പെൻസിൽ കളക്ഷനായിരുന്നു അമലിന്റെ ഹോബി. പക്ഷേ, പെൻസിലുകളിൽ അധികവും ക്ലാസിലെ കൂട്ടുകാരുടെ മോഷ്ടിച്ചെടുത്ത പെൻസിലുകളായിരുന്നു. ഇത് മനസിലാക്കിയ ടീച്ചർ ക്ലാസിൽ ഒരു കഥ പറഞ്ഞു:
രാമുവും രാജുവും സുഹൃത്തുക്കളായിരുന്നു. ഗ്രാമത്തിൽ അടുത്തടുത്തായിരുന്നു അവരുടെ കൃഷിയിടങ്ങൾ. ജലക്ഷാമംമൂലം എല്ലാവരും വലിയ ടാങ്കുകളിൽ വെള്ളം സൂക്ഷിച്ചിരുന്നു. വെള്ളം ഇല്ലാത്തവരുമായി പങ്കുവയ്ക്കാൻ അവിടെയുള്ളവർക്ക് വളരെ മടിയായിരുന്നു.
രാമു പതിവായി രാജുവിന്റെ കൃഷിയിടത്തിലുള്ള ടാങ്കിലെ വെള്ളം തന്റെ ടാങ്കിലേക്ക് മാറ്റുമായിരുന്നു. വളരെ കഷ്ടപ്പെട്ട് ആരുമറിയാതെ രാത്രിയാണ് ഇത് ചെയ്തിരുന്നതെങ്കിലും തന്റെ ടാങ്കിൽ എപ്പോഴും കൃഷിയ്ക്കാവശ്യമായ വെള്ളം ഉണ്ടല്ലോ എന്ന സ്വാർത്ഥ സന്തോഷത്തിൽ കൃഷിയുമായി മുന്നോട്ട് പോയി. രാജുവാകട്ടെ ഗ്രാമത്തിലെ ജലക്ഷാമം മാറുന്നതിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു.
അങ്ങനെയിരിക്കേ, രാജുവിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കാൻ ദൈവം തീരുമാനിച്ചു. ഒരു ദിവസം മാലാഖമാർ ആ ഗ്രാമത്തിലേക്കിറങ്ങിവന്നു. അവർ നോക്കിയപ്പോൾ എല്ലാവരുടെയും ടാങ്കുകളിൽ വെള്ളമുണ്ട്. എന്നാൽ രാജുവിന്റെ ടാങ്കിൽ വെള്ളം വളരെ കുറവ്, കൃഷിക്ക് തികയുകയില്ല.
മാലാഖമാർ ദിവസവും രാത്രി രാജുവിന്റെ കൃഷിയിടത്തിൽ മഴ പെയ്യിച്ചു. കുറച്ചുനാളുകൾക്കുശേഷം രാജുവിന്റെ കൃഷിയിടം ചെടികളും പൂവുകളും പൂമ്പാറ്റകളും മധുരമുള്ള ഫലങ്ങളുംകൊണ്ട് നിറഞ്ഞു. നൂറുമേനി ഫലസമൃദ്ധിയുള്ള ഒരു പറുദീസയായി രാജുവിന്റെ കൃഷിയിടം മാറി. ഗ്രാമത്തിലുള്ളവരെല്ലാം അതുകണ്ട് അത്ഭുതപ്പെട്ടു. രാജു ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് സന്തോഷത്തോടെ ജീവിച്ചു. രാമുവാകട്ടെ ടാങ്കിലെ വെള്ളംകൊണ്ട് രാപകലില്ലാതെ കഷ്ടപ്പെട്ട് കൃഷി ചെയ്തിട്ടും ഫലമൊന്നും കിട്ടാത്തതിൽ ദുഃഖിതനായി കഴിഞ്ഞുകൂടി.
കുട്ടികളേ, മറ്റുള്ളവരുടെ വസ്തുക്കൾ മോഷ്ടിക്കുമ്പോൾ ദൈവം നമുക്ക് നല്കാനിരിക്കുന്ന അനുഗ്രഹവും സമാധാനവുമാണ് നമ്മൾ നഷ്ടപ്പെടുത്തുന്നത്. ദൈവത്തിന്റെ പരിപാലനയിലൂടെ ലഭിക്കുന്ന ദൈവസ്നേഹവും സംരക്ഷണവും അനുഭവിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.
കഥ കേട്ട അമലിന് തന്റെ തെറ്റ് മനസ്സിലായി. മോഷ്ടിച്ചെടുത്ത പെൻസിലുകൾ അമൽ തിരികെ കൊടുത്തു. പെൻസിൽ ഇല്ലാത്ത കുട്ടികൾക്ക് സ്വന്തം പെൻസിലുകൾ കൊടുത്തുകൊണ്ട് താൻ ചെയ്ത തെറ്റിന് എല്ലാവരോടും മാപ്പു ചോദിച്ചു.
ക്ലാസിൽ എല്ലാവർക്കും അന്ന് പതിവിലേറെ സന്തോഷത്തിന്റെ ദിനമായിരുന്നു.
ടാനി പാറേക്കാട്ട്