”ജയിൽവാസത്തിനോ, ചങ്ങലകൾക്കോ, മരണശിക്ഷയ്‌ക്കോ ഒരു മനുഷ്യന്റെ സ്വതന്ത്ര മനഃസാക്ഷിയെ അപഹരിക്കാനാവില്ല…”
”ഒരു മനുഷ്യന് ഭാര്യയും മക്കളുമുണ്ടെന്ന കാരണത്താൽ ദൈവത്തെ നിന്ദിക്കാൻ അവകാശമുണ്ടെന്ന് ഞാൻ കരുതുന്നില്ല.” ഭാര്യയോടും മക്കളോടുമുള്ള കടമയെപ്രതിയെങ്കിലും യുദ്ധത്തിന് പോകണമെന്ന് ആവശ്യപ്പെട്ട ബന്ധുക്കളോട് ഫ്രാൻസ് ജാഗര്‍സ്റ്റേറ്റർ പറഞ്ഞ മറുപടിയാണിത്. ദൈവത്തിന് മുമ്പിൽ മാത്രം കുനിഞ്ഞ ആ ശിരസ്സ് ഹിറ്റ്‌ലറിന് മുമ്പിൽ കുനിയാൻ വിസമ്മതിച്ചു.
1907 മെയ് 20-ന് ഓസ്ട്രിയയിലെ സെന്റ് റേഡ്ഗണ്ടിൽ റൊസാലിയ ഹൂബറുടെ മകനായാണ് ഫ്രാൻസ് ജാഗര്‍സ്റ്റേറ്റർ ജനിച്ചത്. യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത കുത്തഴിഞ്ഞ ജീവിതമായിരുന്നു ഫ്രാൻസിന്റേത്. പിതാവായ ഫ്രാൻസ് ബാക്ക്‌മെയർ ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അമ്മ റൊസാലിയ മറ്റൊരാളെ വിവാഹം കഴിച്ചു. 1936-ൽ ദൈവം അദ്ദേഹത്തിനായി കരുതിവച്ചിരുന്ന ഫ്രാൻസിസ്‌ക സ്വാനിൻജർ എന്ന യുവതി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വിവാഹത്തിലൂടെ കടന്നുവന്നു. ആഴമായ ദൈവവിശ്വാസത്തിനുടമയായിരുന്ന ഫ്രാൻസിസ്‌ക അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖേനയും അവിശ്വാസിനിയായ ഭാര്യ ഭർത്താവ് മുഖേനയും വിശുദ്ധീകരിക്കപ്പെടുന്നു (1 കൊറി 7:14) എന്ന തിരുവചനം അവരുടെ ജീവിതത്തിൽ അക്ഷരാർത്ഥത്തിൽ മാംസം ധരിക്കുകയായിരുന്നു. ക്രിസ്തുവിന്റെ സ്‌നേഹത്താൽ നിറഞ്ഞ ഫ്രാൻസ് ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതം നയിക്കാൻ ആരംഭിച്ചു. എല്ലാ ദിവസവും ദിവ്യബലിയിൽ സംബന്ധിച്ച് ദിവ്യകാരുണ്യം സ്വീകരിക്കാൻ ആരംഭിച്ച ഫ്രാൻസ് ഫ്രാൻസിസ്‌ക്കൻ മൂന്നാം സഭയിലും അംഗമായി. ദൈവസ്‌നേഹത്തിനെതിരായി നാസികളോട് ചേർന്ന് യുദ്ധം ചെയ്യുകയില്ലെന്ന ഉറച്ച നിലപാട് അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയായി മാറി.
നാസികളുടെ കീഴിലുള്ള ജർമനിയിലേക്ക് ഓസ്ട്രിയ കൂട്ടിച്ചേർക്കണമോ എന്ന ഹിതപരിശോധനയിൽ ഫ്രാൻസ് മാത്രമാണ് ആ പ്രദേശത്ത് നിന്ന് എതിരായി വോട്ടുചെയ്തത്. ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെയും ഭാഗമല്ലാതിരുന്ന ഫ്രാൻസിന്റെ മനസാക്ഷിയുടെ വോട്ടായിരുന്നു അത്. 1940 ജൂൺ 17-ന് അദ്ദേഹത്തെ സൈനികസേവനത്തിനായി വിളിച്ചു. സൈനികസേവനത്തിലേർപ്പെട്ട ഫ്രാൻസിന് നീതീകരണമില്ലാത്ത യുദ്ധത്തിലാണ് താൻ ഏർപ്പെട്ടിരിക്കുന്നതെന്ന് മനസിലായി. മേയറിന്റെ സഹായത്തോടെ ഫ്രാൻസിന് സൈനികസേവനത്തിൽനിന്ന് ഒഴിവാകാൻ സാധിച്ചെങ്കിലും 1943 ഫെബ്രുവരിയിൽ അദ്ദേഹത്തെ വീണ്ടും സൈനികസേവനത്തിനായി വിളിച്ചു. സൈനിക ക്യാമ്പിലെത്തിയ അദ്ദേഹം യുദ്ധത്തിൽ പങ്കെടുക്കാൻ സാധിക്കുകയില്ലെന്ന് ധൈര്യപൂർവം അറിയിച്ചു. അക്രമരഹിതമായ സേവനങ്ങൾ ചെയ്യാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും സൈനിക കോടതി അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചു. ചങ്ങലകളാൽ ബന്ധിതമായ കരങ്ങളാൽ അദ്ദേഹം ഇപ്രകാരം എഴുതി: ”ജയിൽവാസത്തിനോ, ചങ്ങലകൾക്കോ, മരണശിക്ഷയ്‌ക്കോ ഒരു മനുഷ്യന്റെ സ്വതന്ത്ര മനഃസാക്ഷിയെ അപഹരിക്കാനാവില്ല. മനഃസാക്ഷി ചങ്ങലകളാൽ ബന്ധിതമാകുന്നതിനേക്കാൾ കൈകൾ ബന്ധിതമാകുന്നതാണ് നല്ലത്.” പട്ടാളക്കോടതിയുടെ വിധിപ്രകാരം 1943 ഓഗസ്റ്റ് ഒമ്പതിന് ജർമ്മനിയിലെ ബ്രാൻഡൻബർഗിൽവച്ച് അദ്ദേഹം ശിരച്ഛേദം ചെയ്യപ്പെട്ടു.
മനുഷ്യരെക്കാൾ അധികമായി ദൈവത്തെ ഭയപ്പെട്ട ഫ്രാൻസ് ജാഗര്‍സ്റ്റേറ്ററെ 2007 ഒക്‌ടോബർ 26-ന് ബനഡിക്ട് 16-ാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടനായി പ്രഖ്യാപിച്ചു.
രഞ്ജിത് ലോറൻസ്