കണ്ണീർത്തുള്ളികൾ വീണ ജപമണികൾ

ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ ജപമാലയിലൂടെ മറികടന്ന അനുഭവം.

ബാംഗ്ലൂരിൽ ഫിലോസഫി പഠിക്കുമ്പോൾ അവിടെ ഒരു നിയമമുണ്ടായിരുന്നു- ഒരു വർഷം പരമാവധി മൂന്നു വിഷയങ്ങൾക്കേ തോല്ക്കാവൂ. നാലാമതൊന്നിൽ തോറ്റാൽ ഒരു വർഷംകൂടി അതേ ക്ലാസിൽ പഠനം ആവർത്തിക്കണം. ആദ്യവർഷം എല്ലാ വിഷയങ്ങളിലും പാസായി. രണ്ടാം വർഷം തോല്‌വിയെന്ന ദുരന്തം എന്നെ പിടികൂടി. തീർത്തും അപ്രതീക്ഷിതമായി ആദ്യ സെമസ്റ്ററിൽ മൂന്നു വിഷയങ്ങൾക്ക് തോറ്റു. പുരോഹിതനാകണം എന്ന എന്റെ ആഗ്രഹങ്ങൾക്ക് വിള്ളൽ വീണതുപോലെ തോന്നിത്തുടങ്ങി. തോറ്റ വിഷയങ്ങളെക്കാൾ ഏറെ ബുദ്ധിമുട്ടുള്ള വിഷയങ്ങളുടെ റിസൽട്ട് വരാനിരിക്കുന്നതേയുള്ളൂ. എന്തായാലും നാലാമതൊരു വിഷയത്തിൽ തോല്ക്കുമെന്ന് എനിക്കുറപ്പായിരുന്നു. സാധാരണ രീതിയിൽ നാലു വിഷയങ്ങൾക്കു തോറ്റാൽ ആരെയും തുടർന്ന് പഠിക്കുവാൻ അനുവദിച്ചിരുന്നില്ല. അതിനാൽ സാധനങ്ങളെല്ലാം അടുക്കിപ്പെറുക്കി വീട്ടിലേക്ക് പോകാനുള്ള തയാറെടുപ്പുകൾ തുടങ്ങി. അപ്പച്ചന്റെയും അമ്മച്ചിയുടെയും കരയുന്ന മുഖങ്ങൾ മനസിൽ തെളിഞ്ഞുവന്നു. നാട്ടുകാരുടെ അടക്കംപറച്ചിലുകൾക്കിടയിലൂടെ നമ്രശിരസ്‌ക്കനായി ഞാൻ നടക്കുന്നതും പലരുടെയും പരിഹാസങ്ങൾക്ക് വിധേയനായി തളർന്നുപോകുന്ന രംഗങ്ങളുമെല്ലാം കൊള്ളിയാൻപോലെ മനസിൽ മിന്നിമറഞ്ഞു. എന്തായാലും എന്റെ പ്രതീക്ഷകളുടെ തിരിനാളങ്ങൾ കരിന്തിരികത്തുന്നതിന്റെ പുകച്ചുരുളുകൾ മനസിൽ വട്ടമിടുന്നത് ഞാനറിഞ്ഞു. എത്രനാൾ ഈ ആശങ്കകൾ അടക്കി പിടിച്ചു നടക്കും? ധൈര്യം സംഭരിച്ച് എന്റെ ആധ്യാത്മിക ഗുരുവിനെ സമീപിച്ചു. ജീവിതത്തിന്റെ വിഘ്‌നങ്ങളും ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമെല്ലാം അച്ചനുമായി പങ്കുവച്ചു. അച്ചൻ എന്നെ ആശ്വസിപ്പിച്ചു. നാലാമതൊരു വിഷയത്തിന് തോറ്റിട്ടില്ലല്ലോ? അതിനെക്കുറിച്ചുള്ള ആധി മനസിൽനിന്നു കളയുക. ദൈവം വിളിച്ചിട്ടുണ്ടെങ്കിൽ ദൈവം വഴികാട്ടിയുമാകും. ”ശെമ്മാശന്റേത് ഒരു മരിയൻ സഭയല്ലേ? ദിവസത്തിൽ എത്ര ജപമാല ചൊല്ലാറുണ്ട്?” ഞാൻ പറഞ്ഞു; സമൂഹം ഒന്നിച്ചു ചൊല്ലുന്ന ഒരെണ്ണം മാത്രം. അച്ചൻ തുടർന്നു: ”അതുപോരാ. ഇന്നുമുതൽ നിന്റെ ദുഃഖങ്ങളും പഠനത്തിലെ ബുദ്ധിമുട്ടുകളുമെല്ലാം മാതാവിന് സമർപ്പിച്ച് കൂടുതൽ ജപമാലകൾ ചൊല്ലി സമർപ്പിക്കണം. എത്ര ചൊല്ലാമോ അത്രയും.

കളിക്കുമ്പോഴും പണിക്കിടയിലും എന്നുവേണ്ട ജപമാല ഒരു മന്ത്രംപോലെ മനസിൽനിന്ന് അലയടിച്ചുയരട്ടെ. മാതാവ് കാത്തുകൊള്ളും. ഞാനും പ്രാർത്ഥിക്കാം.”
അച്ചന്റെ വാക്കുകളിൽ അഗ്നിയുള്ളതുപോലെ തോന്നി. എന്റെ പ്രാർത്ഥനാജീവിതത്തിലെ പുതിയ പന്ഥാവ് അവിടെ തുറക്കുകയായിരുന്നു. അച്ചൻ പറഞ്ഞതുപോലെ ഞാൻ ചെയ്തു. ആദ്യമെല്ലാം ഒത്തിരി ബുദ്ധിമുട്ടുള്ളതുപോലെ തോന്നി. പിന്നീട് ജപമാലമന്ത്രം ജീവിതത്തിന്റെ ഭാഗമായി. ചോദ്യപരീക്ഷയ്ക്ക് പോകുംമുൻപ് ഞാൻ മാതാവിനോട് എന്റെ അരികിൽ നില്ക്കാൻ പറഞ്ഞു. എഴുത്തുപരീക്ഷയാണെങ്കിൽ കരംപിടിച്ച് എഴുതിക്കണമെന്നും. പരീക്ഷകൾ ഒന്നൊന്നായി കഴിഞ്ഞു. ഒന്നിനു പുറകെ മറ്റൊന്നായി ഫലങ്ങളും വന്നു. തോല്ക്കുമെന്ന് നിനച്ചിരുന്ന പരീക്ഷകൾക്കെല്ലാം ഞാൻ ജയിച്ചിരുന്നു. പതിയെ തോല്‌വിയെന്ന ചിന്ത എന്നിൽ നിന്നകന്നു തുടങ്ങി. അതിനുശേഷം എത്രയോ പരീക്ഷകൾ എഴുതിയിരിക്കുന്നു. എത്രയോ പരീക്ഷണങ്ങളിൽ അകപ്പെട്ടിരിക്കുന്നു. ഇതുവരെ ഒരു പരീക്ഷയ്ക്കുപോലും ദൈവം എന്നെ തോല്ക്കാൻ അനുവദിച്ചില്ല. ജപമാലയെന്ന ആയുധം ഒരു വജ്രായുധമാണെന്നും മാതാവിന്റെ സാന്നിധ്യം ഏറ്റവും ബലവത്താണെന്നും ഞാനിന്നും അറിയുന്നു. വാഹനത്തിൽ യാത്രചെയ്യുമ്പോൾ അരികെയിരിക്കുന്ന യാത്രക്കാരനെപ്പോലെ ജപമാല ചൊല്ലുമ്പോൾ അമ്മ നമ്മോടൊപ്പം സഞ്ചരിക്കുന്നുണ്ട്. യാത്രക്കാരന്റെ സാന്നിധ്യം നാം അറിഞ്ഞാലും ഇല്ലെങ്കിലും അയാൾ നമുക്ക് അരികിൽത്തന്നെ ഇരിക്കുന്നതുപോലെ ഓരോ ജപമണികളിലും മാതാവിന്റെ കണ്ണുനീർ തുള്ളികളുണ്ട്. അത് തന്റെ മകന്റെ ജീവിതരഹസ്യങ്ങളെക്കുറിച്ചുള്ള ദുഃഖത്തിന്റെയും ആനന്ദത്തിന്റെയും പ്രകാശനത്തിന്റെയും ആത്മാഭിമാനത്തിന്റെയുമെല്ലാം കണ്ണീരാണ്. സത്യത്തിൽ ജപമാല കരങ്ങളിൽ വഹിക്കുമ്പോൾ നാം മാതാവിന്റെ കരങ്ങൾ തന്നെയാണ് പിടിക്കുന്നത്. അതുകൊണ്ടായിരിക്കാം വിശുദ്ധ ബർണാർഡ് ഇങ്ങനെ പ്രാർത്ഥിച്ചത്, ‘എത്രയും ദയയുള്ള മാതാവേ… അങ്ങേ മാധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തിൽ കേട്ടിട്ടില്ല എന്നോർക്കണമേ…’ എന്ന്.

ഓരോ ജപമാലയിലും നമ്മെ കൈവെടിയാത്ത മാതൃസാന്നിധ്യം ഉണ്ടെന്നു വിശ്വസിക്കാം. മാതാവിന്റെ സന്തതസാമീപ്യം ഉറപ്പിക്കുംവണ്ണം 2005 സെപ്റ്റംബർ എട്ടാം തിയതി മാതാവിന്റെ ജനന തിരുനാൾ ദിവസംതന്നെ തിരുപ്പട്ടത്തിലൂടെ എന്നെ പൂർണമായി യേശുവിന് സമർപ്പിച്ചു. ഓരോ ദിവസവും ജപമാല കരങ്ങളിൽ ഏന്തുമ്പോൾ മാതാവ് ചെവികളിൽ മന്ത്രിക്കുന്നുണ്ട്: ”മകനേ, നിന്റെ കരങ്ങളിലെ ജപമാലയിലെ ക്രൂശിതരൂപം നീ ശ്രദ്ധിച്ചുവോ? അതിൽ എന്റെ മകനുണ്ട്. നീ ജപമാല ചൊല്ലുമ്പോൾ ഞാനും ഈശോയും പിന്നെ നീയും ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്.” ഓരോ ജപമാലയിലൂടെയും മാതാവും ഈശോയും ഞാനും അങ്ങനെ
ഒന്നായിത്തീരുന്നു.

ഫാ. ജെൻസൺ ലാസലെറ്റ്

Leave a Reply

Your email address will not be published. Required fields are marked *