കൊച്ചേ, നീ പള്ളീന്നു തന്നെ കട്ടോ?

ഒരിക്കലും തിരിച്ചറിയാതെ പോകുന്ന ചില മോഷണശീലങ്ങളുണ്ട്. കരുണയും ദയയും നഷ്ടമാകുമ്പോഴൊക്കെ മറ്റുള്ളവർക്കവകാശമായിട്ടുള്ളത് നാം സ്വന്തമാക്കിവയ്ക്കുന്ന അവസ്ഥ സംജാതമാകും. ഈ ആത്മീയ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ വചനങ്ങൾ…

അന്നൊരു പെരുന്നാൾ ദിവസമായിരുന്നു. പള്ളിയിൽ ഫാനും മറ്റും ഇല്ലാതിരുന്ന കാലം. അന്നെനിക്ക് ഏകദേശം നാലു വയസിനടുത്ത് പ്രായം കാണും. എന്റെ ആന്റിയാണ് ആ ദിവസം എന്നെ പള്ളിയിൽ കൊണ്ടുപോയത്. തിരക്കിനിടയിൽപെട്ട് എ നിക്ക് അസ്വസ്ഥത ഉണ്ടാകാതിരിക്കുവാൻ വേണ്ടി ആന്റി എന്നെ ഒരു ജനലിനടുത്ത് കാറ്റും വെളിച്ചവും എല്ലാം കിട്ടാൻ പാകത്തിന് നിർത്തി. പെരുന്നാൾ കുർബാന സാഘോഷം നടക്കുന്ന സമയം. പള്ളിമുറ്റത്തുനിന്നും ഒരു അമ്മച്ചി ഒരു കുടയും അമ്പതുപൈസയും ഞാൻ നിന്നിരുന്ന ജനലിന്റെ അരപ്ലെയ്‌സിൽ വച്ചിട്ട് എങ്ങോ പോയി. ഞാൻ കുറച്ചുനേരം ആ അമ്പതു പൈസാ ത്തുട്ടിൽ നോക്കിനിന്നു. വീടിനു മുൻവശത്തുള്ള റോഡിൽക്കൂടി എല്ലാ ദിവസവും മണിയടികളോടെ വില്ക്കാൻ കൊണ്ടുപോയിരുന്ന നല്ല നിറവും മധുരവുമുള്ള കോൽ ഐസിന്റെ കാര്യമാണ് അപ്പോൾ എന്റെ മനസിലേക്ക് കടന്നുവന്നത്. ഐസ് കിട്ടാൻ പൈസ കൊടുക്കണം എന്നുമാത്രമേ എനിക്കറിയൂ. ചെയ്യാൻ പോകുന്നത് കളവാണെന്നോ മറ്റോ എനിക്കറിയില്ല. ഞാൻ ആ പൈസ എടുത്ത് എന്റെ ഉടുപ്പിന്റെ പോക്കറ്റിലിട്ടു. ആ നിമിഷം മുതൽ ചെയ്യരുതാത്തതെന്തോ ചെയ്തമട്ടിൽ ഞാൻ കരയാൻ തുടങ്ങി. കാര്യം അറിയാത്ത ആന്റി എന്നെ ആശ്വസിപ്പിച്ചു. പക്ഷേ, ഞാൻ കരച്ചിൽ നിർത്തിയില്ല. എന്നെ ആന്റി പള്ളിക്ക് വെളിയിൽ കൊണ്ടുവന്നു. എത്ര ചോദിച്ചിട്ടും ഞാൻ കരച്ചിലിന്റെ കാര്യം എന്താണെന്നു പറഞ്ഞില്ല. കോൽ ഐസിനോടുള്ള പ്രിയം നിമിത്തം പൈസ തിരികെ കൊടുക്കാൻ ഞാൻ തയാറായിരുന്നില്ല. ഞാൻ വീണ്ടും വീണ്ടും കരഞ്ഞു. അവസാനം തിരുനാൾ കുർബാന പൂർത്തീകരിക്കുന്നതിനുമുൻപ് എന്നെ ആന്റി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വഴിനീളെ ഞാൻ കരഞ്ഞു. വീട്ടിൽചെന്നും കരഞ്ഞു. ആന്റി സ്‌നേഹത്തോടെ എന്നെ ചേർത്തുനി ർത്തി വീണ്ടും ചോദിച്ചു. ”മോളെന്തിനാണ് കരയുന്ന ത്? എന്തുതന്നെ ആണെങ്കിലും കുഴപ്പമില്ല. ഒന്നു പറഞ്ഞാൽ മാത്രം മതി.” ആന്റി എന്നെ വഴക്കു പറയുകയില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ കരഞ്ഞുകൊണ്ട് ആ അമ്പതുപൈസ എടുത്ത് ആന്റിയുടെ നേർക്കുനീട്ടി. ഇതെവിടുന്ന് കിട്ടി നിനക്ക്? ആന്റി ചോദിച്ചു. ഞാൻ പള്ളീന്ന് എടുത്തതാ. ഞാൻ മറുപടി പറ ഞ്ഞു. വിശദവിവരങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം ആന്റി എന്നോട് അതിശയരൂപത്തിൽ ചോദിച്ചു; ”എന്റെ കൊച്ചേ, നീ പള്ളീന്നുതന്നെ കട്ടോ?”

ഇനിയിപ്പോൾ ഈ പൈസ എന്താ ചെയ്യുക- ആന്റി ഒരു നിമിഷം ആലോചനാരൂപത്തിൽ നിന്നു. എന്നിട്ട് എന്നോട് പറഞ്ഞു: മോൾ ഈ പൈസ തിരുഹൃദയരൂപത്തിനു മുൻപിൽ വയ്ക്ക്. ഞാൻ അനുസരിച്ചു. എന്നിട്ടെന്നോടു പറഞ്ഞു, കട്ടെടുത്ത ഈ പൈസ നമുക്കുപയോഗിക്കാൻ പാടില്ല. വല്ല ധർമക്കാരും വരുമ്പോൾ കൊടുക്കാം. കാരണം, പാവങ്ങൾക്കു കൊടുക്കുന്നത് ഈശോയ്ക്കാണ് കൊടുക്കുന്നത്. ഞാൻ ആന്റി പറഞ്ഞത് അനുസരിച്ചു. ആ അമ്പതുപൈസ ആ വഴി വന്ന ഒരു ധർമക്കാരന് എന്നെക്കൊണ്ട് കൊടുപ്പിച്ചു. ധർമക്കാരൻ എന്നെ നോക്കി ചിരിച്ചു. അങ്ങനെ എനിക്ക് ആശ്വാസമായി, ഞാൻ മ്ലാനത വിട്ട് ചിരിക്കാൻ തുടങ്ങി.

നിസാരമല്ല ഈ സംഭവം
ഈ സംഭവം എന്റെ മനസിൽ അത്യത്ഭുതകരമായ ഒരു ബോധ്യം രൂപപ്പെടുത്തി. അത് മറ്റൊന്നുമല്ല- ”പാവങ്ങൾക്ക് കൊടുക്കുന്നത് ഈശോയ്ക്ക് കൊടുക്കുന്നതിന് തുല്യമാണ്” എന്ന ആന്റി പറഞ്ഞ വാക്കുകളാണ്. നന്നേ ചെറുപ്പത്തിലെ ആ ബോധ്യം എന്റെ മനസിൽ വേരുറച്ചു. ആ ബോധ്യത്തിന്റെ സ്വാധീനത്താൽ ഞാൻ പാവപ്പെട്ടവരെ സ്‌നേഹിക്കാൻ തുടങ്ങി. എനിക്ക് കിട്ടുന്ന പോക്കറ്റുമണിയും മറ്റും ആന്റി അന്ന് ചെയ്യിച്ചതുപോലെ തിരുഹൃദയരൂപത്തിന്റെ മുൻപിൽ കൊണ്ടുചെന്നുവച്ചിട്ട് പാവങ്ങൾക്ക് പ്രത്യേകിച്ച് യാചകർക്കും മറ്റും കൊടുക്കുക എന്നത് എനിക്ക് ആത്മീയ ആനന്ദം നല്കുന്ന കാര്യമായിത്തീർന്നു. ‘എന്റെ ഈ ചെറിയവരിൽ ഒരുവന് നിങ്ങളിതു ചെയ്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത്’ എന്ന കർത്താവിന്റെ വചനം അന്നെനിക്ക് അറിഞ്ഞുകൂടായിരുന്നുവെങ്കിലും ആ വചനം നല്കുന്ന ബോധ്യമാണ് പാവങ്ങളെ സ്‌നേഹിക്കുവാൻ എന്നെ പ്രേരിപ്പിച്ചതെന്ന് ഇന്നു ഞാൻ തിരിച്ചറിയുന്നു.

നമുക്ക് ലഭിക്കാതെ പോകുന്ന ബോധ്യം
ആന്റി പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തിലുണ്ടാക്കിയ ബോധ്യം നമുക്ക് ലഭിക്കാതെ പോകുന്നതുകൊണ്ടാണ് കൊടുക്കുവാൻ നമ്മൾ മടിയുള്ളവരായിത്തീരുന്നത്. എന്നാൽ, പാവപ്പെട്ടവന് നാം നല്കുന്നത് ദൈവത്തിനു തന്നെയാണ് നല്കുന്നതെന്ന ബോധ്യം നമുക്ക് ലഭിച്ചാൽ കൊടുക്കുന്നതിൽ നാം ഉത്സാഹമുള്ളവരായിത്തീരും. ഹൃദയത്തിൽ കരുണ നിറച്ചുകൊണ്ടുള്ള ഈ കൊടുക്കൽ അത്യധികമായ അനുഗ്രഹങ്ങൾ ദൈവത്തിൽനിന്നും നമ്മിലേക്ക് ഒഴുക്കുന്നതിന് കാരണമായിത്തീരുന്നു. ”ദാനധർമം ചെയ്യുന്നതിൽ നീ മടി കാണിക്കരുത്. പാവപ്പെട്ടവനിൽനിന്നും മുഖം തിരിച്ചുകളയരുത്. അപ്പോൾ ദൈവം നിന്നിൽനിന്നും മുഖം തിരിക്കുകയില്ല” (തോബിത്ത് 4:7). ദൈവത്തിന്റെ കണ്ണുകൾ നമ്മുടെ കണ്ണുനീരിന്റെ നേരെയും അവിടുത്തെ ചെവികൾ നമ്മുടെ യാചനകളുടെ നേരെയും എപ്പോഴും തുറന്നിരിക്കണമെന്ന് ആഗ്രഹിക്കാത്ത ആരാണ് നമ്മുടെ ഇടയിൽ ഉള്ളത്? പക്ഷേ, ഇപ്രകാരം സംഭവിക്കണമെങ്കിൽ നമ്മുടെ കണ്ണും കാതും ദരിദ്രന്റെ കണ്ണുനീരിന്റെ നേരെയും അവന്റെ നിലവിളികളുടെ നേരെയും തുറന്നിരിക്കണം. കർത്താവിന്റെ സ്‌നേഹം അനന്തമാണെന്നും പെറ്റമ്മയുടെ സ്‌നേഹത്തെക്കാൾ വലുതാണെന്നും ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, പെറ്റമ്മയുടെ സ്‌നേഹത്തെക്കാൾ ഉപരിയായി നമ്മെ സ്‌നേഹിക്കുന്ന ദൈവത്തിന്റെ സ്‌നേഹം നമുക്ക് അനുഭവവേദ്യമായിത്തീരണമെങ്കിൽ നമ്മൾ ദരിദ്രരെ ഉദാരമായി സ്‌നേഹിക്കുകയും അവരോട് നിറഞ്ഞ കാരുണ്യത്തോടെ പെരുമാറുകയും വേണം. ”അനാഥർക്കു പിതാവും അവരുടെ അമ്മയ്ക്ക് ഭർതൃതുല്യനും ആയിരിക്കുക. അപ്പോൾ അത്യുന്നതൻ നിന്നെ പുത്രനെന്നു വിളിക്കുകയും അമ്മയുടേതിനെക്കാൾ വലിയ സ്‌നേഹം അവിടുന്ന് നിന്നോടുകാണിക്കുകയും ചെയ്യും” (പ്രഭാ. 4:10).

ഇത് ദൈവകല്പന
ഇല്ലായ്മയിൽ ആയിരിക്കുന്നവന് കൈ തുറന്നു കൊടുക്കുക എന്നതും ആവശ്യത്തിലായിരിക്കുന്നവരെ താങ്ങുക എന്നതും ദൈവകല്പനതന്നെ ആണ്. അവിടുന്ന് പറയുന്നു; ”കൊടുക്കുവിൻ നിങ്ങൾക്കും ലഭിക്കും. അമർത്തിക്കുലുക്കി നിറച്ചളന്ന് അവർ നിങ്ങളുടെ മടിയിൽ ഇട്ടുതരും” (ലൂക്കാ 6:38). എന്നാൽ, ദൈവത്തിന്റെ ഈ ഗൗരവമേറിയ കല്പനയെ നാം കല്പനയായി മനസിലാക്കിയിട്ടില്ല. എന്തെങ്കിലും അല്പസ്വല്പം കൊടുക്കുന്നതുകൊണ്ട്, അതീവ സംതൃപ്തരായി കഴിയുന്നവരാണ് പലപ്പോഴും നമ്മൾ. എന്നാൽ, സ്‌നാപകയോഹന്നാന്റെ വാക്കുകളിലൂ ടെ ദൈവം നമ്മോട് സംസാരിക്കുന്നത് വായിച്ച് ധ്യാനിക്കുമ്പോൾ നാം എത്രമാത്രം അധികമായി പങ്കുവയ്‌ക്കേണ്ടവരാണെന്ന് ബോധ്യമാകും. തന്റെ വാക്കു കേൾക്കുവാനും സ്‌നാനം സ്വീകരിക്കുവാനും ഓടിയെത്തിയവരോട് സ്‌നാപകൻ ചോദിച്ചു; ”അണലിസന്തതികളേ ആസന്നമായ കോപത്തിൽനിന്നും ഓടിയകലാൻ ആരാണ് നിങ്ങൾക്ക് മുന്നറിയിപ്പ് നല്കിയത്? മാനസാന്തരത്തിനു വേണ്ട ഫലങ്ങൾ പുറപ്പെടുവിക്കുവിൻ. കേട്ടുനിന്ന ജനം മാറത്തടിച്ചുകൊണ്ട് സ്‌നാപകനോട് ചോദിച്ചു, ഗുരോ ഞങ്ങൾ എന്തു ചെയ്യണം? അപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ‘ഇനിമേലിൽ രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെ തന്നെ ചെയ്യട്ടെ.’ ഇതാണ് ദൈവം നമ്മിൽനിന്നും ആവശ്യപ്പെടുന്ന മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കുന്ന ജീവിതം. ഈ ജീവിതത്തിലേക്ക് കടന്നുവരുവാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്. പലപ്രാവശ്യം പരിപോഷിപ്പിച്ചിട്ടും ഈ രീതിയിൽ ഫലം പുറപ്പെടുവിക്കാത്ത ജീവിതങ്ങൾ ശിക്ഷക്ക് അർഹമായിത്തീരുമെന്ന് ദൈവം നമുക്ക് മുന്നറിയിപ്പ് നല്കുന്നു. ‘ഫലം തരാത്ത വൃക്ഷങ്ങൾ വെട്ടി തീയിൽ എറിയപ്പെടും’ എന്ന് തിരുവചനത്തിലൂടെ അവിടുന്ന് നമുക്ക് താക്കീതു നല്കുന്നുവല്ലോ.
അതുകൊണ്ട് അവിടുത്തെ കല്പനയെപ്രതി നാം ഉദാരരായിരിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

അനുഗ്രഹത്തിന്റെ ആരാമം
ദരിദ്രനോടു കാണിക്കുന്ന കാരുണ്യം അനുഗ്രഹത്തിന്റെ വലിയ ആരാമമാണെന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. ”കാരുണ്യം അനുഗ്രഹത്തിന്റെ ആരാമംപോലെയാണ്; ദാനധർമം എന്നും നിലനില്ക്കുന്നു” (പ്രഭാ. 40:17). ദരിദ്രനോടു കാണിക്കുന്ന കാരുണ്യം കർത്താവിനോടു കാണിക്കുന്ന കാരുണ്യമാണ്. അവിടുന്ന് അതിന് തക്ക പ്രതിഫലം തക്കസമയത്ത് നല്കുമെന്നതിന് തിരുവചനങ്ങളിലൂടെ ഉറപ്പുനല്കുന്നു. ”ദരിദ്രന് ദാനം നല്കുന്നവൻ കർത്താവിന് കടം കൊടുക്കുന്നു. അവിടുന്ന് അത് വീട്ടുകതന്നെ ചെയ്യും” (സുഭാ. 19:17). ദരിദ്രർക്ക് ദാനം നല്കുന്നവനെ ബഹുമാനിക്കുന്ന ദൈവത്തെ തിരുവചനങ്ങളിൽ ഉടനീളം കാണുവാൻ സാധിക്കും. ദാനധർമിയെ അവിടുന്ന് തനിക്ക് തുല്യനായി കരുതി ബഹുമാനിക്കുന്നു. ”മനുഷ്യന്റെ ദാനധർമത്തെ മുദ്രമോതിരത്തെ എന്നതുപോലെ കർത്താവ് വിലമതിക്കുന്നു. അവന്റെ കാരുണ്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ അവിടുന്ന് കരുതുന്നു” (പ്രഭാ. 17:22). രാജാക്കന്മാരുടെയും ഉന്നതസ്ഥാനീയരുടെയും ഏറ്റവും ബഹുമാന്യമായ ആഭരണമാണ് അവരുടെ മുദ്രമോതിരം. ദാനധർമത്തെ അത്രമേൽ ബഹുമാന്യമായ മനുഷ്യന്റെ പ്രവൃത്തിയായി അവിടുന്ന് കാണുന്നു. അതുപോലെ മനുഷ്യന്റെ അവയവങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അവന്റെ കണ്ണിലെ കൃഷ്ണമണി. മനുഷ്യന്റെ കാരുണ്യത്തെ അവിടുന്ന് കാണുന്നത് അവിടുത്തെ കണ്ണിലെ കൃഷ്ണമണിപോലെയാണ്.

മനുഷ്യന്റെ കഷ്ടതയിൽ അവനോട് ഏറ്റവും ചേർന്നു നില്ക്കുന്നവരാണ് അവന്റെ സഹോദരങ്ങളും സഹായികളും. എന്നാൽ, ദാനധർമം അവയെക്കാൾ ഏറെ വലുതാണെന്ന് അവിടുന്ന് നമ്മെ ഓർമപ്പെടുത്തുന്നു. ”സഹോദരങ്ങളും സഹായികളും വിഷമസന്ധിയിൽ ഉപകരിക്കുന്നു. എന്നാൽ, ദാനധർമം ഇവയെക്കാൾ സുരക്ഷിതമായ അഭയമാണ്” (പ്രഭാ. 40:24). പാപത്തിന് പരിഹാരമായി ദൈവവചനം വെളിപ്പെടുത്തുന്ന ഏകസംഗതി ദാനധർമമാണ്. ഇത് നമ്മുടെ വ്യക്തിജീവിതത്തിൽ നിന്നും നമ്മുടെ കുടുംബത്തിൽനിന്നും പാപത്തിന്റെ ഫലമായി ഉണ്ടാകുന്ന കാലത്തിനടുത്ത ശിക്ഷയെ ദുരീകരിക്കുന്നു. ഇതെക്കുറിച്ച് തിരുവചനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു; ”ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധർമം പാപത്തിന് പരിഹാരമാണ്” (പ്രഭാ. 3:30).

ഉന്നതമായ ഇൻഷുറൻസ്
ഭൂമിയിൽ നിങ്ങൾ നിക്ഷേപങ്ങൾ കരുതിവയ്ക്കരുത്. പകരം സ്വർഗത്തിൽ നിക്ഷേപങ്ങൾ കരുതുവാൻ നമ്മെ ഉദ്‌ബോധിപ്പിക്കുന്ന കർത്താവ് സ്വർഗത്തിലേക്കുള്ള നിക്ഷേപമായി ചൂണ്ടിക്കാണിക്കുന്നത് ദാനധർമത്തെയാണ്. അത് എല്ലാ തിന്മകളിൽനിന്നും നമ്മെ രക്ഷിക്കുന്ന ഉന്നതമായ ഇൻഷുറൻസ് ആയി അവിടുന്ന് നമുക്ക് വെളിപ്പെടുത്തുന്നു. ഇത് സാധാരണ ഇൻഷുറൻസ് കമ്പനികൾ നല്കുന്ന വാഗ്ദാനത്തെക്കാൾ ഉന്നതമായ വാഗ്ദാനമാണ്. ഭൂമിയിലെ ഇൻഷുറൻസ് കമ്പനികൾ നല്കുന്നത് ഏതെങ്കിലും വിനകൾ സംഭവിച്ചാൽ, അതായത് മരണം സംഭവിച്ചാൽ, അപകടം സംഭവിച്ചാൽ അതിനു തക്കവിധത്തിൽ ഇൻഷ്വർ ചെയ്തിരിക്കുന്നവരെ സഹായിക്കും എന്നാണ്. പക്ഷേ, തിന്മകൾ സംഭവിക്കാതെ കാക്കും എന്ന് ഒരു ഇൻഷുറൻസ് കമ്പനിയും വാഗ്ദാനം ചെയ്യുന്നില്ല. അതിന് അവർക്ക് കഴിയുകയുമില്ല. എന്നാൽ, ദാനധർമത്തെ എല്ലാ തിന്മകളിൽനിന്നും നമ്മെ സംരക്ഷിക്കുന്ന ദൈവത്തിന്റെ വഴിയായി ദൈവവചനം നമുക്ക് വെളിപ്പെടുത്തുന്നു. പ്രഭാഷകൻ 29:12 ൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ”ദാനധർമമായിരിക്കട്ടെ നിന്റെ നിക്ഷേപം. എല്ലാ തിന്മകളിൽനിന്നും അത് നമ്മെ രക്ഷിക്കുന്നു.”

മരണത്തിൽ നിന്നും രക്ഷ
”ദാനധർമം മരണത്തിൽനിന്നും നമ്മെ രക്ഷിക്കുന്നു. അത് എല്ലാ പാപങ്ങളും തുടച്ചുനീക്കുന്നു” (തോബിത്ത് 12:9). ദൈവത്തെ അറിയാത്ത തിന്മയായ മരണത്തിൽനിന്നും ദാനധർമം നമ്മെ രക്ഷിക്കുന്നു. ജോൺ ഡി. റോക്ക് ഫെല്ലർ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ കോടീശ്വരനായിരുന്നു. ധനത്തോടുള്ള അതിരുകവിഞ്ഞ ഭ്രമം നിമിത്തം വിവാഹം കഴിക്കാതെ കുടുംബജീവിതം പോലും വേണ്ടെന്നു വച്ചവൻ! അദ്ദേഹത്തിന് മരണകരമായ ഒരു രോഗം പിടിപെട്ടു. ലോകത്തിലുള്ള അതികേമന്മാരായ ഡോക്ടർമാർ എല്ലാം കൈകഴുകി. ഇനി ഏതാനും ആഴ്ചകൾ മാത്രമേ അദ്ദേഹം ജീവിച്ചിരിക്കൂവെന്ന് അവർ ഒന്നടങ്കം വിധിയെഴുതി. അങ്ങനെ മരണം കാത്ത് തികച്ചും അസ്വസ്ഥനായി അദ്ദേഹം കിടക്കയിൽ തിരിഞ്ഞും മ റിഞ്ഞും കിടക്കുമ്പോൾ, അദ്ദേഹത്തെ മാനസാന്തരത്തിലേക്ക് നയിക്കാനുള്ള അവസാന കൈ എന്നവണ്ണം ആരോ ഒരു ബൈബിൾ അദ്ദേഹത്തിന്റെ കിടക്കയിൽ കൊണ്ടുചെന്നുവച്ചു. ആ ബൈബിൾ ആദ്യമായി കണ്ടപ്പോൾ അദ്ദേഹത്തിന് അത് വലിച്ചെറിയാനാണ് തോന്നിയത്. പക്ഷേ, ദൈവത്തിന്റെ കാരുണ്യം അതിനെ തടഞ്ഞു. കുറെ നേരത്തിനുശേഷം അദ്ദേഹം അതെടുത്ത് മറിച്ചുനോക്കി. ആദ്യമായി അദ്ദേഹം ബൈബിൾ വായിക്കുകയാണ്. കിട്ടിയ വചനം ഇതാണ് ലൂക്കാ 6:38 ”കൊടുക്കുവിൻ നിങ്ങൾക്കു ലഭിക്കും. അമർത്തിക്കുലുക്കി നിറച്ചളന്ന് അവർ നിങ്ങളുടെ മടിയിൽ ഇട്ടുതരും.” ഇരുതല വാളിനെക്കാൾ മൂർച്ചയേറിയ വചനം അദ്ദേഹത്തിന്റെ ഹൃദയത്തിൽ തുളച്ചുകയറി. അദ്ദേഹം അസ്വസ്ഥനായി ഇപ്രകാരം ചിന്തിച്ചു- ഞാനിതുവരെ ആർക്കും ഒന്നും നല്കിയിട്ടില്ല. ഇന്നുമുതൽ ഞാൻ കൊടുക്കും. അന്നു രാത്രി വെളുക്കുന്നതിനുമുൻപേ അദ്ദേഹം തന്റെ വക്കീലിനെ വിളിച്ചുവരുത്തി തന്റെ സ്വത്തിൽ പകുതി അവികസിത രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമപ്രവർത്തനത്തിനായി നീക്കിവച്ചു. അത്രയും ചെയ്തപ്പോഴേക്കും വലിയ ആശ്വാസവും സന്തോഷവും അദ്ദേഹത്തിന് ലഭിച്ചു. ആ ആശ്വാസവും സന്തോഷവും ഏറ്റുവാങ്ങിയ അദ്ദേഹം പറഞ്ഞു, ഞാനിനിയും കൊടുക്കും. വീണ്ടും അദ്ദേഹം വക്കീലിനോട് തന്റെ സേവകരുടെ ക്ഷേമത്തിനായി വലിയൊരു തുക നീക്കിവയ്ക്കാൻ ആവശ്യപ്പെട്ടു. കൂടുതൽ കൂടുതൽ സന്തോഷം ഏറ്റുവാങ്ങിയ അദ്ദേഹം വീണ്ടും വീണ്ടും കൊടുത്തു. അത്ഭുതമെന്നു പറയട്ടെ, ആഴ്ചകൾ മാത്രം ആയുസിന്റെ ദൈർഘ്യമെന്ന് വിധിയെഴുതപ്പെട്ട അദ്ദേഹം പരിപൂർണ സൗഖ്യത്തിലേക്ക് കടന്നുവന്നു. എന്നു മാത്രമല്ല, അനേകവർഷങ്ങൾ യാതൊരു മരുന്നിന്റെയും സഹായം കൂടാതെ അദ്ദേഹം ജീവിച്ചു! അകാലത്തിലുള്ള മരണത്തിൽനിന്നും ദൈവത്തെ അറിയാതെയുള്ള മരണത്തിൽനിന്നും ദാനധർമം അദ്ദേഹത്തെ രക്ഷിച്ചു.

ദാനധർമം നാണയത്തുട്ടുകളിൽ ഒതുങ്ങരുതേ
ഒരിക്കൽ പത്രത്തിൽ വന്ന ഒരു വാർത്ത എന്നെ ആഴത്തിൽ സ്പർശിച്ചു. പുറത്ത് ഏതോ സ്റ്റേറ്റിൽനിന്നുവന്ന ദരിദ്രയായ ഒരു സ്ത്രീ റോഡിന്റെ അരികിൽ കിടന്ന് പ്രസവിച്ചു. ആരും സഹായിക്കാനില്ലാത്ത നിസ്സഹായ അവസ്ഥ. പിറന്നു വീണ കുഞ്ഞിന്റെ പൊക്കിൾക്കൊടി വേർപെടുത്താൻപോലും ആരുമില്ലാതെ റോഡ്‌സൈഡിൽ കിടന്നുകരുയന്നു. ആ വഴി കടന്നുപോയവർ വലിയ അനുകമ്പ എന്ന നിലയിൽ അവരുടെ നേരെ നാണയത്തുട്ടുകൾ എറിഞ്ഞു. പക്ഷേ, ആ അവസ്ഥയിൽ അവരെറിഞ്ഞ നാണയത്തുട്ടുകൾക്ക് ആ പാവം സ്ത്രീയെയും കുഞ്ഞിനെയും ഏതുവിധത്തിൽ സഹായിക്കാനാവും? അപ്പോഴാണ് രണ്ടു ചെറുപ്പക്കാർ ആ വഴി വന്നത്. അവർ കാര്യത്തിന്റെ ഗൗരവം മനസിലാക്കി. പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. വനിതാ പോലീസിന്റെ സഹായത്തോടെ ഗവൺമെന്റ് ആശുപത്രിയിൽ പോയി നേഴ്‌സുമാരെയും ഡോക്ടറിനെയും കൂട്ടിക്കൊണ്ടുവന്നു. അവർ അമ്മയ്ക്കും കുഞ്ഞിനും വേണ്ട പരിചരണം നല്കി, ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. രണ്ടുമൂന്നു ദിവസങ്ങൾകൊണ്ട് ആ സ്ത്രീ ആരോഗ്യവതിയായി തന്റെ കുഞ്ഞിനെയുംകൊണ്ട് ആശുപത്രി വിട്ടു.

പ്രിയപ്പെട്ടവരേ, നമ്മുടെ ദാനധർമം ഏതുവിധത്തിലുള്ളതാണ്? നിസഹായതയിൽ പിടഞ്ഞ സ്ത്രീയുടെ നേരെ നാണയത്തുട്ടുകൾ എറിഞ്ഞവരുടേതോ, അതോ അവരെ രക്ഷപ്പെടുത്തിയ ആ യുവാക്കളുടേതോ? നമ്മുടെ ദാനധർമം നാണയത്തുട്ടുകളുടെ എറിയലിൽ ഒതുങ്ങാതിരിക്കട്ടെ. അത് ആ യുവാക്കൾ ചെയ്ത ജീവകാരുണ്യപ്രവൃത്തിയുടെ തലത്തിലേക്ക് ഉയരട്ടെ. അതാണ് ദൈവം നമ്മിൽനിന്നും പ്രതീക്ഷിക്കുന്നത്.

പള്ളിയിൽ നിന്നും കക്കരുതേ!
തിരുവചനം നമ്മോട് പറയുന്നു ‘നിങ്ങൾ ജീവിക്കുന്ന ദൈവത്തിന്റെ ആലയങ്ങളാണ്’ എന്ന്. അതെ, ഓരോ മനുഷ്യനും ദൈവം വസിക്കുന്ന ദേവാലയങ്ങളാണ്. അതിനാൽ ആവശ്യത്തിലായിരിക്കുന്ന ഓരോ വ്യക്തിക്കും നിഷേധിക്കുന്ന ആവശ്യങ്ങൾ ഓരോന്നും ദേവാലയങ്ങളായ അവരുടെ ജീവിതത്തോടു ചെയ്യുന്ന മോഷണങ്ങളാണ്. ”ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോൾ നിങ്ങളിലാരെങ്കിലും ശരീരത്തിന് ആവശ്യമായത് അവർക്ക് കൊടുക്കാതെ, സമാധാനത്തിൽ പോവുക, തീകായുക, വിശപ്പടക്കുക എ ന്നൊക്കെ അവരോടു പറയുന്നെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം അതിൽത്തന്നെ നിർജീവമാണ്” (യാക്കോബ് 2:15). ഈ നിർജീവ വിശ്വാസത്തിന് നമ്മെ രക്ഷിക്കാനാവില്ല. ഇത് പള്ളിയിൽനിന്നും മോഷ്ടിച്ച ഞാൻ ചെയ്തതുപോലുള്ള മോഷണങ്ങളാണ്. ഒരുപക്ഷേ, മോഷണമാണെന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, ഈശോ നമ്മെ നോക്കി ചോദിക്കുന്നു; ”കൊച്ചേ നീ പള്ളിയിൽ നിന്നുതന്നെ കട്ടോ?!” കട്ടിട്ടുണ്ടെങ്കിൽ നമുക്ക് തിരിച്ചുകൊടുക്കാം. ആവശ്യത്തിലായിരിക്കുന്ന ദരിദ്രർ നമുക്ക് ചുറ്റുമുണ്ട്. ആന്റി അന്ന് എന്നോടു പറഞ്ഞ വാക്കുകൾ ഞാൻ നിങ്ങളോടും പറയട്ടെ. ”പാവങ്ങൾക്കു കൊടുക്കുന്നത് ഈശോയ്ക്ക് കൊടുക്കുന്നതിന് തുല്യമാണ്.”
ഈശോയുടെ വചനവും അക്കാര്യം നമ്മോട് ആവർത്തിക്കുന്നില്ലേ. ”ഈ ഏറ്റവും എളിയവരിൽ ഒരുവന് നിങ്ങളിത് ചെയ്യാതിരുന്നപ്പോൾ എനിക്കുതന്നെയാണ് ചെയ്യാതിരുന്നത്” (മത്താ. 25:46). പരിഹാരമായി നമുക്ക് ചുറ്റുമുള്ളവരിൽ നമുക്ക് ഈശോയെ ദർശിക്കാം. അവിടുത്തെ ശുശ്രൂഷിക്കാം. തീർച്ചയായും അവിടുന്ന് നമ്മോടും പറയും ”ഈ ചെറിയവരിൽ ഒരുവന് നിങ്ങളിത് ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്” (മത്താ. 25:40). അതിനുള്ള കൃപയിലേക്ക് നമ്മെ വഴിനടത്തണമേയെന്ന് പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാർത്ഥിക്കാം.

സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *