കോളജ് പഠനത്തിന് വിദേശത്തേക്ക് യാത്രയാകുകയായിരുന്നു ആ യുവാവ്. പോകാനുള്ള സാധനങ്ങളെല്ലാം തയാറാക്കുന്നതിനിടയിൽ അവന്റെ അമ്മ വലിയ വില കൊടുത്ത് വാങ്ങിയ ഒരു ബൈബിൾ മകന്റെ കൈയിൽ കൊടുത്തു. അക്കാലത്ത് ബൈബിൾ വലിയ വിലയുള്ള അപൂർവ ഗ്രന്ഥമായിരുന്നു. ബൈബിൾ നല്കിക്കൊണ്ട് അമ്മ ഇപ്രകാരം പറഞ്ഞു: ഒന്നുകിൽ ഈ പുസ്തകം (ബൈബിൾ) നിന്നെ പാപത്തിൽനിന്ന് അകറ്റി നിർത്തും. അല്ലെങ്കിൽ പാപം നിന്നെ ഈ പുസ്തകത്തിൽ നിന്ന് അകറ്റി നിർത്തും. ഈ പുസ്തകത്തിൽ പൊടി പിടിച്ചിട്ടുണ്ടെങ്കിൽ അതിന്റെയർത്ഥം നീ പാപത്തിൽ വീണുവെന്നാണ്. കോളജിലെത്തിയ അവന് നിരവധി കൂട്ടുകാരുണ്ടായി. പാപത്തിൽ വീണുപോകാവുന്ന സാഹചര്യങ്ങളുണ്ടായി. പക്ഷേ, അപ്പോഴെല്ലാം അവൻ അമ്മ പറഞ്ഞ കാര്യങ്ങൾ ഓർക്കും. ഒരു ദിവസംപോലും ബൈബിൾ വായിക്കുന്നത് മുടക്കിയില്ല. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ബൈബിൾ വായനയ്ക്കും പഠനത്തിനുമായി അവൻ കോളജിൽ ഒരു ക്ലബ് രൂപീകരിച്ചു. വ്യത്യസ്തമായ ആ ക്ലബ് അനേക യുവതീയുവാക്കന്മാരെ ആകർഷിച്ചു. ക്രമേണ കോളജ് മുഴുവൻ പരിശുദ്ധാത്മ ഉണർവിലേക്ക് വരാൻ അത് കാരണമായി!
നമ്മുടെ ബൈബിളുകളിൽ പൊടി പിടിക്കാറുണ്ടോ? വിശുദ്ധ ഗ്രന്ഥത്തോടും വിശുദ്ധ ഗ്രന്ഥ വായനയോടുമുള്ള നമ്മുടെ ആഭിമുഖ്യമെങ്ങനെയാണ്?
”അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാൻ വേണ്ടി രാത്രിയുടെ യാമങ്ങളിൽ ഞാൻ ഉണർന്നിരിക്കുന്നു” (സങ്കീർത്തനങ്ങൾ 119:148).