ജോലിയോടൊപ്പം സുവിശേഷ ശുശ്രൂഷയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അയാൾ. അങ്ങനെയിരിക്കേ, ജോലി നിർത്തി മുഴുവൻ സമയവും ദൈവത്തിനുവേണ്ടണ്ടണ്ടി വിനിയോഗിക്കണമെന്ന് അദ്ദേഹത്തിനു തോന്നി. വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ പഠനവും പ്രായമായ മാതാപിതാക്കളുടെ സംരക്ഷണവുമെല്ലാം അദ്ദേഹത്തിന്റെ ചുമലിലായിരുന്നു. ഭാര്യയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ, ഇതുവരെ നടത്തിയ ദൈവം ഇനിയും നടത്തിക്കൊള്ളുമെന്നായിരുന്നു മറുപടി. അന്നത്തെ കുടുംബ പ്രാർത്ഥനയിൽ ഈ വിഷയവും പ്രാർത്ഥിച്ചു. മുമ്പോട്ടുള്ള ആവശ്യങ്ങളും പൂർത്തീകരിക്കപ്പെടേണ്ട കാര്യങ്ങളുമെല്ലാം പ്രാർത്ഥനാവിഷയമായി. പ്രാർത്ഥന കഴിഞ്ഞെഴുന്നേറ്റപ്പോൾ അദ്ദേഹത്തിന്റെ ഫോൺ ബെല്ലടിച്ചു. അദ്ദേഹത്തിന് പരിചയമില്ലാത്ത ഒരു വ്യക്തിയായിരുന്നു ഫോണിൽ. നാളെ വീട്ടിലുണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിനറിയേണ്ടിയിരുന്നത്. അദ്ദേഹത്തിന് വീട്ടിലേക്ക് വരണമെന്നു പറഞ്ഞ് കൃത്യമായ മേൽവിലാസവും വാങ്ങി. പരിചയപ്പെടാൻ തുടങ്ങിയപ്പോൾ നാളെ നേരിൽ കാണാമല്ലോ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അടുത്ത ദിവസം രാവിലെ ഒരു ഓട്ടോറിക്ഷയിൽ രണ്ടുമൂന്നുപേർ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ആ ഓട്ടോറിക്ഷയിൽ ഒരു ചാക്ക് അരി, രണ്ട് കിലോ പഞ്ചസാര, ഒരു കിലോ ചെറുപയർ, സോപ്പ്, അവൽ തുടങ്ങി ഒരു വീട്ടിലേക്ക് അത്യാവശ്യം വേണ്ടുന്ന സാധനങ്ങളെല്ലാമുണ്ടായിരുന്നു. സ്വയം പരിചയപ്പെടുത്തിയശേഷം അവർ പറഞ്ഞു: ഇതെല്ലാം ബ്രദറിന് തരാൻ കർത്താവ് ഞങ്ങളോടു പറഞ്ഞു. സാധനങ്ങൾ ഇറക്കിവച്ച് അവർ മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ മാത്രമല്ല, ഭാര്യയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
നിന്റെ ഭാരം കർത്താവിനെ ഏല്പിക്കുക. അവിടുന്ന് നിന്നെ താങ്ങിക്കൊള്ളും. നീതിമാൻ കുലുങ്ങാൻ അവിടുന്ന് സമ്മതിക്കുകയില്ല. (സങ്കീർത്തനങ്ങൾ 55:22)