ദൈവം ചിരിച്ചപ്പോൾ….

ഭൂമിയിൽ പാപം വർധിച്ചുവരവേ ദൈവം മനുഷ്യനോടു പറഞ്ഞു: ‘ഒരു പാപം ചെയ്യുമ്പോൾ ഒരു സൽപ്രവൃത്തി ചെയ്യുക.’ മനുഷ്യൻ പറഞ്ഞു: ‘നടക്കില്ല.’ ദൈവം വീണ്ടും പറഞ്ഞു: ‘പത്തു പാപങ്ങൾ ചെയ്യുമ്പോൾ ഒരു സൽപ്രവൃത്തി ചെയ്യുക.’ മനുഷ്യൻ പറഞ്ഞു: ‘നടക്കില്ല.’ അപ്പോൾ ദൈവം പറഞ്ഞു: ‘അമ്പതു പാപങ്ങൾ ചെയ്യുമ്പോഴെങ്കിലും ഒരു സൽപ്രവൃത്തി ചെയ്യുക.’ ‘നടക്കില്ല’, മനുഷ്യൻ ആവർത്തിച്ചു. എന്നിട്ട് ഇപ്രകാരം കൂട്ടിച്ചേർത്തു: ‘വേണമെങ്കിൽ നൂറു പാപങ്ങൾ ചെയ്യുമ്പോൾ ഒരു സൽപ്രവൃത്തി ചെയ്യാം.’ ദൈവം പറഞ്ഞു: ‘ശരി. പക്ഷേ ഒരു നിബന്ധന. ചെയ്തുപോയ പാപങ്ങളോർത്ത് പശ്ചാത്തപിച്ചിട്ടുവേണം സൽപ്രവൃത്തി ചെയ്യാൻ. മനുഷ്യൻ സമ്മതിച്ചു.’

ഒരുനാൾ മനുഷ്യൻ തിരികെ വന്ന് ദൈവത്തോടു പറഞ്ഞു: ‘നൂറു പാപം ചെയ്തിട്ട് പശ്ചാത്തപിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് അമ്പതു പാപം ചെയ്തശേഷം പശ്ചാത്തപിച്ചിട്ട് സൽപ്രവൃത്തി ചെയ്‌തോളാം.’ ദൈവം സമ്മതിച്ചു. കുറച്ചുനാൾ കഴിഞ്ഞ് മനുഷ്യൻ വീണ്ടും വന്നു പറഞ്ഞു: ‘അമ്പതെന്നത് പത്താക്കണം. പശ്ചാത്തപിക്കാൻ പറ്റുന്നില്ല.’ ദൈവം സമ്മതിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യൻ വീണ്ടുമെത്തി: ‘ഒരു പാപത്തിന് ഒരു സൽപ്രവൃത്തി.’ ദൈവം പറഞ്ഞു: ‘ശരി.’ അവസാനം മനുഷ്യൻ പറഞ്ഞു: ‘ഞങ്ങൾ പാപം ചെയ്യാതെ സൽപ്രവൃത്തി ചെയ്‌തോളാം.’ അപ്പോൾ ദൈവം ചിരിച്ചു, തന്റെ ഹിതം ഭൂമിയിൽ നിറവേറുന്നതോർത്ത്…

Leave a Reply

Your email address will not be published. Required fields are marked *