കാരുണ്യമർഹിക്കുന്ന മുഖങ്ങൾ കില്ലെന്ന് നടിച്ച് കടന്നുപോകുന്നവരാണോ നാം? എങ്കിൽ ഓർക്കുക, അവരിൽ നമുക്ക് വളരെ വേപ്പെട്ടവരു്ണ്ട…
പതിവുപോലെ ആശുപത്രിയിൽ ജോലിക്കായി എത്തിയ എനിക്ക് അന്ന് ആറ് രോഗികളെയാണ് ശുശ്രൂഷിക്കേണ്ടിയിരുന്നത്. ഓരോ മുറിയിലും കയറി ഞാൻ എന്നെ പരിചയപ്പെടുത്തി. അങ്ങനെ ആറാമത്തെ രോഗിയുടെ മുറിയിൽ എത്തി. 85 വയസുള്ള ഒരു അമ്മ. അമേരിക്കക്കാരിയായ അവരുടെ പേര് മേരി എന്നായിരുന്നു. 21 വർഷങ്ങൾക്കുമുൻപ് എന്നെ വിട്ടുപിരിഞ്ഞ് നിത്യതയിലേക്ക് പോയ എന്റെ അമ്മയുടെ പേരായിരുന്നു അത്. ഇന്നെന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ഇരിക്കുമായിരുന്നല്ലോ എന്ന് ഞാനോർത്തു. ഞാൻ പറഞ്ഞു: മിസ് മേരി, എന്റെ പേര് ജയിംസ്. ഇന്ന് ഞാനായിരിക്കും നിങ്ങളുടെ നഴ്‌സ്. ഞാൻ പറഞ്ഞതൊന്നും അമ്മച്ചി കേട്ടില്ല. അമ്മച്ചി ചോദിച്ചു, ‘ആരാ അത്?’ കണ്ണിന് കാഴ്ച മങ്ങിയ അമ്മച്ചിക്ക് വ്യക്തമായി എന്നെ കാണാൻ കഴിഞ്ഞില്ല. വീണ്ടും പറയാനായി ഞാൻ തുടങ്ങി. ‘എന്റെ പേര് ജയിംസ്.’ അമ്മച്ചി പെട്ടെന്നെന്റെ കൈകളിൽ കയറിപ്പിടിച്ചു. ജയിംസ് എന്ന പേര് അവരെ വല്ലാതെ പിടിച്ചു കുലുക്കി. അവർ പറഞ്ഞുകൊണ്ടിരുന്നു. ”മൈ സൺ, മൈ സൺ, മൈ സൺ, ജയിംസ്, ജയിംസ്.” അമ്മച്ചിയുടെ കൈകൾ എന്റെ കൈകളെ മുറുകെ പിടിക്കാൻ വെമ്പുന്നത് ഞാനറിഞ്ഞു. ഞാൻ ഇരുകൈകളുംകൊണ്ട് അമ്മച്ചിയുടെ കൈകളിൽ പിടിച്ചു. എന്റെ കൈകളിലേക്ക് കണ്ണുനീർ തുള്ളികൾ പതിക്കുന്നത് ഞാനറിഞ്ഞു. ആ അമ്മച്ചി പറഞ്ഞുകൊണ്ടിരുന്നു: ”നീ വന്നോ, എന്റെ മോനെ നീ വന്നോ. നീ എവിടെയായിരുന്നു? കഴിഞ്ഞ ഇരുപതു വർഷമായി നിന്നെ ഓർത്ത് കരയാത്ത ഒറ്റ ദിവസങ്ങളുമില്ല. നിനക്കുവേണ്ടി പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല. നിന്റെ വിവരങ്ങളറിയാതെ ഞാൻ എത്രമാത്രം വിഷമിച്ചു എന്നറിയാമോ? എന്തിനാ ഈ അമ്മയെ ഉപേക്ഷിച്ചുപോയത്?” ആ അമ്മ പുലമ്പിക്കൊണ്ടിരുന്നു. ആ അമ്മയുടെ മകന്റെ പേര് ജയിംസ് എന്നാണെന്നും ഇരുപതു വർഷമായി അവർ മകന്റെ വരവിനായി കാത്തിരിക്കുകയാണെന്നും ഞാൻ മനസിലാക്കി. തന്റെ തിരിച്ചുവന്ന മകനായാണ് അവർ എന്നെ കരുതുന്നതെന്ന് അറിഞ്ഞപ്പോൾ അത് തിരുത്തി പറയാനോ ഞാൻ നിങ്ങളെ ശുശ്രൂഷിക്കാൻ വന്ന നഴ്‌സാണെന്ന് പറയാനോ എനിക്കായില്ല. ഒരു നിമിഷം മരണത്തിലൂടെ കന്നുപോയ എന്റെ അമ്മയെ തിരിച്ചുകിട്ടിയതുപോലെ എനിക്കും തോന്നി. ഞാൻ വിളിച്ചു: ‘അമ്മേ, ഞാൻ അമ്മയുടെ മകൻ ജയിംസാണ്. അമ്മയെ കാണാൻ വന്നതാണ്.’
ആ അമ്മയുടെ കട്ടിലിനരുകിൽ ഞാൻ ഇരുന്നു. തന്റെ മകനാണ് വന്നതെന്ന് ആ അമ്മ വിശ്വസിച്ചു. മകനെ തിരിച്ചുകിട്ടിയ സന്തോഷം കണ്ണീർത്തുള്ളികളായി മാറി. ”കഴിഞ്ഞ ഇരുപതു വർഷമായി നിനക്കായി പ്രാർത്ഥിച്ച് ഞാൻ കാത്തിരുന്നു. ഇന്ന് ഈശോ എനിക്ക് നിന്നെ തിരിച്ചുതന്നു. നന്ദി ദൈവമേ.” അവർ പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ എന്തോ പറയാൻ തുടങ്ങി. പക്ഷേ, സ്വരം പുറത്തേക്കുവന്നില്ല. ആ അമ്മയെ ‘ഞാൻ നിങ്ങളുടെ മകനല്ല?’ എന്ന് പറഞ്ഞ് വിഷമിപ്പിക്കാൻ എനിക്ക് മനസ്സുവന്നില്ല. ആ അമ്മയ്ക്ക് എന്നിലൂടെ തന്റെ മകനെ തിരിച്ചുകിട്ടുമെങ്കിൽ, അതിലൂടെ മരണം കാത്തു കഴിയുന്ന അവർക്ക് അല് പം ആശ്വാസം കിട്ടുമെങ്കിൽ ഞാൻ എന്തിനത് ഇല്ലാതാക്കണം? അമ്മയുടെ നിറുകയിൽ തലോടി, അമ്മയെ താങ്ങിപ്പിടിച്ച് എഴുന്നേല്പിച്ച് കസേരയിൽ ഇരുത്തി. കണ്ണട എടുത്ത് മുഖത്തുവച്ചുകൊടുത്തു. കുടിക്കാൻ ആപ്പിൾജ്യൂസ് കൊടുത്തു. അപ്പോഴെല്ലാം ആ അമ്മ എന്നെ മുറുകെ മുറുകെ പിടിച്ചുകൊണ്ടിരുന്നു. അമ്മ പറഞ്ഞു ”നിനക്കറിയുമോ ഇന്ന് ജീസസ് എന്റെ മകനെ എനിക്ക് തിരിച്ചുതന്ന ദിവസമാണ്. ഇനി ഒരിക്കലും നീ എന്നെ വിട്ടുപോകരുത്. അമ്മയ്ക്ക് നിന്നെ കിട്ടിയല്ലോ, ഇനി എനിക്ക് സമാധാനമായി മരിക്കാം. നിന്നെ കാണാതെ ഞാൻ മരിച്ചിരുന്നെങ്കിൽ എന്റെ ആത്മാവിന് സമാധാനം കിട്ടുമായിരുന്നില്ല. ജീസസ് എല്ലാം അറിയുന്നു.”
