ജീവിതം പുതുതാക്കാൻ ഒരു എളുപ്പവഴി

ഒരു യഹൂദറബ്ബി നീണ്ട വർഷങ്ങളിലെ പഠനവും പരിശീലനവും പൂർത്തിയാക്കി മടങ്ങുന്ന ശിഷ്യരോട് അവസാനമായി ഒരു ചോദ്യം ചോദിച്ചു:
”പ്രിയപ്പെട്ട വിദ്യാർത്ഥികളേ, ദൈവത്തിന്റെ നിയമങ്ങളെക്കുറിച്ചും നീതിയുടെ മാർഗത്തെക്കുറിച്ചും നിങ്ങൾ വളരെ വിശദമായി പഠിച്ചു. ഇനിയും എന്റെ ചോദ്യമിതാണ്: നിയമങ്ങളെല്ലാം അനുസരിച്ച്, നീതിയുടെ പാതയിൽ ജീവിക്കുവാൻ ഒരു മനുഷ്യന് ഏറ്റവും ആവശ്യമായിട്ടുള്ളതെന്താണ്?”
”ദുഷ്ടരായ മനുഷ്യരോടുകൂടി ജീവിച്ചാൽ നിയമം ലംഘിക്കാൻ സാധ്യതയേറെയാണ്. അതിനാൽ നീതി യെ സ്‌നേഹിക്കുന്ന നല്ല സുഹൃത്തുക്കളുണ്ടെങ്കിൽ നിയമം പാലിക്കുക എളുപ്പമാണ്” – ഇതായിരുന്നു ഒരു ശിഷ്യന്റെ ഉത്തരം.

രണ്ടാമതൊരുവൻ പറഞ്ഞു: ”നിയമമനുസരിച്ച് ജീവിക്കുവാൻ ഒരുവനു വേണ്ടത് ജ്ഞാനമാണ്. ജ്ഞാനമില്ലാത്തവന് നിയമം അർത്ഥശൂന്യമായി തോ ന്നും.”
മൂന്നാമത്തെ ശിഷ്യന്റെ മറുപടി വേറൊന്നായിരുന്നു: ”അറിവ് എത്രയുണ്ടെങ്കിലും നല്ല സ്വഭാവഗുണമുള്ള മനുഷ്യനേ നിയമം അനുസരിക്കുകയുള്ളൂ. അതിനാൽ, സ്വഭാവമഹിമയാണ് നീതിയെയും നിയമത്തെയും പിൻതുടരാൻ ഏറെ ആവശ്യം.”

ഇതുകേട്ട് നാലാമത്തെ ശിഷ്യൻ പറഞ്ഞു: ”എനി ക്കു തോന്നുന്നത് നിയമം പാലിക്കാൻ മനുഷ്യന് ഏറ്റ വും ആവശ്യം ഒരു നല്ല ഹൃദയമാണെന്നാണ്.”
സന്തോഷഭരിതനായ റബ്ബി നാലാമത്തെ ശിഷ്യനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു: ”നല്ല ഹൃദയമുണ്ടെങ്കിൽ സ്വഭാവഗുണവും ജ്ഞാനവും നല്ല സുഹൃത്തുക്കളും താനേയുണ്ടാകും. അതിനാൽ നന്മയുടെ വഴികളിലൂടെ നടക്കാൻ നമുക്കേറ്റവും ആവശ്യം നല്ലൊരു ഹൃദയമാണ്. അതുകൊണ്ടാണ് 51-ാം സങ്കീർത്തനത്തിൽ ദാവീദ് ഇപ്രകാരം പ്രാർത്ഥിക്കുന്നത്: ”ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ!” (51:10).

‘ഹൃദയം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജീവന്റെയും വ്യക്തിത്വത്തിന്റെയും കേന്ദ്രസ്ഥാനമാണ്. ഈ കേന്ദ്രസ്ഥാനത്ത് മാറ്റമുണ്ടായാൽ ജീവിതം മുഴുവനിലും മാറ്റമുണ്ടാകും. കഴിഞ്ഞ വർഷത്തെ അതേ ജീവിത സാഹചര്യം തന്നെയായിരിക്കും പുതിയ വർഷത്തിലും. നമ്മൾ ചെയ്യുന്ന ജോലിയും ഇടപെടുന്ന മനുഷ്യരും കഴിഞ്ഞ വർഷത്തേതിൽനിന്നും ഭിന്നമായിരിക്കാനും സാധ്യത കുറവാണ്. എങ്കിലും പുതിയ വർഷത്തെ ജീവിതം തികച്ചും പുതിയതും വ്യത്യസ്തവുമാക്കിത്തീർക്കാൻ കഴിയും. ഒറ്റക്കാര്യം ചെയ്താൽ മതി- പുതിയൊരു ഹൃദയം സ്വന്തമാക്കണം. ഹൃദയം പുതുതാകുമ്പോൾ ജീവിതം പുതുതാകും. വിരസതയും തളർച്ചയും മാറി പകരം ഉണർവും ഉന്മേഷവും നമുക്കുണ്ടാകും.

ദൈവത്തിനു മാത്രമേ നമുക്കൊരു പുതിയ ഹൃദയം പ്രദാനം ചെയ്യാൻ കഴിയൂ. എസെക്കിയേൽ 36:26-27-ൽ ഇങ്ങനെ വായിക്കുന്നു: ”ഒരു പുതിയ ഹൃദയം നിങ്ങ ൾക്കു ഞാൻ നല്കും; ഒരു പുതുചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തിൽനിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്കും. എന്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങളെ എന്റെ കല്പനകൾ കാക്കുന്നവരും നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധയുള്ളവരുമാക്കും.”
ചിന്തകളുടെയും വാക്കുകളുടെയും പ്രവൃത്തിയുടെയും ഉറവിടമായ ഹൃദയം ശുദ്ധമാക്കാതെ, ജീവിത ത്തെ നവീകരിക്കാനുള്ള ശ്രമങ്ങൾ പാഴ്‌വേലയാണ്. വീണ്ടുംജനനാവസരത്തിൽ ഒരു വിശ്വാസിക്ക് കിട്ടുന്നത് പുതിയൊരു ഹൃദയമാണ്. പാപം വഴി ആ ഹൃദയം കഠിനമായിട്ടുണ്ടെങ്കിൽ അനുതാപത്തിലൂടെയും മാനസാന്തരത്തിലൂടെയും പാപമോചന കൂദാശയിലൂടെയും ഹൃദയത്തെ നവീകരിക്കുകയാണ് പുതിയ വർഷത്തിൽ പുതിയൊരു ജീവിതം തുടങ്ങാൻ ആദ്യം ചെയ്യേണ്ടത്. അതിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

”എല്ലാം പുതുതാക്കുന്ന പരിശുദ്ധാത്മാവേ, എന്നിലേക്ക് എഴുന്നള്ളിവന്നാലും. പാപം വഴി കഠിനമായ എന്റെ ഹൃദയത്തെ യേശുവിന്റെ രക്തത്താൽ കഴുകി വീണ്ടും പുതുതാക്കണമേ. പുതിയ വർഷത്തിൽ പുതിയൊരു സ്‌നേഹം എന്നിൽ നിറയട്ടെ. തളർച്ചയും വിരസതയും എന്റെ ജീവിതത്തിൽനിന്നും വിട്ടുപോകട്ടെ. എല്ലാറ്റിനെയും നവീകരിക്കുന്ന അങ്ങ് ഈ പുതുവർഷത്തിൽ എന്നെ നിരന്തരം നയിച്ചാലും, ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *