എയർപോർട്ടിലെ കുമ്പസാരക്കൂട് !

ശത്രു ഉണർവോടെ യുദ്ധമുഖത്ത് നില്ക്കുമ്പോഴും അലസരായി ഉറങ്ങുന്ന ദൈവശുശ്രൂഷകർക്ക് ഒരു ഓർമപ്പെടുത്തൽ…

അന്ന് ശാലോം ഫെസ്റ്റിവലിൽ ദൈവകരുണയെക്കുറിച്ചായിരുന്നു പ്രസംഗിച്ചത്. പ്രസംഗപീഠത്തിൽനിന്ന് താഴേക്കിറങ്ങിയപ്പോൾ ഒരു സഹോദരി ചോദിച്ചു: ‘കരുണയുടെ ഈ വർഷത്തിൽ അച്ചൻ എന്തെങ്കിലും പ്രത്യേകമായി ചെയ്യുന്നുണ്ടോ?’ ഞാൻ പറഞ്ഞു: ‘കരുണയെ ധ്യാനിക്കുന്നു, അതെക്കുറിച്ച് എഴുതുന്നു, പ്രസംഗിക്കുന്നു. ദൈവകരുണയിൽ ജീവിക്കാൻ ശ്രമിക്കുന്നു.’ ‘ഇത് പലർക്കും ചെയ്യാൻ കഴിയുന്നതാണ്. നമ്മുടേതായി ഒരു പ്രത്യേക കാര്യം നാം ചെയ്യണം.’ അവർതന്നെ അത് നിർദേശിച്ചു. ‘എവിടെയാണ് അച്ചൻ കൂടുതൽ സമയം ചെലവിടുന്നത്?’ ഞാൻ പറഞ്ഞു, ‘ഇപ്പോഴത്തെ നിലയിൽ ഏറെ സമയം എയർപോർട്ടിൽ ഇരിക്കുന്നുണ്ട്. ശുശ്രൂഷകൾക്കായി യാത്ര ചെയ്യുന്നതിനിടയിലാണിത്.’ ‘അവിടെ കുമ്പസാരത്തിന് ഒരവസരം ഒരുക്കിക്കൂടെ? പള്ളിയിൽ വരാത്ത ആളുകളല്ലേ അവിടെ വരുന്നതിൽ അധികവും? ഇത് അവർക്കൊരു വീണ്ടുവിചാരത്തിന് അവസരമൊരുക്കിയാലോ?’ ആ സഹോദരിയുടെ നിർദേശം കൊള്ളാമെന്ന് എനിക്കു തോന്നി.

‘കൺഫഷൻ അവയ്‌ലബിൾ’
അന്ന് ഒരു എയർപോർട്ടിൽ ഏതാണ്ട് മൂന്നര മണിക്കൂർ വെയിറ്റ് ചെയ്യണമായിരുന്നു. ഒരു ചായ കുടിച്ചു. എല്ലാവർക്കും എളുപ്പം കാണാവുന്ന ഒരിടത്ത് ഇരുപ്പുറപ്പിച്ചു. മുൻകൂട്ടി തയാറാക്കി വച്ചിരുന്ന പേപ്പർ പുറത്തെടുത്തു. അതിൽ ‘കൺഫഷൻ അവയ്‌ലബിൾ’ എന്നെഴുതിയിട്ടുണ്ട്. ഒരു ചെറിയ മരക്കഷണത്തിൽ ഈ ബോർഡ് കുത്തിനിർത്തി, കൊന്തയും പിടിച്ച് ശാന്തമായി ഇരുന്നു. ചുറ്റും നോക്കി. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ, വരുന്നുണ്ടോ എന്നറിയാൻ. ഏറെ കാത്തിരുന്നിട്ടും ആരെയും കാണാനില്ല. അധികമാരും ശ്രദ്ധിക്കുന്നില്ല. ശ്രദ്ധിക്കുന്നവരാകട്ടെ പുച്ഛഭാവത്തിൽ ഒരു ചിരിയും!

കുറച്ചു കഴിഞ്ഞപ്പോൾ മൂന്നു പോലീസുകാർ എന്റെ അടുത്തേക്ക് വന്നു. ഞാനാകെ പകച്ചു. അവർ പറഞ്ഞു, ‘സർ, വിൽപന ഇവിടെ അനുവദനീയമല്ല.’ ഞാൻ പറഞ്ഞു: ഞാൻ വിൽക്കുകയല്ല, ഞാനാര് എന്നെഴുതിയിരിക്കുന്നതാണ്. ഇതാണ് എന്നെ ഞാനാക്കുന്നത്. എങ്കിൽ ഓകെ എന്ന് അവർ. വെല്ലുവിളി എവിടെയുണ്ടോ അവിടെ സുവിശേഷത്തിനുള്ള നിലം തയാറാക്കി വച്ചിട്ടുണ്ട്.

ഞാൻ നോക്കുമ്പോൾ ഒരു ആഫ്രിക്കൻ-അമേരിക്കൻ സ്ത്രീ തൊട്ടടുത്ത കടയിലിരുന്ന് തുടർച്ചയായി വൈൻ കുടിച്ചുകൊണ്ടിരിക്കുന്നു. ബോട്ടിലുകൾ ഞാൻ എണ്ണുന്നുണ്ട്, കൊന്ത ചൊല്ലുന്നതിനൊപ്പം. എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. അല്ലെങ്കിൽ ഈ വെളുപ്പാൻകാലത്ത് ഇത്രയധികം അവർ കുടിക്കില്ല. രോഗികൾക്കാണല്ലോ വൈദ്യനെക്കൊണ്ടാവശ്യം. ഞാനവർക്കായി പ്രാർത്ഥിക്കാൻ തുടങ്ങി. അധികം വൈകാതെ അവർ എഴുന്നേറ്റു. എന്നെ ലക്ഷ്യംവച്ച് വരികയാണെന്ന് ഞാൻ മനസിലാക്കി. വന്നപാടെ അവർ എന്റെ കാലിൽ വീണു. സത്യത്തിൽ ഞാൻ പേടിച്ചുപോയി. വലിയ ശരീരമുള്ള ഒരു സ്ത്രീ എന്റെ കാലിൽ. അവർ കുമ്പസാരിക്കണമെന്ന് പറഞ്ഞു. കുമ്പസാരിച്ചു, കരഞ്ഞു. യേശുവിൽ നിറയാൻ തുടങ്ങി. കുമ്പസാരത്തിനു ശേഷം അവർ പങ്കുവച്ചകാര്യം എന്നെ നടുക്കി.

രണ്ടാമത്തെ ജീവിതപങ്കാളിയും തന്നെ വഞ്ചിച്ചു എന്നറിഞ്ഞ അവൾ അയാളെ കൊല്ലാനുള്ള യാത്രയിലായിരുന്നു. ആദ്യപങ്കാളിയിൽ ജനിച്ച മകൻ അതിനുള്ള തോക്കും തയാറാക്കി കൊടുത്തു. ഒരു യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്യുന്ന ഇവരുടെ മുഴുവൻ ബാങ്ക് ബാലൻസും അയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. അയാളുടെ ധൂർത്തിനെക്കുറിച്ച് പലവട്ടം മകൻ പറഞ്ഞെങ്കിലും ഇവൾ അതെല്ലാം ക്ഷമിച്ചു. ഇപ്പോഴാണ് അറിയുന്നത് അയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന്. അതോടെ ഇവളുടെ ഹൃദയം തകർന്നു. നിരാശയും വെറുപ്പും ഇവളെ അന്ധയാക്കി. ഇനി വഴിയൊന്നുമില്ല, അയാളെ കൊല്ലുകതന്നെ. അയാളെക്കുറിച്ചോർക്കുമ്പോഴുള്ള വിഷമം മാറ്റാനാണ് വീഞ്ഞു കുടിച്ചത്. എന്നാൽ, ഈ കുമ്പസാരവും പങ്കുവയ്ക്കലും അവളുടെ വഴി മാറ്റാൻ ദൈവം അനുവദിച്ചു. മകനോടവൾ കാര്യം പറഞ്ഞു. യേശുവിന്റെ സ്‌നേഹം അവളെ വേട്ടയാടി എന്ന്, യേശുവിന്റെ സ്‌നേഹത്തിന്റെ പിടിയിൽ അവളുടെ വെറുപ്പിന് അറുതി വന്നെന്ന്.

ആ സ്ത്രീ നന്ദി പറഞ്ഞ് നടന്നുപോയപ്പോൾ ഞാനോർത്തു, ദൈവകരുണ പ്രസംഗിക്കേണ്ടതും കാണിക്കേണ്ടതും പള്ളിക്കകത്ത് എന്നതിനെക്കാൾ അതിനു പുറത്താണല്ലോ എന്ന്. നിരന്തരം ദേവാലയങ്ങളിലെത്തുന്നത് പത്തുശതമാനത്തിൽ താഴെ വിശ്വാസികളാണ്. പ്രത്യേകിച്ചും അമേരിക്കയിലും യൂറോപ്പിലുമൊക്കെ. ഇത്തരം ഇടങ്ങളിൽ സുവിശേഷം കൊടുക്കേണ്ടത് പൊതുനിരത്തിലല്ലേ. ഓഫീസുകളിൽ, റെയിൽവേ സ്റ്റേഷനുകളിൽ, എയർപോർട്ടുകളിൽ, കളിസ്ഥലങ്ങളിൽ, വിദ്യാലയങ്ങളിൽ, ആതുരാലയങ്ങളിൽ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളിൽ. ദൈവകരുണ പ്രസംഗിക്കാനും പ്രചരിപ്പിക്കാനും പള്ളിയെത്തുംവരെ കാത്തുനില്‌ക്കേണ്ടതില്ല. അത് എവിടെയും ശക്തമാണ്. ”നടക്കുമ്പോൾ അവ നിന്നെ നയിക്കും; കിടക്കുമ്പോൾ നിന്നെ കാത്തുകൊള്ളും; ഉണരുമ്പോൾ നിന്നെ ഉപദേശിക്കും” (സുഭാഷിതങ്ങൾ 6:22).

ദൈവവേലക്കാർ അലസരാകരുത്
ഇസ്രായേലിനെ വെല്ലുവിളിച്ച് നിലകൊണ്ട ഫിലിസ്ത്യൻ ഗോലിയാത്തിനെ ഓർമയില്ലേ? അവനെ തടുക്കാൻ ആരുമില്ല. ആർക്കുമതിന് കഴിഞ്ഞില്ല. ദാവീദ് എന്ന ഇടയബാലൻ അവിടെ എത്തുംവരെ അവനവിടെ കാത്തുനിന്നു. ഇതിനിടെ ആ ഫിലിസ്ത്യന്റെ നടപടി എന്നെ ഏറെ ആകർഷിച്ചു. ഈ മല്ലൻ മുടങ്ങാതെ നാല്പതു ദിവസവും രാവിലെയും വൈകിട്ടും ദൈവത്തെയും ജനത്തെയും നിന്ദിക്കുന്നു. പിശാച് എത്ര കൃത്യനിഷ്ഠയോടെയാണ് കാര്യങ്ങൾ നിർവഹിക്കുന്നത് എന്ന് കാണുക. അവന് അവധിയില്ല. ശത്രുസൈന്യം അവധിയില്ലാതെ പൊരുതുമ്പോൾ ദൈവജനവും ശുശ്രൂഷകരും നീണ്ട അവധികളെടുത്താലോ? അടുത്തയിടെ ഫ്രാൻസിസ് പാപ്പ വൈദികരോട് പറഞ്ഞു: ‘വൈദികശുശ്രൂഷ സമയബന്ധിതമല്ല. വെറുമൊരു ഉദ്യോഗവുമല്ല അത്. കാലത്തും അകാലത്തും ജനത്തിന് ലഭ്യമാകണം.’
നാല്പതു ദിവസം ഫിലിസ്ത്യൻ ഇടതടവില്ലാതെ വെല്ലുവിളിക്കുമ്പോഴും അഭിഷിക്തനായ രാജാവും അവന്റെ സൈന്യാധിപന്മാരും നിർവികാരരായി നോക്കിനിന്നു. അവർ നൂതനവഴികൾ തിരക്കിയില്ല; പ്രാർത്ഥനയിൽ ഒന്നുചേർന്നില്ല; പഴയ യുദ്ധമുറകളിൽ മാറ്റം വരുത്തിയില്ല. കൊള്ളാവുന്ന ആഹാരം കഴിച്ചും വേലക്കാരുടെ പരിചരണം ആസ്വദിച്ചും കസേരയിൽ പിടി വിടാതെയും ഇരുന്നു. ശത്രു ഉണർവോടെ യുദ്ധമുഖത്ത് നില്ക്കുമ്പോഴും ദൈവവേലക്കാർ അലസരായി ഉറങ്ങുന്നു. ഫിലിസ്ത്യൻ അവന്റെ യജമാനനെ കൃത്യമായി അനുസരിക്കുന്നു. വിശ്വാസി ചിലപ്പോൾ മാത്രം അനുസരിക്കുന്നു. വിശ്വാസജീവിതം ഒരു പകുതി സമയ ഉദ്യോഗമല്ല. ഇത് ജീവിതമാണ്, രാവിലും പകലിലും ഒരുപോലെ.

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

3 Comments

  1. Amitha mathew says:

    Wow this is a great article. Thanks Roy Achachan for sharing

  2. Lisie Varayath says:

    Very good and important deed and information for the present

  3. Great article and inspiration for us priests.

Leave a Reply to Lisie Varayath Cancel reply

Your email address will not be published. Required fields are marked *