തെരഞ്ഞെടുക്കേ വഴി കെത്തുകയും ഐശ്വര്യത്തിൽ കഴിയുകയും ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുാേ?
നമ്മിൽ ഭൂരിഭാഗവും സുഖകരമായൊരു ക്രിസ്തീയജീവിതം നയിക്കുന്നവരാണ്. ദൈവത്തോട് നമുക്ക് ആവശ്യമുള്ള അനുഗ്രഹങ്ങൾ ചോദിക്കുന്നു, അവയൊക്കെ സാധിച്ചുകിട്ടിയാൽ വളരെ സന്തോഷം. മറിച്ചാണെങ്കിൽ പരാതിയും പിറുപിറുപ്പും. കഴിഞ്ഞ നാളുകളിൽ നമ്മെ അനുഗ്രഹിച്ച ദൈവത്തെ സംശയിക്കുന്നു, ദൈവസ്‌നേഹത്തെ ചോദ്യം ചെയ്യുന്നു. കുറച്ചുനാളുകൾ കഴിയുമ്പോൾ പുതിയ ആവശ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. പഴയ രീതികൾതന്നെ ആവർത്തിക്കുന്നു. ഇങ്ങനെ പോകുന്നു നമ്മുടെ ആത്മീയ ജീവിതം.
എന്നാൽ ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി ജീവിതത്തിൽ വലിയ സഹനങ്ങൾ ഏറ്റെടുക്കുന്ന വ്യക്തികളുണ്ടെന്ന് നാം ഓർക്കണം. അവർക്ക് അതിൽ അല്പംപോലും പരാതിയില്ല എന്നു മാത്രമല്ല, അങ്ങനെ ലഭിച്ച അമൂല്യമായ അവസരത്തെ ഓർത്ത് നന്ദി പറയുന്നവരുമാണ് അവർ. അങ്ങനെയുള്ളൊരു വ്യക്തിയെ നിങ്ങൾക്ക് പരിചയപ്പെടുത്തട്ടെ. ഗിൽബർട്ട് ബുസിയേർ എന്നാണവരുടെ പേര്. കാനഡക്കാരിയായ ഒരു സന്യാസിനി. ക്രിസ്തുവിനെപ്രതിയുള്ള സ്‌നേഹത്താൽ ജ്വലിച്ചിരുന്ന ഒരു ഹൃദയം അവർക്കുണ്ടായിരുന്നു. അതിനാൽ വികസിതരാജ്യമായ കാനഡയിലെ സുഖസൗകര്യങ്ങളെല്ലാം ത്യജിച്ച് അവർ ആഫ്രിക്കയിലേക്ക് മിഷൻ പ്രവർത്തനങ്ങൾക്കായി പോയി. കാമറൂൺ എന്ന രാജ്യമാണ് അവർ തെരഞ്ഞെടുത്തത്. അവിടെ അവരുടെ ജീവിതത്തിലെ നീണ്ട എഴുപത്തെട്ട് വർഷങ്ങൾ കടന്നുപോയി.
സ്‌നേഹത്തിന്റെ പരീക്ഷ
ക്രിസ്തുവിനോടുള്ള അവരുടെ സ്‌നേഹത്തിന്റെ മാറ്റ് ഉരച്ചുനോക്കപ്പെടുവാൻ അവിടുന്ന് അനുവദിച്ചത് എഴുപത്തെട്ടാം വയസിലാണ്. ഒരു മതതീവ്രവാദ സംഘടന സിസ്റ്ററിനെ തട്ടിക്കൊണ്ടുപോയി. അവരുടെ ഒളിസങ്കേതത്തിൽ 58 ദിവസങ്ങൾ തടവിൽ ജീവിക്കേണ്ടിവന്നു. അതിനുശേഷം അത്ഭുതകരമായി മോചിക്കപ്പെട്ടു.
സിസ്റ്റർ ഗിൽബർട്ട് ആ ദിവസങ്ങളെക്കുറിച്ച് ഇങ്ങനെ ഓർമിച്ചെടുക്കുന്നു. ആദ്യത്തെ രണ്ട് ദിവസങ്ങൾ എനിക്ക് വലിയ ഭാരമായിരുന്നു. അതിന് കാരണം, ദൈവം അനുവദിച്ച ഈ സാഹചര്യത്തോട് പൊരുത്തപ്പെടുവാൻ സാധിക്കാത്തതായിരുന്നു. സിസ്റ്ററിന്റെ മനസിൽ പല ചോദ്യങ്ങളും ഉയർന്നുകാണണം. ‘ഈ തടവറയിൽനിന്ന് ഞാൻ രക്ഷപ്പെടുമോ?’, ‘എനിക്ക് എന്റെ ഭവനത്തിൽ തിരിച്ചെത്താൻ സാധിക്കുമോ?’, ‘ദൈവം എന്നെ കൈവിട്ടോ?’ തുടങ്ങിയ ചോദ്യങ്ങൾ മനസിനെ അലട്ടിക്കൊണ്ടിരിക്കുമ്പോൾ മനസ് അസ്വസ്ഥമാകും. അത് വലിയ മാനസിക പിരിമുറുക്കത്തിന് കാരണമായി. എന്നാൽ രണ്ടു ദിവസങ്ങൾക്കുശേഷം സിസ്റ്ററിന്റെ മനസ് ശാന്തമായി. ഈ സാഹചര്യം ദൈവം അനുവദിച്ചതാണെന്നും ഈ തിന്മയിൽനിന്നുപോലും ദൈവത്തിന് നന്മയുളവാക്കാൻ സാധിക്കുമെന്നും ദൈവത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട തന്റെ കാര്യം നോക്കേണ്ടത് ദൈവത്തിന്റെ കടമയാണെന്നുമുള്ള ബോധ്യങ്ങൾ മനസിൽ നിറഞ്ഞപ്പോൾ വലിയ ശാന്തത അനുഭവപ്പെട്ടു. സാഹചര്യം മാറിയില്ലെങ്കിലും വലിയ പ്രസരിപ്പും ആനന്ദവും അനുഭവപ്പെടുവാൻ തുടങ്ങി.
ദൈവത്തിൽ പൂർണമായും ശരണപ്പെടുന്നവർക്ക് ദൈവത്തിന്റെ അരുളപ്പാട് ശ്രവിക്കാൻ സാധിക്കും. തടവറയിലായിരുന്ന ജറെമിയ ഈ വാക്കുകളാണ് ശ്രവിച്ചത്: ”ഞാൻ നിന്നെ നിശ്ചയമായും രക്ഷിക്കും. നീ വാളിനിരയാകുകയില്ല. യുദ്ധസമ്മാനമായി നിന്റെ ജീവൻ സംരക്ഷിക്കപ്പെടും. എന്തെന്നാൽ, നീ എന്നിൽ ആശ്രയിച്ചു. കർത്താവ് അരുളിച്ചെയ്യുന്നു” (ജറെമിയ 39:18).
ദൈവം തന്റെ നിശ്ചിത പദ്ധതിയനുസരിച്ച് നമ്മുടെ ജീവിതത്തിൽ അനുവദിക്കുന്ന ഒരു ഒഴുക്കുണ്ട്. അത് നമുക്ക് ചിലപ്പോൾ പ്രീതികരമാകണമെന്നില്ല. അതിനാൽ അതിന് എതിരെ നീന്താനാണ് നമുക്ക് തോന്നുക. അപ്പോൾ നാം കൂടുതൽ ആയാസപ്പെടണം. കൂടുതൽ കൈകാലുകൾ ഇട്ട് അടിക്കുന്നതിനാൽ നാം എളുപ്പം തളർന്നുപോവുകയും ചെയ്യും. ചിലപ്പോൾ ആ ജലത്തിൽ മുങ്ങിപ്പോകാനും മുങ്ങി മരിക്കാനും ഇടയുണ്ട്. എന്നാൽ, ദൈവം അനുവദിക്കുന്ന ഗതിക്ക് നമ്മെത്തന്നെ ശാന്തമായി വിട്ടുകൊടുത്താൽ നമുക്ക് ശാന്തമായി ഒഴുകാൻ സാധിക്കും. ദൈവം ആഗ്രഹിക്കുന്ന സുരക്ഷിത തീരത്ത് നാം എത്തിച്ചേരുകയും ചെയ്യും.
ദൈവത്തെ ഭയപ്പെടുന്ന ഒരു വ്യക്തിക്കുമാത്രമേ ഇത് സാധിക്കുകയുള്ളൂ. ദൈവം സർവജ്ഞാനിയാണെന്നും ദൈവത്തിന് ഒരിക്കലും തെറ്റു പറ്റുകയില്ലെന്നുമുള്ള തിരിച്ചറിവിൽ ഏറ്റവും പ്രതികൂലമായ സാഹചര്യത്തിലും ദൈവത്തിന് വിധേയപ്പെട്ട് നില്ക്കുന്ന വ്യക്തി ദൈവഭയമുള്ളവനാണ്. ആ വ്യക്തിയെ ദൈവം എന്നാളും വഴിനടത്തും. വിശുദ്ധ ഗ്രന്ഥം അങ്ങനെ ജീവിക്കുന്ന വ്യക്തിയെക്കുറിച്ച് ഇപ്രകാരം പറയുന്നു: ”കർത്താവിനെ ഭയപ്പെടുന്നവനാരോ അവൻ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും. അവൻ ഐശ്വര്യത്തിൽ കഴിയും. അവന്റെ മക്കൾ ദേശം അവകാശമാക്കും” (സങ്കീർത്തനങ്ങൾ 25:12-13).
എടുത്തുകളയാനാകാത്ത ആനന്ദം
സിസ്റ്റർ ഗിൽബർട്ടിന് ആ ദൈവഭയം ഒരു കൃപയായി തടവറയിൽ ആയിരിക്കുമ്പോൾ ലഭിച്ചു. ഫലമോ, അവിടെ യേശുവിന്റെ സാന്നിധ്യം സജീവമായി അനുഭവിക്കാൻ സാധിച്ചു. സാഹചര്യങ്ങൾ ഒന്നും മാറിയിട്ടില്ല എന്നോർക്കണം. സിസ്റ്ററിന് മാറിയുടുക്കാൻ ഒരു വസ്ത്രംപോലും കിട്ടിയില്ല. രണ്ടുമാസം വസ്ത്രം മാറാതെ കഴിയുന്നത് ഒന്ന് ആലോചിച്ചുനോക്കുക. ഭക്ഷണമാണെങ്കിൽ പരിമിതം. പരുക്കൻ കിടപ്പും പരുക്കൻ പെരുമാറ്റവും ഭീഷണിയും. യേശുവിനെ തള്ളിപ്പറഞ്ഞ്, വിശ്വാസം ഉപേക്ഷിക്കാനുള്ള നിരന്തരമായ ശല്യപ്പെടുത്തൽ. എല്ലാറ്റിനുമുപരി ഏകാന്തതയും. എന്നാൽ ഇവയെയൊക്കെ ഉല്ലംഘിക്കുന്ന ക്രിസ്തുവിന്റെ സാന്നിധ്യം സിസ്റ്ററിന് പകൽ സൂര്യനായി കൂടെയുണ്ടായിരുന്നു. അതിനാൽ ഓരോ നിമിഷവും പ്രാർത്ഥനയായി മാറി. സിസ്റ്റർ പറയുകയാണ്: പ്രാർത്ഥനയുടെ മാധുര്യവും ശക്തിയും ഞാൻ ഇത്രത്തോളം അനുഭവിച്ചറിഞ്ഞ ദിവസങ്ങൾ ഉണ്ടായിട്ടില്ല.
ദുഃഖത്തിന്റെ നാളുകൾ നമ്മുടെ നിസഹായത വെളിപ്പെടുന്ന നാളുകളാണ്. എന്നാൽ ഓർക്കുക, അവ ദൈവത്തിന്റെ ശക്തിയും സാന്നിധ്യവും വെളിപ്പെടുന്ന അവസരങ്ങളാണ്. യേശുവിന്റെ ഈ വാക്കുകൾ ധ്യാനിക്കുക: ”അതുപോലെ ഇപ്പോൾ നിങ്ങളും ദുഃഖിതരാണ്. എന്നാൽ ഞാൻ വീണ്ടും നിങ്ങളെ കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ഈ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തുകളയുകയുമില്ല” (യോഹന്നാൻ 16:22).
ഇവിടെ ഒരു സന്തോഷവാർത്ത കൂടിയുണ്ട്. ഈ ലോകത്തിന് നല്കാനും എടുത്തുമാറ്റാനും സാധിക്കാത്ത നിലനില്ക്കുന്ന ആനന്ദം യേശു നിങ്ങൾക്കായി ഒരുക്കിവച്ചിരിക്കുന്നു. അത് നല്കി അനുഗ്രഹിക്കാൻ വീണ്ടും പ്രകാശപൂർണനായി കടന്നുവരാൻ പോകുന്ന ദൈവത്തെ കാണുമ്പോൾ തടവറ നിശ്ചയമായും സ്വർഗമായി രൂപാന്തരപ്പെടുകയില്ലേ? അതിനുള്ള കൃപയ്ക്കായി നമുക്ക് ഇപ്പോൾത്തന്നെ പ്രാർത്ഥിക്കാം.
ദുഃഖത്തിലായിരിക്കുന്ന എന്നെ കണ്ടുകൊണ്ടിരിക്കുന്ന യേശുവേ, ഞാൻ അങ്ങയെ ആരാധിക്കുന്നു. അങ്ങയുടെ സാന്നിധ്യം എനിക്കിപ്പോൾ കഴിഞ്ഞ നാളുകളിലേതിനെക്കാൾ കൂടുതലായി വെളിപ്പെടുത്തിത്തരുവാൻ തിരുമനസാകണമേ. അങ്ങ് അനുവദിക്കുന്ന ജീവിതഗതിക്കൊത്ത് നീങ്ങാൻ എന്റെ മനസിനെ ക്രമീകരിച്ചാലും. മറുതലിക്കുന്ന എന്റെ മനോഭാവത്തെ എടുത്തുമാറ്റണമേ. അങ്ങയുടെ മാറ്റമില്ലാത്ത സ്‌നേഹത്താൽ എന്റെ മനസിനെ നിറയ്ക്കാൻ തിരുമനസായാലും. പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. ദൈവിക ആനന്ദത്താൽ ഞാൻ പൂരിതനാകട്ടെ. സാഹചര്യങ്ങൾക്കുമേൽ ഉയർന്നുനില്ക്കാൻ എന്നെ അനുഗ്രഹിച്ചാലും. കുരിശിന്റെ വഴിയിൽ നടന്നപ്പോഴും യേശുവിനെമാത്രം ധ്യാനിച്ച പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, നിങ്ങളുടെ മനോഭാവം എന്നിലും രൂപപ്പെടാൻ എനിക്കായി ഇപ്പോൾ പ്രാർത്ഥിക്കണമേ. ആമ്മേൻ.
കെ.ജെ. മാത്യു