സത്യസന്ധർക്കുള്ള വാഗ്ദാനങ്ങൾ

മനുഷ്യരെ പാപത്തിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യക്ഷത്തിൽ പാപമെന്നു തോന്നാത്ത ഒരു കെണി സാത്താൻ ഒരുക്കിവച്ചിട്ടുണ്ട്.
”ഇതിനുവേണ്ടിയാണു ഞാൻ ജനിച്ചത്; ഇതിനുവേണ്ടിയാണു ഞാൻ ഈ ലോകത്തിലേക്ക് വന്നതും- സത്യത്തിന് സാക്ഷ്യം നല്കാൻ. സത്യത്തിൽ നിന്നുള്ളവൻ എന്റെ സ്വരം കേൾക്കുന്നു. പീലാത്തോസ് അവനോട് ചോദിച്ചു; എന്താണ് സത്യം?” (യോഹ. 18:38).

ആദ്യപാപം അനുസരണക്കേടാണ് എന്നു പറയുമ്പോഴും അതിന് കാരണമായത് സർപ്പത്തിന്റെ നുണയാണ്. അന്നുമുതൽ ഇന്നുവരെ ലോകത്തിൽ നിറഞ്ഞുനില്ക്കുന്നതും ആവർത്തിക്കപ്പെടുന്നതുമായ പാപമാണ് നുണ. ആദ്യകുമ്പസാരത്തിൽ നുണ പറഞ്ഞുവെന്ന് ഏറ്റുപറയാത്തവരുണ്ടോ? കുട്ടിക്കാലത്തിന്റെ നിഷ്‌കളങ്കതയുടെ പരിവേഷം ഈ പാപത്തിന് സാത്താൻ ചാർത്തിക്കൊടുത്തു. അതുകൊണ്ടാണ് നമ്മുടെ ചിന്തയിലും ബുദ്ധിയിലും നുണ ഒരു ‘ലഘുപാപ’മായി തുടരുന്നത്. സാരമില്ല എന്ന് ചിന്തിച്ച് തള്ളിക്കളയാൻ ഏറെ എളുപ്പം. മറന്നുകളയാൻ ഏറ്റവും സൗകര്യവും.

പരസ്യജീവിതകാലത്ത് ഈശോ തന്നെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ്: ”വഴിയും സത്യവും ജീവനും ഞാനാണ്…” (യോഹ.14:6). ഈശോ പിതാവിലേക്ക് (സ്വർഗത്തിലേക്ക്) ഉള്ള വഴിയാണ്. ഈശോ സത്യമാണ്- പരമമായ സത്യം. ഈശോ നിത്യജീവനാണ്. ഈശോ സത്യം ആണെങ്കിൽ സാത്താൻ ആരാണെന്ന് ഈശോ പറഞ്ഞുതരുന്നുണ്ട്. ”അവൻ നുണയനും നുണയുടെ പിതാവുമാണ്” (യോഹ. 8:44). എന്നാൽ, നുണയുടെ മാതാവ് അവരവരുടെ അമ്മമാർ തന്നെയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. അമ്മിഞ്ഞപ്പാലിനൊപ്പം ചെറിയ ചെറിയ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും ഭീഷണികളുമായി നുണ കുഞ്ഞിന്റെ നാവിൽ എത്തുന്നു. കുഞ്ഞുങ്ങളോട് നുണ പറയുന്നത് അധികമാളുകൾക്കും പ്രശ്‌നമേയല്ല. പിന്നെപ്പിന്നെ അവൻ/അവൾ തിരിച്ച് നുണകൾ പറഞ്ഞ് തുടങ്ങുമ്പോഴാണ് പ്രശ്‌നങ്ങൾ ആരംഭിക്കുക. അമ്മ ചെയ്യുന്നത് തെറ്റല്ലെങ്കിൽ പിന്നെ അത് കുഞ്ഞിനും തെറ്റല്ല. ഈ ബോധ്യം മനസിൽ ഉറച്ചുകഴിഞ്ഞാൽ പിന്നെ നുണ സാധാരണ കാര്യമാകും. ജീവിതകാലം മുഴുവൻ മറയും തണലുമാകും. ഒരുപാട് ‘സൗകര്യങ്ങൾ’ നുണയ്ക്ക് പിന്നിലുണ്ടെന്ന് നമുക്കറിയാം. ഇത് ലോകനീതിയാണ്. എന്നാൽ, സ്വർഗസ്ഥനായ പിതാവേ… എന്ന് ദിവസവും പലതവണ വിളിക്കുന്നവന് ഈ നീതി ഒട്ടും കാമ്യമല്ല.

