ആകുലപ്പെടാതെ എങ്ങനെ ജീവിക്കാം?

ഉത്ക്കണ്ഠ, ആകുലത, ഭയം, നിരാശ… തുടങ്ങിയ പ്രശ്‌നങ്ങളിൽ കുടുങ്ങി ജീവിതം തള്ളിനീക്കുന്നവർക്കുള്ള ഉത്തരം!

ജീവിതത്തിന്റെ ആനന്ദവും സൗന്ദര്യവും നഷ്ടമാക്കിക്കളയുന്ന ആത്മീയരോഗമാണ് ആകുലത. ശരീരത്തിന്റെ ആരോഗ്യം ചോർത്തിക്കളയാനും മനസിന്റെ ശക്തി കെടുത്തിക്കളയാനും ആകുലതയ്ക്ക് കഴിയും. ആകുലതമൂലം വളരെയേറെ കഴിവുകളുള്ള പലർക്കും അവ ഉപയോഗിച്ച് ജീവിതത്തിൽ വളരാൻ സാധിക്കാതെ പോകുന്നു.

പഠിക്കാൻ കഴിവുണ്ടെങ്കിലും ഞാൻ പഠിച്ചാൽ ജയിക്കുമോ എന്ന ആശങ്കയാൽ തളരുന്ന വിദ്യാർത്ഥികൾ….
പഠിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഈ കോഴ്‌സ് പൂർത്തിയാക്കിയാൽ എന്തെങ്കിലും ജോലി കിട്ടുമോ എന്നോർത്ത് ആധി പിടിച്ചു നടക്കുന്നവർ…
എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ കിട്ടുമോ…?
ഞാൻ വിവാഹം കഴിച്ചാൽ ശരിയാകുമോ…?

എന്റെ പങ്കാളി എന്നെ സ്‌നേഹിക്കു മോ? ഉപേക്ഷിച്ചുപോകുമോ…? ഇത്തരം ആകുലതകൾകൊണ്ട് പലരുടെയും ജീവിതം സന്തോഷമില്ലാത്തതായിത്തീരുന്നു.
അടുത്ത നാളിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ, അനേകർ ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയിൽ ജീവിക്കുന്നത് കാണാൻ കഴിഞ്ഞു. ജോലിയുണ്ടെങ്കിലും അതിൽ ആഹ്ലാദമില്ല. കാരണം അത് എപ്പോൾ നഷ്ടപ്പെടും എന്ന ഭയമാണ് അവരെ ഭരിക്കുന്നത്.

തനിക്ക് എന്തെങ്കിലും മാരകരോഗങ്ങൾ പിടിപെടുമോ എന്ന ആശങ്കയാൽ ജീവിക്കുന്ന മനുഷ്യരും നമുക്കിടയിൽ ധാരാളം. ഹാർട്ട് അറ്റാക്ക് ഉണ്ടാകുമോ? കാൻസർ പിടിപെടുമോ? മനസിന്റെ സമനില തെറ്റുപ്പോകുമോ? ഇത്തരം ചിന്തകളാൽ അവർ തളരും. ഇങ്ങനെയുള്ളവർക്ക് ഒരു ചെറിയ തലവേദന വന്നാൽ മതി, ബ്രെയിൻ ട്യൂമറാണോ എന്നവർ ചിന്തിച്ചുപോകും.

മക്കളെ ഓർത്ത് ആകുലപ്പെട്ട് കഴിയുന്ന മാതാപിതാക്കൾ… വാർധക്യത്തിലെത്തി കിടപ്പിലാകുന്നത് ഭാവനയിൽ കണ്ട് ഭയപ്പെടുന്ന മധ്യവയസ്‌കർ…. അപകടം ഉണ്ടാകുമോ എന്ന ഭയംമൂലം വണ്ടി ഓടിക്കാത്തവർ… മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്തു വിചാരിക്കും എന്നോർത്ത് തളരുന്നവർ… സാമ്പത്തിക ബുദ്ധിമുട്ടുകളോർത്ത് ഉറക്കം നഷ്ടപ്പെട്ടവർ….. ഇങ്ങനെ ആകുലതയുടെ ദുരിതം പേറുന്ന മനുഷ്യരാണ് എവിടെയും. ഇവരെ നോക്കി യേശു ഇപ്രകാരം പറഞ്ഞു:

”എന്തു ഭക്ഷിക്കും എന്തു പാനം ചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്ന് ശരീരത്തെക്കുറിച്ചോ നിങ്ങൾ ഉൽക്കണ്ഠാകുലരാകേണ്ട. ഭക്ഷണത്തെക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും ശ്രേഷ്ഠമല്ലേ. ആകാശത്തിലെ പക്ഷികളെ നോക്കുവിൻ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! ഉത്ക്കണ്ഠമൂലം ആയുസിന്റെ ദൈർഘ്യം ഒരു മുഴമെങ്കിലും കൂട്ടാൻ നിങ്ങളിലാർക്കെങ്കിലും സാധിക്കുമോ?” (മത്തായി 6:25-27).

ആകുലതകൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയില്ല. അതിനെക്കാൾ ഉപരിയായി അത് പ്രശ്‌നങ്ങൾ നേരിടാനും അതിജീവിക്കാനുമുള്ള നമ്മുടെ കഴിവ് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. എങ്കിലും നാം ആകുലപ്പെട്ടുപോകുന്നു. എങ്ങനെയാണ് നമുക്കിതിൽനിന്ന് വിടുതൽ ലഭിക്കുക. പത്രോസ് ശ്ലീഹാ നിർദേശിക്കുന്ന പ്രതിവിധി ഇതാണ്:

”നിങ്ങളുടെ ഉത്ക്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്” (1 പത്രോസ് 5:6).
നമ്മളെ ആകുലപ്പെടുത്തുന്ന സാഹചര്യങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ അവയോരോന്നും എടുത്തുപറഞ്ഞ് കർത്താവിനെ ഭരമേല്പ്പിക്കുക. ”ഞാൻ സകല മർത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ” (ജറെമിയ 32:27) എന്നരുളിച്ചെയ്ത കർത്താവിന് സഹായിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ നമുക്കില്ല. മാത്രമല്ല, അവൻ നമ്മുടെ കാര്യത്തിൽ കരുതലുള്ളവനുമാണ്. അവനിലുള്ള വിശ്വാസവും ആശ്രയവും നഷ്ടപ്പെടുമ്പോഴാണ് നാം ആകുലചിത്തരായിപ്പോകുന്നത്.

ഒരിക്കൽ രോഗിയായ മകളെ ഓർത്ത് വിഷമിക്കുന്ന പിതാവ് രാത്രിയിൽ നിലവിളിച്ചുകൊണ്ട് ജപമാല ചൊല്ലുകയായിരുന്നു. പെട്ടെന്ന് മുൻപിലുള്ള ദൈവമാതൃരൂപം ഇങ്ങനെ സംസാരിക്കുന്നതായി അദ്ദേഹത്തിനനുഭവപ്പെട്ടു.

”മകനേ, നിന്റെ മകൾക്ക് രണ്ട് പിതാക്കന്മാരുണ്ട് എന്ന സത്യം നീ മറന്നുപോയോ? നീ അവൾക്ക് ശാരീരികമായി ജന്മം നല്കി. എന്നാൽ അവളുടെ ആത്മാവിനെ സൃഷ്ടിച്ചതും അവൾക്ക് വ്യക്തിത്വം നല്കിയതും സ്വർഗത്തിലെ പിതാവാണ്.”
”ഇതിൽ ഏതു പിതാവായിരിക്കും അവളെ കൂടുതൽ സ്‌നേഹിക്കുക?”
”തീർച്ചയായും സ്വർഗത്തിലെ പിതാവുതന്നെ.”

”എങ്കിൽ അവിടുന്ന് അവളെ കണ്ടുകൊണ്ടിരിക്കുന്നു. ഈ രോഗാവസ്ഥ എങ്ങനെ ദൈവമഹത്വത്തിനായി കൈകാര്യം ചെയ്യണമെന്ന് സർവജ്ഞാനിയായ അവിടുത്തേക്കറിയാം. അതിനാൽ സ്വർഗസ്ഥനായ പിതാവിന് നിന്റെ മകളെ ഭരമേല്പിക്കുക. നീ ശാന്തനാകുക.”
അദ്ദേഹത്തിന്റെ ഉത്ക്കണ്ഠകളെല്ലാം ആ നിമിഷംതന്നെ പോയി മറഞ്ഞു.

നാം സ്വർഗസ്ഥനായ പിതാവിന്റെ മക്കളാണെന്നും അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നുണ്ടെന്നും ആകുലചിത്തർ തങ്ങളോടുതന്നെ പറയണം. ഉത്ക്കണ്ഠയുടെ ഭാരംകൊണ്ട് തളരുമ്പോൾ മുട്ടുകുത്തിനിന്ന് ഇപ്രകാരം പ്രാർത്ഥിക്കുക: ”കർത്താവായ ദൈവമേ, അങ്ങാണ് എന്റെ പിതാവും സ്രഷ്ടാവും എന്ന് ഞാൻ വിശ്വസിച്ച് ഏറ്റുപറയുന്നു. ഈ പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിച്ച് പരിപാലിക്കുന്ന അവിടുത്തെ അധികാരത്തിൻകീഴിലാണ് എന്നെ ഭാരപ്പെടുത്തുന്ന എല്ലാ സാഹചര്യങ്ങളും സംഭവങ്ങളും എന്നും ഞാൻ വിശ്വസിക്കുന്നു. അവിടുന്നറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. അവിടുന്ന് അനുവദിക്കുന്നതെല്ലാം എന്റെ ആത്യന്തികമായ നന്മയ്ക്കാണെന്നും ഞാൻ വിശ്വസിക്കുന്നു. അതിനാൽ എന്നെ ഭാരപ്പെടുത്തുന്ന വ്യക്തികളെയും സംഭവങ്ങളെയും ഞാനിതാ സമർപ്പിക്കുന്നു. എന്റെ മനസിനെ ആകുലതയിൽനിന്ന് സ്വതന്ത്രനാക്കി അനുഗ്രഹിക്കണമേ… ആമ്മേൻ.”

ആകുലതയുണ്ടാകുന്നതിനുള്ള രണ്ടാമത്തെ കാരണം ‘ഇന്നു’കളിൽ ജീവിക്കാത്തതാണ്. നാളത്തെ കാര്യമോർത്ത് ആകുലപ്പെടുന്നവർക്ക് ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നന്നായി ചെയ്യാൻ പറ്റില്ല. നാളെ നമ്മൾ ജീവിച്ചിരിക്കുമോ എന്ന കാര്യത്തിൽ നമുക്ക് യാതൊരു ഉറപ്പുമില്ല. ഉറപ്പുള്ളത് ഈ നിമിഷം മാത്രമാണ്. ഭാവി എന്റെ ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതമാണെന്ന് വിശ്വസിച്ചുകൊണ്ട് ഇന്ന് നന്നായി പ്രാർത്ഥിക്കുക. ഇന്ന് നന്നായി പ്രവർത്തിക്കുക. ഇന്ന് ഞാൻ ചെയ്യേണ്ടത് നന്നായി ചെയ്യുമ്പോൾ നാളെയെക്കുറിച്ച് കൂടുതൽ ആത്മവിശ്വാസം ഉള്ളവരായി നാം മാറും. യേശു പറയുന്നു:

”നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി” (മത്തായി 6:34).

തെറ്റായ കാഴ്ചപ്പാടുകൾ പുലർത്തുന്ന മനസ് പെട്ടെന്ന് ആകുലതയ്ക്ക് അടിമപ്പെട്ടുപോകാം. ഏതൊരു പ്രശ്‌നത്തിന്റെയും സാഹചര്യത്തിന്റെയും നിഷേധാത്മകവശം മാത്രമേ അവർ കാണുകയുള്ളൂ. ക്രിയാത്മകമായി ചിന്തിക്കാൻ ഇക്കൂട്ടർ അശക്തരാണ്.

”എനിക്കൊരു ജോലിയും ശമ്പളവും ഉണ്ടല്ലോ എന്ന് ചിന്തിക്കുന്നതിനുപകരം എനിക്കീ ജോലിയാണല്ലോ കിട്ടിയത്, എനിക്കിത്രയും ശമ്പളമേ ഉള്ളല്ലോ” എന്നോർത്ത് അവർ വിഷമിക്കും.

‘എനിക്ക് സ്വന്തമായിട്ടൊരു വീടുണ്ടല്ലോ’ എന്നല്ല അവർ ചിന്തിക്കുന്നത്. ‘എന്റെ വീട് മറ്റുള്ളവരുടേതുപോലെ സൗകര്യമുള്ളതല്ലല്ലോ’ എന്ന ദുഃഖമാണവരുടെ മനസിൽ.
യഥാർത്ഥത്തിൽ സമ്പന്നതപോലും ഹൃദയത്തിലാണ്. ഒരിക്കൽ വിശുദ്ധ ഫ്രാൻസിസ് അസീസിയും ബ്രദർ ലിയോയും കൂടി ഭിക്ഷ തേടാൻ പോയി. അന്ന് പൂപ്പൽ പിടിച്ച കുറച്ച് റൊട്ടിയാണ് അവർക്ക് ഭിക്ഷ കിട്ടിയത്. മധ്യാഹ്നമായപ്പോൾ അവർ ഭക്ഷണം കഴിക്കാനായി ഒരു അരുവിയുടെ അടുത്തുള്ള പാറപ്പുറത്ത് കയറിയിരുന്നു. റൊട്ടി കൈയിലെടുത്തുകൊണ്ട് വിശുദ്ധ ഫ്രാൻസിസ് വലിയ ആഹ്ലാദത്തോടെ ബ്രദർ ലിയോയെ നോക്കി ഇങ്ങനെ പറഞ്ഞു:
”ഒന്നോർത്താൽ നമ്മളെത്രയോ സമ്പന്നരാണ്, അല്ലേ ബ്രദർ ലിയോ?”

അതുകേട്ട് ബ്രദർ ലിയോയ്ക്ക് ദേഷ്യമാണുണ്ടായത്. അദ്ദേഹം ചോദിച്ചു:
”അങ്ങ് എന്താണ് ഈ പറയുന്നത്? നമ്മൾ സമ്പന്നരാണെന്നോ? ഭിക്ഷ തെണ്ടി കിട്ടിയ ഈ ഉണക്കറൊട്ടിയല്ലാതെ നമുക്കെന്ത് സമ്പത്താണുള്ളത്?”
”ബ്രദർ ലിയോ, ഈ അരുവിയിലെ സ്ഫടികസദൃശമായ ജലം നോക്കിക്കേ… നമുക്ക് കുടിക്കാനായി നാം അധ്വാനിക്കാതെ തന്നെ ദൈവം ഒരുക്കിത്തന്നിരിക്കുന്നു. നമുക്കിരുന്ന് ഭക്ഷണം കഴിക്കാൻ മേശപോലെ ഉപയോഗിക്കാവുന്ന ഒരു പാറയും ദൈവം ഒരുക്കിയതല്ലേ. എത്ര മനോഹരമായ ആകാശമാണ് മുകളിൽ. കേട്ടാസ്വദിക്കാൻ പക്ഷികളുടെ പാട്ട്. ഓ…. നമുക്കൊന്നിനും കുറവില്ല. എല്ലാം ദൈവം നമുക്ക് തന്നിരിക്കുന്നു. നാം എത്രയോ സമ്പന്നരാണ്… അല്ലേ ലിയോ.”
വിശുദ്ധ ഫ്രാൻസിസിന്റെ ആഹ്ലാദം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ബ്രദർ ലിയോയുടെ കണ്ണുകൾ തുറന്നു. സാഹചര്യങ്ങളോ സംഭവങ്ങളോ അല്ല ആകുലപ്പെടുത്തുന്നത്. പ്രത്യുത അവയോടുള്ള നമ്മുടെ കാഴ്ചപ്പാടാണ്. അതിനാൽ ദൈവിക കാഴ്ചപ്പാടുകൾ സ്വന്തമാക്കുന്നവർക്ക് ഏതു സാഹചര്യത്തിലും ആകുലപ്പെടാതെ ആനന്ദം കണ്ടെത്താൻ കഴിയും.

കാനാൻദേശം ഒറ്റുനോക്കാനായി മോശ പന്ത്രണ്ടുപേരെ അയച്ചു. ദൈവം വാഗ്ദാനം ചെയ്തിരുന്നതുപോലെ ‘പാലും തേനും’ ഒഴുകുന്ന നാടാണ് അതെന്ന് അവർക്ക് മനസിലായി. എന്നാൽ അവിടെയുള്ള മനുഷ്യർ മഹാമല്ലന്മാരും നഗരങ്ങൾ വലിയ കോട്ടകളാൽ സുരക്ഷിതവുമാണെന്ന് അറിഞ്ഞപ്പോൾ പലരും നഷ്ടധൈര്യരായി. തങ്ങൾ കാനാൻകാരാൽ കൊല്ലപ്പെടുമോ എന്ന ആശങ്ക ജനത്തെ ബാധിച്ചു.

‘കാനാൻകാർ നമ്മെക്കാൾ ശക്തരാണ്. അവരെ കീഴ്‌പ്പെടുത്താനുള്ള ശക്തി നമുക്കില്ല’ എന്ന നിഷേധാത്മകമായ വാർത്ത ജനത്തെ ആകുലതയാൽ തളർത്തി. തങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും വാളിനിരയായിത്തീരും എന്നവർ ചിന്തിച്ചു. പലരും പുതിയ തലവനെ തിരഞ്ഞെടുത്ത് ഈജിപ്തിലേക്ക് തിരിച്ചുപോകാൻവരെ തയാറായി. അപ്പോൾ മോശ പറഞ്ഞു:

”നിങ്ങൾ പരിഭ്രമിക്കേണ്ട. നിങ്ങളുടെ മുമ്പേ പോകുന്ന നിങ്ങളുടെ ദൈവമായ കർത്താവ് ഈജിപ്തിൽ നിങ്ങളുടെ കൺമുൻപിൽവച്ച് പ്രവർത്തിച്ചതുപോലെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും” (നിയമാവർത്തനം 1:29-30).

പക്ഷേ, അവർ മോശയുടെ വാക്ക് കേട്ടില്ല. മറിച്ച് ഭയപ്പെടുത്തുന്ന വാക്കുകളെ ഗൗരവമായിട്ടെടുത്തു. ചെങ്കടൽ വിഭജിച്ച, പാറ പിളർന്ന് ജലം നല്കിയ ഒരു ദൈവം അവരുടെ കൂടെയുണ്ടെന്ന സത്യം അവർ വിസ്മരിച്ചു. സാധാരണ മനുഷ്യരും സാഹചര്യങ്ങളും പറയുന്ന വാക്കുകൾ നമ്മുടെ ധൈര്യം ചോർത്തിക്കളയും. അവർ ശത്രുവിന്റെ ശക്തിയെക്കുറിച്ചും പ്രതിബന്ധങ്ങളുടെ പെരുപ്പത്തെക്കുറിച്ചും അപകടസാധ്യതയെക്കുറിച്ചുമാണ് പറയുക. അത് നമ്മിൽ ഭയം മാത്രമേ ജനിപ്പിക്കുകയുള്ളൂ.

എന്നാൽ, ദൈവാരൂപിയാൽ നയിക്കപ്പെട്ട ജോഷ്വായും കാലേബും പറഞ്ഞു ”നമുക്കിപ്പോൾത്തന്നെ പോയി ദേശം കൈവശപ്പെടുത്താം. നമുക്കതിനുള്ള ശക്തിയുണ്ട്.” പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും നേരിടുമ്പോൾ നാം ദൈവത്തിന്റെ ശബ്ദത്തിന് ചെവികൊടുക്കണം. അപ്പോൾ നമുക്ക് കേൾക്കാൻ സാധിക്കും – ”ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈകൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും” (ഏശയ്യാ 41:10).

പക്ഷേ, ദൈവത്തിന്റെ പരിപാലനയും ഇടപെടലും ജീവിതത്തിൽ ഉണ്ടാകണമെങ്കിൽ നാം ശ്രദ്ധിക്കേണ്ട ഒരു സുപ്രധാന കാര്യമുണ്ട് – പ്രശ്‌നങ്ങൾ വരുമ്പോൾമാത്രം ദൈവത്തെ അന്വേഷിക്കുകയും മറ്റവസരങ്ങളിൽ ദൈവവിചാരമില്ലാതെ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് ജീവിക്കുകയും ചെയ്യരുത്. യേശു പറഞ്ഞു: ”നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്ക് ലഭിക്കും” (മത്തായി 6:33). നമ്മളെ ആകുലപ്പെടുത്തുന്ന സകല കാര്യങ്ങളിലും പിതാവ് ശ്രദ്ധയുള്ളവനാണ്. നാം പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനാകുമ്പോൾ പിതാവ് നമ്മുടെ കാര്യത്തിലും വ്യാപൃതനാകും.

”അതിനാൽ എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ച് നിങ്ങൾ ആകുലരാകേണ്ട. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗീയപിതാവ് അറിയുന്നു” (മത്തായി 6:32).

‘വിജാതിയർ’ എന്നു പറഞ്ഞാൽ ദൈവത്തെ അറിയാത്തവർ, ദൈവം പിതാവാണെന്ന് മനസിലാക്കാത്തവർ എന്നാണ് അർത്ഥമാക്കേണ്ടത്. ദൈവത്തെ ശരിയായി മനസിലാക്കാത്തവരുടെ അടയാളമാണ് ആകുലത. തന്മൂലം ദൈവമക്കൾ ആകുലതകളെ അതിജീവിക്കുന്നവരാകണം. ”സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി അവനെ ഏല്പിച്ചുതന്നവൻ അവനോടുകൂടെ സമസ്തവും നമുക്ക് ദാനമായി നല്കാതിരിക്കുമോ?” (റോമാ 8:32). അതിനാൽ ”ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും” (ഫിലിപ്പി 4:6-7).

ബെന്നി പുന്നത്തറ

2 Comments

  1. Keven Dsilva says:

    A very good Article. Its a fact then we humans will have anxiety, this article gave me more insight and faith and I was also having some issues and reading this wonderful words of Benny sir I am much relaxed and Blessed and My faith has increased in Lord Jesus. The is also so beautiful Thank you so much.May Holy Spirit lead and bless you more to be a Blessings to all .

  2. Hevert L says:

    Felt a lot of comfort while going through this article. Felt like God was reminding me of many things through this article by Br.Benny.

Leave a Reply

Your email address will not be published. Required fields are marked *