തിരുസഭയ്ക്കും സഭാതനയർക്കുമെതിരെ പീഡനങ്ങളും പൈശാചിക ആക്രമണങ്ങളും പെരുകുമ്പോൾ നാം എന്തു ചെയ്യണം?
നേവി കാന്റീനിലേക്ക് പോവുകയായിരുന്നു ഞാൻ. ഗേറ്റിലെ ചെക്കിങ്ങ് കഴിഞ്ഞേ ഉള്ളിൽ കടക്കാൻ സാധിക്കൂ. ഉള്ളിൽ കടന്ന് നടന്നുപോകുമ്പോൾ കാണാം ഒരു ടവറിന്റെ മുകളിൽ ഏതു സമയവും ജാഗ്രതയോടെ തോക്കും കൈയിൽ പിടിച്ച് ഇപ്പോൾ വെടിവയ്ക്കും എന്ന മട്ടിൽ ഇരിക്കുന്ന ജവാൻ. അയാളുടെ ജീവിതകാലത്ത് ഒരാളെപ്പോലും വെടിവയ്ക്കാൻ സാധിച്ചില്ലെങ്കിൽപ്പോലും ഒരു നിമിഷംപോലും അശ്രദ്ധമായിരിക്കാതെ ഏതു സമയത്തും ജാഗ്രത പാലിക്കേണ്ട കടമയാണ് അയാളുടേത്. ആ വെയിലത്ത് നടന്ന് കാന്റീനിലെ കസേരയിലിരുന്നപ്പോൾ അല്പസമയം മയങ്ങി. അപ്പോൾ ഞാനയാളുടെ കാര്യമോർത്തു. അയാൾക്ക് കണ്ണിന് വിശ്രമം നല്കാൻ പാടില്ല. കൈ ഏതു സമയവും റൈഫിളിൽവച്ച് കണ്ണ് തുറന്ന് ഈ പൊരിവെയിലിലും മറ്റുള്ളവരുടെ സുരക്ഷയ്ക്കായി കഷ്ടപ്പെടുകയാണ്. ഇതുപോലെ സെക്യൂരിറ്റികളെ നിർത്തിയിരിക്കുന്ന സ്ഥാപനങ്ങളും ഭവനങ്ങളുമുണ്ട്. സമ്പത്ത് കൂടുംതോറും അത് സുരക്ഷിതമായി വയ്‌ക്കേണ്ട ചുമതലയും കൂടും. സ്വിസ് ബാങ്കുപോലെയുള്ള വൻ ധനകാര്യസ്ഥാപനങ്ങളിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ചെറിയ എ.റ്റി.എം കൗണ്ടറുകളിൽ ആവശ്യമില്ല. ഉള്ളിലിരിക്കുന്ന ആസ്തിയുടെയും സ്ഥാപനങ്ങളുടെയും മൂല്യങ്ങൾക്കനുസരിച്ച് സുരക്ഷാസംവിധാനങ്ങളും മാറുന്നു. ഒരു സമ്പത്തുമില്ലാത്തവൻ സുഖമായി ഉറങ്ങുന്നു. ആത്മീയ സമ്പത്തിന്റെ കാര്യത്തിലായാലും സുരക്ഷാസംവിധാനങ്ങളുണ്ട്. ഭൗതികസമ്പത്തിനെക്കാളും എത്രയോ വിലപ്പെട്ടതാണ് ആത്മാവും ആത്മീയ സമ്പത്തും. ഇതറിയാവുന്ന സ്വർഗീയപിതാവ് നാമോരോരുത്തരും ജനിച്ചപ്പോൾത്തന്നെ ഒരു സുരക്ഷാഭടനെ തന്നിട്ടുണ്ട് – നമ്മുടെ കാവൽമാലാഖ. ”നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും” (സങ്കീർത്തനങ്ങൾ 91:11-12).
ആത്മീയസമ്പത്ത് അതായത് പരിശുദ്ധാത്മാവിന്റെ കൃപാവരദാനങ്ങൾ ഒരു വ്യക്തിയിൽ നിറയുന്നതിനനുസരിച്ച് ആത്മാവിന് സുരക്ഷാവലയം ശക്തമാക്കേണ്ടതുണ്ട്. തിരുരക്തത്തിന്റെ സംരക്ഷണം, വചനംകൊണ്ടുള്ള കോട്ടകെട്ടൽ, പരിശുദ്ധ അമ്മയുടെ സംരക്ഷണം, വിശുദ്ധരുടെ മാധ്യസ്ഥ്യം ഇതെല്ലാം ആത്മീയശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സ്ഥിരമായ ആത്മീയ ആയുധങ്ങളാണ്. ഓരോരുത്തരുടെയും ആത്മീയ ശുശ്രൂഷയ്ക്കനുസരിച്ച് ത്രിതൈ്വക ദൈവത്താൽ നിയമിക്കപ്പെട്ട കാവൽമാലാഖമാരെയും ലഭിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ദാനിയേൽ പ്രവാചകന് സ്വർഗീയ സൈന്യങ്ങളുടെതന്നെ പ്രതാപവാനായ മിഖായേൽമാലാഖയെ കാവൽമാലാഖയായി ലഭിച്ചത്. ”നിന്റെ കാവൽദൂതനായ മിഖായേൽ ഒഴികെ എന്റെ പക്ഷത്തുനിന്ന് ഇവർക്കെതിരെ പൊരുതാൻ ആരുമില്ല” (ദാനിയേൽ 10:21).
ദാനിയേൽ പ്രവാചകന് തെളിഞ്ഞ ജ്ഞാനം, അറിവ്, അസാധാരണമായ ബുദ്ധി, വിജ്ഞാനം, സ്വപ്‌നങ്ങൾ വ്യാഖ്യാനിക്കാനും ഗൂഡാർത്ഥവാക്യങ്ങൾ വിശദീകരിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുംവേണ്ട അറിവ് (ദാനി.യേൽ 5:12) എന്നീ കൃപകൾ ഉണ്ടായിരുന്നു. യുഗാന്ത്യം മുന്നിൽ ദർശിച്ച് പ്രവചിച്ച ശക്തനും ധീരനുമായ പ്രവാചകനായിരുന്നു ദാനിയേൽ. പത്രോസ് ശ്ലീഹ പിശാചിനെ അലറുന്ന സിംഹത്തോടാണല്ലോ താരതമ്യം ചെയ്യുന്നത്. ”നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അതിനെ എതിർക്കുവിൻ” (1 പത്രോ. 5:8). ദാനിയേൽ പ്രവാചകൻ എറിയപ്പെട്ടത് അലറുന്ന സിംഹങ്ങളുടെ കൂട്ടിലേക്കാണ്. പക്ഷേ, ദൈവം സിംഹങ്ങളുടെ വായ് അടച്ചു. ഇതുപോലെ നമ്മളും സിംഹങ്ങളുടെ നടുവിൽ അകപ്പെടുന്നതുപോലുള്ള അനുഭവങ്ങൾ ആത്മീയമേഖലയിലും ഉണ്ടണ്ടാകാം. അപ്പോൾ ശക്തനായ മിഖായേൽ മാലാഖ സൈന്യവുമായി വന്ന് നമുക്കുവേണ്ടി യുദ്ധം ചെയ്യും. പണ്ടുകാലങ്ങളിൽ വിശുദ്ധ കുർബാനയുടെ അവസാനം മിഖായേൽ മാലാഖയോടുള്ള ജപം ചൊല്ലുന്ന പതിവുണ്ടായിരുന്നത്രെ. ഇപ്പോൾ മിഖായേൽ മാലാഖയോടുള്ള ഭക്തി തിരുസഭയിൽ പുതിയൊരു ഉണർവോടുകൂടി തിരിച്ചുവന്നിട്ടുണ്ട്.
പരിശുദ്ധ അമ്മയോടുള്ള ഭക്തിവഴി എനിക്ക് ലഭിച്ച രണ്ട് സ്വർഗീയ സഹായങ്ങളാണ് മിഖായേൽ മാലാഖയോടുള്ള ഭക്തിയും വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിയും. വർഷങ്ങൾക്കുമുമ്പ് നവീകരണത്തിന്റെ തുടക്കത്തിൽ പഴയ പാപങ്ങളോടുള്ള വിടപറച്ചിലിലും ലോകവഴികളെ ഉപേക്ഷിക്കാനുള്ള സമ്മർദങ്ങളുടെ സമയത്ത് പ്രലോഭകനായ പിശാചിനെ തോല്പിക്കാനുള്ള സഹായം തരണമേയെന്ന് പരിശുദ്ധ അമ്മയോട് അപേക്ഷിച്ചിരുന്നു. ആയിടയ്ക്ക് മിഖായേൽ മാലാഖയുടെ ഫോട്ടോ കണ്ടു. അതിൽ മിഖായേൽ മാലാഖ സാത്താനെ പരാജയപ്പെടുത്തി കാൽചുവട്ടിലാക്കിയിരിക്കുന്നത് ശ്രദ്ധിച്ചു. ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന സ്വർഗീയസഹായം മിഖായേൽ മാലാഖയിലൂടെ ലഭിക്കുന്നുവെന്ന ഉൾക്കാഴ്ച പരിശുദ്ധ അമ്മ ആ ചിത്രത്തിലൂടെ നല്കി. അങ്ങനെ അന്ന് മുതൽ മിഖായേൽ മാലാഖയോടുള്ള ജപം ചൊല്ലിത്തുടങ്ങി. മിഖായേൽ മാലാഖയുടെ ഒരു ഫോട്ടോ വീട്ടിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
ഒരു ദിവസം ജോലിക്ക് പോകുന്ന വഴിക്ക് ബസ്‌യാത്രയിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. ഒട്ടും സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഭർത്താവിനോട് പറഞ്ഞു. മുഖത്തെ ഭാവമാറ്റം കണ്ടയുടൻ വേഗം എന്നെ ബസിൽനിന്നിറക്കി കാറിൽ ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാറിൽവച്ച് ഭർത്താവ് ഉറക്കെ സ്തുതിച്ച് പ്രാർത്ഥിക്കുകയും ഞങ്ങൾ രണ്ടുപേരും മിഖായേൽ മാലാഖയെ വിളിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു പ്രകാശഗോളം അകലെനിന്ന് വരുന്നതുപോലെ. അത് എന്റെ നെറ്റിയുടെ മുൻപിൽ വന്നുനിന്നു. അപ്പോഴും ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഈ പ്രകാശഗോളം അകന്നകന്നുപോയി. മരണഭയവും എന്നെ വിട്ടകന്നു. നെഞ്ചുവേദന അപ്പോഴുമുണ്ടായിരുന്നു. ആശുപത്രിയിലെ പരിശോധനകളിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടില്ല. മിഖായേൽ മാലാഖ മരണത്തോട് പോരാടി എന്നെ മരണത്തിൽനിന്ന് രക്ഷിച്ചുവെന്ന് എനിക്ക് മനസ്സിലായി. വീട്ടിലെത്തി ഞാൻ ബൈബിൾ തുറന്നപ്പോൾ കിട്ടിയ വചനം ഏശയ്യാ 38:5- ഇതാ നിന്റെ ആയുസ് പതിനഞ്ചുവർഷംകൂടി ഞാൻ ദീർഘിപ്പിക്കും. ഈശോ തൊട്ടരുകിൽനിന്ന് സംസാരിക്കുന്നതുപോലെ. ”ജീവിച്ചിരിക്കുന്നവൻ – അവനാണ് അങ്ങേക്ക് നന്ദി പറയുന്നത്, കർത്താവ് എന്നെ രക്ഷിക്കും. ….ഞങ്ങൾ അവിടുത്തെ ഭവനത്തിൽ പ്രവേശിച്ച്, ജീവിതകാലം മുഴുവൻ തന്ത്രീനാദത്തോടെ അങ്ങയെ കീർത്തിക്കും” (ഏശയ്യാ 38:19-20). അന്നുതുടങ്ങി പ്രത്യേകമായൊരടുപ്പം മിഖായേൽ മാലാഖയോട് തോന്നിത്തുടങ്ങി. മിഖായേൽ മാലാഖയെ കൂട്ടുപിടിച്ചാൽ പിശാചിനെ തോല്പിക്കാൻ സാധിക്കുമെന്ന് ബോധ്യമായി.
പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും വഴി പരിശുദ്ധ അമ്മ നമ്മെ ആദ്യം പരിചയപ്പെടുത്തുന്നത് ഈശോയെയാണ്. അതിനുശേഷം അമ്മയുടെ ഉത്തമ സുഹൃത്തുക്കളും വിശ്വസ്തരുമായ മാലാഖമാരെയും വിശുദ്ധരെയും. വിശുദ്ധ യൗസേപ്പിനോടും മിഖായേൽ മാലാഖയോടുമെല്ലാം സ്‌നേഹവും ഭക്തിയും കാണിക്കാൻ പഠിപ്പിച്ചുതരുന്നതും അവരുടെയെല്ലാം പ്രിയപ്പെട്ട പരിശുദ്ധ അമ്മതന്നെ. ആദ്യം സൂചിപ്പിച്ച ജവാന്റെ കണ്ണും കൈയും റൈഫിളിൽ തൊട്ട് ഏതുസമയവും വെടിവയ്ക്കാൻ ഒരുങ്ങിയിരിക്കുന്നതുപോലെയാണ് സൈന്യങ്ങളുടെ രാജ്ഞിയും അധിപതിയുമായ അമ്മയുടെ ആജ്ഞ കിട്ടാൻ മിഖായേൽ മാലാഖ ജാഗ്രതയോടെ കാത്തുനില്ക്കുന്നത്. ത്രിതൈ്വക ദൈവസന്നിധിയിൽ പരിശുദ്ധ അമ്മയും മിഖായേൽ മാലാഖയും ജാഗ്രതയോടെ തിരുസഭാമക്കൾക്കുവേണ്ടി പോരാടുന്നു. തിരുസഭയ്ക്കും സഭാമക്കൾക്കുമെതിരെ പൈശാചിക പ്രവർത്തനങ്ങളും മതപീഡനങ്ങളും പെരുകുമ്പോൾ നമുക്ക് മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥനയും ഭക്തിയും വർധിപ്പിക്കാം. ദൈവം തന്റെ ദൂതന് നല്കിയ ശക്തിയും കൃപാവരങ്ങളും നമുക്കുവേണ്ടി പ്രയോഗിക്കാൻ പ്രാർത്ഥിക്കാം.
ഡാർളി വർഗീസ്