പ്രാർത്ഥനയുടെ പാലം പണിയുന്നവർ

രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ തുറമുഖങ്ങളെയും കപ്പലുകളെയും ആക്രമിക്കാൻ നേതൃത്വം കൊടുത്ത ജപ്പാൻ പട്ടാള മേധാവി ബിറ്റ്‌സ്‌മോ ഭൂഷിത, അമേരിക്കയെ ആക്രമിച്ചു കഴിഞ്ഞപ്പോൾ ജപ്പാനിലെ ഏറ്റവും ജനപ്രീതിയുള്ള ധീരനായി. ആളുകൾ അദ്ദേഹത്തെ വാഴ്ത്താൻ തുടങ്ങി. കാരണം അമേരിക്കപോലുള്ള രാജ്യത്ത് ചെന്ന് ബോംബാക്രമണം നടത്താൻ അദ്ദേഹം ധൈര്യം കാണിച്ചു. എന്നാൽ ബിറ്റ്‌സ്‌മോയുടെ ജീവിതം വലിയ ശൂന്യതയിലേക്ക് മാറി. ജീവിതത്തിന് അർത്ഥമില്ലെന്ന് ചിന്തിച്ച് അദ്ദേഹം നിരാശനായി തീർന്നു.

യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ജേക്കബ് ഡി ഷേറ്റ്‌സർ എന്ന അമേരിക്കൻ പൈലറ്റ് ആയിടക്ക് ജപ്പാനിൽ ജയിലിലടക്കപ്പെട്ടിരുന്നു. വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാതെ എപ്പോഴും അലറുകയും തുപ്പുകയും ചീത്തവിളിക്കുകയും ചെയ്ത് അയാൾ ജയിലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തികച്ചും മാനസികനില തെറ്റിയവനെപ്പോലെ പെരുമാറിയിരുന്ന അദ്ദേഹത്തിന് ആരോ ഒരു ബൈബിൾ കൊടുത്തു. മറ്റൊന്നും വായിക്കാനില്ലാത്തതുകൊണ്ട് അദ്ദേഹം പുതിയ നിയമം പല പ്രാവശ്യം വായിച്ചു. അലറിനിലവിളിച്ചുകൊണ്ടിരുന്ന അയാൾ മെല്ലെ ശാന്തനാകാൻ തുടങ്ങി. എപ്പോഴും ബൈബിൾ വായനയും പ്രാർത്ഥനയും. സഹതടവുകാരോടും ജയിലധികാരികളോടും അയാൾ വിനയത്തോടെ പെരുമാറാൻ തുടങ്ങി. ചോദിച്ചവരോടെല്ലാം അദ്ദേഹം പറഞ്ഞു: ‘യേശുക്രിസ്തു എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തി.’

