ആരുമറിയാത്ത ആഭ്യന്തര യുദ്ധം

കുമ്പസാരത്തിനുശേഷം മനസ്താപ പ്രകരണം ചൊല്ലുകയായിരുന്നു. ‘ഏറ്റവും നല്ലവനും എല്ലാറ്റിനും എല്ലാവർക്കും ഉപരിയായി സ്‌നേഹിക്കപ്പെടാൻ യോഗ്യനുമായ എന്റെ നല്ല ദൈവമേ, അങ്ങയെ വേദനിപ്പിച്ചതിൽ എനിക്കതിയായ സങ്കടമുണ്ട് കർത്താവേ… അങ്ങയെ ഞാൻ സ്‌നേഹിക്കുന്നു… പാപത്തെ ഞാൻ അങ്ങേയറ്റം വെറുക്കുന്നു, പക്ഷേ. വീണ്ടും വീണ്ടും ചെയ്തു പോവുകയാ എന്റെ ദൈവമേ… ചെയ്യരുതെന്ന് ആഗ്രഹമുണ്ട്, എന്നാലും സംഭവിച്ചുപോകുന്നു.’ പെട്ടെന്ന് എന്റെ പ്രാർത്ഥന ആരോ പിടിച്ചുനിർത്തി. പറഞ്ഞ വാക്കുകൾ വീണ്ടും മനസിലേക്കെത്തി. ‘പാപത്തെ ഞാൻ അങ്ങേയറ്റം വെറുക്കുന്നു, എന്നാൽ ചെയ്തുപോവുകയാ….’ വെറുക്കുന്ന ഒരു കാര്യം എങ്ങനെയാണ് ചെയ്തു പോകുന്നത്? മറുചോദ്യം ഉള്ളിലുയർന്നു. വെറുക്കുന്ന, ഇഷ്ടമില്ലാത്ത പ്രവൃത്തികൾ ചെയ്യുകയാണ് ഏറ്റവും ക്ലേശകരവും ബുദ്ധിമുട്ടേറിയതും. താല്പര്യമില്ലാത്ത യാതൊന്നും ചെയ്തുപോകില്ല; ഇഷ്ടമുള്ളവയാണല്ലോ ചെയ്തുപോകുന്നത്. ഇഷ്ടമില്ലാത്ത ഭക്ഷണം കഴിച്ചുപോകാറില്ല, കൊതിയും ഇഷ്ടവുമുള്ളവ എത്ര നിയന്ത്രിച്ചാലും ചിലപ്പോൾ കഴിച്ചുപോയേക്കാം. ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കണമെങ്കിലുള്ള ബുദ്ധിമുട്ട് അറിയാമല്ലോ.

അപ്പോൾ പറഞ്ഞുവരുന്നത് ഞാൻ പാപത്തെ വെറുക്കുന്നില്ലെന്നാണോ? മാത്രമല്ല അതിനോട് എനിക്ക് നിയന്ത്രണമില്ലാത്ത കൊതിയുമാണെന്നോ?
ഹൊ…! ഇല്ല, ഞാനിത് സമ്മതിക്കില്ല. എനിക്ക് പാപത്തെ ഇഷ്ടമില്ല, അതിനോട് വെറുപ്പാണ്, പിന്നെ കൊതി ഒട്ടും ഇല്ല.

പക്ഷേ, ചെയ്തുപോകുന്നതോ? ഇഷ്ടമില്ലാഞ്ഞിട്ടാണോ ചെയ്തുപോകുന്നത്? വലിയ ആന്തരിക സംഘട്ടനത്തിലായി. എന്നിലെ അഹങ്കാരം കീഴടങ്ങാൻ തയ്യാറായില്ല. പാപത്തെ വെറുക്കുന്ന, നന്മയെ സ്‌നേഹിക്കുന്ന നല്ലവളാണ് ഞാനെന്ന് എന്റെ അഹം വാദിച്ചുകൊണ്ടിരുന്നു.

