തിരിച്ചു വരുമോ?

ദിവ്യബലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ് ആ കുടുംബം. മുതിർന്ന രണ്ട് കുട്ടികൾ നടക്കുന്നു; ഒന്നര വയസ്സുകാരൻ അപ്പയുടെ കയ്യിലാണ്. ചേട്ടായിമാരോടൊപ്പം ഇറങ്ങി നടക്കാൻ അവൻ വാശി പിടിക്കുന്നുണ്ട്. എന്നാൽ മെറ്റൽ നിരത്തിയ വഴിയിലൂടെ അവന് നടക്കാൻ കഴിയില്ല എന്നറിയാമായിരുന്ന അപ്പ അത് സമ്മതിക്കാതെ കയ്യിൽത്തന്നെ പിടിച്ചിരിക്കുകയാണ്. എങ്കിലും വാശിപിടിച്ച് കരഞ്ഞ് ഒരുവിധം നിരങ്ങിയും പിടച്ചും അവൻ അപ്പയുടെ കയ്യിൽനിന്ന് താഴെയിറങ്ങി. പിന്നെ ചേട്ടായിമാരോടൊപ്പം ഓടാൻ തുടങ്ങി. കുഞ്ഞിക്കാലുകൾക്കൊണ്ടുള്ള ഓട്ടം അധികം നീണ്ടില്ല. അതിനുമുമ്പുതന്നെ അവൻ ഉരുണ്ടുവീണു. പരിക്കൊന്നും പറ്റിയില്ലെങ്കിലും വലിയവായിൽ നിലവിളിക്കാൻ തുടങ്ങി. ചേട്ടായിമാർ എടുക്കാൻ ശ്രമിച്ചെങ്കിലും അവൻ കരച്ചിൽ നിർത്തിയില്ല. അതുകണ്ട അപ്പ അവനെ എടുക്കാൻ കൈ നീട്ടി. ചേട്ടായിമാരുടെ കൈകൾ തട്ടിമാറ്റി അവൻ അപ്പയുടെ കൈകളിലേക്ക് ചാടിക്കയറി. അപ്പയുടെ തോളിൽ തല ചായ്ച്ചതേ അവന്റെ കരച്ചിലും തീർന്നു.

നാം എത്ര വലിയവരാണെങ്കിലും സ്വർഗീയ പിതാവിന്റെ മുമ്പിൽ നാം കുഞ്ഞുങ്ങൾ തന്നെ. അനുസരണക്കേടു കാട്ടിയാലും അവിടുത്തെ കരങ്ങളിൽനിന്ന് കുതറിയോടിയാലും കോരിയെടുക്കാൻ കാത്തുനില്ക്കുന്ന ഒരു സ്വർഗീയ അപ്പ നമുക്കുള്ളപ്പോൾ വീണുകിടക്കുന്ന പാപാവസ്ഥകളിൽനിന്നെഴുന്നേറ്റ് അവിടുത്തെ കരങ്ങളിലേക്ക് കുതിക്കാൻ ഇനിയെന്തിനാണ് താമസിക്കുന്നത്?

”കർത്താവ് അരുളിച്ചെയ്യുന്നു:
നീ തിരിച്ചുവന്നാൽ എന്റെ സന്നിധിയിൽ നിന്നെ പുനഃസ്ഥാപിക്കാം” (ജറെമിയ 15:19).

ആൽഫ മാത്യു

1 Comment

  1. Rajesh Verghese says:

    This article was really touching and healed me. Thank you Shalom .Praise the lord

Leave a Reply

Your email address will not be published. Required fields are marked *