മാരകമായ രോഗമായിരുന്നു ആ യുവാവിന്. പ്രഗത്ഭരായ പല ഡോക്ടർമാർ പരിശോധിച്ചിട്ടും ആർക്കും രോഗം കണ്ടുപിടിക്കാൻ സാധിച്ചില്ല. ദിവസങ്ങൾ കഴിയുന്തോറും നില വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ അയാൾ മരിക്കുമെന്ന് തീർച്ചയായി. ഇതറിഞ്ഞിട്ടും എല്ലാവരോടും സന്തോഷത്തോടെ ഇടപെടാൻ ആ യുവാവ് പരിശ്രമിച്ചു. മരിക്കുന്നതിനുമുമ്പ് എന്തെങ്കിലും ആഗ്രഹമുണ്ടോ? ഒരു ദിവസം അവർ ചോദിച്ചു. അതിന് ആ യുവാവ് നല്കിയ മറുപടി ഇപ്രകാരമായിരുന്നു: എന്റെ രോഗമെന്തെന്ന് കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ. അതുകൊണ്ട് ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ ശരീരം പരീക്ഷണങ്ങൾക്കായി ഉപയോഗിക്കണം. ഭാവിയിൽ ഈ രോഗം ആർക്കെങ്കിലും പിടിപെടുകയാണെങ്കിൽ അവർക്ക് അത് പ്രതീക്ഷയ്ക്ക് വക നല്കും. എന്റെ ജീവിതവും ധന്യമാകും!
ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവർക്ക് നന്മ ചെയ്യാൻ മടിക്കുന്ന ലോകത്തിൽ, മരണശേഷവും അന്യർക്ക് നന്മചെയ്യാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തുക പ്രയാസം.
”ഏതൊരുവനും സ്വന്തം നൻമ കാംക്ഷിക്കാതെ അയൽക്കാരന്റെ നന്മ കാംക്ഷിക്കട്ടെ”
(1 കോറിന്തോസ് 10:24).