ആരുമറിയാതെ എന്റെ ഉള്ളിൽ നടന്ന ആ യുദ്ധത്തിനൊടുവിൽ ഞാൻ തോറ്റുതറപറ്റി. സത്യത്തിനുമുമ്പിൽ തോല്ക്കാതെന്തു ചെയ്യാൻ? പാപത്തെ വെറുക്കുന്നു എന്നു പറയുകയും ഒരു മടിയുമില്ലാതെ അതുതന്നെ ചെയ്തുകൂട്ടുകയും ചെയ്യുന്ന ഞാൻ പാപത്തെ വെറുക്കുന്നു എന്നു പറയുന്നതിലെ വിഢിത്തംകേട്ട് ദൈവം പൊട്ടിച്ചിരിച്ചിരിക്കാം. യഥാർത്ഥത്തിൽ, പാപത്തെ വെറുക്കാത്തതുകൊണ്ടാണ്, നന്മയേക്കാൾ തിന്മയെ ഇഷ്ടപ്പെടുന്നതിനാലാണ് നന്മ ചെയ്യുന്നതിനേക്കാൾ വേഗം തിന്മ ചെയ്തുപോകുന്നതും അതു ചെയ്യാൻ എളുപ്പമായിത്തീരുന്നതും. പലപ്പോഴും നന്മ ചെയ്യുന്നതാണ് ക്ലേശകരം. അറിയാതെ നന്മ ചെയ്തുപോയി എന്നു പറയുക വിരളമാണല്ലോ. അതിനർത്ഥം, നാം കരുതുന്നതുപോലെ നന്മയെ നമ്മൾ അത്രയങ്ങ് സ്‌നേഹിക്കുന്നില്ലെന്നാണോ? എല്ലാം വിറകൊള്ളിക്കുന്ന യാഥാർത്ഥ്യങ്ങൾ!!
വീണ്ടും വീണ്ടും പാപത്തിൽ വീണുപോകുന്നതും ഒരേ പാപംതന്നെ കുമ്പസാരങ്ങളിൽ ആവർത്തിക്കുന്നതും യഥാർത്ഥത്തിൽ അവയെ വെറുക്കാത്തതിനാലാണല്ലോ. ഓരോ പ്രാവശ്യവും ഇനി ആവർത്തിക്കില്ല എന്ന് വാക്കുകൊടുക്കുമ്പോഴും ഉളളിന്റെ ഉളളിൽ നാമറിയാതെ പാപത്തോട് ഒരിഷ്ടം ഒളിഞ്ഞിരിപ്പുണ്ട്. തന്മൂലം ആ ഇഷ്ടം ആവർത്തിക്കപ്പെടുന്നു. അതിനെ ആത്മാർത്ഥമായി വെറുക്കാൻ സാധിച്ചാലേ തിന്മയെ ഉപേക്ഷിക്കാനും നന്മയിൽ വളരാനും സാധിക്കൂ.

”തിൻമയെ ദ്വേഷിക്കുവിൻ; നൻമയെ മുറുകെപ്പിടിക്കുവിൻ” (റോമ 12/9) എന്ന തിരുവചനം ഓർമിപ്പിക്കുന്നതും തിന്മയെ വെറുക്കാൻ പരിശീലിക്കുന്നില്ലെങ്കിൽ നന്മയിലുള്ള വളർച്ച ദുർബലമായിരിക്കും എന്നാണല്ലോ; അഥവാ, നന്മയിൽ ശക്തിപ്പെടുന്നതനുസരിച്ച് തിന്മയെ വെറുത്തുകൊണ്ടിരിക്കും, തിന്മയിലുള്ള പിടുത്തം അയഞ്ഞുകൊണ്ടിരിക്കും. ഇതു മറിച്ചും അപ്രകാരംതന്നെ.

