സിയന്നായിലേക്കുള്ള പാത

ഒരിക്കൽ അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസും ബ്രദർ മാസിയോയുംകൂടി യാത്ര പോവുകയായിരുന്നു. ബ്രദർ മാസിയോ വിശുദ്ധ ഫ്രാൻസിസിനെക്കാൾ അല്പം മുൻപിലാണ് നടന്നിരുന്നത്. നടന്നു നടന്ന് അവർ ഒരു നാൽക്കവലയിലെത്തി. സിയന്നാ, ഫ്‌ളോറൻസ്, അരീസോ എന്നിവിടങ്ങളിലേക്കുള്ള വഴികൾ കൂടിച്ചേരുന്ന ജംഗ്ഷൻ. ബ്രദർ മാസിയോ ചോദിച്ചു:
”പിതാവേ, ഏതു വഴിയിലൂടെയാണ് നാമിനി പോകേണ്ടത്?”

വിശുദ്ധ ഫ്രാൻസിസ് ഇങ്ങനെ മറുപടി പറഞ്ഞു:
”ദൈവം ആഗ്രഹിക്കുന്നതേതു വഴിയാണോ അതിലൂടെത്തന്നെ നമുക്ക് യാത്ര തുടരാം.”
”പക്ഷേ, നമ്മളെങ്ങനെയാണിപ്പോൾ ദൈവത്തിന്റെ ഹിതം തിരിച്ചറിയുക?” ബ്രദർ മാസിയോ നിഷ്‌കളങ്കമായി ചോദിച്ചു.
”ഞാൻ നിനക്ക് കാണിച്ചുതരുന്ന അടയാളത്തിലൂടെ. ദൈവികമായ അനുസരണത്തിന്റെ പേരിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. ഈ നാൽക്കവലയുടെ നടുവിൽനിന്ന് കൊച്ചുകുട്ടികൾ ചെയ്യുന്നതുപോലെ വട്ടം കറങ്ങുക. ഞാൻ നിർത്താൻ പറയുന്നതുവരെ നീ വട്ടം കറങ്ങിക്കൊണ്ടേയിരിക്കണം.”
തുടർച്ചയായി വട്ടം കറങ്ങിയാൽ തലകറക്കം ഉണ്ടാവുക സ്വാഭാവികമാണ്. മാസിയോ പല പ്രാവശ്യം തല കറങ്ങി നിലത്തുവീണു. എന്നിട്ടും വിശുദ്ധ ഫ്രാൻസിസ് നിർത്താൻ പറഞ്ഞില്ല. അതിനാൽ നിലത്തുനിന്ന് എഴുന്നേറ്റ് മാസിയോ വീണ്ടും വട്ടം കറങ്ങൽ തുടർന്നു… വഴിപോക്കരെല്ലാം ഈ സന്യാസിയുടെ കോമാളിത്തരം കണ്ട് പരിഹസിച്ചുകൊണ്ട് കടന്നുപോയി. പക്ഷേ, അനുസരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന മാസിയോ അവരുടെ മുന്നിൽ വട്ടനായി വട്ടം കറങ്ങൽ തുടർന്നുകൊണ്ടേയിരുന്നു. കുറെയധികം സമയം കഴിഞ്ഞപ്പോൾ വിശുദ്ധ ഫ്രാൻസിസ് പറഞ്ഞു: ”നിർത്തൂ… ഇനി അല്പം പോലും അനങ്ങാൻ പാടില്ല.” മാസിയോ ഉടനെ നിശ്ചലനായി നിന്നു.

”ഇപ്പോൾ ഏതു ദിശയിലേക്കാണ് നീ മുഖം തിരിച്ചിരിക്കുന്നത്?”
”സിയന്നായിലേക്കുള്ള റോഡിലേക്കാണ് പിതാവേ” മാസിയോയുടെ മറുപടി കേട്ട് വിശുദ്ധ ഫ്രാൻസിസ് പറഞ്ഞു:
”അതാണ് നമ്മൾ പോകുവാനായി ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വഴി. നമുക്കതിലൂടെ യാത്ര തുടരാം.”

അവർ യാത്ര ചെയ്ത് സിയന്നാ നഗരത്തിലെത്തിയപ്പോൾ അവിടെ ജനങ്ങൾക്കിടയിൽ ഒരു കലാപം പൊട്ടിപ്പുറപ്പെടാൻ തുടങ്ങുകയായിരന്നു. വിശുദ്ധ ഫ്രാൻസിസ് അവരോട് സമാധാനത്തെക്കുറിച്ച് പ്രസംഗിച്ചു. ജനങ്ങൾ ശാന്തരായി പിരിഞ്ഞുപോയി. അനേകം കൊലപാതകങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവായിക്കിട്ടി.
ഏതു വഴിയാണ് തിരഞ്ഞെടുക്കേണ്ടത് എന്നറിയാതെ വിഷമിച്ചുപോകുന്ന സാഹചര്യങ്ങൾ എല്ലാ ജീവിതത്തിലും ഉണ്ടാകാറുണ്ട്. പക്ഷേ, പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ട സമയങ്ങളിൽ മാത്രമല്ല, മനുഷ്യജീവിതത്തിന്റെ സകല നിമിഷങ്ങളിലും നാം ഒരു തിരഞ്ഞെടുപ്പിന്റെ മുന്നിലാണ്. സത്യത്തിൽ ചെറുതും വലുതുമായ നിരവധി തിരഞ്ഞെടുപ്പുകളുടെ ആകെത്തുകയാണ് ജീവിതം. ഓരോ നിമിഷവും നാം എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതും തിരഞ്ഞെടുപ്പിൽ അധിഷ്ഠിതമാണ്. ഉറങ്ങണമോ, എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കണമോ, ടി.വി കാണണമോ, ജോലി ചെയ്യണമോ എന്നു തുടങ്ങി ഏതു ടൂത്ത്‌പേസ്റ്റ് വാങ്ങണം, ഏതു ഡ്രസാണ് ധരിക്കേണ്ടത്, ഏതു വാക്കാണ് ഉപയോഗിക്കേണ്ടത് എന്നുവരെ നിശ്ചയിക്കുന്നത് തിരഞ്ഞെടുപ്പിലൂടെയാണ്. വിവേകം, ജ്ഞാനം, ഭൂതകാല അനുഭവങ്ങൾ…. ലക്ഷ്യങ്ങൾ, ജീവിതസാഹചര്യങ്ങൾ ഇവയൊക്കെ നമ്മുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

തെറ്റായ തിരഞ്ഞെടുപ്പുകളാണ് ജീവിതം പരാജയപ്പെട്ടുപോകുന്നതിനുള്ള കാരണം. ഓരോ തിരഞ്ഞെടുപ്പിനും നല്ലതോ ചീത്തയോ ആയ പ്രത്യാഘാതങ്ങൾ സ്വാഭാവികമായും ഉണ്ടാകും. അതിനാൽ ശരിയായ തിരഞ്ഞെടുപ്പ് എങ്ങനെ നടത്താൻ കഴിയും? ഓരോ സാഹചര്യത്തെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള ദൈവഹിതം തിരിച്ചറിയുക എന്നതാണ് അതിനാവശ്യം. ദൈവഹിതമാണ് പരമമായ നന്മ എന്ന് തിരിച്ചറിയുകയും അത് സ്വന്തം ജീവിതത്തിൽ നിറവേറപ്പെടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് ഏതെങ്കിലും വിധത്തിൽ ദൈവംതന്നെ തന്റെ ഹിതം വെളിപ്പെടുത്തിക്കൊടുക്കും എന്നതുറപ്പാണ്. ജീവിതത്തിലെ അടിസ്ഥാനപരമായ കാര്യങ്ങളിൽ ദൈവഹിതം അന്വേഷിക്കാതിരിക്കുകയും അഥവാ ദൈവതിരുമനസ് അറിഞ്ഞിട്ടും അനുസരിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്ന വിശ്വാസികൾ ധാരാളമുണ്ട്. അങ്ങനെയുള്ളവരെല്ലാം ചില വലിയ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അതിനെക്കുറിച്ചുള്ള ദൈവഹിതം അറിയാൻ ആത്മീയഗുരുക്കന്മാരുടെയും പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ ഉള്ള വ്യക്തികളുടെയും അടുത്ത് പോകാറുണ്ട്. അത് പലപ്പോഴം ദൈവഹിതം നിറവേറ്റാനുള്ള ആഗ്രഹംകൊണ്ടാകണമെന്നില്ല. എടുക്കേണ്ട തീരുമാനം തെറ്റിപ്പോയാലുള്ള വരും വരായ്കകളെക്കുറിച്ചുള്ള ഭയം കൊണ്ടാണ്. ഉദാഹരണത്തിന് അധാർമികമായ വരുമാനം സ്വീകരിച്ച് ജീവിക്കുന്ന വ്യക്തി ആ ജോലിയെക്കുറിച്ചുള്ള ദൈവഹിതം അന്വേഷിക്കാത്തപ്പോഴും തനിക്ക് രോഗം വരുമ്പോൾ ഏതു ഡോക്ടറെയാണ് കാണേണ്ടത് എന്ന് പ്രാർത്ഥിച്ച് നോക്കുന്നതിൽ വൈരുധ്യമുണ്ട്.

