നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്? (ഏശയ്യാ 1:11)

ലേവ്യരുടെ പുസ്തകത്തിൽ ഒന്നുമുതൽ ഏഴുവരെയുള്ള അധ്യായങ്ങളിൽ ഇസ്രായേൽ ജനം അർപ്പിക്കേണ്ടിയിരുന്ന വിവിധതരം ബലികളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ദഹനബലി, ധാന്യബലി, സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി, നിരന്തര ദഹനബലി എന്നിവയെപ്പറ്റിയാണ് അവിടെ വിവരിച്ചിരിക്കുന്നത്. ഓരോ ബലിയർപ്പണത്തിനും കർശനമായ നിയമങ്ങളും പേര് സൂചിപ്പിക്കുന്നതുപോലെ, പ്രത്യേക നിയോഗം ഉണ്ടായിരുന്നു. വിവിധതരം ബലികൾ അർപ്പിക്കണം എന്ന കല്പന കർത്താവാണ് ഇസ്രായേൽക്കാർക്ക് നല്കിയത്. ദഹനബലി, സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി എന്നിവയെല്ലാം ആടുമാടുകളെ കൊന്ന് അഗ്നിയിൽ ദഹിപ്പിച്ചുകൊണ്ടുള്ളതായിരുന്നു.

ഇങ്ങനെ ബലിയർപ്പിക്കുവാൻ കർത്താവ് പറഞ്ഞത് പ്രധാനമായും പാപപരിഹാരാർത്ഥമാണ്. എന്നാൽ, കാലം കഴിഞ്ഞപ്പോൾ, ബലിയർപ്പണങ്ങൾ മുറപോലെ നടന്നെങ്കിലും, ജനങ്ങൾ എല്ലാത്തരത്തിലുമുള്ള തിന്മകളിൽ മുഴുകി. രാജാക്കന്മാരും മതമേധാവികളും ന്യായാധിപന്മാരും സാധാരണ ജനങ്ങളുമെല്ലാം വളരെയധികം തിന്മകൾ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇതിനെപ്പറ്റി ഏശയ്യാ 1:2-4 വചനങ്ങളിലൂടെ കർത്താവ് ഇപ്രകാരം സംസാരിക്കുന്നുണ്ട്: അവർ എന്നോട് കലഹിച്ചു. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു. കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാൽ, ഇസ്രായേൽ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസിലാക്കുന്നില്ല. തിന്മ നിറഞ്ഞ രാജ്യം, അനീതിയുടെ ഭാരം ചുമക്കുന്ന ജനം, ദുഷ്‌കർമികളുടെ സന്തതി, ദുർമാർഗികളായ മക്കൾ. അവർ കർത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശു ദ്ധനെ നിന്ദിക്കുകയും ചെയ്തു. അവർ എന്നിൽനിന്നും തീർത്തും അകന്നുപോയി.

അധർമവും അനീതിയും കാണിക്കുകയും അതേസമയം ബലിയർപ്പണങ്ങൾ തുടരുകയും ചെയ്തു. ഇത് കർത്താവിനെ അസ്വസ്ഥതപ്പെടുത്തി. അതിനാൽ കർത്താവ് പറഞ്ഞു: നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസും എനിക്ക് മതിയായി. കാളകളുടെയോ ആട്ടിൻകുട്ടികളുടെയോ മുട്ടാടിന്റെയോ രക്തംകൊണ്ട് ഞാൻ പ്രസാദിക്കുകയില്ല (ഏശയ്യാ 1:11). ജനങ്ങൾ ബലിയർപ്പിക്കുന്നത് നിർത്തണം എന്നല്ല കർത്താവ് ഉദ്ദേശിച്ചത്. നീതിയോടുകൂടി ജീവിക്കുകയും എന്നിട്ട് ബലിയർപ്പിക്കുകയും ചെയ്യണം എന്നാണ്.

