ലക്ഷ്യമില്ലാതെയുള്ള ഓട്ടങ്ങൾ

ജീവിതത്തിന് ഒരു ലക്ഷ്യവും അത് നേടാനുള്ള ആഗ്രഹവും നിങ്ങൾക്കുാേ?
ലോകത്തിലെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരനാണ് ഉസൈൻ ബോൾട്ട്. മിന്നൽവേഗത്തിൽ ഓടാൻ കഴിവുള്ളതുകൊണ്ട് അദ്ദേഹം ലൈറ്റ്‌നിങ്ങ് ബോൾട്ട് എന്നുകൂടി വിളിക്കപ്പെടുന്നു. നൂറ് മീറ്റർ ദൂരം 9.58 സെക്കൻഡിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. വേഗത്തിന്റെ ചക്രവർത്തിയായ അദ്ദേഹത്തിന്റെ കഴിവുകൾ കണ്ടെത്തി മിനുക്കിയെടുത്തത് അദ്ദേഹത്തിന്റെ കോച്ച് ഗ്ലെൻ മിൽസ് ആണ്. ഉയർന്ന വേഗം കൈവരിക്കുന്നതിന് തടസമായ ഒരു ദോഷം ഉസൈൻ ബോൾട്ടിനുണ്ടായിരുന്നു. അതിതാണ്, ഓടുന്നതിനിടെ അദ്ദേഹത്തിന്റെ രണ്ട് കണ്ണുകളും വശങ്ങളിലേക്ക് പാളിപ്പോകും. മറ്റുള്ളവർ എവിടെ എത്തി എന്ന് നോക്കി ഓടുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം.

കോച്ച് അദ്ദേഹത്തെ ഇപ്രകാരം തിരുത്തി. ‘നിനക്ക് മറ്റുള്ളവരെ തോല്പിക്കണമെങ്കിൽ ലക്ഷ്യത്തിലേക്ക് മാത്രം നോക്കി ഓടണം.’ കോച്ചിന്റെ ഉപദേശം ബോൾട്ട് സ്വീകരിച്ചു. തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തി. ഏറ്റവും മികച്ച ഓട്ടക്കാരനാകുകയും ചെയ്തു.

ഭൗതികജീവിതത്തിൽ മാത്രമല്ല, ആത്മീയജീവിതത്തിലും മികച്ച വിജയം നേടുവാൻ ഏകാഗ്രത കൂടിയേ തീരൂ. ലക്ഷ്യമെന്താണെന്ന് തീരുമാനിക്കുക, അത് നേടുവാനായി അധ്വാനിക്കുക. എങ്കിൽ ആത്മീയ ജീവിതത്തിലും വിജയം സുനിശ്ചിതമത്രേ.

പക്ഷേ, പലരും പരാജയപ്പെട്ടുപോകുന്നത് ലക്ഷ്യം കൃത്യമായി നിർണയിക്കുന്നതിൽ പരാജയപ്പെടുന്നതുകൊണ്ടാണ്. ഉദാഹരണമായി പലരും ആത്മീയജീവിതത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത് ഭൗതികനേട്ടങ്ങളാണ്, അനുഗ്രഹങ്ങളാണ്. ഒരു വിദ്യാർത്ഥി ഇങ്ങനെ ചിന്തിക്കുന്നു: ഒരു ധ്യാനം കൂടിയാൽ എന്റെ മനസ് ശുദ്ധമാകും, എനിക്ക് കൂടുതൽ ഏകാഗ്രമായി പഠിക്കാൻ സാധിക്കും, പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് നേടാൻ സാധിക്കും. സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ഒരാൾ ചിന്തിക്കുന്നു, ധ്യാനത്തിലൂടെ എന്റെ ഈ പ്രശ്‌നത്തിൽനിന്ന് രക്ഷപ്പെടാനുള്ള വഴി തെളിഞ്ഞുകിട്ടും. ഇങ്ങനെ ഭൗതികലക്ഷ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നവരും ധ്യാനങ്ങളിൽ സംബന്ധിക്കുന്നവരുമാണ് ഭൂരിപക്ഷവും. അതിനാലത്രേ ധ്യാനങ്ങളിൽ സംബന്ധിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടും നമ്മുടെ സമൂഹത്തിൽ സ്ഥായിയായ മാറ്റമുണ്ടാകാത്തത്.

ഭൗതിക അനുഗ്രഹങ്ങൾ മാത്രം പ്രാർത്ഥനയുടെ ലക്ഷ്യമാകുമ്പോൾ മറ്റൊരു പ്രശ്‌നംകൂടിയുണ്ടാകുന്നു. നാം പ്രാർത്ഥിച്ച ഭൗതിക അനുഗ്രഹം നേടിക്കഴിഞ്ഞു. പിന്നെ അടുത്ത അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. മനുഷ്യന്റെ ആഗ്രഹങ്ങൾ തീരാത്തതുകൊണ്ട് പ്രാർത്ഥനയും അവസാനിക്കുന്നില്ല. എന്നാലും അവന്റെ മനസിന്റെ ദാഹം ശമിക്കുകയില്ല. അതുകൊണ്ടാണ് യേശു പറഞ്ഞത്: ”ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. എന്നാൽ ഞാൻ നല്കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല” (യോഹന്നാൻ 4:13).

മനുഷ്യന്റെ ദാഹം ശമിപ്പിക്കാൻ സാധിക്കുന്ന ഒരു വ്യക്തിയുണ്ട്. അത് കർത്താവായ യേശുക്രിസ്തുവാണ്. അവിടുന്ന് മനുഷ്യദാഹത്തെ എന്നന്നേക്കുമായി തൃപ്തിപ്പെടുത്തുന്നത് ജീവജലത്തിന്റെ അരുവിയായ പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയത്തിലേക്ക് ഒഴുക്കിക്കൊണ്ടാണ്. യേശുവിനെ അറിഞ്ഞ എത്രയോ പേർ അത്ഭുതകരമായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്! മദ്യത്തിനും ജഡികപാപങ്ങൾക്കും അടിമകളായി തകർന്ന ജീവിതം നയിച്ചവർ യേശുവിനെ കണ്ടെത്തിക്കഴിഞ്ഞപ്പോൾ ആനന്ദം നിറഞ്ഞ ജീവിതം നയിക്കുന്നു. ഈ മാറ്റം വരുത്താൻ യേശുവിന് മാത്രമേ സാധിക്കൂ. അപ്പോൾ നമ്മുടെ പ്രാർത്ഥനയുടെ യഥാർത്ഥ ലക്ഷ്യം യേശുവിനെ അറിയുക എന്നതായിരിക്കണം.t-52

യേശുവിനെ അറിഞ്ഞാൽ എല്ലാമായി. ലോകത്തിന്റെ ദൃഷ്ടിയിൽ അന്നത്തെ കാലത്ത് നേടാമായിരുന്ന എല്ലാ നേട്ടങ്ങളും കൈവരിച്ച വിശുദ്ധ പൗലോസ് ഇപ്രകാരം നിരീക്ഷിക്കുന്നു: ”എന്റെ കർത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതൽ വിലയുള്ളതാകയാൽ, സർവവും നഷ്ടമായി ഞാൻ കണക്കാക്കി” (ഫിലിപ്പി 3:8). അദ്ദേഹം കൈവരിച്ച എല്ലാ ഭൗതികനേട്ടങ്ങളും അദ്ദേഹം ത്യജിച്ചത് ക്രിസ്തുവിനെ അറിയാൻ വേണ്ടിയാണ്.

വിശുദ്ധ പൗലോസിന്റെ അനുഭവം രണ്ടായിരം വർഷങ്ങൾക്കുമുൻപ് സംഭവിച്ച ഒരു ചരിത്രവസ്തുത മാത്രമല്ല, ഇന്നും ആവർത്തിക്കപ്പെടുന്ന ഒന്നാണ്. ക്രിസ്തുവിനെപ്രതി ലോകത്തിന്റെ സ്ഥാനമാനങ്ങൾ ത്യജിക്കുന്നവർ ഈ കാലഘട്ടത്തിലുമുണ്ട്. ഈ നാളുകളിൽ ഞാൻ വായിച്ചറിഞ്ഞ ഒരു വ്യക്തിയെ പരിചയപ്പെടുത്തട്ടെ.

‘ദൈവവിളി സ്വീകരിച്ച പോലിസ് കമ്മീഷണർ’ എന്ന ശീർഷകത്തിൽ ശ്രീ. മാത്യു കുന്നേമുറിയിൽ ദീപിക ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ നിന്നാണ് അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞത്. പേര് എസ്.പി. സത്തൂർ. അദ്ദേഹം ഹൈദരബാദ്-സെക്കന്ദരാബാദ് നഗരങ്ങളുടെ ഉത്തരവാദിത്വമുള്ള പോലിസ് കമ്മീഷണറായിരുന്നു. സമൂഹത്തിൽ ഉന്നതമായ സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം യേശുക്രിസ്തുവിനെ അറിഞ്ഞപ്പോൾ തന്റെ സ്ഥാനവും അധികാരവും ത്യജിക്കാൻ തയാറായി. താൻ അറിഞ്ഞ യേശുവിനെക്കുറിച്ചുള്ള അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും യേശുവിനായി ജീവിക്കാനും അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. അതിനാൽ പോലിസ് കമ്മീഷണർ പദവി രാജിവച്ച് ഒരു വൈദികനാകാൻ അദ്ദേഹം തീരുമാനിച്ചു. ഈശോ സഭക്കാരുടെ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. തന്റെ നാൽപത്തിയാറാം വയസിലാണ് ഈ തീരുമാനം അദ്ദേഹം എടുത്തത്. 1972-ൽ അദ്ദേഹം വൈദികനായി, യേശുക്രിസ്തുവിനായി ജീവിക്കാൻ. വിശുദ്ധ പൗലോസിനെപ്പോലെ ഉന്നത കുടുംബത്തിൽപ്പെട്ട ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ചുരുങ്ങിയ വർഷങ്ങൾ മാത്രമേ ക്രിസ്തുവിന്റെ പ്രകാശവും സൗരഭ്യവും ലോകത്തിൽ പരത്തുവാൻ അദ്ദേഹത്തിന് ലഭിച്ചുള്ളൂ. 1979-ൽ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ഈ ലേഖനം വായിക്കുന്ന നിങ്ങളെയും യേശു തന്റെ അടുത്തേക്ക് ക്ഷണിക്കുന്നു. അവിടുന്ന് നിങ്ങളെ സ്‌നേഹിക്കുന്നതുപോലെ മറ്റാരും നിങ്ങളെ സ്‌നേഹിക്കുന്നില്ല. സ്‌നേഹത്തിന്റെ പൂർണത യേശു മാത്രമാണ്. കാരണം, നമുക്കുവേണ്ടി മരിക്കാൻ അവിടുന്ന് തയാറായി. മാത്രവുമല്ല അവിടുന്ന് ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു. സർവ അധികാരങ്ങളും കയ്യാളുന്ന രാജാധിരാജനാണ് അവിടുന്ന്. വിശുദ്ധ പൗലോസ് ഇപ്രകാരം പറയുന്നു: ”യേശുവിന്റെ നാമത്തിന് മുൻപിൽ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്നതിനും യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്” (ഫിലിപ്പി 2:10-11).

നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്‌നം എത്ര വലുതായാലും അത് പരിഹരിക്കാൻ യേശുവിന് മാത്രമേ കഴിയുകയുള്ളൂ. നിങ്ങളുടെ ഭയവും ഏകാന്തതയും ശൂന്യതയും മാറ്റാൻ യേശുവിന് സാധിക്കും. കാരണം, അവിടുന്ന് നിങ്ങളോടൊപ്പമുണ്ട്, നിങ്ങളുടെ സന്തത സഹചാരിയാണ്. അങ്ങ് അകലെ സ്വർഗത്തിൽമാത്രം വസിക്കുന്ന ഒരു ദൈവമല്ല അവിടുന്ന്. ഇപ്പോൾ നിങ്ങളുടെ സമീപത്തുതന്നെയുണ്ട്. കാരണം, അത് അവിടുത്തെ വാഗ്ദാനമാണ്. ”യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28:20). യേശുവിന്റെ ഏറ്റവും പ്രസിദ്ധവും പ്രസക്തവുമായ വാഗ്ദാനമാണിത്. മനുഷ്യനോടൊത്ത് വസിക്കാൻ തീവ്രമായി അഭിലഷിക്കുന്ന ആ ദൈവത്തെ സ്വന്തമാക്കുന്നതാകട്ടെ നമ്മുടെ ജീവിതലക്ഷ്യം. ലക്ഷ്യം കൃത്യമായാൽ നമ്മുടെ ജീവിതവും അർത്ഥപൂർണമാകും. ആ വലിയ കൃപ ലഭിക്കാനായി ഇപ്പോൾത്തന്നെ നമുക്ക് പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. അങ്ങയെ അറിയുക എന്നതാണല്ലോ ഞങ്ങളുടെ ആത്യന്തികലക്ഷ്യം. അതിനായി ഞങ്ങളുടെ ജീവിതത്തെ ക്രമീകരിക്കണമേ. ഞങ്ങളുടെ സകല ദാഹങ്ങളെയും ശമിപ്പിക്കാൻ അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്ക് അയച്ചാലും. ജീവിതകാലം മുഴുവൻ ഞങ്ങൾ അങ്ങയോടുകൂടെയും അങ്ങേക്കുവേണ്ടിയും ജീവിക്കട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, യേശുവിനെ നിങ്ങൾ അറിഞ്ഞതുപോലെ ഞങ്ങളും അറിയാനും ആരാധിക്കാനും ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ, ആമ്മേൻ.

കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *