സോളമൻ ദ്വീപിലെ ആദിവാസികൾ വലിയ വൃക്ഷങ്ങൾ ഉണക്കാനായി ഉപയോഗിക്കുന്ന ഒരു വിദ്യയുണ്ട്. തങ്ങൾ ഉണക്കാൻ ഉദ്ദേശിക്കുന്ന വൃക്ഷത്തിന്റെ ചുറ്റും കൂടി നിന്ന് അവർക്കറിയാവുന്ന എല്ലാ ശാപവാക്കുകളും അസഭ്യങ്ങളും ആ മരത്തെ നോക്കി ഉച്ചത്തിൽ വിളിച്ചു പറയും. പല ദിവസങ്ങളിൽ ഇത് ആവർത്തിക്കും. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ മരത്തിന്റെ ഇലകൾ കൊഴിയാൻ തുടങ്ങും. ചില്ലകൾ ഉണങ്ങും. ദിവസങ്ങൾക്കുള്ളിൽ മരം പൂർണമായും ഉണങ്ങിയിരിക്കും.
കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ? ശാപവാക്കുകൾക്ക് വൻവൃക്ഷത്തെ ഉണക്കാൻ കഴിയുമെങ്കിൽ, നമ്മുടെ വാക്കുകൾ കൊണ്ട് മുറിയപ്പെടുന്ന മറ്റുള്ളവരെക്കുറിച്ച് ഓർത്തുനോക്കൂ. എപ്പോഴെങ്കിലും നമ്മുടെ വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ വളർച്ച മുരടിച്ചിട്ടുണ്ടോ? എങ്കിൽ നമ്മുടെ വാക്കുകൾ ഇനിമുതൽ മറ്റുള്ളവരെ വളർത്തുന്നവയാകട്ടെ.
”ഊതിയാൽ തീപ്പൊരി ജ്വലിക്കും; തുപ്പിയാൽ കെട്ടുപോകും; രണ്ടും ഒരേ വായിൽനിന്നു തന്നെ വരുന്നു.” (പ്രഭാ. 28:12)