മൃഗങ്ങളെ കൊന്നുള്ള ഇസ്രായേൽക്കാരുടെ ബലിയർപ്പണങ്ങൾ ഏ.ഡി. 70 -ൽ ജറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടതോടുകൂടി അവസാനിച്ചു. ഇസ്രായേൽക്കാർക്ക് ഇന്ന് ദേവാലയവും ഇല്ല. പുതിയ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ ആണ് ക്രൈസ്തവ സമൂഹം. ക്രൈസ്തവ സഭകളിൽ ബലിയർപ്പണം ഉണ്ട്. ഓസ്തിയും വീഞ്ഞും ആണ് ബലിവസ്തുക്കളായി ഉപയോഗിക്കുന്നത്. നമ്മൾ അർപ്പിക്കുന്ന ബലികളെപ്പറ്റിയും കർത്താവിന് അഭിപ്രായം പറയാൻ ഉണ്ടാകും. ഒന്നുകിൽ ഈ ബലികളിൽ താൻ സംപ്രീതനാണ് അല്ലെങ്കിൽ ബലിയർപ്പണം കണ്ട് ഞാൻ മടുത്തു എന്നായിരിക്കും കർത്താവ് പറയുന്നത്. അധർമങ്ങളിൽ മുഴുകി ജീവിച്ചുകൊണ്ട് ബലിയർപ്പിച്ചാൽ അത് കർത്താവിന് സ്വീകാര്യമാവുകയില്ല. ഇന്ന് നമ്മുടെ ദേവാലയങ്ങളിൽ നടക്കുന്ന ബലിയർപ്പണങ്ങൾ എല്ലാംതന്നെ കർത്താവിന് പ്രീതികരമായിരിക്കും എന്ന് കരുതുവാൻ നമുക്ക് കാരണങ്ങളുണ്ട്. കാരണം, മിക്കവാറും വിശുദ്ധിയിൽ ജീവിക്കുന്ന പുരോഹിതരും വിശ്വാസികളും ചേർന്നാണ് ബലികൾ അർപ്പിക്കുന്നത്. പുരോഹിതരും ജനങ്ങളും ഒരു പരിധിവരെയെങ്കിലും ഒരുക്കത്തോടും പ്രാർത്ഥനയോടും കൂടിയാണ് ബലിയർപ്പിക്കുവാൻ വരുന്നത്. അർപ്പിക്കുന്ന ഓരോ ബലിയിലും പങ്കെടുക്കുന്നവർ തങ്ങളുടെ വേദനകളും മുറിവുകളും രോഗങ്ങളും പ്രശ്‌നങ്ങളും അവയുടെ കാരണങ്ങളുമെല്ലാം കാസയോടും പീലാസയോടുംകൂടി ചേർത്തുവച്ചുകൊണ്ടാണ് ബലിയർപ്പിക്കുന്നത്. അതിനാൽ, ബലിയിൽ ആത്മാർത്ഥതയോടെ പങ്കുചേരുന്നവർക്കെല്ലാം ഓരോ ബലിയർപ്പണത്തിലൂടെയും സൗഖ്യവും ശക്തിയും ലഭിക്കുന്നു. അശ്രദ്ധമായും വൃത്തഹീനമായും സൂക്ഷിക്കുന്ന ദേവാലയങ്ങളും ബലിപീഠങ്ങളും പ്രാർത്ഥനാചൈതന്യം ഇല്ലാത്ത ബലിയർപ്പണങ്ങളും എന്നാൽ ചിലയിടങ്ങളിൽ ഉണ്ടുതാനും. നമ്മുടെ ബലിയർപ്പണങ്ങൾ കർത്താവിനെ പ്രസാദിപ്പിക്കണം. ഓരോ ബലിയർപ്പണവുംവഴി നമുക്ക് പുതിയ ദൈവകൃപകൾ ലഭിക്കണം. ബലിയർപ്പിക്കുന്ന കാർമികനും പങ്കാളികളാകുന്ന വിശ്വാസികളും ഇക്കാര്യം എപ്പോഴും ഓർക്കണം.
ഫാ. ജോസഫ് വയലിൽ സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *