നിരീശ്വരവാദിയായ വോൾട്ടയറെ ആകർഷിച്ച മൂന്ന് വിശുദ്ധർ

ക്രിസ്തീയ വിശ്വാസത്തെ ഇല്ലാതാക്കാൻ കഠിനമായി അധ്വാനിച്ച ചിന്തകനും സാഹിത്യകാരനുമായ വോൾട്ടയറിന്റെപോലും പ്രശംസ പിടിച്ചുപറ്റിയ മുന്നേറ്റമായിരുന്നു പരാഗ്വേയൻ മിഷൻ കൂട്ടായ്മ സമൂഹങ്ങളുടേത്. ‘യുവജനങ്ങളെ നയിക്കാൻ പറ്റുന്ന സംസ്‌കാരത്തിന്റെ ഉന്നതശ്രേണിയാണ്’ ഈ മിഷൻ സമൂഹങ്ങളെന്നാണ് വോൾട്ടെയർ അഭിപ്രായപ്പെട്ടത്. ഈശോസഭാ വൈദികരായ റൂക്ക് ഗൊൺസാലസ്, ജുവാൻ ഡി കാസ്റ്റില്ലൊ, അൽഫോൻസ് റോഡ്രിഗസ് എന്നീ മൂന്ന് വിശുദ്ധരായിരുന്നു അതിന് നേതൃത്വം നല്കിയത്. പരാഗ്വേയിലെ രക്തസാക്ഷികൾ എന്നാണ് ഈ വിശുദ്ധർ അറിയപ്പെടുന്നത്.

പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളിൽ പരാഗ്വേയിലെ ഇന്ത്യൻ വംശജരുടെ ഇടയിൽ സുവിശേഷം പ്രസംഗിക്കുവാൻ അവർ ധൈര്യപൂർവം ചെന്നു. അടിമത്തത്തിനും ചൂഷണത്തിനും വിധേയരായിരുന്ന അവർക്ക് ആത്മീയ വെളിച്ചം പകർന്നു കൊടുത്തതിനൊപ്പം, സാമൂഹ്യമുന്നേറ്റം നടത്തുവാൻ അവരെ പ്രാപ്തരാക്കുന്നതിനുവേണ്ടിയും ഈ വൈദികർ അക്ഷീണം പ്രയത്‌നിച്ചു. ആ ജനതയുടെ പിന്നോക്കാവസ്ഥ മുതലെടുത്തിരുന്ന ഒരു ചെറിയ വിഭാഗത്തിന് വൈദികരോട് ശത്രുതയായി. ഇതേ തുടർന്നുണ്ടായ ആസൂത്രിതമായ അക്രമണങ്ങളിൽ മൂന്നു വൈദികരും കൊല്ലപ്പെടുകയായിരുന്നു.

വൈദികനാകാനുള്ള റൂക്ക് ഗൊൺസാലസിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നില്ല. ചെറുപ്പത്തിൽത്തന്നെ ദൈവത്തോടുള്ള ആഴമായ സ്‌നേഹം പ്രകടിപ്പിച്ചിരുന്ന ഗൊൺസാലസ് 23 വയസുള്ളപ്പോൾ വൈദികനായി. പരാഗ്വേയിലുള്ള ഇന്ത്യൻ വംശജരോട് വിശുദ്ധ ഗൊൺസാലസിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു. ഒരു സമൂഹമായി താമസിക്കാനും കൃഷിയും മറ്റു തൊഴിലുകളും വൈദഗ്ധ്യത്തോടെ ചെയ്യുവാനും അദ്ദേഹം അവരെ അഭ്യസിപ്പിച്ചു. സ്വയംപര്യാപ്തത നേടിക്കൊണ്ട് സ്പാനിഷ് അധിനിവേശത്തെ ചെറുത്തുനില്ക്കാൻ വിശുദ്ധൻ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപംകൊടുത്ത മിഷൻ ടൗൺഷിപ്പുകൾ അവരെ ക്രിസ്തുമതത്തിലേക്കടുപ്പിച്ചു. ഇങ്ങനെയുള്ള ടൗൺഷിപ്പുകളിൽ ദേവാലയം പണിയാൻ എത്ര കഠിനമായിട്ടാണ് അധ്വാനിച്ചതെന്ന് റൂക്ക് ഗൊൺസാലസ് വിവരിക്കുന്നുണ്ട്. എന്നാൽ, കൂടുതൽ കഠിനമായി അവർ അധ്വാനിച്ചത് ആ ജനതയുടെ ഹൃദയമാകുന്ന ദേവാലയത്തിൽ ദൈവം വസിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനായിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഞായറാഴ്ചകളിലും മറ്റ് തിരുനാൾ ദിനങ്ങളിലും ക്രിസ്തുവിന്റെ രക്ഷാകരപദ്ധതിയെക്കുറിച്ച് അച്ചൻ അവരെ പഠിപ്പിച്ചു. റൂക്ക് ഗൊൺസാലസിന്റെ ഈ പ്രവർത്തനം കണ്ട് ആകൃഷ്ടരായാണ് യുവവൈദികരായ അൽഫോൻസ് റോഡ്രിഗസും ജുവാൻ ഡി കാസ്റ്റില്ലോയും അച്ചനെ സഹായിക്കാൻ കടന്നുവരുന്നത്. അവരുടെ നേതൃത്വത്തിൽ പല മിഷൻ ടൗൺഷിപ്പുകളും സ്ഥാപിക്കപ്പെട്ടു.

1628-ൽ ദേവാലയമണി കെട്ടാൻ ശ്രമിക്കുന്നതിനിടയിലാണ് ശത്രുക്കളുടെ ആക്രമണത്തിൽ ഫാ. റോഡ്രിഗസ് മരിക്കുന്നത്. ചാപ്പലിൽ പ്രാർത്ഥനാനിരതനായിരുന്ന ഗൊൺസാലസ് ഈ ശബ്ദം കേട്ടാണ് പുറത്തേക്ക് വരുന്നത്. അവിടെവച്ചുതന്നെ അദ്ദേഹവും വധിക്കെപ്പട്ടു. തുടർന്ന് ചാപ്പൽ അഗ്നിക്കിരയാക്കിയ അക്രമികൾ രണ്ട് ദിവസത്തിനുശേഷം കാസ്റ്റില്ലോയെയും വധിച്ചു.

”നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ” (മത്തായി 28:19) എന്ന ക്രിസ്തുവിന്റെ വചനമനുസരിച്ച് സ്വന്തം ജീവിതം സുവിശേഷത്തിനായി നല്കിക്രിസ്തുവിനോട് താദാത്മ്യം പ്രാപിച്ച ഈ മൂന്നു വൈദികരെയും 1988-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
”ഈ വൈദികർ പരിശുദ്ധ അമ്മയെ നിരന്തരം വിളിച്ചുകൊണ്ട് ക്രിസ്തു നല്കുന്ന നിത്യരക്ഷയെക്കുറിച്ച് ഇന്ത്യൻ വംശജരെ ഉദ്‌ബോധിപ്പിച്ചു. വലിയ ദുഃഖങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക് ശക്തമായ മാധ്യസ്ഥ്യവും ജീവിതമാതൃകയായും പ്രത്യാശയുടെ പുതുജീവൻ ഇവരിലൂടെ നമുക്ക് പ്രതീക്ഷിക്കാം.” പരാഗ്വേയിലെ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ 25-ാം വാർഷികം ആഘോഷിച്ച വേളയിൽ ഫ്രാൻസിസ് മാർപാപ്പ നല്കിയ സന്ദേശത്തിലെ വരികളാണിത്.

രഞ്ചിത്ത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *