വാക്കുകളേക്കാൾ വിലയുള്ളത്

വാരാന്ത്യങ്ങളിൽ ആശുപത്രികൾ സന്ദർശിക്കുന്നത് അദ്ദേഹത്തിന്റെയൊരു പതിവായിരുന്നു. ഒരിക്കൽ ഇപ്രകാരമുള്ള സന്ദർശനവേളയിൽ പത്തുവയസുള്ള അദ്ദേഹത്തിന്റെ മകൾ റോസും കൂടെയുണ്ടായിരുന്നു. രോഗികളുടെ അടുക്കൽ പോയി അവരോട് സംസാരിച്ചും രോഗവിവരങ്ങൾ തിരക്കിയും പ്രാർത്ഥിച്ചുമൊക്കെ നടക്കവേ ഒരു പെൺകുട്ടിയുടെ ബെഡ്ഡിനരികിലെത്തി. അവളുടെ ശരീരം മുഴുവൻ വ്രണങ്ങളായിരുന്നു. കിടക്കാൻപോലും കഴിയാത്ത വിധത്തിൽ വേദനമൂലം അവൾ ഞരങ്ങുകയായിരുന്നു. അടുത്തെങ്ങും ആരുമില്ല. അദ്ദേഹത്തെ കണ്ടപ്പോൾ വേദനയോടെ അവൾ ചോദിച്ചു: എന്നെയൊന്ന് എടുക്കാമോ? എനിക്ക് കിടക്കാൻ പറ്റുന്നില്ല… അയാൾ ഞെട്ടിപ്പോയി. എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം അദ്ദേഹം നിശ്ചലനായി നിന്നു. പിന്നെ ധൈര്യം സംഭരിച്ച് ആ കുട്ടിയെ കോരിയെടുത്തു. കവിളിൽ സ്‌നേഹപൂർവം ചുംബിച്ചു. തന്റെ പിതാവിന്റെ പ്രവൃത്തി അദ്ദേഹത്തിന്റെ മകളെ വളരെയധികം സ്പർശിച്ചു. ആ റോസാണ് പിന്നീട് സന്യാസിനിയും രോഗീശുശ്രൂഷ കാരിസമായെടുത്ത ഡൊമിനിക്കൻ സിസ്റ്റേഴ്‌സ് ഓഫ് ഹൗത്രോൺ എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായിത്തീർന്ന ദൈവദാസി മദർ മേരി അൽഫോൻസ. പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് നഥാനിയേൽ ഹൗത്രോൺ ആണ് ആ സാഹസകൃത്യം നിർവഹിച്ച പിതാവ്.

നിരവധി ഉപദേശങ്ങളേക്കാൾ മാതാപിതാക്കളുടെ പ്രവൃത്തികളാണ് മക്കളുടെ ഹൃദയത്തെ സ്പർശിക്കുന്നത്. അത് അവരുടെ ഭാവി നിർണയിക്കുമെന്ന് മറക്കാതിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *