്തണം. അതിനേക്കാൾ പ്രധാനമായി എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണം. അപ്പോഴാണ് അവധിക്കാലം നമ്മുടെ വളർച്ചയുടെ ഭാഗമാകുന്നത്. വ്യത്യസ്തമായി ചിന്തിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത മനുവിന് സമ്മാനം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം.’

എല്ലാവരും കൈയടിച്ച് സമ്മതം അറിയിച്ചു. ടീച്ചർ ഒരു പായ്ക്കറ്റ് ചോക്‌ളേറ്റ് മനുവിന്റെ കൈയിൽ വച്ചുകൊടുത്തു. മനുതന്നെ അത് എല്ലാവർക്കും പങ്കുവച്ചു.

ജേക്കബ് മാത്യു

Leave a Reply

Your email address will not be published. Required fields are marked *