ദൈവം എന്തിന് ദരിദ്രരെ സൃഷ്ടിച്ചു? ഒരുകൂട്ടർക്കുമാത്രം എന്തേ സമ്പത്തും വലിയ പദവികളും? ദാരിദ്ര്യം ഒരു ശാപമാണോ? സമ്പന്നത പാപമാണോ? ചിലപ്പോഴെങ്കിലും നിങ്ങൾ ചോദിച്ചിട്ടുള്ള ചോദ്യങ്ങൾക്ക് ഇതാ ഉത്തരം.
ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും നമ്മുടെ ചുറ്റുപാടും ജീവിക്കുമ്പോൾ, പലപ്പോഴും നമ്മുടെ ഉള്ളിൽ ദൈവത്തോടും മനുഷ്യരോടും ചോദ്യങ്ങൾ ഉയരുക സ്വാഭാവികമാണ്. മരണംവരെ ദാരിദ്ര്യവും കഷ്ടപ്പാടും പട്ടിണിയും അനുഭവിക്കുന്ന അനേകരെ കാണുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ ഞാനും ദൈവത്തോട് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഞാൻ അറിയുന്നു, ഈ ഭൂമിയിലെ ഏതൊരു ജീവിതാവസ്ഥയും ഒരു ദൈവവിളിയാണ്. ആ വിളിയുടെ മഹത്വം തിരിച്ചറിയുമ്പോഴാണ് ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷിക്കാനും സ്വർഗീയ ആനന്ദം നിറഞ്ഞവരാകാനും നമുക്ക് കഴിയുന്നത്.
ദാരിദ്ര്യം ഒരു കുറവല്ല, അത് അതിശ്രേഷ്ഠമായ ദൈവവിളിയാണ്. കാരണം, സകല സമ്പത്തിന്റെയും ഉടയവനാണ് ദൈവം. തന്റെ സമ്പത്ത് മുഴുവൻ തന്റെ മക്കൾക്ക് തുല്യമായി വിഭജിച്ച് കൊടുക്കാൻ അവിടുത്തേക്ക് കഴിയുമായിരുന്നു. എന്നാൽ, അവിടുന്നത് ചെയ്തില്ല. പ്രഭാഷകന്റെ പുസ്തകത്തിൽ നാം വായിക്കുന്നു, ”ദരിദ്രനെ സമ്പന്നനാക്കാൻ കർത്താവിന് ഒരു നിമിഷം മതി” (പ്രഭാ. 11:21). സമയത്തിന്റെ ഏറ്റവും ചെറിയ കണികയായ ‘ഒരു നിമിഷം’കൊണ്ട് ഈ ഭൂമിയിലെ ഏത് ദരിദ്രനെയും സമ്പന്നനാക്കാൻ കർത്താവിന് സാധിക്കുമായിരുന്നു. എന്നിട്ടും അവിടുന്ന് അങ്ങനെ ചെയ്യാതിരുന്നത് ദാരിദ്ര്യത്തിന്റെ മഹനീയത വലുതായതുകൊണ്ടാണ്. നിയമാവർത്തന പുസ്തകം 15-ാം അധ്യായം 11-ാം വാക്യം നമ്മെ പഠിപ്പിക്കുന്നു: ”ഭൂമിയിൽ ദരിദ്രർ എന്നും ഉണ്ടായിരിക്കും.” എന്താണ് ഈ വചനത്തിന്റെ അർത്ഥമെന്ന് ആധുനിക ലോകത്ത് ജീവിക്കുന്ന നമുക്ക് നന്നായി മനസിലാകും. ദരിദ്രരെയും പാവപ്പെട്ടവരെയും സമുദ്ധരിക്കാൻ പല ഗവൺമെന്റുകളും മാറി മാറി വന്നിട്ടും, പല നിയമ നിർമാണ ഭേദഗതികൾ നടത്തിയിട്ടും സമൂഹത്തിൽ ദാരിദ്ര്യം കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്. വിശ്വാസസമൂഹവും ദൈവമക്കളും ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത് ഭൗതികമായ ഉയർച്ചയ്ക്കുവേണ്ടിയാണ്. എന്നാൽ, ദരിദ്രർ എക്കാലത്തും ഭൂമിയിൽ ഉണ്ടായിരിക്കും എന്ന വചനം മാറ്റമില്ലാതെ ഇന്നും നിലനില്ക്കുന്നു. ദാരിദ്ര്യം ഒരു വിളിയാണ്, കുറവല്ല എന്ന യാഥാർത്ഥ്യമാണ് ഇത് വെളിപ്പെടുത്തുന്നത്.
സങ്കീർത്തനം 75:6-7 വാക്യത്തിൽ നാം വായിക്കുന്നു: ”കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച വരുന്നത്. ഒരുവനെ താഴ്ത്തുകയും അപരനെ ഉയർത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നത് ദൈവമാണ്.” സാമുവലിന്റെ ഒന്നാം പുസ്തകത്തിൽ വായിക്കുന്നു: ”ദരിദ്രനും ധനികനും ആക്കുന്നത് കർത്താവാണ്. താഴ്ത്തുന്നതും ഉയർത്തുന്നതും അവിടുന്നുതന്നെ” (1 സാമുവൽ 2:7). ഭൂമിയിലെ ഓരോ ജീവിതാവസ്ഥയും ദൈവത്താൽ നിശ്ചയിക്കപ്പെട്ടതും വളരെ പ്രത്യേകതകൾ നിറഞ്ഞതുമാണെന്ന് ഈ തിരുവചനങ്ങൾ വ്യക്തമാക്കുന്നു. ദൈവം എനിക്ക് നല്കിയ വിളി അവിടുത്തെ കരങ്ങളിൽനിന്ന് സന്തോഷത്തോടെ സ്വീകരിച്ച് നന്ദി പറയാൻ ആരംഭിക്കുമ്പോൾ മാത്രമാണ് ഈ ജീവിതാവസ്ഥയുടെ മഹത്വം അവിടുന്ന് നമുക്ക് കാണിച്ചു തരുക.
ആത്മീയജീവിതത്തിൽ ദാരിദ്ര്യത്തിന് സമ്പന്നതയെക്കാൾ ഏറെ കരുത്ത് പകരാൻ കഴിയും. നമ്മുടെ വ്യക്തിജീവിതത്തിൽ ഭൗതികമായ എല്ലാ നന്മകളും സുലഭവും സുഭിക്ഷവും ആകുമ്പോൾ ഒട്ടേറെ പേർക്ക് വിശുദ്ധിയും ആത്മീയവളർച്ചയും കുറയാൻ അത് ഇടയായേക്കാം. തീർത്തും ദാരിദ്ര്യത്തിന്റെ ജീവിതം നയിച്ച് ദൈവം കനിഞ്ഞ് പെട്ടെന്ന് ഉയർത്തപ്പെട്ട പലരും ഇന്ന് നമ്മുടെ സമൂഹത്തിൽ ദൈവത്തെ മറന്ന് ജീവിക്കുന്നത് നിരന്തര കാഴ്ചയാണ്. സമ്പത്ത് വർധിക്കുമ്പോൾ നല്ലൊരു ശതമാനം ജനങ്ങൾക്കും (എല്ലാവർക്കുമല്ല) ബലിജീവിതവും ത്യാഗ-സഹന ജീവിതവും അന്യമായിത്തീരും. ലൗകികത അവരെ വശീകരിക്കാം. പാപസുഖങ്ങൾ തേടാനുള്ള പ്രലോഭനം വർധിക്കാം. നമ്മുടെ നാട്ടിൽ നാണ്യവിളകളുടെയെല്ലാം വില ഗണ്യമായി വർധിച്ചപ്പോൾ മനുഷ്യർ ദൈവത്തോട് അടുക്കുകയല്ല മറിച്ച്, വിശുദ്ധ കുർബാനകളിലും ധ്യാനശുശ്രൂഷകളിലും ജനത്തിന്റെ സാന്നിധ്യം വളരെ കുറയുകയാണ് ചെയ്തത്. എന്നാൽ ഇന്ന് സ്ഥിതി മാറി. സാമ്പത്തിക അരക്ഷിതാവസ്ഥ വർധിച്ചപ്പോൾ ദൈവാലയങ്ങളിൽ ജനത്തിരക്ക്! ധ്യാനങ്ങൾക്കും പ്രാർത്ഥനയ്ക്കുമെല്ലാം ഇഷ്ടംപോലെ സമയം! സുലഭത മനുഷ്യനെ ലൗകികനാക്കുന്നു. ഇവിടെയാണ് ദാരിദ്ര്യത്തിന്റെ പ്രസക്തി.
