ആഹ്ലാദിക്കാൻ…

ധ്യാനാവസരത്തിൽ ഒരു അമ്മ തന്റെ കുഞ്ഞുമായി പ്രാർത്ഥിക്കാൻ വന്നു. ജന്മനാ തളർന്ന കുട്ടി. പതിനാറ് വയസ് പ്രായമുണ്ട്, അവന് സംസാരിക്കാൻ കഴിയില്ല. പക്ഷേ, അവന്റെ മുഖം ഒരു മാലാഖയുടെ മുഖംപോലെ ശോഭിച്ചിരുന്നു. ആ കുഞ്ഞിനുവേണ്ടി ഞാൻ പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞ് നോക്കുമ്പോൾ ആ അമ്മ വിതുമ്പിക്കരയുകയാണ്. അല്പസമയത്തിനുശേഷം അമ്മ ഇപ്രകാരം പറഞ്ഞു: ”ഞാൻ വളർത്തുന്ന ഈ കുഞ്ഞ് ഒരു പാപവും ചെയ്തിട്ടില്ല. ഒരു വിശുദ്ധന് ജന്മം നല്കാനും വളർത്താനും എന്നെ ദൈവം തിരഞ്ഞെടുത്തു. എനിക്ക് ദൈവത്തോട് ഒരു പരാതിയുമില്ല.” വൈകല്യങ്ങളുമായി പിറന്ന കുഞ്ഞിനെ ജീവനുതുല്യം സ്‌നേഹിച്ച അമ്മയുടെ സഹനങ്ങളോടുള്ള മനോഭാവം ഉദാത്തമായിരുന്നു.

ഈ ഭൂമിയിൽ മനുഷ്യനായി പിറന്ന എല്ലാവരുടെയും ജീവിതത്തിൽ കഷ്ടതകളും തകർച്ചകളും ധാരാളമായി കടന്നുവരുന്നു. അപകടങ്ങളും രോഗങ്ങളും സാമ്പത്തിക തകർച്ചകളും മനസിനെ തളർത്തുന്നു. ജീവിതപരാജയങ്ങളും ഉണ്ടാകുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? നിരപരാധികൾപോലും സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു?

”വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക. ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയരുത്. എന്തെന്നാൽ, സ്വർണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു. സഹനത്തിന്റെ ചൂളയിൽ കർത്താവിന് സ്വീകാര്യരായ മനുഷ്യരും” (പ്രഭാ. 2:4-5). സഹനത്തിന്റെ ചൂളയിൽ കർത്താവിന് പ്രിയപ്പെട്ടവരെ അവിടുന്ന് വിശുദ്ധീകരിക്കുന്നു. ഓരോ സഹനങ്ങളിലൂടെയും കർത്താവ് താൻ കൂടുതൽ സ്‌നേഹിക്കുന്നവരെ പരിശോധിക്കുന്നു. സ്വർണം അഗ്നിയിൽ ശുദ്ധി ചെയ്ത് വെട്ടിത്തിളങ്ങുന്നതുപോലെ, കർത്താവായ യേശു തന്റെ ഹൃദയത്തിന് ഇണങ്ങിയവരെ ശുദ്ധിചെയ്ത് തന്റെ സ്വന്തമാക്കുന്നു.

സഹിക്കുന്ന മനുഷ്യൻ ദൈവത്തിന്റെ കണ്ണിലെ കൃഷ്ണമണിയാണ്. ”നിങ്ങളെ സ്പർശിക്കുന്നവൻ അവിടുത്തെ കൃഷ്ണമണിയെയാണ് സ്പർശിക്കുന്നത്” (സഖറിയ 2:8). തള്ളക്കോഴി തന്റെ കുഞ്ഞിനെ പരിപാലിക്കുന്നതുപോലെ, ദൈവമായ കർത്താവ് തന്റെ ചിറകകിനടിയിൽ സഹിക്കുന്നവരെ കാത്തുസൂക്ഷിക്കുന്നു. നിന്റെ സങ്കടങ്ങളിൽ നിന്നോടുകൂടെ നില്ക്കുന്നവൻ, തകർച്ചകളിൽ തന്റെ കൈകളിൽ താങ്ങുന്നവൻ, നിന്റെ വേദനകളിൽ ഒരിക്കലും നിന്നെ ഉപേക്ഷിക്കുകയില്ല.
എന്റെ ശരീരവും മനസും ക്ഷീണിച്ചുപോയേക്കാം. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടേക്കാം. എന്നാലും കർത്താവാണ് എന്റെ ബലവും സഹായവും. സഹനങ്ങളിലൂടെ കടന്നുപോകുന്നവർ കരുത്തരായി മാറുന്നു. സഹനങ്ങൾ നമ്മുടെ ജീവിതെത്ത ദൈവവുമായുള്ള ബന്ധത്തിൽ കൂടുതൽ അടുപ്പിക്കുന്നു. സഹനങ്ങളെയോർത്ത് നന്ദി പറയുവാൻ നമുക്ക് സാധിക്കട്ടെ. ”നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണെന്നു ഞാൻ കരുതുന്നു” (റോമാ 8:18).

സഹനങ്ങളോടുള്ള നമ്മുടെ മനോഭാവം മാറണം. മനുഷ്യനായി ഈ മണ്ണിൽ പിറന്ന ദൈവപുത്രൻ ഏറ്റുവാങ്ങിയ പീഡനങ്ങൾ എത്ര ഘോരമായിരുന്നു. അവിടുന്ന് അനുഭവിച്ച പീഡകളോട് ചേർത്തുവയ്ക്കുമ്പോൾ നമ്മുടെ സഹനങ്ങൾ എത്രയോ നിസാരമാണ്. നമുക്ക് ലഭിക്കാനിരിക്കുന്ന മഹത്വത്തെക്കുറിച്ച് നാം ധ്യാനിക്കണം. ദൈവമഹത്വത്തിൽ പങ്കുകാരാകാൻ ആഗ്രഹിക്കുന്നവർ അവിടുന്ന് നടന്ന വഴിയിലൂടെ നടക്കണം. യേശു നടന്ന വഴികൾ കുരിശിന്റെയും നൊമ്പരത്തിന്റെയും തിരസ്‌കരണത്തിന്റെയും അവഹേളനത്തിന്റെയും കനൽ വിരിച്ച പാതകളായിരുന്നു. കുരിശിൽ മരിക്കുവോളം തളരാതെ സഹിക്കാനായി ദൈവപുത്രൻ തന്റെ ശരീരം വിട്ടുകൊടുത്തു. അവിടുന്ന് ഏറ്റുവാങ്ങിയ സഹനങ്ങൾ, മുറിവുകൾ എനിക്ക് രക്ഷയായി. നിന്റെ സഹനങ്ങൾക്ക് വിലയുണ്ട്. യേശുവിനോടൊത്ത് നമുക്ക് സഹിക്കാം. സ്വന്തം ആത്മരക്ഷയ്ക്കുവേണ്ടിയും അനേകരുടെ ജീവനെ നേടുവാനും കുരിശിനോട് ചേർന്നുനില്ക്കാം. കുരിശിനെ കെട്ടിപ്പുണരാം. ക്രൂശിതന്റെ മുറിവിലേക്ക് കണ്ണുകൾ ഉയർത്താം.

”ക്രിസ്തുവിന്റെ പീഡകളിൽ നിങ്ങൾ പങ്കുകാരാവുന്നതിൽ ആഹ്ലാദിക്കുവിൻ! അവന്റെ മഹത്വം വെളിപ്പെടുമ്പോൾ നിങ്ങൾ അത്യധികം ആഹ്ലാദിക്കും” (1 പത്രോ. 4:13).

ബ്ര. സാബു ആറുതൊട്ടിയിൽ

 

Leave a Reply

Your email address will not be published. Required fields are marked *