പാപംവഴി ശരിയായ തിരഞ്ഞെടുപ്പ് നടത്താനുള്ള കഴിവ് നമുക്ക് നഷ്ടപ്പെട്ടുപോകും. ‘പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണെന്ന്’ ഈശോ പഠിപ്പിക്കുന്നു. അടിമയ്ക്ക് സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യമില്ല. മനുഷ്യന്റെ ഹൃദയസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നത് എന്താണോ അതൊക്കെ പാപകരം തന്നെയാണ്. അതിനാൽ ദൈവം മനുഷ്യന് നല്കിയ ഏറ്റവും വലിയ ദാനങ്ങളിലൊന്നായ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിലനിർത്തണമെങ്കിൽ പാപത്തിൽനിന്ന് അകന്നുനില്ക്കണം. അല്ലെങ്കിൽ ബുദ്ധിയിലും ചിന്തകളിലും നിറയുന്ന അന്ധകാരം തെറ്റായ തീരുമാനങ്ങളിലേക്ക് നമ്മെ നയിക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അനുതാപവും മാനസാന്തരവുംവഴി പാപമോചനം നേടുകയും പ്രസാദവരാവസ്ഥയിൽ ജീവിക്കുകയും ചെയ്യുമ്പോഴാണ് ശരിയായ തിരഞ്ഞെടുപ്പിന് നാം പ്രാപ്തരാകുന്നത്.

നാം എന്ത് തിരഞ്ഞെടുക്കുന്നുവോ അത് നമ്മുടെ ഭാവിയെ സ്വാധീനിക്കും. അതിനാൽ ഓരോ തിരഞ്ഞെടുപ്പിനുമുൻപും ആലോചിക്കുക – ഇത് എന്നെക്കുറിച്ചുള്ള ദൈവഹിതമാണോ? ഇത് എന്റെ പരമലക്ഷ്യമായ ദൈവത്തിലേക്ക് എന്നെ അടുപ്പിക്കുമോ? അതോ അകറ്റുമോ? സ്വന്തം ഇഷ്ടങ്ങളെ മുറുകെ പിടിക്കുമ്പോഴും സുഖകരമായ ജീവിതം ലക്ഷ്യമാക്കുമ്പോഴും ദൈവഹിതം തേടാൻ നമുക്കാകില്ല. ലക്ഷ്യം നിത്യജീവനായിത്തീരാത്തതാണ് തെറ്റായ തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനകാരണങ്ങളിലൊന്ന്. വചനം പറയുന്നു: ”ജീവനും മരണവും അനുഗ്രഹവും ശാപവും ഞാൻ നിന്റെ മുൻപിൽ വച്ചിരിക്കുന്നു… നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിന് ജീവൻ തിരഞ്ഞെടുക്കുക” (നിയമാവർത്തനം 30:19).

പ്രാർത്ഥന
കർത്താവായ ദൈവമേ, സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും സഫലമാക്കാനായി ജീവിച്ചതിനാൽ അങ്ങയുടെ ഇഷ്ടം പലപ്പോഴും ഞാൻ അന്വേഷിച്ചില്ല. തത്ഫലമായി നടത്തിയ തെറ്റായ തിരഞ്ഞെടുപ്പുകളോർത്ത് ഞാനിന്ന് ദുഃഖിക്കുന്നു. കർത്താവേ, വരുംകാലങ്ങളിൽ അങ്ങയുടെ ഹിതംതേടി ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ എന്നെ അനുഗ്രഹിച്ചാലും, ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

1 Comment

  1. Vinitha9manoj says:

    Jesus I trust in you with my whole heart…thank you lord for everything you have done for me…bless my kids…guide them to be in your was.bless alina and Russell

Leave a Reply

Your email address will not be published. Required fields are marked *