കുഴിമാടത്തിന് പകരം ഹൃദയം നൽകിയ വൈദികൻ

വിശുദ്ധ റ്റോറിബിയോ റോമൊ ഗൊൺസാലസ്

‘ക്വിക്ക’, അങ്ങനെയാണ് റ്റോറിബിയോയെ മേരി വിളിച്ചിരുന്നത്. പഠനം നിർത്തി ജോലിയിൽ സഹായിക്കാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടപ്പോൾ റ്റോറിബിയോയെ തുടർന്ന് പഠിപ്പിക്കണമെന്ന് വാദിച്ചത് മൂത്ത സഹോദരിയായ മേരിയായിരുന്നു. റ്റോറിബിയോയെ സെമിനാരിയിൽ ചേരാൻ പ്രോത്സാഹിപ്പിച്ചിതും മേരി തന്നെ. അവസാനം വൈദികനായശേഷം പട്ടാളക്കാരുടെ വെടിയേറ്റ് വീണ റ്റോറിബിയോ അന്ത്യശ്വാസം വലിച്ചതും ഈ സഹോദരിയുടെ കൈകളിൽ കിടന്നായിരുന്നു. ദൈവസ്‌നേഹം പ്രതിഫലിപ്പിക്കുന്ന ഊഷ്മളമായ സഹോദരബന്ധത്തിന്റെകൂടെ കഥയാണ് മെക്‌സിക്കോയിലെ ‘ക്രിസ്‌തോ റേ’ പടയാളിയായി കൊല്ലപ്പെട്ട വിശുദ്ധ റ്റോറിബിയോ റോമൊ ഗൊൺസാലസിന്റെ ജീവിതം.

1900, ഏപ്രിൽ 16 നാണ് റ്റോറിബിയോയുടെ ജനനം. 12-ാമത്തെ വയസിൽ അദ്ദേഹം സെമിനാരിയിൽ ചേർന്നു. എപ്പോഴും സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും പെരുമാറിയിരുന്ന അദ്ദേഹം മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ തൽപരനായിരുന്നു. 1922-ൽ റ്റോറിബിയോ വൈദികനായി അഭിഷിക്തനായി.

1926 ആയപ്പോഴേക്കും കത്തോലിക്ക സഭയ്‌ക്കെതിരെയും വൈദികർക്കെതിരെയുമുള്ള കാല്ലിസ്റ്റാ പീഡനം മെക്‌സിക്കോയിൽ രൂക്ഷമായി. ഈ കാലഘട്ടത്തിൽ ഫാ. റ്റോറിബിയോ തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചു: ‘പീഡനങ്ങളുടെ കൊടുങ്കാറ്റ് പാപം നിറഞ്ഞ എന്റെ ആത്മാവിലേക്ക് ദൈവത്തെ കൂട്ടിക്കൊണ്ടുവന്നു’. വിശുദ്ധ കുർബാന അർപ്പിക്കുന്നതിനും പൊതുവായി ജപമാല പ്രാർത്ഥന നടത്തുന്നതിനും വൈദികർക്ക് ഗവൺമെന്റ് വിലക്കേർപ്പെടുത്തിയ അവസരത്തിൽ അദ്ദേഹം ഇപ്രകാരം കുറിച്ചു: ‘ദിവ്യബലി അർപ്പിക്കാത്തതും ദിവ്യകാരുണ്യം സ്വീകരിക്കാത്തതുമായ ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടാകാൻ ദൈവമേ നീ അനുവദിക്കരുതേ’.

1927 സെപ്റ്റംബർ മാസം സഭാധികാരികളുടെ നിർദേശപ്രകാരം ടെക്വില്ലാ എന്ന ഇടവകയുടെ ചുമതല അദ്ദേഹം ഏറ്റെടുത്തു. സിവിൽ അധികാരികളും പട്ടാളക്കാരും വൈദികരെ പീഡിപ്പിച്ചിരുന്ന സ്ഥലമായിരുന്നു ടെക്വില. പ്രാർത്ഥനയുടെയും അനുസരണത്തിന്റെയും തീക്ഷണതയുടെയും മനുഷ്യനായ ഫാ. റ്റോറിബിയോ ഭയപ്പെട്ടില്ല എന്നുമാത്രമല്ല ഒഴിഞ്ഞുകിടന്നിരുന്ന ഒരു ഫാക്ടറിയിൽ വിശുദ്ധ ബലിയർപ്പണം മുടക്കം കൂടാതെ നടത്തുകയും ചെയ്തുവന്നു. ഏത് നിമിഷവും മരണം തന്നെ തേടിയെത്തുമെന്ന ബോധ്യമുണ്ടായിരുന്ന അദ്ദേഹം തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചു: ‘ടെക്വില, നീയെനിക്ക് കുഴിമാടമാണോ വാഗ്ദാനം ചെയ്യുന്നത്? ഞാൻ നിനക്ക് എന്റെ ഹൃദയം വാഗ്ദാനം ചെയ്യുന്നു.’

ഇതിനോടകം വൈദികനായി അഭിഷിക്തനായ അദ്ദേഹത്തിന്റെ സഹോദരനും അദ്ദേഹത്തിന് എന്നും തുണയായിരുന്ന മൂത്ത സഹോദരി മേരിയും ഈ അവസരത്തിലാണ് അദ്ദേഹത്തെ സന്ദർശിക്കാനെത്തിയത്. 1928-ലെ വിഭൂതിദിനത്തിൽ അദ്ദേഹം തന്റെ സഹോദരന്റെ പക്കൽ ദീർഘമായ കുമ്പസാരം നടത്തി. തുടർന്ന് സഹോദരൻ മടങ്ങിപ്പോയി.

1928 ഫെബ്രുവരി 24 ദുഃഖവെളളി. രാവിലെ നാല് മണിവരെ ഇടവകയുടെ വിവിധ രജിസ്റ്ററുകൾ ശരിയാക്കുന്ന തിരക്കിലായിരുന്നു ഫാ. റ്റോറിബിയോ ഗൊൺസാലസ്. രാത്രി മുഴുവൻ നീണ്ട അധ്വാനത്തിന് ശേഷം വിശുദ്ധ കുർബാന അർപ്പിക്കുന്നതിന് മുമ്പ് ഒന്ന് മയങ്ങാമെന്ന് വിചാരിച്ചാണ് അദ്ദേഹം ഉറങ്ങാൻ കിടന്നത്. സമയം ഏകദേശം അഞ്ച് മണിയായിക്കാണും. ഒരു സംഘം പട്ടാളക്കാർ ഫാ. റ്റോറിബിയോയുടെ മുറിയിലേക്ക് ഇരച്ചുകയറി. ഉറക്കത്തിലായിരുന്ന ഫാ. റ്റോറിബിയോയുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് അതിലൊരാൾ ആക്രോശിച്ചു, ‘ഇതാണ് വൈദികൻ. അവനെ കൊല്ലുക’. ആക്രോശം കേട്ട് ഞെട്ടിയുണർന്ന ഫാ. റ്റോറിബിയോയ്ക്ക് തന്റെ അന്ത്യം അടുത്തു എന്ന് മനസിലായി. ‘ഇതാ ഞാൻ, പക്ഷേ എന്നെ കൊല്ലരുത്.’ ഭയത്തോടെയെങ്കിലും സരസമായി ആ പുണ്യവൈദികൻ പ്രതികരിച്ചു. അടുത്ത നിമിഷത്തിൽ പട്ടാളക്കാരുടെ തോക്കുകൾ ഗർജ്ജിച്ചു. ബഹളം കേട്ട് ഓടിയെത്തിയ സഹോദരിയുടെ കൈകളിലേക്കാണ് അദ്ദേഹം വെടിയേറ്റു വീണത്. ‘ധൈര്യമായിരിക്കുക’, പട്ടാളക്കാരുടെ മുമ്പിൽ നിന്നുകൊണ്ട് മേരി തന്റെ സഹോദരനെ പ്രോത്സാഹിപ്പിച്ചു. ‘കരുണാമയനായ കർത്താവേ, അങ്ങ് ഈ ആത്മാവിനെ സ്വീകരിക്കണമേ.’ സഹോദരന്റെ ആത്മാവിനെ ആ സഹോദരി ദൈവതൃക്കരങ്ങളിൽ സമർപ്പിച്ചു.

മാനുഷികമായ ബലഹീനതകളെ ദൈവാത്മാവിന്റെ ശക്തിയാൽ അതിജീവിച്ച ആ പുണ്യവൈദികനെ 2000-ാമാണ്ട് മെയ് 21-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.


രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *