നഷ്ടപ്പെട്ട പ്രതാപം മടങ്ങിവരാൻ…
മഹത്വവും ജ്ഞാനവും വർധിക്കാൻ…
ഉപേക്ഷിച്ചവർ തേടിയെത്താൻ…
ജോലിക്കയറ്റത്തിന്…
പ്രശ്‌നങ്ങളിലും പരിഹാസങ്ങളിലും ഇളകാതിരിക്കാൻ…
സ്വയം വെറുക്കാതിരിക്കാൻ…
എത്ര ശ്രമിച്ചിട്ടും ജാക്കിന് കാറിൽ ഇരിക്കാൻ പറ്റുന്നില്ല. വാഹനം ചലിക്കുമ്പോഴേക്കും അവൻ ഭയന്നു നിലവിളിച്ചുകൊണ്ട് വീണുപോകുകയാണ്. ഡ്രൈവർക്ക് കാർ മുമ്പോട്ടെടുക്കാൻ സാധിക്കുന്നില്ല. ഒടുവിൽ റൊണാൾഡ് അവനെ തനിക്ക് അഭിമുഖമായി ഇരുത്തി, ഇരുകൈകളും റൊണാൾഡിന്റെ നെഞ്ചത്തെടുത്തുവച്ചു, വാത്സല്യത്തോടെ പുറംതലോടി സ്‌നേഹവും കരുതലും നല്കി. ജാക്ക് റൊണാൾഡിന്റെ മുഖത്തുനോക്കി ഇരുന്നു. കാർ നീങ്ങിത്തുടങ്ങി. സുരക്ഷിതമായിരുന്നു ആ യാത്ര. വാഹനം എത്ര കുലുങ്ങിയിട്ടും ഗട്ടറിൽ ചാടിയിട്ടും അതിവേഗതയിലായിരുന്നിട്ടും ജാക്ക് അതൊന്നും അറിഞ്ഞില്ല; സുഖകരമായ യാത്ര ആസ്വദിക്കുന്നെന്ന് അവന്റെ മുഖം കണ്ടാലറിയാം. റൊണാൾഡിന്റെ വളർത്തു നായാണ് ജാക്ക്. പനിമൂലം ആശുപത്രിയിലേക്കാണ് അവരുടെ യാത്ര. ഡോക്ടറെ കണ്ടു മരുന്നു വാങ്ങി. ചെറിയൊരു ഇഞ്ചക്ഷനുമുണ്ട്. റൊണാൾഡിന് അല്പം ആശങ്ക, ജാക്ക് എങ്ങനെ പ്രതികരിക്കും? എന്തായാലും റൊണാൾഡിന് അഭിമുഖമായി ഇരുത്തിക്കൊണ്ടുതന്നെ ഇഞ്ചക്ഷൻ കൊടുത്തു. വലിയൊരു നിലവിളിയാണ് റൊണാൾഡ് പ്രതീക്ഷിച്ചത്. എന്നാൽ ജാക്ക് വേദന അറിഞ്ഞതേയില്ല; സൂചി കയറിയപ്പോൾ ചെറുതായൊന്നു ഞെട്ടി; അത്രമാത്രം. മുഖത്ത് യാതൊരു മാറ്റവുമില്ല. ഒരു ഞരക്കമോ മുരളൽപോലുമോ കേട്ടതുമില്ല. മരുന്നുകൊടുത്തപ്പോഴും ഇപ്രകാരം ചെയ്തതിനാൽ റൊണാൾഡിന് ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല.
വൈകുന്നേരങ്ങളിലെ ഇരുവരുടെയും ബൈക്കു സവാരി നാട്ടുകാർക്കൊരു കൗതുകമാണ്. റൊണാൾഡിന്റെ നെഞ്ചിൽ കൈകൾ വച്ച്, അവന്റെ മുഖത്തുനോക്കി വലിയ ഗമയിൽ നാടുചുറ്റി ഹരംപിടിച്ചിരിക്കുന്ന പ്രൊമെറാനിയൻ ഷെപ്പേഡ്.
ബുദ്ധി തിരികെ ലഭിക്കാൻ
രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടയോട്ടം നടത്തി, ജനതകളെ കീഴടക്കി വാണിരുന്ന ബാബിലോൺ രാജാവാണ് നബുക്കദ്‌നേസർ. എന്നാൽ ദൈവത്തിന് നല്‌കേണ്ട മഹത്വം അഹങ്കാരത്തിമർപ്പിൽ സ്വന്തമായെടുത്തപ്പോൾ അയാൾ അധികാര ഭ്രഷ്ടനാക്കപ്പെട്ടു. 12 വർഷങ്ങൾ വനത്തിൽ മൃഗത്തെപ്പോലെ ജീവിക്കേണ്ടി വന്നു. ദുരിതങ്ങളുടെ മൂർദ്ധന്യതയിൽ അയാൾ ചെയ്തതെന്തെന്ന് രാജാവിന്റെ വാക്കുകളിൽ:
”നബുക്കദ്‌നേസറായ ഞാൻ സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്തി. എന്റെ ബുദ്ധി തിരിച്ചുകിട്ടി. ഞാൻ അത്യുന്നതനെ വാഴ്ത്തുകയും നിത്യം ജീവിക്കുന്ന അവിടുത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തു. …ആ നിമിഷത്തിൽത്തന്നെ എനിക്കു ബുദ്ധി തിരിച്ചു കിട്ടി; ..എന്റെ രാജത്വവും പ്രതാപവും എനിക്കു തിരിച്ചുകിട്ടി; എന്റെ ഉപദേശകൻമാരും പ്രഭുക്കൻമാരും എന്നെ തേടിവന്നു; എന്റെ രാജ്യത്തിൽ ഞാൻ വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടു; പൂർവാധികം മഹത്വം എനിക്കു ലഭിച്ചു (ദാനിയേൽ 4/34,36).
പ്രമോഷൻ ഉറപ്പ്
രണ്ടു തവണ സിംഹങ്ങളുടെ മുമ്പിൽ എറിയപ്പെട്ടവനാണ് ദാനിയേൽ (ദാനിയേൽ 6/16 & 14/31). ദിവസേന രണ്ടു മനുഷ്യ ശരീരങ്ങളും രണ്ടു ആടുകളെയും ഭക്ഷിച്ചിരുന്ന ഏഴു സിംഹങ്ങൾക്കിടയിലേക്ക് എറിയപ്പെടുമ്പോൾ ചുറ്റുമുള്ള സിംഹങ്ങളെ അദ്ദേഹം നോക്കിയില്ല, രാജാവിനെയും പ്രഭുക്കന്മാരെയും നോക്കിയില്ല, താൻ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ദൈവത്തിൽ ദൃഷ്ടികളുറപ്പിച്ചതിനാൽ മറ്റൊന്നും അദ്ദേഹത്തിന് കാണേണ്ടിവന്നില്ല. അതിനുമപ്പുറം ദൈവം അദ്ദേഹത്തെയും നോക്കി. ആ നോട്ടത്തിന്റെ ശക്തി സിംഹങ്ങളുടെ വായ് പൂട്ടി. ദൈവത്തിലേക്ക് നോക്കുന്നവന്, കടിച്ചു കീറാൻ നില്ക്കുന്ന സിംഹങ്ങളെപ്പോലും ഭയപ്പെടേണ്ടതില്ല. മാത്രമല്ല അവർക്ക് പ്രമോഷൻ ഉറപ്പെന്നത് ദാനിയേലിന്റെ സാക്ഷ്യം.
”പർവതങ്ങളിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു; … എനിക്കു സഹായം കർത്താവിൽനിന്നു വരുന്നു” (സങ്കീർത്തനങ്ങൾ 121/1,2).
പത്രസമ്മേളനം നടത്താത്തവർ
അവിവാഹിതയായിരിക്കെ മേരി ദൈവപുത്രനെ ഗർഭംധരിച്ചു പ്രസവിക്കുന്നതിന് ദൈവത്തിന് സമ്മതമേകിയപ്പോൾ അവൾ നിയമത്തിലേക്കും നാട്ടുകാരിലേക്കും പ്രതിശ്രുതവരനിലേക്കും നോക്കിയില്ല. ആരോടും ആലോചനയും ചോദിച്ചില്ല. ദൈവത്തിലേക്കു മാത്രമാണ് അവൾ നോക്കിയത്. ചുറ്റും നോക്കിയിരുന്നെങ്കിൽ സ്വജീവനും ജീവിതവും മറന്നുള്ള ആ തീരുമാനം അവൾ എടുക്കുമായിരുന്നോ?
ഈശോയെ ഉദരത്തിൽ സ്വീകരിച്ച ശേഷവും, പരിശുദ്ധ അമ്മ ജോസഫിന്റെ ആകുലാർദ്രമായ മുഖത്തേക്കോ സംശയിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നാട്ടുകാരുടെ നോക്കുവാക്കുകളിലേക്കോ നോക്കിയിരുന്നെങ്കിൽ തളർന്നു, തകർന്നുപോകുമായിരുന്നു; നിരാശപ്പെട്ട് ഇതൊന്നും വേണ്ടിയിരുന്നില്ല എന്നുപോലും ചിന്തിക്കാൻ സാധ്യതയില്ലേ? എന്നാൽ, തന്നെ തിരഞ്ഞെടുത്ത ദൈവത്തിൽ മാത്രമായിരുന്നു മറിയത്തിന്റെ ദൃഷ്ടി. അതുകൊണ്ട് സകലരും സംശയിച്ചിട്ടും മറിയം അസ്വസ്ഥപ്പെടുകയോ വിശദീകരണം നൽകാൻ (പത്ര)സമ്മേളനം നടത്തുകയോ ചെയ്തില്ല.
കൽക്കൂമ്പാരത്തിനുള്ളിലെ ദൈവദർശനം
”അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്വർഗത്തിലേക്കു നോക്കി ദൈവത്തിന്റെ മഹത്വം ദർശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നിൽക്കുന്നതും കണ്ടു” (അപ്പസ്‌തോല പ്രവർത്തനങ്ങൾ 7/55). വധിക്കപ്പെടുമ്പോൾ ദൈവത്തെ നോക്കിയ സ്‌തേഫാനോസ് തനിക്കെതിരെ ആക്രോശിക്കുന്നവരെ, ചീറിയടുക്കുന്ന കല്ലുകളെ നോക്കിയില്ല, കണ്ടില്ല, ദൈവത്തെ കണ്ടുകൊണ്ടിരിക്കുന്നവൻ മറ്റെന്തുകാണാൻ, കല്ലുകൾക്കടിയിലായിരിക്കുമ്പോഴും ദൈവത്തെ ദർശിച്ചു സ്‌തേഫാനോസ്. ”കർത്താവിനെ അന്വേഷിക്കുവിൻ, അവിടുത്തെ ശക്തിയിൽ ആശ്രയിക്കുവിൻ, നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിൻ” (ദിനവൃത്താന്തം 16/11). തേടിയാൽ, നാം കല്ലുകൾക്കടിയിൽപ്പെട്ടുപോയാലും നമുക്ക് അവിടുത്തെ കാണുവാൻ സാധിക്കും. കാരണം ”ഞാൻ ഇരുട്ടിലിരുന്നാലും കർത്താവ് എന്റെ വെളിച്ചമായിരിക്കും” (മിക്ക 7/8).
ഇളകിമറിയാതിരിക്കാൻ
ഇളകിമറിയുന്ന കടൽ മുമ്പിൽ, പിന്നിൽ ആക്രമിക്കാനെത്തിയ സൈന്യം. അവയിലേക്കു നോക്കിയില്ല മോശ; ദൈവത്തിലേക്ക് നോക്കി ഇളകാത്ത മനസോടെ പറഞ്ഞു: ”നിങ്ങൾ ഭയപ്പെടാതെ ഉറച്ചുനിൽക്കുവിൻ. നിങ്ങൾക്കുവേണ്ടി ഇന്നു കർത്താവു ചെയ്യാൻ പോകുന്ന രക്ഷാകൃത്യം നിങ്ങൾ കാണും… കർത്താവു നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങൾ ശാന്തരായിരുന്നാൽ മതി” (പുറപ്പാട് 14/13,14).
എന്നാൽ ഇസ്രായേൽ ജനം നോക്കിയത് ചെങ്കടലിനെയും ആക്രമിക്കാനെത്തിയ ഈജിപ്തുകാരെയുമാണ്. അവർ ഭയപ്പെട്ടു, ദൈവത്തിനും മോശയ്ക്കുമെതിരെ പിറുപിറുത്തു, നേതാവിനെ എതിർത്തു, ദൈവിക പദ്ധതി വിട്ടോടാനുദ്യമിച്ചു (പുറപ്പാട് 14/10,11).
പുഴുക്കളെ നോക്കരുത്
സഹനത്തിന്റെ മൂർദ്ധന്യതയിൽ ചർമമെല്ലാം അഴുകിപ്പോയിട്ടും മാംസത്തിൽനിന്നും ജോബ് ദൈവത്തെ സ്തുതിച്ചു. കാരണം പുഴുവരിക്കുന്ന തന്റെ ശരീരത്തിലേക്കു അദ്ദേഹം നോക്കിയില്ല; ദൈവത്തിലേക്കു നോക്കി എന്നതുതന്നെ (ജോബ് 19/26,27). ”അവിടുത്തോട് വിട്ടകലാതെ ചേർന്നു നിൽക്കുക; നിന്റെ അന്ത്യദിനങ്ങൾ ധന്യമായിരിക്കും (പ്രഭാഷകൻ 2/3).
പതിനായിരങ്ങൾ ആക്രമിക്കാൻ വന്നാലും ദൈവത്തെ നോക്കുന്നവന് ഭയപ്പെടേണ്ടതില്ല. ആയിരങ്ങളും പതിനായിരങ്ങളും ചുറ്റും നിന്ന് പരിഹസിച്ചാലും കുറ്റപ്പെടുത്തിയാലും ദൈവത്തിലേക്കു നോക്കുന്നവൻ പതറില്ല. പ്രിയപ്പെട്ടവരും അടുത്തുനില്ക്കുന്നവരും ഒറ്റപ്പെടുത്തുമ്പോഴും മനസിലാക്കാത്തപ്പോഴും ദൈവത്തിന്റെ മുഖത്തേക്കു നോക്കുന്നവർ ലജ്ജിതരാവുകയോ അസ്വസ്ഥപ്പെടുകയോ ഇല്ല. അവർ നിർഭയരായിരിക്കും. ”ഈ എളിയവൻ നിലവിളിച്ചു, കർത്താവു കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന് അവനെ രക്ഷിക്കുകയും ചെയ്തു” (സങ്കീർത്തനങ്ങൾ 34/6).
അപകർഷത മാറും
ജീവിതത്തിലെ വീഴ്ചകളും കുറവുകളും പലരേയും തകർത്തുകളയാറുണ്ട്. എന്നാൽ ചേറ്റിൽ വീണുഴലുമ്പോഴും തന്നിലെ അശുദ്ധിയിലേക്കും അസഹ്യമായ സ്വഭാവ വൈകൃതങ്ങളിലേക്കും നോക്കി നിരാശരാകാതെ, അനുതാപത്തോടെ ദൈവത്തിരുമുഖത്തേക്കു നോക്കാൻ ശ്രമിച്ചാൽ നാം ഒരിക്കലും വീണിട്ടേ ഇല്ല എന്നു നമുക്കു തോന്നും. കാരണം, നമുക്ക് ഒരു കുറവുമില്ലാത്തതുപോലെയാണ് അവിടുന്ന് നമ്മെ നോക്കുന്നത്. കാരുണ്യത്തോടെ കരംനീട്ടി ആർദ്രഹൃദയനായി നില്ക്കുന്ന ദൈവത്തെ നോക്കിയാൽ കുറ്റബോധമുണ്ടാകില്ല, സ്വയനിന്ദ തോന്നില്ല. ദു:ഖമില്ല, അപകർഷതയില്ല. മാത്രമല്ല, വീഴ്ചകളും കുറയും. ”അവിടുത്തെ നോക്കിയവർ പ്രകാശിതരായി, അവർ ലജ്ജിതരാവുകയില്ല (സങ്കീർത്തനങ്ങൾ 34/5) എന്ന വചനം നമുക്ക് അനുഭവിക്കാൻ കഴിയും.
ഗബ്രിയേലെ ബോസിസ് എന്ന ഫ്രഞ്ച് മിസ്റ്റിക്കിനോട് ഈശോ പറഞ്ഞു: ”കുഞ്ഞേ, നീ സദാ നിന്റെ വീഴ്ചകളെയും കുറവുകളെയും എന്നോടുള്ള നിന്റെ സ്‌നേഹക്കുറവിനെയുംകുറിച്ച് ദു:ഖിക്കുന്നു. തന്മൂലം എന്റെ മുഖത്തു നോക്കാൻ പോലും നീ ഭയപ്പെടുന്നു. എന്നാൽ നീ ആയിരിക്കുന്നതുപോലെ എനിക്കു തരിക. മനുഷ്യന്റെ കുറവുകൾ എനിക്കറിയാം. ഞാനതു പരിഹരിക്കും.”
പാപ്പാ ഫ്രാൻസിസ് പറയുന്നു: ‘സൗഖ്യത്തിനായി അവന്റെ ക്രൂശിലേക്കു നോക്കൂ, നമ്മുടെ പാപങ്ങൾ സ്വയം ഏറ്റെടുത്ത ദൈവപുത്രനിലേക്ക്; നിന്റെ പാപങ്ങൾ അവന്റെ കൈയിൽ കാണാം.’
വിശുദ്ധരെല്ലാം വിശുദ്ധരായത്, ഭൂമിയിൽ പദമൂന്നിയപ്പോഴും സദാ ദൈവത്തിൽ ഹൃദയമുറപ്പിച്ചതിനാലാണ്,
റൊണാൾഡിന്റെ മുഖത്ത് ദൃഷ്ടികളുറപ്പിച്ച ജാക്കിനെപ്പോലെ കരങ്ങൾ ദൈവപിതാവിന്റെ നെഞ്ചത്ത് വച്ച്, സ്‌നേഹം കവിഞ്ഞൊഴുകുന്ന ആ മുഖത്തേക്കു നോക്കി യാത്ര ചെയ്യാം. അപ്പോൾ നാമും അവിടുത്തേപ്പോലെ പ്രകാശിക്കും; നമുക്കെത്ര കുറവുണ്ടെങ്കിലും.
ആൻസിമോൾ ജോസഫ്