അമേരിക്കയിൽ ആഭ്യന്തരയുദ്ധം നടക്കുന്ന കാലം. യുദ്ധമുഖത്തായിരുന്ന വില്യം സ്ക്കോട്ട് എന്ന സൈനികൻ ഉറങ്ങിപ്പോയി. കാവലിരിക്കേണ്ടവനും ജാഗ്രതയോടെ ഉണർന്നിരിക്കേണ്ടവനും ഉറങ്ങിപ്പോയാൽ ശത്രുവിന് നിർബാധം അതിക്രമിച്ചു കയറാം. ഒരു വ്യക്തിയുടെ ജാഗ്രതയില്ലായ്മവഴി രാജ്യം മുഴുവൻ നശിക്കാം. വളരെ ഗൗരവമായ കുറ്റമാണത്. അതിനാൽ സൈനികക്കോടതി അയാളെ വധശിക്ഷയ്ക്ക് വിധിച്ചു. പക്ഷേ, എബ്രഹാം ലിങ്കണ് ആ യുവാവിനോട് അലിവുതോന്നി. അദ്ദേഹം അയാളെ ചെന്നുകണ്ട് ആശ്വസിപ്പിച്ചു. പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ച് വില്യം സ്ക്കോട്ടിനെ ശിക്ഷയിൽ നിന്നൊഴിവാക്കി. എന്നിട്ട് ഇങ്ങനെ പറഞ്ഞു:
”നിന്നെ വധിക്കാൻ മാത്രം കുറ്റമൊന്നും ഞാൻ കാണുന്നില്ല. പക്ഷേ, നീ എനിക്കുവേണ്ടി ഒരുപകാരം ചെയ്യണം.”
”അങ്ങേക്കുവേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്?”
”നീ ഈ രാജ്യത്തിനുവേണ്ടി ധീരമായി പോരാടണം. അതുമാത്രം മതി.”
ശിക്ഷയിൽനിന്ന് വിമുക്തനായ വില്യം വീണ്ടും സൈനിക സേവനത്തിൽ പ്രവേശിച്ചു. ഏതാനും മാസങ്ങൾക്കുശേഷം ആ യുവാവ് യുദ്ധക്കളത്തിൽ മുറിവേറ്റു വീണു. വളരെ മാരകമായ മുറിവേറ്റിരുന്ന അയാൾ തന്റെ മരണത്തിന് തൊട്ടുമുൻപ് എബ്രഹാം ലിങ്കണോട് പറയാൻ ഇങ്ങനെ ചുമതലപ്പെടുത്തി:
”വില്യം സ്ക്കോട്ട് വാക്ക് പാലിച്ചെന്നുമാത്രം ലിങ്കണെ അറിയിക്കുക.”
പാപംവഴി നാം മൃതരായിത്തീർന്നിട്ടും കരുണാസമ്പന്നനായ ദൈവം യേശുക്രിസ്തുവിലൂടെ വീണ്ടും പുതിയൊരു ജീവിതം നല്കി. ആ ജീവിതത്തോട് നാം നന്ദിയുള്ളവരാണോ? തെറ്റുകൾ ക്ഷമിച്ച് വീണ്ടും വീണ്ടും അവസരങ്ങൾ നല്കുന്ന ദൈവത്തോട് നമുക്കെന്തുമാത്രം വിശ്വസ്തത പുലർത്താൻ പറ്റുന്നുണ്ട്? വിശ്വസ്തതയും ഒരാളുടെ ആത്മീയതയും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ‘അവിശ്വസ്തതയാണ് സാവൂളിന്റെ മരണത്തിന് കാരണം’ എന്ന് തിരുവചനം പറയുന്നു. ദൈവത്തോട് വിശ്വസ്തത പുലർത്താത്ത വ്യക്തിക്ക് മനുഷ്യരോട് അവിശ്വസ്തത കാണിക്കുന്നതിൽ മനഃസാക്ഷിക്കുത്തുണ്ടാവുകയില്ല. അതുപോലെതന്നെ ദൈവം നമ്മെ വിളിച്ച് ചേർത്തിരിക്കുന്ന ‘ഇട’ങ്ങളോടും വ്യക്തികളോടും വിശ്വസ്തതയില്ലാത്ത വ്യക്തി ദൈവത്തോടും അവിശ്വസ്തൻ തന്നെയാണ്. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം തന്റെ ജനത്തിന്റെ ജീവിതത്തിലും വിശ്വസ്തത പ്രതീക്ഷിക്കുന്നു. പരിശുദ്ധാത്മാവിന്റെ ഫലങ്ങളിൽ ഒന്നാണ് വിശ്വസ്തത. അതായത്, ദൈവാത്മാവ് ഒരു വ്യക്തിയിൽ നിറയുമ്പോൾ ആ വ്യക്തിത്വത്തിൽ വെളിപ്പെടുന്ന ഒരു സ്വഭാവമാണ് വിശ്വസ്തത. തങ്ങളുടെ ദൈവവിളിയോടും സഭയോടും കുടുംബത്തോടും സ്ഥാപനങ്ങളോടും ജോലിയോടും വിശ്വസ്തയില്ലാത്തവനിൽ പരിശുദ്ധാത്മാവിന്റെ നിറവില്ല. വിശ്വസ്തതയെന്ന പുണ്യമില്ലാത്തവർ വിശ്വാസയോഗ്യരല്ല. വിശ്വസിക്കാൻ പറ്റാത്തവരെ എങ്ങനെയാണ് ദൈവം തന്റെ ദൗത്യം ഏല്പിക്കുക.
സാമ്പത്തിക കാര്യങ്ങളിൽ വിശ്വസ്തരല്ലാത്തവരും ഏല്പിച്ച ജോലികളോട് ആത്മാർത്ഥത പുലർത്താത്തവരും വ്യക്തിബന്ധങ്ങളിൽ വിശ്വസ്തതയില്ലാത്തവരും പ്രാർത്ഥിച്ചു വളരാൻ ശ്രമിച്ചാൽ പരാജയപ്പെടും. തകർന്നുപോയ ഉടമ്പടിയുടെ ബലിപീഠങ്ങൾ പുനരുദ്ധരിച്ചാലേ സ്വർഗത്തിൽനിന്ന് അഗ്നിയിറങ്ങി നമ്മുടെ ബലികൾ സ്വീകരിക്കുകയുള്ളൂ. അതിനാൽ നമുക്ക് പ്രാർത്ഥിക്കാം:
വിശ്വസ്തതയാൽ ബലം ധരിച്ചിരിക്കുന്ന ദൈവമേ, അവിശ്വസ്തത ബലമില്ലായ്മയുടെ അടയാളമാണെന്ന് എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ മുൻപിൽ ഞാനെടുത്തിട്ടുള്ള പ്രതിജ്ഞകൾ നിറവേറ്റാൻ എനിക്ക് ബലം നല്കിയാലും. അവിശ്വസ്തതയിൽ വ്യാപരിച്ച നിമിഷങ്ങളെ തിരിച്ചറിയാനും അനുതപിക്കാനും എന്നെ അനുഗ്രഹിക്കണമേ. ഞാൻ അവിശ്വസ്തനായിരുന്നിട്ടും എന്നോടെന്നും വിശ്വസ്തത പുലർത്തിയ ദൈവമേ… മരണത്തോളം നിന്നോടുചേർന്ന് ജീവിക്കുവാൻ വരം നല്കിയാലും. ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