നിരാശാരാവുകളിൽനിന്ന് പ്രത്യാശാപകലുകളിലേക്ക്…

നിരാശയുടെ ഇരുട്ടിൽനിന്ന് പ്രത്യാശയുടെയും നേട്ടത്തിന്റെയും പകൽവെളിച്ചത്തിലേക്ക് ഒരു തിരിച്ചറിവിന്റെ ദൂരമേയുള്ളൂ.

പത്രോസിനന്ന് നിരാശയുടെ ദിനമായിരുന്നു. രാത്രി മുഴുവനും അധ്വാനിച്ചിട്ട് ഇതാദ്യമായാണ് ഒന്നും കിട്ടാതെ വരുന്നത്. മുക്കുവന്റെ അന്നം മീനിന്റെ ലഭ്യതയിലാണെന്ന് അവൻ ഓർത്തു. കടലിൽനിന്ന് മീനില്ലാതെ കരകയറുന്ന മുക്കുവൻ കരയ്ക്ക് ശാപമാണ്. അവനെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തിനിനി ആരാണ് അത്താണി? വെറുംകൈയോടെ വീടണയുന്ന മുക്കുവൻ തന്റെ കുടുംബാംഗങ്ങൾക്ക് വിളമ്പിക്കൊടുക്കുന്നത് മരണത്തിലേക്കു നയിക്കുന്ന പട്ടിണിയാണ്. കടലിന്റെ നിറവും തിരകളുടെ ഇളക്കവും നോക്കി വലയിറക്കുന്ന മുക്കുവനന്ന് കണക്കുകൾ പിഴച്ചു.

മനസിന്റെ പിരിമുറുക്കത്തിൽ പത്രോസിനോട് തന്റെ അകതാരിൽനിന്ന് ആരോ മൊഴിഞ്ഞു: നീ എത്ര കേമനായാലും എത്രമാത്രം പ്രാവീണ്യം നേടിയവനാണെങ്കിലും നിന്റെ കണക്കുകൂട്ടലുകൾ ചിലപ്പോഴെല്ലാം പിഴയ്ക്കും. നീ കരുതുന്നതുപോലെ കാര്യങ്ങൾ നടക്കാതെ വരും. കടലിലെ മീനിന്റെ ഗതി നിയന്ത്രിക്കുന്നത് നീയാണോ? നീ വലയിറക്കുമ്പോൾ വലയിൽ കയറുവാൻ മീനുകളോട് പറയുന്നതാരാണ്? മീനുകളുടെ യാത്രാസ്ഥലത്ത് വലയിറക്കാൻ നിന്നോട് പറയുന്നതാരാണ്? അറിയുക; ഇനിയും നിനക്കറിയാത്ത പല അറിവുകളുമുണ്ട്. നൂറുശതമാനം സാധ്യമാകും എന്ന് ഗണിക്കുന്ന കാര്യങ്ങൾക്കുവരെ പാളിച്ചകൾ പറ്റിയേക്കാം. നിന്റെ കരുത്തിലല്ല കാര്യങ്ങളുടെ ഗതി. നിന്റെ കരബലത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല നിന്റെ വിജയം. നീ വലിയവനാണെന്ന് നിന്നെ പുകഴ്ത്തിയവർ ഇന്ന് നിന്നെ പരിഹസിക്കും. നിന്റെ കണക്കുകൾ പിഴച്ചുവെന്ന് അവർ പിറുപിറുക്കും. നീ ദുർബലനാണെന്ന് അവർ അടക്കം പറയും. ഓർക്കുക; നീ അറിയാത്ത സത്യങ്ങൾ ഇനിയുമേറെയുണ്ട്. നീ വായിക്കേണ്ട പാഠ പുസ്തകങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ട്.

കാന്തികശക്തി
മനമൊഴികൾക്ക് കാതോർത്ത് വല കഴുകുമ്പോൾ പത്രോസിനോട് ക്രിസ്തു പറഞ്ഞു: ”അല്പം അകലേക്ക് വള്ളം നീക്കുക” (ലൂക്കാ 5:3). തന്നോട് സംസാരിക്കുന്നത് ആരെന്നവനറിഞ്ഞില്ല. പക്ഷേ, ആ വാക്കുകൾക്ക് ഒരു കാന്തികശക്തിയുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു. ആ വാക്കുകളിൽ തന്റെ വള്ളം ഉലയുന്നത് അവൻ കണ്ടു. അത് കടലിലേക്കിറങ്ങാൻ വെമ്പൽകൊണ്ടു. വള്ളത്തോടൊപ്പം അവന്റെ മനവും ഉലഞ്ഞു. അവൻപോലും അറിയാതെ വലയുമായവൻ വള്ളത്തിൽ കയറി. അവന്റെ മനസ് ക്രിസ്തുവിന്റെ വാക്കുകൾപോലെ അവനോട് മന്ത്രിക്കുവാൻ തുടങ്ങി. ഓർക്കുക, ജീവിതം ഇനിയെങ്ങോട്ട് എന്ന് ചിന്തിക്കുന്ന നിമിഷങ്ങളിലായിരിക്കും, യാത്ര മതിയാക്കിയ അതേ കടലിലേക്ക് വള്ളമിറക്കാൻ നിന്നോടവൻ പറയുക. നീ സഞ്ചരിച്ച പാതകൾക്കല്ല കുഴപ്പം, സഞ്ചരിച്ചപ്പോൾ നിന്നിലുണ്ടായിരുന്ന മനോഭാവങ്ങൾക്കാണ്. നീ ചെയ്യുന്ന ജോലിയിലല്ല കുഴപ്പം, ജോലി ചെയ്യുമ്പോഴുള്ള ചിന്താഗതികൾക്കാണ്. നീ താമസിക്കുന്ന വീടിനല്ല തകരാർ, അതിൽ നീ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബങ്ങൾക്കാണ്. നീ സഞ്ചരിക്കുന്ന വള്ളത്തിനല്ല കുഴപ്പം, അവയെ നിയന്ത്രിക്കുന്ന നിന്റെ മനസിനാണ്. മൺപാത്രങ്ങൾപോലെ പൊട്ടിയകലുന്ന വലക്കണ്ണികളല്ല, അവയെ വഹിക്കുന്ന നിന്റെ കരങ്ങളാണ് ദുർബലമായിരിക്കുന്നത്.

അതെ, ക്രിസ്തുവില്ലാതെ നീ നടത്തുന്ന പ്രയാണങ്ങൾ, പ്രയത്‌നങ്ങൾ, കെട്ടിപ്പടുക്കുന്ന സൗധങ്ങൾ എല്ലാം നിനക്ക് ദുഃഖകാരണമാകും. തിരിച്ചറിയുക, അവനെ കൂടെ കൂട്ടുക. അവനോടൊപ്പം അവൻ പറയുന്നിടത്ത് വലയിറക്കുക. അവന്റെ വാക്കുകളിലെ കാന്തികശക്തിയെ മറുതലിക്കരുത്. നീ കാണാത്ത ജീവിതക്കടലിന്റെ ആഴങ്ങളിലേക്ക് അവൻ നിന്നെ കൊണ്ടുപോകും. അവിടെ നിന്റെ അധ്വാനത്തിന്റെ വലയിറക്കാൻ അവൻ പറയും. നീ പോലും അറിയാതെ അവിടുത്തെ കരങ്ങളിൽ നിന്റെ അധ്വാനത്തിന്റെ വല നീ വച്ചുകൊടുക്കും.

കാര്യങ്ങളിത്രയുമായപ്പോൾ പത്രോസിന്റെ അഹങ്കാരചിന്തകളുടെ ഉച്ചിയിൽനിന്ന് സാത്താൻ നൃത്തം ചവിട്ടാൻ തുടങ്ങി. അവൻ പത്രോസിനോട് പറഞ്ഞു: ‘രാത്രി മുഴുവനും അധ്വാനിച്ച മുക്കവശ്രേഷ്ഠനായ നിനക്ക് ഒന്നും ലഭിച്ചില്ല. നിന്നെ അറിയാത്ത, കടലറിയാത്ത ഇവന്റെ വാക്കുകൾ നിനക്ക് ഇനി എന്തു നേടിത്തരാനാണ്?’ സാത്താന്റെ വാക്കുകളെ മറികടന്ന് പത്രോസിന്റെ മനസ് വീണ്ടും സംസാരിച്ചു: അന്ധകാരത്തിൽ വലയെറിഞ്ഞ നിന്റെ കരങ്ങൾക്ക് അറിയാത്ത വിദ്യകൾ ഇനിയുമേറെയുണ്ട്. ക്രിസ്തുവിനെ അറിയാതെ നീ നടത്തുന്ന യാത്രകൾ ഉദ്ദേശിക്കുന്ന ദിക്കിലേക്ക് നിന്നെ നയിക്കുകയില്ല. അവനില്ലാത്ത കടലിൽ ദിശയറിയാതെ നീ ഉഴറും. അവന്റെ കരസ്പർശമേല്ക്കാത്ത വലയിൽ മീനുകൾക്കു പകരം പാമ്പുകൾ കുടുങ്ങും. അവ നിനക്കുനേരെ വിഷപ്പല്ലുകളുമായി ചീറ്റിയടുക്കുന്നതിനുമുമ്പേ മനസറിഞ്ഞ് അവന്റെ കരങ്ങളിൽ വലയോടൊപ്പം നിന്റെ കരങ്ങളും വയ്ക്കുക. നിനക്കറിയാത്ത കടലിൽ ഇനി അവൻ വലയിറക്കട്ടെ.

ക്രിസ്തുവിന്റെ കരസ്പർശം
പത്രോസിന്റെ വലയിൽ ക്രിസ്തുവിന്റെ കരസ്പർശമേറ്റപ്പോൾ അത് പൊട്ടുമാറ് മത്സ്യം നിറഞ്ഞു. പത്രോസിന്റെ മനം നിറഞ്ഞു. കണ്ണുനീരിന്റെ ഉപ്പ് കടൽവെള്ളത്തിലലിഞ്ഞു. തിരിച്ചറിയുക; ക്രിസ്തു നിന്റെ ജീവിതത്തിൽ വരുമ്പോൾ നിന്റെ വലകൾക്ക് താങ്ങാനാകാത്ത കൃപകൾകൊണ്ട് നീ നിറയും. നീ അറിയാത്തവർപോലും നിന്നെ തേടിയെത്തും. നിനക്കിതെന്തൊരു മാറ്റം എന്നവർ മൊഴിയും. നിന്നിൽ ഒരു അത്ഭുതശക്തിയുണ്ടെന്ന് അവർ തിരിച്ചറിയും. ഇനി മുതൽ നിന്നിൽ നീയല്ല, നിന്റെ കരുത്തല്ല എന്ന് അവർ വിളിച്ചോതും. അവന്റെ കൃപകൾകൊണ്ട് നിറഞ്ഞ വല വലിച്ചുകയറ്റാൻ നിനക്കാകാതെ വരും. നിനക്ക് നിന്റെ കൂട്ടാളികളെ, കുടുംബാംഗങ്ങളെ, നിന്റെ ശത്രുക്കളെ എന്തിനേറെ നീ അറിയാത്തവരെ വരെ വിളിക്കേണ്ടതായി വരും.

അവന്റെ കൃപകൾ സ്വീകരിച്ച തിരിച്ചറിവിൽ നീപോലുമറിയാതെ നീ വിളിച്ചുപറയും: ഞാൻ കണ്ടു, അവനെ ഞാൻ കണ്ടു. എന്റെ രാത്രികളിൽ എനിക്ക് കാണാൻ കഴിയാത്തത് അവന്റെ പ്രകാശപകലുകളിൽ ഞാൻ ദർശിച്ചു. ആ തിരിച്ചറിവിൽ നിന്നിൽ അനുതാപത്തിന്റെ വിത്തുകൾ മുളയ്ക്കും. അപ്പോൾ പത്രോസിനെപ്പോലെ നീയും വിളിച്ചുപറയും: ”എന്നെവിട്ട് അകന്നുപോകുക, ഞാൻ പാപിയാണ്.” അഹങ്കാരത്തിന്റെ ചില്ലുകൊട്ടാരം തകർന്ന് അതിന്റെ ചീളുകൾ നിന്റെ ഹൃദയത്തിൽ തുളച്ചുകയറുമ്പോൾ അവനെ തിരിച്ചറിയാതിരുന്ന ദിനങ്ങളെക്കുറിച്ചുള്ള നൊമ്പരംകൊണ്ട് നീ വിലപിക്കും. അങ്ങനെയൊന്നു വിലപിക്കാൻ ഇനിയും നിനക്കായിട്ടില്ലെങ്കിൽ മനസിലാക്കുക, ക്രിസ്തു ഇപ്പോഴും നിനക്ക് അന്യനാണ്. നിന്റെ ജീവിതനൗകയിൽ ഇനിയും ക്രിസ്തുവിന്റെ പാദസ്പർശം ഏറ്റിട്ടില്ല. നിന്റെ വലകളിൽ കുടുങ്ങിയിരിക്കുന്നത് നിന്റെതന്നെ അഹന്തയുടെ മത്സ്യങ്ങളാണ്. അവയ്ക്ക് നിന്നെ തൃപ്തിപ്പെടുത്താൻ കഴിയാത്ത കാലംവരും.

പത്രോസിനെപ്പോലെ നീയും വിളിച്ചോതുക, ”ഞാൻ അയോഗ്യനാണ്. നിന്റെ കൃപ സ്വീകരിക്കാൻ ഞാൻ യോഗ്യനല്ല.” നിന്റെ നയനങ്ങളിൽനിന്ന് അനുതാപത്തിന്റെ കണ്ണുനീർ ചാലുകൾ ഒഴുകിയിറങ്ങട്ടെ. ആ ചാലുകളിലൂടെ നിന്റെ രക്ഷയുടെ നൗകയുമായി ക്രിസ്തു നിന്നിലേക്ക് തുഴഞ്ഞടുക്കും. അവിടുന്ന് നിന്റെ കണ്ണുനീർ തുടയ്ക്കും. പത്രോസിനോട് പറഞ്ഞതുപോലെ നിന്റെ കാതുകളിലും അവിടുന്ന് മന്ത്രിക്കും: ‘വരൂ ഇനി നമുക്കൊരുമിച്ച് വലയിറക്കാം. വഴിതെറ്റി അലയുന്ന മനുഷ്യരുടെ ആത്മാക്കളെ നമുക്ക് സ്വന്തമാക്കാം.’ അന്ന് നീ ലോകത്തോട് വിളിച്ചുപറയും: ‘ഇനി ജീവിതം അവനുവേണ്ടി. അവനെ മറ്റുള്ളവന് കൊടുക്കാനും മറ്റുള്ളവരെ അവനിലേക്ക് നയിക്കാനും സാധിച്ചില്ലെങ്കിൽ പിന്നെ ജീവിതമെന്തിന്?’ നിനക്കിനി വേണ്ടത് വലയും വള്ളവുമല്ല. നിന്റെ അകക്കടലിന്റെ തിരയനക്കം അറിയുന്ന ക്രിസ്തുവെന്ന മുക്കുവനെയാണ്.

ഫാ. ജെൻസൺ ലാസലെറ്റ്

Leave a Reply

Your email address will not be published. Required fields are marked *