തകിടംമറിയുന്ന പദ്ധതി
പാപം നമ്മിലുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് അറിയാൻ കഴിഞ്ഞാൽ പാപത്തെ വെറുക്കുക എളുപ്പമാകും. രോഗവും ദുഃഖവും ലജ്ജയും മരണവുമെല്ലാം ലോകത്തെത്തിച്ചത് പാപമാണല്ലോ. വേദനയും യുദ്ധവും അക്രമങ്ങളുമെല്ലാം പാപംമൂലമാണ്. പാപം മനുഷ്യന്റെ സന്തോഷവും അഭിവൃദ്ധിയും എടുത്തുകളയുന്നു. സ്വന്തം മക്കളുടെ സന്തോഷവും അഭിവൃദ്ധിയും ലക്ഷ്യമാക്കുന്ന ദൈവം അതിനെ തടയുന്ന പാപത്തെ വെറുക്കുക സ്വാഭാവികം. ”കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി” (ജറെമിയ 29/11) എന്ന തിരുവചനപ്രകാരം ദൈവത്തിനു നമ്മെക്കുറിച്ചുള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് ഏറ്റവും വലിയ തടസം പാപമാണ്. പാപം നമ്മിൽ പ്രവേശിച്ചുകഴിയുമ്പോൾ ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന ആനന്ദവും സന്തോഷവുമെല്ലാം പോയ്മറയും. ദൈവത്തോടൊപ്പമായിരിക്കുമ്പോഴും അവിടുത്തെ പാതയിൽ സഞ്ചരിക്കുമ്പോഴുമാണ് നമുക്കു ആന്ദത്തിന്റെ പൂർണതയും ശാശ്വത സന്തോഷവും ലഭിക്കുക. ”അങ്ങ് എനിക്കു ജീവന്റെ മാർഗംകാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്; അങ്ങയുടെ വലത്തുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്”(സങ്കീർത്തനങ്ങൾ 16/11).

നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പണിതുയർത്താനും വളരാനും സ്‌നേഹിക്കാനും ദൈവത്തിന് വിധേയപ്പെട്ടും അവിടുത്തെ അനുസരിച്ചും മഹത്വപ്പെടുത്തിയും മഹത്വമേറിയ വിശുദ്ധജീവിതം നയിക്കാനാണ്. പാപം അതെല്ലാം തകിടംമറിക്കുന്നു. പാപവും ഓരോ പാപപ്രവൃത്തികളും നമ്മിലെ കഴിവുകളെയും സാധ്യതകളെയും ക്രിയാത്മകതകളെയും നശിപ്പിക്കുന്നു.

സാത്താന്റെ ചിരി
ആത്മാക്കളുടെ രക്ഷയ്ക്കായി അദ്ധ്വാനിക്കുകയും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഏതൊരുവനും തിന്മയെ വെറുക്കുകയും പുണ്യത്തിൽ അഭിവൃദ്ധിപ്പെടുകയും ചെയ്യും. കാരണം ”മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” എന്നാണ് മത്തായി 5/16-ൽ ഈശോ ഓർമിപ്പിക്കുന്നത്. ദാവീദ് പാപം ചെയ്തപ്പോൾ, ‘ഈ പ്രവൃത്തികൊണ്ടു നീ കർത്താവിനെ അവഹേളിച്ചതിനാൽ, നിന്റെ കുഞ്ഞു മരിച്ചുപോകും” (2 സാമുവൽ 12/14) എന്നു ദാവീദിനോടു ദൈവം പറഞ്ഞെങ്കിൽ മനുഷ്യന്റെ പാപത്താൽ അവിടുന്ന് എത്രമാത്രമാണ് അവഹേളിതനാകുന്നത്!

സ്വർഗത്തെ നഷ്ടമാക്കി നരകത്തിന് അർഹരാക്കിത്തീർക്കുന്ന പാപത്തെക്കുറിച്ച് മനസ്താപപ്രകരണത്തിൽ ഖേദിക്കുന്നുണ്ട്. യഥാർത്ഥത്തിൽ സംഭവിക്കുന്നത്, ദൈവത്തെ വിട്ടുപേക്ഷിച്ച്, പിശാചിനോടു കൂട്ടുചേരുകയാണ്. അവന്റെ കൂടെച്ചേർന്ന് ദൈവത്തെ പരിഹസിക്കുന്നു, അതിനു കൂട്ടുനില്ക്കുന്നു. പാപം ചെയ്യുമ്പോൾ പിശാചിനെ പ്രീതിപ്പെടുത്തുകയും അവന്റെ പക്ഷംചേർന്ന് ദൈവത്തെ വേദനിപ്പിക്കുകയും അവിടുത്തെ എതിർക്കുകയുമാണ് ചെയ്യുന്നത്. ‘യേശുവിന്റെ കണ്ണുകളിലൂടെ’ എന്ന പുസ്തകത്തിൽ യൂദാസ് ധാർഷ്ട്യത്തോടെ അഹങ്കാരത്തോടെ പെരുമാറുമ്പോൾ, അനുതപിക്കാൻ തയ്യാറാകാത്തപ്പോൾ സാത്താൻ അവന്റെ അടുത്തുനിന്ന് ഈശോയെ നോക്കി പരിഹസിച്ച് ചിരിക്കുന്നുണ്ട്.

സൗന്ദര്യവും ആരോഗ്യവും വേണ്ടേ?
പാപം നമ്മുടെ സ്വാതന്ത്ര്യം എടുത്തുകളയുന്നുവെന്നുമാത്രമല്ല അടിമകളാക്കിമാറ്റുകയും ചെയ്യും. ”നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക” (സംഖ്യ 32/23). സാംസൺ പാപം ചെയ്തു- അത് അവന്റെ സ്വാതന്ത്ര്യവും സൗന്ദര്യവും ആരോഗ്യവും ചോർത്തിക്കളഞ്ഞ് അടിമയാക്കി, കാഴ്ച നശിപ്പിച്ചു, വിശുദ്ധിയില്ലാതായി, ചതിക്കപ്പെട്ടു. മരണകാരണമായി. ”നിങ്ങൾ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആർക്കെങ്കിലും സമർപ്പിക്കുമ്പോൾ, നിങ്ങൾ അവന്റെ അടിമകളാണെന്ന് അറിയുന്നില്ലേ? ഒന്നുകിൽ, മരണത്തിലേക്കു നയിക്കുന്ന പാപത്തിന്റെ അടിമകൾ; അല്ലെങ്കിൽ, നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്റെ അടിമകൾ” (റോമ 6/16).

എനിക്ക് അറപ്പാണ്
യഥാർത്ഥത്തിൽ ദൈവത്തെ സ്‌നേഹിക്കുന്നൊരാൾ അവിടുത്തേക്ക് ഏറ്റം ദു:ഖമുളവാക്കുന്ന, അവിടുത്തെ ദ്രോഹിക്കുന്ന പാപത്തെ വെറുത്തുപേക്ഷിക്കും. സങ്കീർത്തനങ്ങൾ 97/10 ചൂണ്ടിക്കാണിക്കുന്നു; ”തിൻമയെ ദ്വേഷിക്കുന്നവനെ കർത്താവു സ്‌നേഹിക്കുന്നു; അവിടുന്നു തന്റെ ഭക്തരുടെ ജീവനെ പരിപാലിക്കുന്നു; ദുഷ്ടരുടെ കൈയിൽനിന്ന് അവരെ മോചിക്കുന്നു.” പാപം ദൈവത്തിൽനിന്നും നമ്മെ അകറ്റുന്നതിനാൽ ദൈവമത് കഠിനമായി വെറുക്കുന്നു. ”അസത്യത്തെ ഞാൻ വെറുക്കുന്നു, അതിനോട് എനിക്ക് അറപ്പാണ്…” (സങ്കീർത്തനം 119/163) എന്ന് വചനം സാക്ഷിക്കുന്നു. കാരണം നമ്മെ പിരിയുന്നത് ദൈവത്തിന് സഹിക്കാനാകില്ല. നാം അവിടുത്തോടൊപ്പമായിരിക്കാൻ അവിടുന്ന് കൊതിക്കുന്നു. അതിനാണല്ലോ അവിടുന്ന് ദിവ്യകാരുണ്യമായി അപ്പത്തിൽ നമുക്കുള്ളിൽ വാഴുന്നത്. അത്രമാത്രം അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നതിനാൽ അവിടുത്തെ സ്‌നേഹത്തിൽ നിന്നും നമ്മെ അകറ്റുന്ന പാപത്തെ അവിടുന്നു അത്രതന്നെ വെറുക്കുന്നു. ”നിന്റെ അകൃത്യങ്ങൾ നിന്നെയും ദൈവത്തെയും തമ്മിൽ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങൾ അവിടുത്തെ മുഖം നിന്നിൽനിന്നു മറച്ചിരിക്കുന്നു. അതിനാൽ അവിടുന്ന് നിന്റെ പ്രാർഥന കേൾക്കുന്നില്ല” – ഏശയ്യ 59/2 എന്ന് തിരുവചനം എത്ര കൃത്യമായി പ്രതിപാദിക്കുന്നു. ആദവും ഹവ്വയും ദൈവത്തിൽനിന്ന് ഓടിയകന്നതും ദൈവത്തിൽനിന്ന് ഒളിച്ചതും പാപംമൂലമാണല്ലോ (ഉല്പത്തി 3/8).

