എളിമപ്പെടലിന്റെ വഴികൾ

പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ കാത്തുനില്ക്കുകയായിരുന്നു ഞാൻ. കുറെനേരം കാത്തിരുന്നപ്പോൾ ടോയ്‌ലറ്റിൽ ഒന്നു പോകണമെന്ന് തോന്നി. ടോയ്‌ലറ്റിന് മുൻപിൽ ചെറിയൊരു ക്യൂ ഉണ്ട്. ടോയ്‌ലറ്റിൽ പോയി തിരിച്ചു വരുന്നവർ ഡ്രസെല്ലാം തെറുത്തുപിടിച്ച് മുഖവും ചുളിച്ചുകൊണ്ടാണ് വരുന്നത്. ഇറങ്ങി വന്നവരിൽ ഒരാൾ കാത്തുനിന്നവരോടായി ഇങ്ങനെ പറഞ്ഞു: ”സൂക്ഷിച്ച് കേറണേ, തീരെ വൃത്തിയില്ല.” അതു കേട്ടപ്പോൾ ടോയ്‌ലറ്റിൽ പോകേണ്ടെന്നുവച്ചാലോ എന്നു തോന്നി എനിക്ക്. കാരണം വൃത്തിയില്ലാത്ത ടോയ്‌ലറ്റിൽ പോകുക എന്നത് എനിക്ക് അചിന്ത്യമായ കാര്യമായിരുന്നു. പക്ഷേ, സാധിക്കുമായിരുന്നില്ല. അങ്ങനെ എന്റെ ഊഴം വന്നു. ഞാനും അകത്തുകയറി. ഒരു കാര്യം മനസിലായി. ഇന്ത്യൻ ക്ലോസറ്റാണ്, വൃത്തിയില്ല എന്നത് സത്യംതന്നെ. മെയിൻ ബിൽഡിങ്ങിൽനിന്ന് അല്പം മാറി തുറസായ സ്ഥലത്താണ് ടോയ്‌ലറ്റ്. അല്പം മണ്ണിൽ ചവിട്ടിയിട്ടുവേണം ടോയ്‌ലറ്റിൽ കയറാൻ. മഴക്കാലമായതുകൊണ്ട് മുറ്റത്തുള്ള ചെളി മുഴുവൻ ചെരുപ്പിൽ പറ്റിപ്പിടിക്കും. അതുകൊണ്ട് ടോയ്‌ലറ്റിന്റെ അകം നിറയെ ചെളിയാണ്. കൂടെ അല്പം വൃത്തിയില്ലായ്മയും. ഒരു വിധത്തിൽ പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ ഉള്ളിൽനിന്ന് ഒരു ശബ്ദം: ‘നില്ക്ക്. നിനക്ക് അല്പം വെള്ളം കൂടുതലൊഴിച്ച് ഈ ടോയ്‌ലറ്റ് ഒന്നു കഴുകിയിട്ടാലെന്താ? ഇനി വരുന്നവരെങ്കിലും സമാധാനമായിട്ട് ഇവിടെനിന്നും ഇറങ്ങിപ്പോകുമല്ലോ.’ ദൈവസ്വരത്തോട് ഞാൻ അല്പമൊന്നു മത്സരിച്ചു. ഞാൻ സ്വയം പറഞ്ഞു, ‘ഹോസ്പിറ്റലിന്റെ ടോയ്‌ലറ്റാണ്. പല രോഗികൾ വരുന്ന സ്ഥലം. വല്ല അസുഖവും പിടിക്കും.’ അപ്പോൾ ആ സ്വരം വീണ്ടും പറഞ്ഞു, ‘ഇല്ല അസുഖം പിടിക്കില്ല. അല്പം കൂടുതൽ വെള്ളം ബക്കറ്റിലെടുത്ത് വീശിയൊഴിച്ചാൽ ക്ലീൻ ആകും.’ അവസാനം ഞാൻ തോറ്റു. ദൈവം ജയിച്ചു. ദൈവസ്വരം കല്പിച്ചതുപോലെ ഞാൻ ചെയ്തു. രണ്ടുമൂന്നു തവണ ബക്കറ്റിൽ വെള്ളമെടുത്ത് ഒഴിച്ച് തറയും ക്ലോസറ്റും വൃത്തിയാക്കി. എല്ലാം കഴിഞ്ഞപ്പോൾ മനസിനൊരാനന്ദം! എന്റെ മനസ്സിലേക്ക് ഒരു വചനം കടന്നുവന്നു. ”ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല. പ്രത്യുത നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്” (റോമാ 14:17). അത് ഹൃദയത്തിനുള്ളിൽ വളരെ നിഗൂഢമായി ഞാൻ അനുഭവിച്ചു. ഞാനൊന്നു തിരിഞ്ഞുനോക്കി. ടോയ്‌ലറ്റിൽ പോയി ആശ്വാസത്തോടും സന്തോഷത്തോടുംകൂടി ഇറങ്ങിപ്പോകുന്നവർ. ഞാൻ ഹൃദയത്തിൽ അല്പംകൂടി ഉച്ചത്തിൽ പരിശുദ്ധാത്മാവിന്റെ ചിറകടി കേട്ടു. എന്തുകൊണ്ടോ ഈ നിമിഷംവരെ ആരോടും അക്കാര്യം പറയാൻ തോന്നിയില്ല.

