ഗൾഫിൽ ജോലി ചെയ്യുന്ന മകനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു അയാൾ. പതിവിനു വിപരീതമായി മകൻ വളരെ ശബ്ദം താഴ്ത്തി സംസാരിക്കുന്നതു കേട്ടപ്പോൾ അദ്ദേഹം ചോദിച്ചു: എന്തു പറ്റി, സുഖമില്ലേ? അതൊന്നുമല്ല. എന്റെ കുഞ്ഞ് മടിയിൽ കിടന്ന് നല്ല ഉറക്കമാണ്. അവനെ ഉണർത്താതിരിക്കാനാണ് പതുക്കെ സംസാരിക്കുന്നത് എന്നായിരുന്നു മകന്റെ മറുപടി. അതുകേട്ട അദ്ദേഹത്തിന്റെ ചിന്തകൾ ഭൂതകാലത്തിലേക്ക് ഊളിയിട്ടു. തന്റെ മകൻ കുഞ്ഞായിരുന്ന സമയം. താൻ ഓഫീസിൽനിന്ന് വരുമ്പോൾ ചിലപ്പോൾ അവൻ നല്ല ഉറക്കമായിരിക്കും. മകന്റെ ഉറക്കം തടസ്സപ്പെടാതിരിക്കാൻ ശബ്ദം താഴ്ത്തി സംസാരിക്കുന്നതും ശബ്ദമുണ്ടാക്കാതെ നടക്കുന്നതുമെല്ലാം തന്റെയും ശീലമായിരുന്നല്ലോ എന്നയാൾ ഓർത്തു. രാത്രിയിൽ കുഞ്ഞൊന്നനങ്ങിയാൽ ഉറക്കമുണരുന്നതും കരങ്ങൾ ചേർത്തുവച്ച് അവന് സുരക്ഷിതത്വം നല്കുന്നതുമെല്ലാം അയാളുടെ മനസ്സിലൂടെ കടന്നുപോയി. ആ ഓർമകൾ അദ്ദേഹത്തെ മറ്റൊരു ലോകത്തെത്തിച്ചു. കുഞ്ഞായിരുന്ന തന്റെ മകനുവേണ്ടി താൻ സംരക്ഷണമൊരുക്കിയതുപോലെ ഇപ്പോൾ തന്റെ മകൻ പേരക്കിടാവിനുവേണ്ടി സംരക്ഷണമൊരുക്കുന്നു. സ്വർഗത്തിലെ പിതാവ് ഇതിനെക്കാൾ എത്രയോ കരുതലോടെയാണ് മനുഷ്യമക്കളെ കരുതുന്നത്. അവനോടുള്ള സ്നേഹത്തെപ്രതി അവനാവശ്യമുള്ളവയെല്ലാം സൃഷ്ടിച്ചശേഷമാണ് ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നത്.
കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അത് പുതിയതാണ് (വിലാപങ്ങൾ. 3:22-23). എത്രയോ ശരിയാണത്. ഇന്നലെ കണ്ട പ്രഭാതമല്ല ഇന്നത്തേത്. ഇന്നലത്തെ പ്രകൃതിതന്നെ മാറിയിരിക്കുന്നു. പുതിയ പൂക്കൾ… പുതിയ ഇലകൾ… പുതിയ ഫലങ്ങൾ… ശ്വസിക്കുന്ന വായു, കുടിക്കുന്ന ജലം, കഴിക്കുന്ന ഭക്ഷണം എല്ലാം പുതിയതാണ്. ഓരോ കാഴ്ചയും പുതിയതാണെങ്കിൽ… ഓരോ കേൾവിയും പുതിയതാണെങ്കിൽ…. കർത്താവിന്റെ സ്നേഹം ഓരോ പ്രഭാതത്തിലും പുതിയതു തന്നെ. ആ പുതിയ സ്നേഹത്തിലേക്ക് ബോധപൂർവം നമ്മെ സമർപ്പിച്ചുകൊണ്ടാവട്ടെ നമ്മുടെ ഓരോ പ്രഭാതവും…
ജോണി കിഴക്കൂടൻ
1 Comment
Ah, i see. Well th’ats not too tricky at all!”