വെറുക്കാൻ പഠിക്കാം
കർത്താവിനെയും അവിടുത്തെ പരിശുദ്ധിയെയും കൂടുതൽ അറിയുംതോറും നാം പാപത്തെ കൂടുതൽ കൂടുതൽ വെറുക്കുകയും അതിൽ നിന്ന് അകന്നു നില്ക്കുകയും ചെയ്യും. പ്രകാശത്തെ സ്‌നേഹിക്കുന്നവർ അന്ധകാരത്തിൽനിന്നും സ്വാഭാവികമായും അകലുമല്ലോ. ദൈവികസൗന്ദര്യത്തിന്റെ പൂർണത ദർശിക്കുംതോറും നമ്മിലെ കുറവുകൾ തിരിച്ചറിയുകയും അവമാറ്റി, സൗന്ദര്യത്തികവിലേക്കെത്താൻ പരിശ്രമിക്കുകയും ചെയ്യും. നന്മകളുടെയും സൗന്ദര്യത്തിന്റെയും ഉറവിടവും തികവുമായ ദൈവത്തെ അറിയുക, ദർശിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ദൈവത്തെ അറിയാൻ പ്രാർത്ഥനയിൽ അവിടുത്തോടൊപ്പമായിരിക്കുകയും അവിടുത്തെ തിരുവചനങ്ങൾ ഹൃദ്വിസ്ഥമാക്കുകയും വേണമെന്ന് ദൈവവചനംതന്നെ ആവശ്യപ്പെടുന്നു. ”അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാൻ അങ്ങയുടെ വചനം ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു” (സങ്കീർത്തനം 119/11). ”…ദൈവത്തിന്റെ വചനം നിങ്ങളിൽ വസിക്കുന്നു; നിങ്ങൾ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു”(1യോഹന്നാൻ 2/14). ദൈവത്തിന്റെ സ്വഭാവംതന്നെ പരിശുദ്ധിയായതിനാൽ- അവിടുന്ന് പരിശുദ്ധരിൽ പരിശുദ്ധനായതിനാൽ അവിടുന്നിൽ ഒരു തിന്മയും വസിക്കുന്നില്ല. അതുകൊണ്ടുതന്നെ അവിടുന്ന് തിന്മയെ വെറുക്കുന്നു. ”അങ്ങു ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; തിൻമ അങ്ങയോടൊത്തു വസിക്കുകയില്ല” (സങ്കീർത്തനം 5/4).

പാപത്തിന്റെ പര്യായമായ ലോകത്തിൽ പാപനിഴൽപോലുമേശാതെ പരിശുദ്ധയായി ജീവിച്ച് വിശുദ്ധാത്മാക്കൾക്ക് ജന്മം നല്കുന്ന പരിശുദ്ധ അമ്മയുടെ സഹായത്താൽ എഫേസോസ് 6/10-17 വചനപ്രകാരം ദൈവത്തിന്റെ സകല ആയുധങ്ങളും ധരിച്ച്, പാപത്തെ വെറുത്തുപേക്ഷിക്കാം, ദൈവമക്കളായി ജീവിക്കാം. ന്മ

ആൻസിമോൾ ജോസഫ്‌

Leave a Reply

Your email address will not be published. Required fields are marked *