പുതുവർഷ ആഘോഷത്തിൽ മുങ്ങിക്കുളിച്ചുനില്ക്കുന്ന നഗരത്തിന്റെ ഒരു കോണിലായിരുന്നു ആ സ്റ്റാർഹോട്ടൽ. പാർട്ടി തുടങ്ങാൻ പിന്നെയും സമയം ഉണ്ടായിരുന്നു. അതിനിടയിൽ മൊബൈൽ ഫോണിൽ ബെല്ലടിച്ചു. അയാളുടെ അമ്മയായിരുന്നു. ”നീ ക്രിസ്മസിന് വരാതിരുന്നപ്പോൾ പുതുവർഷത്തിനെ ങ്കിലും വരുമെന്നായിരുന്നു ഞാനും പപ്പയും കരുതിയത്.” ”അവധി കിട്ടിയില്ല അമ്മേ,” ചെറുപ്പക്കാരൻ ഒരു നുണ തട്ടിവിട്ടു.
ഹോട്ടലിലേക്ക് കയറുന്നതിനുമുൻപ,് സുഹൃത്തുക്കൾ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാൻ റോഡിലേക്കു തിരിഞ്ഞുനോക്കി. ഉന്തുവണ്ടി നിറയെ പച്ചക്കറികളുമായി ഒരാൾ കയറ്റം കയറി വരുന്നുണ്ടായിരുന്നു. 10 വയസു തോന്നുന്ന ഒരാൺകുട്ടി പച്ചക്കറികളുടെ ഇടയിൽ ഇരുന്നിരുന്നു. ”അപ്പാ, ഞാൻ നടന്നു കൊള്ളാം. എന്നെക്കൂടി തള്ളിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടല്ലേ?” അവൻ ചോദിച്ചു. ഒരു പ്രയാസവും ഇല്ലെന്ന് പറയുമ്പോഴും സർവശക്തിയും ഉപയോഗിച്ചാണ് അയാൾ തള്ളുന്നതെന്ന് കാഴ്ചയിൽ വ്യക്തമായിരുന്നു. പച്ചക്കറി വണ്ടിയിലേക്ക് അല്പസമയം കൗതുകത്തോടെ നോക്കിനിന്ന അയാളുടെ മനസിലേക്ക് പെട്ടെന്ന് വന്നത് പ്രായമായ പിതാവിന്റെ മുഖമായിരുന്നു.
എന്തോ തീരുമാനിച്ചതുപോലെ ചെറുപ്പക്കാരൻ പരിചയമുള്ള ട്രാവൽ ഏജൻസിയിലേക്ക് ഫോൺ ചെയ്തു. രാത്രിയിലുള്ള വിമാനത്തിൽ ടിക്കറ്റ് ലഭിക്കുമോ എന്നായിരുന്നു അയാൾ ചോദിച്ചത.് 10-ന് പുറപ്പെടുന്ന വിമാനത്തിൽ ടിക്കറ്റ് ലഭ്യമാണ് എന്നറിയിച്ചുകൊണ്ട് അല്പസമയം കഴിഞ്ഞപ്പോൾ തിരികെ വിളിവന്നു. ടാക്സിയിൽ അയാൾ ഉടനെ താമസസ്ഥലത്തേക്ക് തിരിച്ചു. ഇടയ്ക്കു കണ്ട ഷോപ്പിംഗ് മാളിൽ കയറി. പക്ഷേ, എന്തൊക്കെയാണ് മാതാപിതാക്കൾക്ക് വാങ്ങേണ്ടതെന്ന് നിശ്ചയം ഉണ്ടായിരുന്നില്ല. താൻ ഇതുവരെയും അവർക്കായി ഒന്നും വാങ്ങിയിട്ടില്ലെന്ന് കുറ്റബോധത്തോടെ അയാൾ ഓർത്തു. പണം അമ്മയെ ഏല്പിക്കുകയായിരുന്നു പതിവ്. സെയിൽസ് ഗേളിനോട് മാതാപിതാക്കളുടെ പ്രായം പറഞ്ഞിട്ട് അവർക്കാവശ്യമുള്ള മുന്തിയ വിലയുടെ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ പറഞ്ഞു. തിരിച്ചിറങ്ങുമ്പോൾ ആ പെൺകുട്ടിക്കും നല്ലൊരു പുതുവത്സരം ആശംസിക്കാൻ ചെറുപ്പക്കാരൻ മറന്നില്ല. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടയിൽ കുറ്റപ്പെടുത്തലിന്റെ ധ്വനിയുള്ള സുഹൃത്തുക്കളുടെ ഫോൺ വിളികൾ അയാളെ തേടിയെത്തി. രാവിലെ തന്നെക്കാണുമ്പോൾ പപ്പയുടെയും അമ്മയുടെയും മുഖത്തുണ്ടാകുന്ന അമ്പരപ്പും സന്തോഷവുമായിരുന്നു അയാളുടെ മനസിലപ്പോൾ.