ഞാൻ അമ്മയോട് ചോദിച്ചു ”ആരാണമ്മേ ജീസസ്?” അമ്മ പറഞ്ഞു, ജീസസ് ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണ് മോനെ. അവന്റെ ശക്തി ഒന്നുമാത്രമാണ് നിന്നെ എന്നിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ദൈവത്തിന്റെ പുത്രനാണവൻ. നീ അവനിൽ വിശ്വസിക്കുന്നില്ലേ? ഉവ്വ് അമ്മേ ഞാൻ വിശ്വസിക്കുന്നുണ്ട്. അമ്മയ്ക്ക് ഞാൻ ഒരു സമ്മാനവുമായാണ് വന്നത് എന്നു പറഞ്ഞ് എന്റെ പോക്കറ്റിലുണ്ടായിരുന്ന ജപമാല എടുത്ത് അമ്മയ്ക്ക് കൊടുത്തു. ‘ഇത് എന്റെ വക അമ്മയ്ക്ക് ഒരു സമ്മാനം.’ ജപമാല കൈയിൽ കിട്ടിയ അമ്മ അതിലൂടെ വിരലോടിച്ചു, എന്നിട്ട് വിതുമ്പി കരഞ്ഞുകൊണ്ട് പറഞ്ഞു: ”ഇതുപോലൊരെണ്ണം എന്റെ കൈയിലുണ്ടായിരുന്നു. അത് നഷ്ടപ്പെട്ടതിനാൽ ഞാനാകെ വിഷമിച്ചിരിക്കുകയായിരുന്നു. എന്റെ മകൻ എനിക്കുതന്ന ഈ കൊന്ത ഞാൻ കളയില്ല, മരണംവരെ. ഇരുകൈകളുംകൊണ്ട് അമ്മ ആ കൊന്ത നെഞ്ചോടു ചേർത്തു. നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. അമ്മയുടെ ആവശ്യത്തിനുമുന്നിൽ ഞാനും അമ്മയോടൊപ്പം ജപമാലപ്രാർത്ഥന തുടങ്ങി. പക്ഷേ, എന്റെ മറ്റു രോഗികൾക്ക് മരുന്നു കൊടുക്കണമല്ലോ. അമ്മ പ്രാർത്ഥിച്ചുകൊള്ളൂ, ഞാൻ ഉടനെ വരാം എന്നു പറഞ്ഞ് മുറിവിട്ടിറങ്ങി. പിന്നെ എനിക്ക് തിരക്കായിരുന്നു. വീണ്ടും അമ്മയുടെ മുറിയിലേക്ക് പോകുന്നത് രണ്ടുമണിക്കൂർ കഴിഞ്ഞായിരുന്നു. അപ്പോഴും ആ അമ്മ ഞാൻ കൊടുത്ത കൊന്ത നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുകയായിരുന്നു. ഞാൻ അമ്മയുടെ അടുത്തിരുന്നു. എന്നെ ഇരുകരങ്ങളും നീട്ടി അമ്മ ചേർത്തുപിടിച്ചു. എന്റെ നെറ്റിത്തടത്തിൽ ഉമ്മ തന്നു. എന്നിട്ട് എന്റെ ചെവിയിൽ മന്ത്രിച്ചു: ‘ജീസസ് ഈസ് ദ സൺ ഓഫ് ഗോഡ്.’ അവനാണ് എനിക്കെന്റെ മകനെ തിരിച്ചുതന്നത്. പാറപോലെ നെഞ്ചകത്തിൽ ഉറച്ചുപോയ വിശ്വാസം അവരുടെ അധരത്തിൽനിന്ന് പിന്നെയും പിന്നെയും ഞാൻ കേട്ടു. വീണ്ടും ഞാൻ മറ്റു രോഗികളുടെ മുറികളിലേക്ക് പോയി.
ഏകദേശം ഒരു മണിയായപ്പോൾ, അമ്മച്ചിയുടെ മുറിയിലേക്ക് ഡോക്ടർ പോകുന്നത് ഞാൻ കണ്ടു. ഞാനും അവിടേക്ക് കടന്നുചെന്നു. കൈയിൽ കൊന്തയും പിടിച്ച് കട്ടിലിൽ കിടക്കുന്ന അമ്മയ്ക്ക് നല്ല ശ്വാസതടസം ഉണ്ടെന്ന് മനസിലായി. ഡോക്ടർ ചെയ്യാവുന്ന കാര്യങ്ങളൊക്കെ ചെയ്തുനോക്കുകയാണ്. പക്ഷേ, അമ്മ മരണത്തിലേക്ക് കടക്കുകയാണെന്ന് ഞാൻ മനസിലാക്കി. അപ്പോഴും ആ അധരങ്ങൾ പറഞ്ഞുകൊണ്ടിരുന്നു: ”മൈ സൺ, ജയിംസ്. മൈ സൺ, ജയിംസ്. ജീസസ് എന്റെ മകനെ തിരികെ തന്നു. ഐ ലവ് മൈ സൺ.”
ഞാൻ അമ്മയുടെ കൈകൾ കോരി എടുത്തു. ഡോക്ടറും മറ്റ് ജോലിക്കാരും നഴ്‌സുമാരും ആ മുറിയിലുണ്ടായിരുന്നു. പക്ഷേ, അതൊന്നും ഞാൻ അപ്പോൾ ഓർത്തില്ല. അമ്മേ എന്നു ഞാൻ വിളിച്ചു, അമ്മ എന്റെ മുഖത്തേക്ക് നോക്കി. മൈ സൺ, ഐ ലവ് യൂ എന്ന് പറഞ്ഞു. ഞാൻ അമ്മയുടെ നെറ്റിത്തടത്തിൽ ചുംബിച്ചു. സാവധാനം അമ്മ മരണം പുല്കി. മരണം പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ഒരു രോഗി മരിച്ചു. മറ്റു ഡോക്ടർമാർക്കും നഴ്‌സുമാർക്കും അത്രയേ ഉള്ളൂ. പക്ഷേ, എനിക്ക് വീണ്ടുമൊരിക്കൽക്കൂടി അമ്മയെ നഷ്ടപ്പെടുന്ന ദുഃഖം അനുഭവപ്പെട്ടു. എങ്കിലും ഞാൻ തിരിച്ചറിഞ്ഞു, മകനെ കാത്തിരുന്ന്, പ്രാർത്ഥിച്ച്, ദൈവത്തിലർപ്പിച്ച വിശ്വാസത്തിന് ആ അമ്മ സമ്മാനിതയാവുകയായിരുന്നു. മരണത്തിന് തൊട്ടുമുൻപ് തന്റെ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തോടെ സമാധാനത്തോടെയാണ് ആ അമ്മ യാത്രയായത്. മകൻ സമ്മാനിച്ച സമ്മാനം വിലപ്പെട്ട നിധിയായി നെഞ്ചോടു ചേർത്തുവച്ച് സ്‌നേഹിച്ച്, മകനോടൊപ്പം കൊന്ത ചൊല്ലി പ്രാർത്ഥിച്ച് അമ്മ യാത്രയായി. ഞാൻ അതിനായി ദൈവത്തിന്റെ ഒരു ഉപകരണമായി എന്നുമാത്രം.
2016 കരുണയുടെ വർഷമായി പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചപ്പോൾ, സ്വർഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” എന്ന മാർപാപ്പയുടെ കരുണയുടെ സന്ദേശം കേട്ടപ്പോൾ ഞാൻ പലവട്ടം ചിന്തിച്ചു, എങ്ങനെയാണ് കരുണയുടെ ഈ വർഷം ദൈവത്തിനായി സമർപ്പിക്കുക എന്ന്. ഏറെ പ്രാർത്ഥിച്ചു, വളരെ ചിന്തിച്ചു. അതിനൊടുവിൽ ദൈവം തന്ന സന്ദേശമിതായിരുന്നു. നഴ്‌സായ നിനക്ക് എന്തിന് മറ്റൊരു കരുണയുടെ മേഖല. നിന്റെ മുന്നിലെത്തുന്ന രോഗികളോട് കരുണ കാണിക്കാൻ നിനക്ക് സാധിച്ചാൽ, അവരുടെ മുറിവുകൾ വച്ചുകെട്ടുമ്പോൾ, അവരോട് സംസാരിക്കുമ്പോൾ, അവരുടെ വേദനകൾ മനസിലാക്കുമ്പോൾ, അല്പം കരുണ, അല്പം സ്‌നേഹം, അല്പം ആർദ്രത, അത് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന വ്യതിയാനം, അവരുടെ കദനങ്ങൾക്കിടയിൽ ഒരിത്തിരിവെട്ടമായിത്തീരുവാൻ നിനക്ക് സാധിച്ചാൽ അതിലും വലിയ കരുണ എവിടെ? അന്നു ഞാൻ തീരുമാനമെടുത്തു – ഈ വർഷം എന്റെ ജോലിമേഖല എനിക്ക് കരുണയുള്ളവനാകുവാനുള്ള മേഖലയായിരിക്കും. തീരുമാനം കർത്താവിന്റെ സന്നിധിയിൽ ഏറ്റുപറഞ്ഞ് ജോലിക്കുപോയ അന്നായിരുന്നു ‘മേരി’ എന്ന അമ്മയെ ദൈവം എന്റെ മുന്നിലേക്ക് കൊണ്ടുവന്നത്. അന്ന് ഞാൻ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്. കർത്താവിന്റെ കൃപയുടെ കീഴിൽ നമ്മൾ താഴ്മയോടെ നിന്നാൽമാത്രം മതി. അവിടുന്ന് നമ്മെ വേണ്ടതുപോലെ വേണ്ട സമയത്ത് ഉയർത്തിക്കൊള്ളും.
ജയിംസ് വടക്കേക്കര