ജേക്കബ് ഡി ഷേറ്റ്‌സറിന്റെ മാനസാന്തരം ബിറ്റ്‌സ്‌മോയെ അത്ഭുതപ്പെടുത്തി. ജീവിതം അർത്ഥശൂന്യമായി കരുതിയിരുന്ന അദ്ദേഹത്തിന് ജേക്കബിന്റെ മാനസാന്തരം ചിന്താവിഷയമായി. ഒരു ദിവസം അദ്ദേഹം അമേരിക്കൻ പൈലറ്റിനോട് ചോദിച്ചു: താങ്കളെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. രണ്ടാഴ്ചമുമ്പുവരെ വലിയ ബഹളം വച്ചിരുന്ന, അക്രമസ്വഭാവം കാണിച്ചിരുന്ന താങ്കൾ ഇപ്പോൾ ഇത്രമാത്രം ശാന്തനായതെങ്ങനെ? ‘എന്നെ യേശുവിന്റെ സ്‌നേഹം രൂപാന്തരപ്പെടുത്തി.’ അതായിരുന്നു ജേക്കബിന്റെ മറുപടി. താങ്കൾ ബൈബിൾ വായിക്കുക. താങ്കളെയും യേശു രൂപാന്തരപ്പെടുത്തും. ബിറ്റ്‌സ്‌മോ ബൈബിൾവായന ആരംഭിച്ചു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ അവസാനഭാഗത്ത് യേശുവിന്റെ ക്രൂശീകരണം വിവരിച്ചിരിക്കുന്നിടത്ത് അവിടുത്തെ ക്ഷമിക്കുന്ന സ്‌നേഹം ഈ പട്ടാളക്കാരനെ സ്വാധീനിച്ചു. ശത്രുക്കളെ കൊന്നുകളയുക എന്ന നിയമം മാത്രം അറിയാവുന്ന പട്ടാളക്കാരന് യേശുവിന്റെ ക്ഷമിക്കുന്ന സ്‌നേഹം ആഘാതമായി മാറി. ആ സ്‌നേഹം അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. അദ്ദേഹം യേശുക്രിസ്തുവിനായി ജീവിതം സമർപ്പിച്ചു. ലോകം മുഴുവൻ ഓടിനടന്ന് അദ്ദേഹം സുവിശേഷം പ്രസംഗിക്കാൻ തുടങ്ങി. യേശു കുരിശിൽ കിടന്ന് രണ്ടായിരം വർഷംമുൻപ് പ്രാർത്ഥിച്ച പ്രാർത്ഥനയ്ക്ക് കരിങ്കൽ ഹൃദയമുള്ള പട്ടാള ഉദ്യോഗസ്ഥനെ മാനസാന്തരപ്പെടുത്താൻ മാത്രമല്ല, സുവിശേഷപ്രഘോഷകനാക്കി മാറ്റാനും സാധിച്ചു.

ദൈവത്തിന് സ്വീകാര്യമോ?
എസെക്കിയേൽ പ്രവചനം 22:30 മുതലുള്ള തിരുവചനങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു: എന്റെ രോഷം ഈ ദേശത്തിന്റെമേൽ പകരപ്പെടാതിരിക്കുന്നതിന് കോട്ട പണിയാനോ കോട്ടയുടെ വിള്ളലിനുള്ളിൽ നിലയുറപ്പിക്കാനോ തയാറുള്ള ഒരുവനെ അന്വേഷിച്ചു. എന്നാൽ ആരെയും കണ്ടില്ല. കോട്ട പണിയുക എന്നാൽ സംരക്ഷിക്കുക. കോട്ടയുടെ വിള്ളലിനുള്ളിൽ കയറിനില്ക്കുകയെന്നാൽ മധ്യസ്ഥ പ്രാർത്ഥന നടത്തുകയെന്നർത്ഥം. വിശുദ്ധ പൗലോസ് ശ്ലീഹാ തിമോത്തേയോസിന് എഴുതുന്നു: ”എല്ലാവർക്കുംവേണ്ടി മധ്യസ്ഥപ്രാർത്ഥനകളും ഉപകാരസ്മരണകളുമർപ്പിക്കുവിൻ. എല്ലാ ഭക്തിയിലും ശാന്തവും സമാധാനപൂർണവുമായ ജീവിതം നയിക്കാൻ നമുക്കിടയാകത്തക്കവിധം രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കുംവേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. ഇത് ഉത്തമവും ദൈവത്തിന് സ്വീകാര്യവുമാണ്” (തിമോ. 2:1-3).

ലോകം മുഴുവനുംവേണ്ടി മധ്യസ്ഥപ്രാർത്ഥന നടത്താൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. നാം അറിയപ്പെടുന്നത് രാജകീയ പുരോഹിതഗണമെന്നാണ്. പുരോഹിതൻ എന്നാൽ പാലം പണിയുന്നവൻ എന്നർത്ഥം. പാപത്തിൽ കിടക്കുന്നവരെ ദൈവവുമായി കൂട്ടിമുട്ടിക്കാൻ നിലവിളിയിലൂടെ പാലം പണിയേണ്ടവരാണ് നാം.

ഭൂമികുലുക്കവും മാറിനില്ക്കും
ഒരിക്കൽ ഒരു ധ്യാനത്തിൽ സോദോം ഗൊമോറ ദേശങ്ങൾ നശിപ്പിക്കപ്പെടുന്ന ബൈബിൾഭാഗം വിശദീകരിച്ച് മധ്യസ്ഥ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ, പ്രായമായ ഒരു സന്യാസിനി അവരുടെ അനുഭവം പറഞ്ഞതിപ്രകാരമാണ്. അവർ ഒരു ദിവസം തീരുമാനിച്ചു, അന്ന് രാത്രി മുഴുവൻ വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ച് കേരളത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന്. വിശുദ്ധ കുർബാന അർപ്പിക്കാനും ആരാധനയ്ക്കായി ദിവ്യകാരുണ്യം എടുത്തുവയ്ക്കാനുമായി വന്ന വൈദികൻ ചോദിച്ചു, ‘എന്തായിരുന്നു നിങ്ങളുടെ പ്രത്യേക നിയോഗം.’ സിസ്റ്റേഴ്‌സ് പറഞ്ഞു, ‘കേരളത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന ഒരു പ്രചോദനം തോന്നിയതുകൊണ്ടാണ് ഈ ആരാധന നടത്തിയത്.’ അന്ന് രാത്രിയിൽ ഈ മഠം സ്ഥിതിചെയ്യുന്ന ഭാഗങ്ങളിൽ ഭൂമികുലുക്കമുണ്ടായി. പക്ഷേ, ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല. പക്ഷേ ആ സമയത്താണ് ഗുജറാത്തിൽ അനേകരുടെ മരണത്തിന് കാരണമായ ഭൂമികുലുക്കമുണ്ടായത്. അന്ന് രാത്രി കേരളത്തിനുവേണ്ടി ആ മഠത്തിലെ 25-ഓളം സിസ്റ്റേഴ്‌സ് പ്രാർത്ഥിച്ചു. ദൈവം നമ്മുടെ നാടിനോട് കരുണ കാണിച്ചു. ധാരാളം അണക്കെട്ടുകളും മറ്റുമുള്ള കേരളത്തിൽ ശക്തമായ ഭൂമികുലുക്കം ഉണ്ടായാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിനുവേണ്ടി കോട്ട പണിത സിസ്റ്റേഴ്‌സിന്റെ പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ കരുണ കേരളത്തിലേക്കൊഴുകി.
വിശുദ്ധ ജോൺ മരിയ വിയാനിയുടെ ജീവിതകാലത്ത് ആഭ്യന്തരയുദ്ധംമൂലം വലിയ പട്ടിണിയുണ്ടായി. അദ്ദേഹം ഒരു അനാഥശാല നടത്തിയിരുന്നു. അവർക്ക് മൂന്ന് ദിവസം ആഹാരമില്ല. അന്തേവാസികൾ വിശപ്പുകൊണ്ടു വലഞ്ഞു. ആ പാവപ്പെട്ട വൈദികൻ വേദനിച്ചു. അദ്ദേഹം അവരെയുംകൂട്ടി ദൈവാലയത്തിൽ പോയി പ്രാർത്ഥിച്ചു. രാവിലെ അദ്ദേഹം ആ കുഞ്ഞുങ്ങളോട് പറഞ്ഞു, ‘നമുക്ക് സ്റ്റോർ റൂമിലേക്ക് പോകാം.’ അവർ പറഞ്ഞു, ‘ഇന്നലെയും പോയി നോക്കിയതല്ലേ. അവിടെയൊന്നുമില്ല.’ അദ്ദേഹം പറഞ്ഞു, ‘നമ്മൾ രാത്രി മുഴുവൻ പ്രാർത്ഥിച്ചില്ലേ? നമുക്ക് മുറി തുറക്കാം.’ വിശ്വാസത്തോടെ മുറി തുറന്ന അദ്ദേഹം കണ്ടത് ചാക്കുകളിലെല്ലാം ധാന്യങ്ങളും ഭക്ഷണസാധനങ്ങളും നിറഞ്ഞിരിക്കുന്നതാണ്.

എത്ര ദൂരെയാണെങ്കിലും…
ചൈനയെ പിടിച്ചു കുലുക്കിയ സുവിശേഷകനാണ് ഹഡ്‌സൺ ടെയ്‌ലർ. ചെറുപ്പത്തിൽ അദ്ദേഹമൊരു നിരീശ്വരവാദിയായിരുന്നു. പാപവഴിയിൽ ജീവിച്ചിരുന്ന അദ്ദേഹം ഒരു ദിവസം തന്റെ പപ്പയുടെ മുറിയിൽനിന്ന് ഒരു പുസ്തകമെടുത്ത് വായിച്ചു. അതിൽ നിന്ന് യേശുവിന്റെ സ്‌നേഹം തിരിച്ചറിഞ്ഞ അദ്ദേഹം പാപവഴികൾ ഉപേക്ഷിച്ച് ജീവിതം യേശുവിന് കൊടുത്തു. പത്തുദിവസം കഴിഞ്ഞ് അദ്ദേഹം തന്റെ അമ്മയോട് പറഞ്ഞു: പത്തുദിവസം മുൻപ് ഞാൻ എന്റെ ജീവിതം യേശുവിന് കൊടുത്തു. അവൾ ചോദിച്ചു: നീയൊരു നാലുമണി സമയത്താണോ നിന്റെ ജീവിതം യേശുവിന് കൊടുത്തത്? അദ്ദേഹം ഞെട്ടിപ്പോയി. ആ നേരം വളരെ ദൂരെയായിരുന്ന അമ്മ ഇതെങ്ങനെ അറിഞ്ഞു? അവർ പറഞ്ഞു: ‘അന്ന് രാവിലെ മുതൽ ആഹാരം വെടിഞ്ഞ് നിന്റെ മാനസാന്തരത്തിനുവേണ്ടി ഞാൻ നിലവിളിച്ചപേക്ഷിക്കുകയായിരുന്നു. ഏതാണ്ട് നാലുമണി സമയമായപ്പോൾ പരിശുദ്ധാത്മാഭിഷേകം മുറിയിൽ നിറയുകയും സ്വർഗീയ സന്തോഷത്താൽ ഞാൻ നിറയുകയും ചെയ്തു. എനിക്ക് മനസിലായി, ദൈവം നിന്നെ തൊട്ടിരിക്കുന്നുവെന്ന്.’ ഒരമ്മയുടെ പ്രാർത്ഥന ദൈവവഴിയിലേക്ക് മകനെ നയിച്ചു.
പൗലോസ് ശ്ലീഹാ പറയുന്നു, മധ്യസ്ഥ പ്രാർത്ഥന ഉത്തമവും ദൈവത്തിന് സ്വീകാര്യവുമാണ്. യേശു പ്രാർത്ഥിക്കുന്നത് യേശുവിൽ വിശ്വസിക്കുന്നവർക്കുവേണ്ടിയാണ്. ലോകത്തിനുവേണ്ടി പ്രാർത്ഥിക്കേണ്ട ചുമതല നമ്മെയാണ് അവിടുന്ന് ഏല്പിച്ചിരിക്കുന്നത്. നമ്മുടെ വിളി നാം മനസിലാക്കണം. ലോകത്തിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കണം. നമ്മളായിരിക്കുന്ന ഇടവക, ദേശം, മക്കൾ പഠിക്കുന്ന വിദ്യാലയം, അവിടെയുള്ള മറ്റു കുട്ടികൾ, ലോകമെങ്ങുമുള്ള യുവജനങ്ങൾ, പീഡനമേൽക്കുന്നവർ, സുവിശേഷത്തിന് ഇനിയും വാതിൽ തുറക്കാത്ത രാജ്യങ്ങൾ തുടങ്ങി എല്ലാവർക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം. ലോകത്തിൽ പെരുകിവരുന്ന തിന്മ ഇല്ലാതാക്കാൻ നമ്മുടെ പ്രാർത്ഥനകൾക്ക് ശക്തിയുണ്ട്.

ഡോ. ജോൺ ഡി.

Leave a Reply

Your email address will not be published. Required fields are marked *