പ്രാണികൾക്കു പകരം ക്രിസ്ത്യാനികൾ

ചെറിയ പ്രാണികളെ കുത്തിവേദനിപ്പിക്കുന്നത് ബാല്യത്തിൽ അവനൊരു വിനോദമായിരുന്നു. നിസഹായരായ പ്രാണികൾ വേദനയോടെ പിടയുന്നത് അവനെ ഹരം പിടിപ്പിച്ചു. മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടെങ്കിലും ആരും അവനെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല. മാത്രമല്ല, അവന്റെ പുഞ്ചിരിയും കളിയും കാണാൻ വേണ്ടി അവർ കൈകൊട്ടി ആർത്തുചിരിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അത് അവന് പ്രചോദനമായി. വളർന്നപ്പോൾ പ്രാണികൾക്കു പകരം മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ അവൻ സന്തോഷം കണ്ടെത്തി. ഒടുവിൽ രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തപ്പോൾ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കാൻ തുടങ്ങി. രക്തദാഹംപൂണ്ട മകന്റെ പ്രവൃത്തിയിൽ അവന്റെ അമ്മയുടെ മനസ്സ് നൊന്തു. ഇത്തരം ക്രൂരതകളിൽനിന്ന് പിന്മാറണമെന്ന് അവർ മകനെ ഉപദേശിക്കാൻ തുടങ്ങി. ഇതിൽ കുപിതനായ അവൻ അമ്മയെ വകവരുത്താൻ തീരുമാനിച്ചു. ഇത്രയും ക്രൂരനായ ഒരു മകൻ തന്റെ വയറ്റിൽ പിറന്നതിൽ ദുഖിച്ച്, തന്നെ കൊല്ലുമ്പോൾ തന്റെ ഗർഭപാത്രംകൂടി മുറിക്കണമെന്ന് മകനോട് ആവശ്യപ്പെട്ടു. മകൻ അതുപോലെ തന്നെ ചെയ്തു. ക്രൂരതയുടെ പര്യായമായി മാറിയ ആ മകനാണ് ക്രിസ്ത്യാനികളെ ഏറ്റവും അധികം പീഡിപ്പിച്ച നീറോ!

മക്കൾ വളർന്നുകഴിഞ്ഞ് ദുശാഠ്യക്കാരും ദുസ്വഭാവികളുമായി മാറുമ്പോൾ പരിതപിക്കുന്നവരാണ് പല മാതാപിതാക്കളും. ചെറുപ്പത്തിൽ വേണ്ടത്ര സ്‌നേഹവും ശിക്ഷണവും ലഭിക്കാത്ത മക്കൾ തീർച്ചയായും മാതാപിതാക്കൾക്ക് ഭാരമായിത്തീരും.

”മകന്റെ ലജ്ജാകരമായ പ്രവൃത്തികൾ നിമിത്തം ദുഃഖിക്കാതിരിക്കേണ്ടതിന് അവനെ ശിക്ഷണത്തിൽ വളർത്താൻ ശ്രദ്ധിക്കുക” (പ്രഭാഷകൻ 30:13).

Leave a Reply

Your email address will not be published. Required fields are marked *