ആശുപത്രിയിൽ തൂപ്പുകാരിയായി ജോലി ചെയ്യുകയാണ് ലീന. അതാതു ദിവസം കിട്ടിയിരുന്ന വേതനം കൊണ്ടാണ് അവൾ കുടുംബം പുലർത്തിയിരുന്നത്. ഏല്പിക്കപ്പെട്ടിരുന്ന ജോലികൾ കൃത്യമായി ചെയ്തിരുന്നതിനോടൊപ്പം ആശുപത്രിയിലെത്തുന്ന രോഗികളോടും കൂട്ടിരുപ്പുകാരോടുമൊക്കെ സംസാരിക്കാനും അവരുടെ സങ്കടങ്ങൾ കേൾക്കാനുമൊക്കെ അവൾ സമയം കണ്ടെത്തിയിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങവേ, ബസ് സ്റ്റാന്റിൽ വച്ച് പൂർണ ഗർഭിണിയായ ഒരു തമിഴ് സ്ത്രീയെ കണ്ടു. പണി കഴിഞ്ഞ് വരികയാണെന്ന് അവരെ കണ്ടാലറിയാം. ലീനയ്ക്ക് ആ സ്ത്രീയെ ആശുപത്രിയിൽ വച്ച് പരിചയമുണ്ടായിരുന്നു. രണ്ടുദിവസം മുമ്പ് ആ സ്ത്രീ പതിവു ചെക്കപ്പിന് ആശുപത്രിയിൽ വന്നിരുന്നല്ലോ എന്ന് ലീന ഓർത്തു. ലീനയെ കണ്ടപ്പോൾ ആ സ്ത്രീ മെല്ലെ അടുത്തുവന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ സ്ത്രീ പ്രസവിക്കുമെന്നറിയാവുന്നതുകൊണ്ട് വീണ്ടും പണിക്കുപോയതിന് ലീന അവരെ ശകാരിച്ചു. വീട്ടിലെ ദാരിദ്ര്യം മൂലമാണെന്നും ഭർത്താവ് തനിയെ പോയാൽ ഒന്നിനും തികയില്ലെന്നുമുള്ള ആ സ്ത്രീയുടെ മറുപടി കേട്ടപ്പോൾ ലീനയുടെ ഉള്ളു തേങ്ങി. അവരെ ആശ്വസിപ്പിച്ചുകൊണ്ട് ലീന ബാഗിൽനിന്ന് അന്ന് തനിക്കു ലഭിച്ച വേതനത്തിൽ നിന്ന് നൂറുരൂപയെടുത്ത് അവർക്ക് കൊടുത്തു. മടിയോടെയാണെങ്കിലും അവർ അതു വാങ്ങി. പെട്ടെന്നാണ് ഒരാൾ ലീനയുടെ അടുത്തേക്ക് വന്നത്. അവൾ ജോലി ചെയ്യുന്ന ആശുപത്രിയിൽ പുതുതായെത്തിയ ജൂനിയർ ഡോക്ടറായിരുന്നു അത്. ബസ് കാത്തുനിന്നിരുന്ന അവർ ലീനയെയും ആ സ്ത്രീയെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ലീനയെ അമ്പരപ്പിച്ചുകൊണ്ട് ഡോക്ടർ തന്റെ ബാഗിൽ നിന്ന് ആയിരത്തിന്റെ രണ്ട് നോട്ടുകളെടുത്ത് ആ സ്ത്രീക്ക് കൊടുത്തു.
നമ്മുടെ കൊച്ചു കൊച്ചു ത്യാഗപ്രവർത്തികൾ മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിന് പ്രചോദനമാകുന്നുണ്ടോ?
”മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:16)