വിവിധ സ്ഥലങ്ങളിൽവച്ച് ഇത്തരത്തിലുള്ള പല ടോയ്‌ലറ്റ് ക്ലീനിങ്ങുകളിലൂടെയും കർത്താവെന്നെ എളിമ അഭ്യസിപ്പിച്ചു. ഇതു പറഞ്ഞതുകൊണ്ട് ഞാൻ ഒത്തിരി എളിമയുള്ള ആളാണെന്നോ ഏതു ടോയ്‌ലറ്റും കഴുകാൻ തയാറുള്ള ആളാണെന്നോ നിങ്ങളാരും ചിന്തിക്കരുതേ. ടോയ്‌ലറ്റ് അടുക്കള സൂക്ഷിക്കുന്നതുപോലെ ക്ലീനാക്കി സൂക്ഷിക്കണമെന്നുള്ള നിർബന്ധ ബുദ്ധിക്കാരിതന്നെയായിരുന്നു ഞാൻ. എന്റെ അതിവൃത്തിയും അതിശുദ്ധിയും കാരണം എന്നെ വീട്ടുപണികളിൽ സഹായിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടി പണി മതിയാക്കി വീട്ടിൽ പോയി എന്നുള്ള യാഥാർത്ഥ്യമറിഞ്ഞാൽ എന്റെ ശുദ്ധിയും വൃത്തിയുമൊക്കെ എത്ര കഠിനമായിരുന്നുവെന്ന് മനസിലാക്കാൻ കഴിയും. ആ എന്നെയാണ് പലപല ടോയ്‌ലറ്റുകളും ആരുമറിയാതെ കഴുകിച്ച് എളിമപ്പെടുത്തി ഇപ്പോഴുള്ള അവസ്ഥയിലാക്കിയിരിക്കുന്നത്. കരിസ്മാറ്റിക് ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുവേണ്ടി ടോയ്‌ലറ്റ് വൃത്തിയാക്കിയ കഥ രണ്ടുമൂന്ന് വർഷങ്ങൾക്കുമുൻപ് ശാലോം മാസികയിൽ ഞാൻ എഴുതിയിരുന്നു.

പരിശുദ്ധാത്മാവ് നമ്മുടെ മുൻപിൽ വച്ചുതരുന്ന എളിമപ്പെടലിന്റെ വഴികളോട് സഹകരിച്ചെങ്കിൽ മാത്രമേ നമുക്ക് ദൈവരാജ്യാനുഭവം സ്വന്തമാക്കാൻ കഴിയൂ. പരിശുദ്ധാത്മാവ് തരുന്ന ദൈവരാജ്യാനുഭവമെന്നത് ഉന്നത ഉദ്യോഗംകൊണ്ടോ ഉന്നതമായ വരുമാനംകൊണ്ടോ ഉയർന്ന വിദ്യാഭ്യാസംകൊണ്ടോ ഉന്നതമായ കീർത്തികൊണ്ടോ ഉന്നത പദവികൾകൊണ്ടോ ഉന്നതമായ കായികശക്തിയോ സൗന്ദര്യംകൊണ്ടോ ഒന്നും നമുക്ക് എത്തിപ്പിടിക്കാവുന്ന ഒന്നല്ല. നിശ്ചയമായും അത് പരിശുദ്ധാത്മാവിന്റെ ദാനമാണ്. അരൂപിയുടെ പ്രേരണകളോട് ‘യെസ്’ പറയുന്നവർക്ക് പരിശുദ്ധാത്മാവ് തരുന്ന സമ്മാനമാണ് ദൈവരാജ്യാനുഭവം. സ്വയം ചെറുതാകാനും വിട്ടുകൊടുക്കാനുംവേണ്ടി അരൂപിയുടെ കരങ്ങളിൽ സമർപ്പിക്കുന്നവർക്കാണ് ദൈവമിത് നല്കുക. ഒരു പരിധിവരെ പറഞ്ഞാൽ ഇത് നമ്മളോടുതന്നെയുള്ള ബലപ്രയോഗമാണ്. കർത്താവ് ഇപ്രകാരം പറഞ്ഞു ”സ്‌നാപക യോഹന്നാന്റെ നാളുകൾ മുതൽ ഇന്നുവരെ സ്വർഗരാജ്യം ബലപ്രയോഗത്തിന് വിഷയമായിരിക്കുന്നു. ബലവാന്മാർ അതു പിടിച്ചടക്കുന്നു” (മത്തായി 11:12).

നമ്മൾ പലപ്പോഴും നമ്മൾക്ക് അനിഷ്ടകരമായി പെരുമാറുന്നവരെയാണ് ശത്രുക്കളായി കാണുന്നത്. എന്നാൽ ദൈവരാജ്യാനുഭവത്തെക്കുറിച്ച് പറയുകയാണെങ്കിൽ സാത്താൻ കഴിഞ്ഞാൽ ഞാൻതന്നെയാണ് ഈ ഭൂമിയിലെ എന്റെ ഏറ്റവും വലിയ ശത്രു. ഞാൻ എന്നോടുതന്നെ ബലപ്രയോഗം നടത്തേണ്ടിയിരിക്കുന്നു. നമ്മുടെ ആഗ്രഹങ്ങളുടെ പട്ടികയിലുള്ളവയെല്ലാം ആർജിച്ചെടുത്തുകൊണ്ടോ പ്രാർത്ഥനയിൽ നേടിയെടുത്തതുകൊണ്ടോ നാം സ്വായത്തമാക്കുന്ന സന്തോഷമല്ല ദൈവരാജ്യാനുഭവം. നൂറുശതമാനവും അരൂപിയുടെ പ്രേരണകളോട് പൂർണമനസോടെ സഹകരിക്കുന്നവർക്ക് പരിശുദ്ധാത്മാവ് തരുന്ന ആനന്ദവും നീതിനടത്തിപ്പും സമാധാനവുമാണ് അത്.

പത്തുലക്ഷം കൊടുത്താലും കിട്ടില്ല
ദേശത്തെ ഉന്നത സ്ഥാനീയരായ ചില വ്യക്തികൾ മദർ തെരേസ നടത്തുന്ന ആതുരാലയം സന്ദർശിക്കാൻ ഇടയായി. ദുർഗന്ധം വമിക്കുന്ന, പുഴുവരിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗിയുടെ മുറിവിൽനിന്നും യാതൊരു ഭാവവ്യത്യാസവും കൂടാതെ പുഴുവിനെ തോണ്ടി പുറത്താക്കി അതിൽ മരുന്ന് വച്ചുകൊണ്ടിരുന്ന രണ്ട് സിസ്റ്റേഴ്‌സിനെ കണ്ട് അത്ഭുതത്തോടുകൂടി അവർ ഇപ്രകാരം ചോദിച്ചു. ‘നിങ്ങൾക്ക് എങ്ങനെ ഇപ്രകാരം ചെയ്യാൻ കഴിയുന്നു? ഒരുലക്ഷം രൂപ തന്നാലും ഞാനിത് ചെയ്യില്ല.’ അതുകേട്ട് ചെറിയ പുഞ്ചിരിയോടുകൂടി ആ സിസ്റ്റേഴ്‌സ് ഇപ്രകാരം പറഞ്ഞു, ‘പത്തുലക്ഷം രൂപ തന്നാലും ഞങ്ങളും ഇതു ചെയ്യില്ല. പക്ഷേ, ഞങ്ങൾക്കിത് ചെയ്യാതിരിക്കാൻ കഴിയുകയില്ല. കാരണം, ക്രിസ്തുവിന്റെ സ്‌നേഹം ഇതു ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കുന്നു!’

ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ മിണ്ടാമഠത്തിന്റെ സ്ഥലപരിമിതികൾക്കുള്ളിൽ വിശുദ്ധ കുർബാന ഭക്ഷണമാക്കി, രുചികരമായ ഭക്ഷണങ്ങളുപേക്ഷിച്ച് ത്യാഗം ചെയ്ത് ദിവ്യകാരുണ്യ ആരാധനയിലും പ്രാർത്ഥനകളിലും പ്രായശ്ചിത്ത പ്രവൃത്തികളിലും ബദ്ധശ്രദ്ധരായി, യുവത്വം മാത്രമല്ല വാർധക്യവും അവിടെത്തന്നെ കഴിച്ചുകൂട്ടി ജീവിതം ആസ്വദിക്കുന്ന മിണ്ടാമഠത്തിലെ നമ്മുടെ പ്രിയപ്പെട്ട സഹോദരിമാരെ അവിടെ പിടിച്ചുനിർത്തുന്ന സംഗതി എന്താണെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? അതു മറ്റൊന്നുമല്ല, ക്രിസ്തുവിന്റെ സ്‌നേഹംതന്നെ. കലവറയില്ലാതെ അവരുടെ ഹൃദയങ്ങളിൽ പരിശുദ്ധാത്മാവ് നല്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം അവരെ ദിവ്യകാരുണ്യത്തോടും ലോകം മുഴുവനുമുള്ള മധ്യസ്ഥ പ്രാർത്ഥനയോടും ചേർത്തുനിർത്തി ആനന്ദിപ്പിക്കുന്നു. നമ്മൾ തെറ്റിദ്ധരിക്കുന്നതുപോലെ അവർ ജീവിതം പാഴാക്കുന്നവരല്ല. പരിശുദ്ധാത്മാവിനോട് ചേർന്ന് ജീവിതം ആസ്വദിക്കുന്നവർതന്നെയാണ്.
ആരു കൊടുത്തു ഈ നിയോഗം?

തെരുവിലെ വേസ്റ്റ് കൂനയിൽനിന്നും അഴുക്കുചാലിൽനിന്നുമെല്ലാം അമ്മമാർ ഉപേക്ഷിച്ചുപോയ കൈക്കുഞ്ഞുങ്ങളെ ഗ്ലൗസില്ലാത്ത കൈകൊണ്ട് വാരിയെടുത്ത് കഴുകി കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത് താരാട്ടുപാടി ഉറക്കി വളർത്തുന്ന സമർപ്പിതർക്ക് സ്വന്തമായി കുറേ കുഞ്ഞുങ്ങൾക്ക് ജന്മമേകി വളർത്താൻ കഴിവില്ലാത്തതുകൊണ്ടല്ല ഈ വിധം ചെയ്യുന്നത്. ക്രിസ്തുവിന്റെ സ്‌നേഹത്തോട് അവർ കൊടുക്കുന്ന പ്രത്യുത്തരം നിമിത്തമാണ്.

തെരുവിലൂടെ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെയും മുഴുഭ്രാന്തന്മാരെയും തേടി കണ്ടെത്തി കുളിപ്പിച്ച് വൃത്തിയാക്കി ആഹാരവും മരുന്നും നല്കി സുബോധത്തിലേക്കും സാധാരണ ജീവിതത്തിലേക്കും തിരികെ കൊണ്ടുവന്ന് എത്തേണ്ടിടത്ത് അവരെ എത്തിക്കുന്ന പ്രേഷിതർക്കും ജീവകാരുണ്യപ്രവർത്തകർക്കും വീടും കുടിയും ഭാര്യയും മക്കളും ഒന്നുമില്ലാഞ്ഞിട്ടല്ല അപ്രകാരം ചെയ്യുന്നത്. പിന്നെയോ ക്രിസ്തുവിന്റെ സ്‌നേഹം അവരെ നിർബന്ധിക്കുന്നതുകൊണ്ടാണ്. ഇങ്ങനെ നോക്കിയാൽ എത്രയോ പേർ ക്രിസ്തുവിന്റെ സ്‌നേഹത്തെപ്രതി പരിശുദ്ധാത്മാവിന്റെ പ്രേരണകളോട് യെസ് പറഞ്ഞ് ദൈവരാജ്യത്തിന്റെ വക്താക്കളാകുന്നു!
സമയമിനിയും വൈകിപ്പോയിട്ടില്ല. ഇന്ന് നിങ്ങൾ ക്രിസ്തുവിന്റെ സ്വരം ശ്രവിക്കുമെങ്കിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളോട് സഹകരിക്കാൻ തയാറാകുമെങ്കിൽ നമ്മുടെ ഭവനങ്ങളും ഇടവകകളും സഭാസമൂഹങ്ങളുമെല്ലാം സ്‌നേഹത്തിന്റെ സാമ്രാജ്യങ്ങളായിത്തീരും. പരിശുദ്ധാത്മാവിനോട് സഹകരിക്കാനായി ഒരുപക്ഷേ, നിങ്ങൾക്ക് തെരുവിലേക്ക് നടന്നുചെല്ലേണ്ടി വരണമെന്നില്ല. നമ്മുടെ ഭവനത്തിനുള്ളിൽത്തന്നെ, നമ്മുടെ സ്ഥാപനത്തിനുള്ളിൽത്തന്നെ, നമ്മുടെ പരിമിതികൾക്കുള്ളിൽത്തന്നെ പരിശുദ്ധാത്മ പ്രവർത്തനങ്ങളോട് നമുക്ക് യെസ് പറയാനാകും. എന്നെക്കൊണ്ട് ടോയ്‌ലറ്റ് കഴുകിച്ചു എന്നുവച്ച് നിങ്ങളെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിക്കുമെന്ന് ഓർത്ത് ഭയപ്പെടേണ്ടതില്ല. പക്ഷേ, നമ്മെ ഓരോരുത്തരെയും വലിയ സ്വർഗരാജ്യ അനുഭവം സ്വന്തമാക്കാൻവേണ്ടി എളിമപ്പെടലിന്റെയും ശൂന്യവത്ക്കരണത്തിന്റെയും വഴികളിലൂടെ നയിക്കുമെന്നത് തീർച്ച. അതിനായി നമുക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കാം. അതിനുവേണ്ട കൃപ പരിശുദ്ധാത്മാവ് നമുക്ക് നല്കട്ടെ.

പാവനാത്മൻ ദൈവമെന്നെ നയിച്ചിടുമ്പോൾ
അനുദിനം അതിശയം കണ്ടിടുന്നു ഞാൻ
ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലൂയ്യാ
എന്നിൽ വാഴും ദിവ്യാത്മാവേ ഹാലേലുയ്യാ.

സ്റ്റെല്ല ബെന്നി

 

Comments are closed.