സുഹൃത്തിന്റെ വളരെനാളത്തെ നിർബന്ധം മൂലമാണ് അയാൾ അന്ന് ആ ഭവനത്തിൽ ചെന്നത്. എന്നാൽ, യാദൃച്ഛികമായ തിരക്കുകൾമൂലം ആ സുഹൃത്തിന് വളരെ നേരത്തേക്ക് അയാളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അവിടെ ഏകനായി ഇരിക്കുമ്പോൾ അദ്ദേഹത്തിന് വലിയ വിഷമം തോന്നി. ഒരിക്കലും ഇവിടേക്ക് വരേണ്ടിയിരുന്നില്ല. പെട്ടന്നാണ് ഈശോ അദ്ദേഹത്തോട് സംസാരിക്കാൻ തുടങ്ങിയത്. ഇങ്ങനെ ഇരിക്കേണ്ടി വന്നതിൽ നിനക്ക് അസ്വസ്ഥതയുണ്ടല്ലേ? ഇതുതന്നെയാണ് നീ ഓരോ ദിവസവും എന്നോട് ചെയ്യുന്നത്. ‘അയ്യോ, കർത്താവേ എങ്ങനെ?’ അയാൾ ചോദിച്ചു. ‘ഓരോ വിശുദ്ധ കുർബാനയിലും നീ സ്‌നേഹത്തോടെ എന്നെ നിന്റെ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നു. നിന്നോടുകൂടെയായിരിക്കാനുള്ള ഇഷ്ടത്തെപ്രതി ഞാൻ ഓടിവരുന്നു. എന്നാൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന കാര്യം പിന്നീട് നീ ഓർക്കുന്നേയില്ല. നീ നിന്റേതായ കാര്യങ്ങളിൽ വ്യാപൃതനാകുന്നു. നിന്റെ ഹൃദയത്തിൽ ഞാൻ എത്രയോ ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന് നിനക്കറിയാമോ?’
ലോകമെങ്ങുമുള്ള സക്രാരികളിലും ഒരുവേള നമ്മുടെ ഹൃദയത്തിലും ഏകാന്തതടവുകാരനായിരിക്കുന്ന ഈശോയെക്കുറിച്ചുള്ള ചിന്ത നമ്മെ അല്പമെങ്കിലും ഭാരപ്പെടുത്തുന്നുണ്ടോ? അവിടുത്തെ സ്‌നേഹിച്ചുകൊണ്ട്, അവിടുന്ന് നമ്മുടെ ഉള്ളിൽ വസിക്കുന്നു എന്ന ബോധ്യത്തോടെ അനുനിമിഷം ജീവിക്കാൻ നമുക്കു പരിശ്രമിക്കാം.