സന്തോഷം പകരുന്ന സമ്പാദ്യങ്ങൾ

ജോലിക്കയറ്റത്തോടെ ഓഫീസിന്റെ പുതിയ ശാഖയിൽ ചേരാനുള്ള ദിവസം കാത്തിരിക്കുന്ന സമയം. ഒരു ദിവസം ഉന്നതോദ്യോഗസ്ഥൻ ഫോണിൽ വിളിച്ചു: ‘പുതിയ ശാഖയിൽ ചേർന്നയുടനെ ഒരു കാര്യം ചെയ്യണം. സ്ഥിരമായി മദ്യപിച്ച് ജോലിക്ക് വരുന്ന തോമസ് (യഥാർത്ഥ പേരല്ല) എന്നൊരാളുണ്ട്. എത്ര ഉപദേശിച്ചിട്ടും അദ്ദേഹം നന്നാകുന്ന ലക്ഷണമില്ല. ഇനിയും മദ്യപിച്ച് വന്നാൽ ജോലിയിൽ പ്രവേശിപ്പിക്കാതെ ഡോക്ടറുടെയും പോലിസിന്റെയും സാന്നിധ്യത്തിൽ മദ്യപിച്ച് ജോലിക്ക് വന്നതിന് തെളിവ് രേഖപ്പെടുത്തുക. ആയതിന്റെ റിപ്പോർട്ട് അന്നുതന്നെ ഹെഡ്ഓഫീസിലേക്ക് ഫാക്‌സ് ചെയ്യുക. സ്റ്റാഫിനുള്ള സസ്‌പെൻഷൻ ഓർഡർ ഉടൻ ഫാക്‌സിൽ തിരികെ ലഭിക്കും. അത് നല്കുക. അന്വേഷണവും മറ്റും വേഗത്തിലാക്കി എത്രയും പെട്ടന്ന് തോമസിനെ സർവീസിൽനിന്ന് പിരിച്ച് വിടാനുള്ള നടപടികൾ ചെയ്യുക. ഇതാണ് ആദ്യത്തെ ജോലി;’ അദ്ദേഹം ഫോൺ വച്ചു.

മനസിൽ ഒരു സന്തോഷമില്ലായ്മ. പുതിയ ശാഖയിലെ ആദ്യത്തെ ജോലിതന്നെ ഒരു സ്റ്റാഫിന്റെ ജോലി കളയുകയാണ്. നിർദിഷ്ട ദിവസം കൃത്യസമയത്തുതന്നെ ഞാൻ ജോലിയിൽ പ്രവേശിച്ചു. ഇൻസ്‌പെക്ഷൻ ടീം വന്നിട്ടുണ്ട്. മുമ്പ് സൂചിപ്പിച്ച സ്റ്റാഫ് പരിചയപ്പെട്ടവരുടെ കൂടെയില്ല. രജിസ്റ്ററിൽ ഒപ്പിട്ടിട്ടുമില്ല. വല്ലാത്തൊരാശ്വാസം തോന്നി. എന്തായാലും ആദ്യത്തെ ദിവസംതന്നെ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ. നല്ല തിരക്കുള്ള ശാഖ. ക്രൈസ്തവസ്ഥാപനങ്ങൾ ധാരാളമുള്ള പ്രദേശമായതിനാൽ വൈദികരോ സിസ്റ്റേഴ്‌സോ എപ്പോഴും ക്യാബിനിൽ ഉണ്ടാകും. നല്ല അന്തരീക്ഷം.

സമയം പോയതറിഞ്ഞില്ല. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ക്യാബിനിൽ വന്നപ്പോൾ സ്റ്റാഫ് പ്രതിനിധി കാണാൻ വന്നു. ”സാർ, ഈ ശാഖയിൽ അല്പം പ്രശ്‌നക്കാരനായ സ്റ്റാഫുണ്ടെന്ന് അറിഞ്ഞു കാണുമല്ലോ, അല്ലേ?”

”കേട്ടിട്ടുണ്ട്, പക്ഷേ ഇന്നദ്ദേഹം വന്നിട്ടില്ലല്ലോ?”
”വന്നിട്ടുണ്ട്. സാധാരണ ഉച്ചവരെ ഡൈനിങ്ങ് റൂമിൽ മയക്കത്തിലാകും. അധികം വൈകാതെ സാറിനെ കാണാൻ വരും.”
പ്രതീക്ഷിച്ചപോലെ കുറച്ച് കഴിഞ്ഞപ്പോൾ കക്ഷി ക്യാബിനിലേക്ക് വന്നു. ”സാറിനെ പരിചയപ്പെടാൻ വന്നതാണ്” പരുഷമായ പെരുമാറ്റം.
”തോമസ് ഇരിക്കൂ. ഇന്ന് നിങ്ങൾ ജോലിയിൽ ഇല്ല. രജിസ്റ്ററിൽ ഒപ്പിടുകയും വേണ്ട. അവധി മുൻകൂട്ടി അറിയിക്കാത്തതിന് ഒരു വിശദീകരണം എഴുതിത്തരിക. ഒരു കാര്യം കൂടി. നാളെയും നിങ്ങളിത് ആവർത്തിച്ചാൽ ബാങ്കിൽ ജോലി തുടരുക പ്രയാസമാകും.” ഞാൻ അല്പം ഗൗരവത്തോടെ പറഞ്ഞു: ”നന്നാകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ശ്രമിച്ചോളൂ.”

കഥ മാറുമ്പോൾ..
പിറ്റേന്ന് അദ്ദേഹം ലീവാണെന്ന് വിളിച്ചുപറഞ്ഞു. എന്നാൽ, അല്പം കഴിഞ്ഞപ്പോൾ ഒരു സ്റ്റാഫിന് ഫോൺ വന്നു. തോമസിന്റെ ഭാര്യയും മക്കളും റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്നുണ്ടെന്ന്. എന്തോ പന്തികേട് തോന്നി. രണ്ട് സ്റ്റാഫംഗങ്ങളെ കാറിൽ അന്വേഷിക്കാനയച്ചു. കുറെ സമയത്തിനുശേഷം അവർ തിരിച്ചുവന്നു.
”ഭാഗ്യമുണ്ട് സാറേ! അല്പം വൈകിയിരുന്നുവെങ്കിൽ… അവർ മുഴുമിപ്പിക്കാതെ നിർത്തി.
പിറ്റേന്ന് രാവിലെ തോമസ് എന്റെ ക്യാബിനിലേക്ക് വന്നു. ”ഇരിക്കൂ, എന്താണ് നിങ്ങളുടെ പ്രശ്‌നം?”
”സാർ, എനിക്ക് നാല് മക്കളാണുള്ളത്. മൂന്ന് ആണും ഒരു പെൺകുട്ടിയും. ഭാര്യയ്ക്ക് ജോലിയില്ല. വീട്ടുചെലവും കുട്ടികളുടെ പഠിപ്പും പ്യൂണായ എന്റെ ശമ്പളംകൊണ്ട് തികയുന്നില്ല. അതുകൊണ്ട് കടം കൂടിവന്നു. വട്ടിപ്പലിശക്കാരുടെ ശല്യവും കൂടിയായപ്പോൾ ഞാൻ മദ്യപിക്കാൻ തുടങ്ങി. എപ്പോഴും മദ്യപിക്കണമെന്ന ചിന്തതന്നെ. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. ഒന്നിനും താല്പര്യമില്ല. എല്ലാം കൈവിട്ടപോലെ.”

”എത്ര രൂപ കടമുണ്ട്?”
”മുപ്പതിനായിരം.”
”ഇത്രയും രൂപ കിട്ടിയാൽ കടം വീട്ടി, മദ്യപാനം നിർത്തുമോ?”
”തീർച്ചയായും.”
”വിശ്വസിക്കാമോ?”
”ഞാൻ വാക്കുതരുന്നു.”
എന്റെ മനസിൽ പ്രതീക്ഷയുടെ ഒരു വെളിച്ചം. ഞാൻ സ്റ്റാഫ് പ്രതിനിധിയെ ക്യാബിനിലേക്ക് വിളിച്ചു.
”തോമസിന്റെ കാര്യത്തിൽ നമുക്കൊരു ശ്രമം നടത്തിയാലോ? എല്ലാ സ്റ്റാഫംഗങ്ങളും ചേർന്ന് ശമ്പളത്തിൽനിന്ന് മുപ്പതിനായിരം രൂപ ശേഖരിച്ച് തോമസിന്റെ കടക്കാരെ ശാഖയിലേക്ക് വിളിപ്പിച്ച് കടം കൊടുത്തുതീർക്കാം. ഒരു ജീവിതം രക്ഷപ്പെടുമെങ്കിൽ നല്ലതല്ലേ? തോമസിന്റെ ശമ്പളത്തിൽനിന്ന് കുറെശെ പിടിച്ച് സ്റ്റാഫംഗങ്ങൾക്ക് തിരികെ കൊടുക്കുകയും ചെയ്യാം.”
അദ്ദേഹത്തിന് വളരെ താല്പര്യം തോന്നി: ”നല്ല ആശയം. നമുക്ക് ശ്രമിക്കാം.” എല്ലാവരും സഹകരിച്ചു. തുക പിരിച്ചെടുത്ത് എല്ലാ കടങ്ങളും വീട്ടി. ഭാഗ്യമെന്ന് പറയട്ടെ, പിന്നീട് തോമസ് മദ്യപിച്ചിട്ടില്ല. ശാഖയിൽ ഇടപാടുകാരോട് മാന്യമായി പെരുമാറുന്നതും ഞാൻ ശ്രദ്ധിച്ചു.
”എന്തായി ഞാൻ ഏല്പിച്ച കാര്യം? റിപ്പോർട്ട് ശാഖയിൽനിന്ന് കണ്ടില്ലല്ലോ?” തുടക്കത്തിൽ പരാമർശിച്ച അധികാരിയുടെ ഫോൺ.
”തോമസ് ഇപ്പോൾ മദ്യപിച്ച് ഓഫിസിൽ വരുന്നില്ല.”
”വേണ്ട, പലരും ശ്രമിച്ചിട്ട് നേരെയാവാത്തവനാണ്. താനുംകൂടെ അദ്ദേഹത്തോടൊപ്പംനിന്ന് ഹെഡ്ഓഫീസിന്റെ അതൃപ്തി നേടണ്ട” അദ്ദേഹം ഫോൺ കട്ട് ചെയ്തു.

പുതിയ ജീവിതം
തോമസിനെ ഞാൻ എന്റെ ക്യാബിനിൽ വരുന്നവരുടെയും പ്രധാന ഉപഭോക്താക്കളുടെയും കാര്യങ്ങൾ നോക്കാൻ നിയോഗിച്ചു. തോമസിനത് വളരെ ഇഷ്ടപ്പെട്ടു. ദിവസം ചെല്ലുംതോറും ജോലി ചെയ്യാനുള്ള താല്പര്യം തോമസിൽ കണ്ടുതുടങ്ങി.

ഒരുദിവസം ഞാൻ തോമസിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ പോയി. മൂന്ന് മിടുക്കന്മാരായ ആൺകുട്ടികൾ. മകൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. എല്ലാവരും സന്തോഷത്തിലാണ്. തോമസ് ഇപ്പോൾ മദ്യപിക്കാറില്ല. എല്ലാവരും ദൈവാലയത്തിൽ പോകുന്നുണ്ടെന്നും പ്രാർത്ഥനാകൂട്ടായ്മകളിൽ സജീവമാണെന്നും അറിഞ്ഞു. ഞാൻ ആൺമക്കളുമായി സംസാരിച്ചു. ഒരാൾക്ക് വൈദികനാകാൻ ആഗ്രഹം. മറ്റൊരാൾക്ക് എൽ.എൽ.ബിക്ക് പഠിക്കണം. മൂന്നാമത്തവന് കൊമേഴ്‌സ് ബിരുദമെടുക്കണം. പ്രമുഖ സെമിനാരിയുടെ അക്കൗണ്ട് ഞങ്ങളുടെ ശാഖയിലായിരുന്നതിനാൽ ഞാൻ റെക്ടറച്ചനോട് തോമസിന്റെ കുടുംബത്തെപ്പറ്റി സംസാരിച്ചു. ഒരാളെ സെമിനാരിയിൽ ചേർക്കാമെന്നും മറ്റൊരുവന് സെമിനാരിയിൽ ചെറിയൊരു ജോലി ശരിയാക്കാമെന്നും അതോടൊപ്പം എൽ.എൽ.ബിക്ക് പഠിക്കാനുള്ള സഹായം നൽകാമെന്നും സമ്മതിച്ചു. തോമസിനും കുടുംബത്തിനും ഇത് വലിയ ആശ്വാസമായി.

വർഷങ്ങൾ കടന്നുപോയി. അതേ സ്ഥാപനത്തിൽ അല്പംകൂടി ഉയർന്ന പദവി എനിക്ക് ലഭിച്ചു. ഒപ്പം സ്ഥലംമാറ്റവും. ഒരു ദിവസം വളരെ സുമുഖനായ ഒരു ചെറുപ്പക്കാരൻ എന്നെ കാണാൻ വന്നു. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. മുൻ ശാഖയിലെ മദ്യപനായിരുന്ന തോമസിന്റെ മൂത്തമകനാണ്. ഇപ്പോൾ സൗദിയിൽ ഉന്നത പദവിയിൽ നല്ല ശമ്പളത്തോടെ ജോലിചെയ്യുന്നു. ”സാർ ശരിയാക്കിത്തന്ന എൽ.എൽ.ബി പഠനം എന്നെ കാര്യമായി സഹായിച്ചു. അനിയൻ സെമിനാരി പഠനം പൂർത്തിയാക്കാറായി. അപ്പനും അമ്മയും ഇടവകയിലെ പ്രാർത്ഥനാകൂട്ടായ്മയിൽ സജീവമായി പ്രവർത്തിക്കുന്നു. ഞാൻ വന്നത് പെങ്ങളുടെ വിവാഹം ക്ഷണിക്കാനാണ്. സാറും കുടുംബവും തീർച്ചയായും വരണം.”

ആ യുവാവ് പോയപ്പോൾ എന്റെ ചിന്ത ഇങ്ങനെയായിരുന്നു: നമുക്ക് ധാരാളം അവസരങ്ങൾ ദൈവം കാണിച്ചുതരും. നമ്മുടെ കരുതലും കരുണയും സാന്ത്വനവുംകൊണ്ട് എത്രയെത്ര ജീവിതങ്ങളെയാണ് രക്ഷപ്പെടുത്താൻ സാധിക്കുക. ഒരു വ്യക്തിയെ ശിക്ഷിക്കാനും നശിപ്പിക്കാനും എത്ര എളുപ്പമാണ്! എന്നാൽ അവരുടെ പ്രശ്‌നങ്ങൾക്ക് ചെവി കൊടുത്താൽ മറ്റൊരു കഥയായിരിക്കും നാം കേൾക്കുക. ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ജീവിതാന്ത്യത്തോളമുളള നല്ല ഓർമകളും ജീവിതത്തിനുശേഷമുള്ള സമ്പാദ്യവും ഇതൊക്കെത്തന്നെയല്ലേ?

സി.ടി. ഡേവിസ്

Leave a Reply

Your email address will not be published. Required fields are marked *