”അതിനുശേഷം അവൻ നായിൻ എന്ന പട്ടണത്തിലേക്ക് പോയി. ശിഷ്യന്മാരും വലിയൊരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. അവൻ നഗരകവാടത്തിനടുത്തെത്തിയപ്പോൾ മരിച്ചുപോയ ഒരുവനെ ചിലർ എടുത്തുകൊണ്ടുവരുന്നത് കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവൻ. പട്ടണത്തിൽനിന്ന് വലിയൊരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. അവളെ കണ്ട് മനസലിഞ്ഞ് കർത്താവ് അവളോട് പറഞ്ഞു, കരയേണ്ട” (ലൂക്കാ 7:11-13).
ഒറ്റച്ചിറകുള്ള പക്ഷിയെപ്പോലെയാണ് വിധവ. ഒന്നിച്ച് ചിന്തിച്ച്, ഒന്നിച്ച് അധ്വാനിച്ച്, ഒന്നിച്ച് ശേഖരിച്ച്, ഒന്നിച്ച് ഉണ്ട്/ഉറങ്ങി, ഒരുമിച്ച് പറന്നുയരുന്ന സ്വപ്നങ്ങളുടെ ഉടമകളാണ് ദമ്പതികൾ. ഭർത്താവ് നഷ്ടപ്പെട്ടാൽ ഭാര്യയും ഭാര്യ നഷ്ടപ്പെട്ടാൽ ഭർത്താവും തളർന്നുപോകും. ഇനിമേൽ നിങ്ങൾ ഒന്നാണ് എന്ന യോജിപ്പിക്കൽ എത്ര ശക്തമായിരുന്നുവെന്ന് ഒന്ന് കൊഴിയുമ്പോഴാണ് തിരിച്ചറിയുന്നത്. തിരുവചനത്തിൽ നാം കാണുന്ന, നിസഹായതയുടെ പര്യായമായ വിധവ ഇഴഞ്ഞും കുഴഞ്ഞും മുന്നോട്ടു നീങ്ങിയത് അവളുടെ ഏകപുത്രനുവേണ്ടിയായിരുന്നു. ഒടുവിൽ തന്നെ തനിച്ചാക്കി അവനും പറന്നകന്നപ്പോൾ ആ അമ്മയ്ക്ക് സഹിക്കാനായില്ല. ആരുടെയും നെഞ്ച് പിളർക്കുന്ന അവസ്ഥ. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വലിയൊരു ജനക്കൂട്ടം അവളോടൊപ്പം നടക്കുന്നു. ഈ അവസ്ഥയിലാണ് അവളെ കണ്ട് മനസലിഞ്ഞ് കർത്താവ് അവളോട് പറയുന്നത്: ”കരയേണ്ടാ.”
ഇപ്രകാരം ആശ്വസിപ്പിക്കുന്ന കർത്താവിനെ ലോകത്തിന് കാണിച്ചുകൊടുക്കാൻ, അവിടുത്തെ ആശ്വാസവചനങ്ങൾ കേൾപ്പിക്കാൻ നമുക്കുള്ള ഉത്തരവാദിത്തം എത്ര വലുതാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
7:14 മുതലുള്ള വാക്യങ്ങളിലൂടെ നമുക്ക് പോകാം. ”അവൻ മുന്നോട്ടു വന്ന് ശവമഞ്ചത്തിന്മേൽ തൊട്ടു. അത് വഹിച്ചിരുന്നവർ നിന്നു. അപ്പോൾ അവൻ പറഞ്ഞു, യുവാവേ, ഞാൻ നിന്നോട് പറയുന്നു എഴുന്നേല്ക്കുക. മരിച്ചവൻ ഉടനെ എഴുന്നേറ്റിരുന്നു. അവൻ സംസാരിക്കാൻ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചു കൊടുത്തു.”
കരയേണ്ടാ എന്നുപറഞ്ഞ് കടന്നുപോകേണ്ടവനല്ല ക്രിസ്ത്യാനി എന്ന് ഈ വചനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. ഒരുപക്ഷേ, ആശ്വാസവാക്കിനപ്പുറം കടന്നുചെല്ലാൻ ഇതുവരെയും കഴിഞ്ഞിട്ടില്ലെങ്കിൽ, ഈ കാരുണ്യവർഷം നമ്മെ വെല്ലുവിളിക്കുന്നു. കരയാനുണ്ടായ കാരണങ്ങൾക്ക് കാര്യമായ പ്രതിവിധികൾ ഉണ്ടാകണം. മുന്നോട്ടുവന്ന് ശവമഞ്ചത്തിൽ തൊട്ട്, അതിനുള്ളിലെ മൃതദേഹങ്ങൾക്ക് ഉയിർപ്പേകി ഉടമസ്ഥനെ ഏൽപിക്കാനുള്ള നിയോഗം നമ്മുടേതാണ്. ഇതാണ് കാരുണ്യപ്രവൃത്തി – ജീവിതവഴികളിൽ മരിച്ചു ജീവിക്കുന്നവർക്ക് പുതുജീവനേകുക. ഈ വിധവയും ഈ ശവമഞ്ചവും നമ്മുടെ കുടുംബങ്ങളിൽ, കൂടപ്പിറപ്പുകളിൽ തുടങ്ങി ലോകം മുഴുവനിലും ഉണ്ട് എന്നത് തിരിച്ചറിയാനും അതനുസരിച്ച് പ്രവർത്തിക്കാനുമുള്ള അവസരമായി കാരുണ്യവർഷത്തെ കാണണം.
നമുക്കിത് കഴിയുമോ?
നമ്മുടെയുള്ളിൽ ഒരു നന്മ ചെയ്യാൻ പ്രചോദനം ലഭിക്കുന്ന ഉടൻതന്നെ അസാധ്യതകളുടെ, അസൗകര്യങ്ങളുടെ, അജ്ഞതകളുടെ അനവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ വന്നടിയും. രാജാക്കന്മാരുടെ ഒന്നാം പുസ്തകം 17-ന്റെ 17 മുതലുള്ള വാക്യങ്ങളിൽ ഏലിയാ പ്രവാചകൻ മരിച്ചുപോയ കുട്ടിക്ക് ജീവൻ കൊടുക്കുന്ന സംഭവം വിവരിക്കുന്നുണ്ട്. രാജാക്കന്മാരുടെ രണ്ടാം പുസ്തകം 4-ന്റെ 32 മുതലുള്ള വാക്യങ്ങളിലേക്ക് നോക്കിയാലും അവിടെ ഒരു ഉയിർപ്പിക്കലും ഏല്പിച്ചുകൊടുക്കലും കാണാം. ഈ ഏലിയാ ആരായിരുന്നു? വചനം പറയുന്നു: ”ഏലിയാ നമ്മെപ്പോലെയുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാൻ അവൻ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു. ഫലമോ, മൂന്നു വർഷവും ആറുമാസവും ഭൂമിയിൽ മഴ പെയ്തില്ല. വീണ്ടും അവൻ പ്രാർത്ഥിച്ചു. അപ്പോൾ ആകാശം മഴ നൽകുകയും ഭൂമി ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു” (യാക്കോബ് 5:17). നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു എന്ന് എത്ര വ്യക്തമായിട്ടാണ് വചനം പഠിപ്പിക്കുന്നത്. എന്നിട്ടും അനുദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന കാരുണ്യമർഹിക്കുന്നവരെ ആശ്വസിപ്പിക്കാനോ അവർക്കാവശ്യമായതു ചെയ്യാനോ നമുക്ക് കഴിയുന്നുണ്ടോ? ദൈവവചനത്തിന്റെ ശക്തിയിൽ ആശ്രയിച്ച് അവർക്കുവേണ്ടി വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ കഴിയുന്നുണ്ടോ?
ആകയാൽ നമുക്ക് നമ്മുടെ കുറവുകളും മുറിവുകളും മറന്ന്, അപരന്റെ മുറിവുണക്കുന്ന കൃപകളാൽ നിറയാം. കരുണക്കൊന്ത മുടങ്ങാത്ത ദിനങ്ങളും കാരുണ്യപ്രവൃത്തികൾ മുടക്കാത്ത ജീവിതങ്ങളും നമ്മിലുണ്ടാകട്ടെ. ”നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായരിക്കുവിൻ” (ലൂക്കാ 6:36) എന്ന യേശുനാഥന്റെ ആഗ്രഹം നിറവേറ്റാം. ”കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്ക് കരുണ ലഭിക്കും” (മത്തായി. 5:7) എന്ന യേശുവിന്റെ വാഗ്ദാനം നമുക്ക് സ്വന്തമാക്കാം.
നമുക്ക് പ്രാർത്ഥിക്കാം. ഈശോയെ, അങ്ങയുടെ കരുണയുടെ മുഖം എന്നിലൂടെ പ്രകടമാക്കാൻ, അവിടുത്തെ കരുണാകടാക്ഷം എന്റെമേൽ ഉണ്ടാകട്ടെ, ആമ്മേൻ.
സിസ്റ്റർ മേരി മാത്യു എം.എസ്.എം.ഐ.