സന്യാസിനിയായി ദൈവത്തെ ശുശ്രൂഷിക്കാൻ ആഗ്രഹിച്ച ഹെലൻ എന്ന പെൺകുട്ടി, മഠത്തിൽ ചേരാൻപോലും പണമില്ലാത്ത ദരിദ്രയായിരുന്നു. പല വീടുകളിലും ജോലിചെയ്തും പശുക്കളെ പരിപാലിച്ചും പണമുണ്ടാക്കിയാണ് അവൾ മഠത്തിൽ ചേർന്നത്. സഭാവസ്ത്രം സ്വീകരിക്കുന്ന ദിവസം കൂടെയുള്ള എല്ലാവർക്കും സമ്മാനങ്ങളും ആശംസകളുമായി മാതാപിതാക്കളും ബന്ധുമിത്രാദികളും എത്തിയപ്പോൾ ഹെലന് മാത്രം സന്ദർശകർ ആരും ഇല്ലായിരുന്നു. കാരണം, അവളുടെ വീട്ടുകാർക്ക് അവിടെ എത്തിച്ചേരാൻ വണ്ടിക്കൂലിപോലും ഉണ്ടായിരുന്നില്ല. ദാരിദ്ര്യം ഒരു വിളിയായി സ്വീകരിച്ച അവൾ അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്: ”ഈശോയേ, ഞാൻ മറ്റുള്ളവരെക്കാൾ ഭാഗ്യവതിയാണ്. എന്റെ കൂട്ടുകാർ ഈ പുണ്യദിനം ബന്ധുമിത്രാദികളെ ശുശ്രൂഷിച്ച് അവരുടെ കൂടെ സമയം ചെലവഴിക്കുമ്പോൾ എനിക്ക് നിന്റെയടുത്തിരുന്ന് സക്രാരിക്ക് മുൻപിലിരുന്ന് പ്രാർത്ഥിച്ചൊരുങ്ങാൻ കഴിഞ്ഞല്ലോ.” അവളാണ് സഭയിലെ അറിയപ്പെടുന്ന വിശുദ്ധയായ വിശുദ്ധ ഫൗസ്റ്റീന.
ദാരിദ്ര്യത്തെ നാം സ്വീകരിക്കണം. അതിലൂടെ ദൈവം നമുക്ക് നല്കുന്ന ആത്മീയ കരുത്ത് സ്വന്തമാക്കണം. ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനമെന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. ധനവാന്മാരാകണമെന്ന് വിചാരിക്കുന്നവൻ പല കെണികളിലും ചെന്നുവീഴുന്നു. ധരിക്കാൻ വസ്ത്രവും കഴിക്കാൻ ഭക്ഷണവും കിടക്കാൻ പാർപ്പിടവും ഉണ്ടെങ്കിൽ നമുക്ക് തൃപ്തിയുള്ളവരാകാം. ഈ അടിസ്ഥാന സൗകര്യങ്ങൾപോലും ലഭിക്കാത്തവരാണ് സഭയിലെ അനേക വിശുദ്ധർ.
ഒരു ജോഡി ഷൂപോലും വാങ്ങാൻ നിവൃത്തിയില്ലാത്തവനായിരുന്നു ജോസഫ് എന്ന ബാലൻ. സ്‌കൂളിൽ യൂണിഫോമിന്റെ ഭാഗമായി ഷൂ ധരിക്കുക നിർബന്ധമുള്ള കാര്യമായിരുന്നു. അതിനാൽ ആകെയുള്ള ഒരു ജോഡി പഴയ ഷൂ സഞ്ചിയിലാക്കി സ്‌കൂൾവരെ നഗ്നപാദനായി നടന്ന്, ക്ലാസിൽമാത്രം ഷൂ ധരിച്ച് സ്‌കൂൾ വിടുമ്പോൾ വീണ്ടും ഷൂ സഞ്ചിയിലാക്കി വീട്ടിലേക്ക് നടന്നുപോയി വിദ്യാഭ്യാസം പൂർത്തിയാക്കിയവനാണ് അവൻ. ഭക്ഷണത്തിന് വകയില്ലാത്ത അവന് സഹപാഠികളാണ് മിക്ക ദിവസങ്ങളിലും ഭക്ഷണം നല്കിയിരുന്നത്. ആ ബാലനാണ് പഠിച്ച് വൈദികനും മെത്രാനും കർദിനാളും മാർപാപ്പയുമായി മാറി, പിന്നീട് സഭ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ പത്താം പീയൂസ് മാർപാപ്പ. പാറമടകളിൽ ജോലി ചെയ്ത് പിന്നീട് പത്രോസിന്റെ സിംഹാസനത്തിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധ ജോൺ പോൾ രണ്ടാമനും ദാരിദ്ര്യം വിളിയായി സ്വീകരിച്ച വിശുദ്ധനായിരുന്നു.
ദാരിദ്ര്യവും കഷ്ടതയും ഒരു കുറവായി കാണുമ്പോൾ മാത്രമാണ് അത് വേദനയുളവാക്കുന്നത്. എന്നാൽ അതെന്റെ സ്വർഗപ്രാപ്തിക്കും ആത്മരക്ഷയ്ക്കുംവേണ്ടി ദൈവം ഒരുക്കിയ ജീവിതാന്തസ് ആയി സ്വീകരിക്കാൻ തുടങ്ങിയാൽ വലിയ ആന്തരികകരുത്തും സ്വാതന്ത്ര്യവും സൗഖ്യവും നമ്മിൽ നിറയും. ആകയാൽ, ഞാനിങ്ങനെ ആയിപ്പോയല്ലോ, എന്റെ കഷ്ടപ്പാടും അലച്ചിലും എന്നു മാറും എന്ന് ചിന്തിക്കുന്ന നമ്മളോട് പരിശുദ്ധാത്മാവ് അരുളിചെയ്യുന്നു: ”മകനേ, നമ്മൾ ദരിദ്രരായി തീർന്നതിൽ നിനക്ക് ആധി വേണ്ട” (തോബിത്ത് 4:21). ഇതൊരു വിളിയായി സ്വീകരിക്കുക. ദാരിദ്ര്യം നല്കുന്ന സഹനവും നൊമ്പരങ്ങളും എന്റെ ആത്മരക്ഷയ്ക്കായും വിശുദ്ധീകരണത്തിനായും സമർപ്പിക്കുക. അപ്പോൾ കർത്താവ് നിന്നെ നോക്കി പറയും: ”നിന്റെ ഞെരുക്കവും ദാരിദ്ര്യവും എനിക്കറിയാം. എങ്കിലും നീ സമ്പന്നനാണ്” (വെളി. 2:9). ക്രിസ്തീയ ജീവിതത്തിൽ സമ്പന്നത എന്നാൽ ക്രിസ്തുവിന്റെ സാന്നിധ്യമാണ്. ദൈവം കൂടെയുള്ളവൻ സമ്പന്നനാണ്; എല്ലാമുള്ളവനാണ്.
ഇതിന്റെ മറുഭാഗവും നാം ധ്യാനിക്കണം. ഭൗതിക സമ്പന്നത ക്രിസ്തീയവീക്ഷണത്തിൽ ഒരിക്കലും പാപമല്ല. എല്ലാ ഭൗതികനന്മകളും ദൈവാനുഗ്രഹം തന്നെയാണ്. ദൈവവചനമനുസരിച്ച് ജീവിക്കുന്ന സമ്പന്നന് ഒരു സ്വർഗീയനന്മകളും ദൈവം നിഷേധിക്കുന്നില്ല. എന്തെന്നാൽ, അത് അതിശ്രേഷ്ഠമായ മറ്റൊരു ദൈവവിളിയാണ്. എന്നാൽ ദൈവം ആഗ്രഹിക്കുന്ന സമ്പന്നനായി നാം മാറുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അവിടെ സമ്പത്തിന്റെ ഉടയവൻ ഞാനല്ല ദൈവമാണ്. എന്റെ വ്യക്തിജീവിതത്തിലും കുടുംബത്തിലും ഞാൻ അനുഭവിക്കുന്ന എല്ലാ ഭൗതികനന്മകളും ദൈവദാനമാണെന്നും ഇതെന്റെ കഴിവിന്റെയോ ബുദ്ധിയുടെയോ വിശുദ്ധിയുടെയോ ഫലമല്ലെന്നും തിരിച്ചറിഞ്ഞ്, ദൈവേഷ്ടപ്രകാരം അവിടുന്ന് എന്നെ ഏൽപിച്ച എല്ലാ നന്മകളും സമ്പത്തും വ്യവഹാരം ചെയ്യുന്ന വിശ്വസ്തനായ കാര്യസ്ഥനായി മാറുമ്പോൾ ഒരു ക്രിസ്തീയ സമ്പന്നനായി ആ വ്യക്തി മാറുകയാണ്. സമ്പത്തുകൊണ്ട് ദൈവരാജ്യം വളർത്തുവാനുള്ള പ്രത്യേക വിളി ലഭിച്ചവരാണ് ധനവാന്മാർ. തനിക്ക് ദൈവം തന്ന പദവിയും അധികാരവും കഴിവും ദൈവമഹത്വത്തിനായി അവൻ വിനിയോഗിക്കണമെന്നുമാത്രം. വചനം ശ്രദ്ധിക്കുക: ”നിങ്ങളുടെ ദൈവമായ കർത്താവിനെ നിങ്ങൾ സ്മരിക്കണം. എന്തെന്നാൽ, നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടി ഇന്നും നിറവേറ്റുന്നതിനുവേണ്ടി. സമ്പത്തു നേടാൻ അവിടുന്നാണ് നിങ്ങൾക്ക് ശക്തി തരുന്നത്” (നിയമാ. 8:18).
ലോകമെമ്പാടും തങ്ങളുടെ സമ്പത്ത് സുവിശേഷവേലകൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുമായി വ്യയം ചെയ്യുന്ന എത്രയോ മാതൃകകൾ നമുക്ക് ചുറ്റുമുണ്ട്. അതൊരു പ്രത്യേക വിളിയായി നാം ഏറ്റെടുക്കണം. അങ്ങനെ ദരിദ്രർ സഹനംമൂലവും സമ്പന്നർ ദാനധർമം മൂലവും ആത്മവിശുദ്ധീകരണവും സ്വർഗഭാഗ്യവും നേടണമെന്നതാണ് ദൈവഹിതം. ദാരിദ്ര്യം ശാപമല്ല, കുറവല്ല. അത് ദൈവവിളിയാണ്. സമ്പന്നത പാപമല്ല. അത് മറ്റൊരു ദൈവവിളിയാണ്. ഇത് നമുക്ക് മറക്കാതിരിക്കാം.
മാത്യു ജോസഫ്