പരിപൂർണ സത്യമാണ് ദൈവം. അതുകൊണ്ടാണ് വചനം ദൈവമാകുന്നത്. തെളിമയാർന്ന ആ കണ്ണാടിക്കു മുന്നിൽനിന്ന് നമ്മുടെ മുഖം നോക്കാൻ ഒരു ശ്രമം നടത്തുന്നത് നന്നായിരിക്കും. ആദ്യമായി ആലോചിക്കേണ്ടത് നാം ഏറ്റുപറയുന്ന പിതൃത്വത്തെപ്പറ്റിയാണ്. ഓരോ ചെറിയ നുണയിലും ഞാനെന്റെ പിതൃത്വം സാത്താന് നല്കുകയാണ്. അവൻ നുണയുടെ പിതാവാണല്ലോ. സാത്താന്റെ ഗുണങ്ങൾ കാണിച്ചുകൊണ്ട് ദൈവമക്കൾ എന്ന് അവകാശപ്പെടാൻ നമുക്ക് എങ്ങനെ കഴിയും?
ഇന്ന് ആകാശവും ഭൂമിയും മുഴുവൻ നുണ നിറഞ്ഞിരിക്കുന്നു. ഈശോയുടെ തിരുരക്തത്താലും മാതാവിന്റെ രക്തക്കണ്ണീരിനാലും വിശുദ്ധരുടെ മാധ്യസ്ഥ്യത്താലും ഉരുവായ ആത്മീയതയുടെ കവചം വിണ്ടിരിക്കുന്നു. ഇതിനു കാരണം നമ്മുടെ മൊബൈൽ ഫോണുകളിലൂടെയും ഇന്റർനെറ്റിലൂടെയും ടെലവിഷനിലൂടെയും അനുനിമിഷം പുറത്തുവരുന്ന നുണകളും അശുദ്ധ ഭാഷണങ്ങളും പരദൂഷണവും വ്യർത്ഥമായ വാഗ്ദാനങ്ങളുമാണ്. നൂറുനൂറു ചതിക്കുഴികൾ, കൊതിപ്പിക്കുന്ന പഴങ്ങളാക്കി സാത്താൻ വെച്ചുനീട്ടുന്നു. സാമാന്യബോധമുള്ളവർക്ക് ശരിയല്ല എന്നറിയാവുന്ന കാര്യങ്ങൾ പരസ്യത്തിലൂടെ ശരിയാണെന്ന് പറയുന്നത് കേൾക്കുമ്പോൾ വിശ്വസിച്ച് പോകുന്നു; സുബോധം നഷ്ടപ്പെടുന്നു എന്നു വേണമെങ്കിൽ പറയാം. നുണകൾ ആവർത്തിച്ച് കേൾക്കുമ്പോൾ അത് നമ്മുടെ ചിന്തകളെ സാരമായി സ്വാധീനിക്കും. ”നുണ വികൃതമായ കറയാണ്; അജ്ഞന്റെ അധരത്തിൽ അത് എപ്പോഴും കാണും” (പ്രഭാ. 20:24).

സ്‌നേഹം പൂർണമല്ലാത്തിടത്ത് നുണയുണ്ട്. ബഹുമാനമില്ലാതെ ഭയം മാത്രം ഉള്ളിടത്ത്, വ്യർത്ഥാഭിമാനം ഉള്ളിടത്ത് എല്ലാം നുണയുണ്ട്. ഓരോ നുണയും മറ്റൊന്നിലേക്ക് നീണ്ടുപോകുന്നു. ഇത് നുണയുടെ പിതാവിന്റെ തന്ത്രമാണ്. ആത്മാർത്ഥതയില്ലാത്ത സംസാരം, മുഖസ്തുതി, അമിത വിനയം ഇവയെല്ലാം നുണയുടെ വർഗത്തിൽപ്പെടുന്നു. ”വിദ്വേഷം മറച്ചുവച്ച് സംസാരിക്കുന്നവൻ കള്ളം പറയുന്നു…” (സുഭാ. 10:18).

കപടത നുണയുടെ മറ്റൊരു മുഖമാണ്. ഫരിസേയരുടെയും പ്രീശരുടെയും കപടതയെക്കുറിച്ചാണ് ഈശോ ഏറ്റവുമധികം കടുപ്പിച്ച് സംസാരിച്ചിട്ടുള്ളത്. അതുപോലെ വചനം പ്രവർത്തിക്കാതെ പ്രഘോഷിക്കുന്നവർ, വചനത്തിന് സ്വന്തമായ ദുർവ്യാഖ്യാനങ്ങൾ നല്കുന്നവർ… എന്നിങ്ങനെ ദൈവവചനത്തിൽ മായം ചേർത്ത് കച്ചവടം ചെയ്യുന്നവർ (2 കോറി. 2:17), അതിശയോക്തി കലർത്തി കാര്യങ്ങൾ വളച്ചൊടിച്ച് സംസാരിക്കുന്നവർ, പരദൂഷകർ എല്ലാം നുണയരുടെ കുടുംബത്തിൽപ്പെടുന്നു. സാത്താന്റെ തടവിലാണവർ. നമുക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. ”നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും”
(യോഹ. 8:32).

പഴയ നിയമത്തിൽ എന്നെ ഏറ്റവും ആകർഷിച്ച രണ്ട് വ്യക്തിത്വങ്ങളാണ് ജോബും തോബിത്തും. ജോബിനെപ്പറ്റി ദൈവം പറയുന്നത് ഇപ്രകാരമാണ്: ”അവനെ പ്പോലെ സത്യസന്ധനും നിഷ്‌കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്ന് ജീവിക്കുന്നവനും ആയി ഭൂമുഖത്ത് ആരെങ്കിലുമുണ്ടോ?” (ജോബ് 1:8). അതുപോലെ തോബിത്ത് ജീവിതകാലമത്രയും സത്യത്തിന്റെയും നീതിയുടെയും മാർഗത്തിലാണ് ചരിച്ചിരുന്നത് (തോബിത്ത് 1:3). ജീവിതത്തിൽ സത്യത്തിന് പ്രാധാന്യം നല്കണമെന്ന് പൗലോസ് ശ്ലീഹായും പഠിപ്പിക്കുന്നു. ആത്മീയ സമരത്തിന് ഒരുങ്ങുമ്പോൾ ആദ്യമായി ചെയ്യേണ്ട പ്രവൃത്തി സത്യംകൊണ്ട് അരമുറുക്കുക എന്നതാണ് (എഫേ. 6:14). വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയല്ക്കാരോട് സത്യം സംസാരിക്കണം (എഫേ. 4:25). പരസ്പരം കള്ളം പറയരുത് (കൊളോ. 3:9) എന്നിവയൊക്കെ ആദിമസഭയ്ക്ക് ജീവിതനിയമമായി അദ്ദേഹം നല്കുന്നു. സത്യസന്ധർക്കുള്ള വാഗ്ദാനങ്ങൾ ഏറ്റവുമധികം സുഭാഷിതങ്ങളിൽ കാണുന്നുണ്ട്.

അവിടുന്ന് സത്യസന്ധർക്കായി അന്യൂനമായ ജ്ഞാനം കരുതിവയ്ക്കുന്നു (സുഭാ. 2:7). അവരോട് സൗഹൃദം പുലർത്തുന്നു (സുഭാ. 3:32). സത്യസന്ധർ അനുഗ്രഹം പ്രാപിക്കുന്നു (സുഭാ. 14:9). അവരുടെ കൂടാരം പുഷ്ടി പ്രാപിക്കുന്നു. മാത്രമല്ല, സത്യസന്ധരുടെ പ്രാർത്ഥന ദൈവത്തെ സന്തോഷിപ്പിക്കുന്നു (സുഭാ. 15:8).
അതുകൊണ്ട് നമുക്ക് ഇങ്ങനെ പ്രാർത്ഥിക്കാം: ”അസത്യവും വ്യാജവും എന്നിൽനിന്ന് അകറ്റി നിർത്തേണമേ…” (സുഭാ. 30:8). ”അങ്ങയുടെ പ്രകാശവും സത്യവും അയക്കണമേ. അവ എന്നെ നയിക്കട്ടെ…” (സങ്കീ. 43:3).

കൊച്ചുറാണി

Leave a Reply

Your email address will not be published. Required fields are marked *