ഒരു പ്രമുഖ പത്രത്തിന്റെ ഓഫീസിലെത്തിയതായിരുന്നു അയാൾ. അദ്ദേഹത്തിന് കാണേണ്ടിയിരുന്ന വ്യക്തി വരാൻ വൈകുമെന്നതിനാൽ അല്പസമയം അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. അന്നത്തെ ദിനപത്രം മറിച്ചുനോക്കിയിട്ട് അയാൾ എഴുന്നേറ്റ് പത്രാധിപരുടെ അടുത്തെത്തി. ഇന്നെന്തു പറ്റി? പത്രത്തിൽ പ്രത്യേകിച്ച് വാർത്തകളൊന്നുമില്ലല്ലോ. ഒരു കൊലപാതകമോ, കവർച്ചയോ, കള്ളക്കടത്തോ, പീഡനമോ ഒന്നുമില്ലെങ്കിൽ പത്രം വായിക്കാൻ ഒരു രസവുമില്ല. അതു കേട്ടുകൊണ്ടുവന്ന സ്റ്റാഫ് ഇപ്രകാരം പറഞ്ഞു: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അത്തരം സംഭവങ്ങളൊന്നുമുണ്ടായതായി എങ്ങുനിന്നും റിപ്പോർട്ടൊന്നുമില്ല. ഇതുകേട്ട പത്രാധിപരുടെ മറുപടി ഇപ്രകാരമായിരുന്നു: നിങ്ങൾ വിഷമിക്കാതിരിക്കൂ. മനുഷ്യപ്രകൃതിയിൽ എനിക്കിപ്പോഴും വിശ്വാസമുണ്ട്!
എവിടെയും തിന്മ കാണാനും വായിക്കാനും കേൾക്കാനുമാണ് പലർക്കും താല്പര്യം. ഇതിനിടയിൽ നഷ്ടപ്പെട്ടുപോകുന്നത് ലോകത്തിന്റെ നന്മകളാണ്. മറ്റുള്ളവരിലെ നന്മയും സൗന്ദര്യവും കാണാനുള്ള മനസ്സ് നമുക്ക് കൈമോശം വന്നിട്ടുണ്ടോ?
”കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണു കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവനും ഇരുണ്ടുപോകും” (ലൂക്കാ 11:34).