പതിനാറാം നൂറ്റാണ്ടിൽ സിസിലിയിൽ ജീവിച്ചിരുന്ന ഒരു നീഗ്രോ യുവാവായിരുന്നു ബെനഡിക്ട്. വയലിൽ പണിയെടുത്തുകൊണ്ടിരുന്ന അദ്ദേഹത്തെ ഒരിക്കൽ നിറത്തിന്റെയും വർഗത്തിന്റെയും പേരിൽ അയൽക്കാർ പരസ്യമായി അപമാനിച്ചു. ക്രൂരമായ പരിഹാസവാക്കുകളാണ് അവർ ഉപയോഗിച്ചത്. ഈ അനുഭവം നേരിടുമ്പോൾ ചോരത്തിളപ്പുള്ള 21 -കാരനായിരുന്നു ബെനഡിക്ട്. പക്ഷേ, അദ്ദേഹം ഒരു വാക്കുപോലും മറുത്തു പറയുകയോ ദേഷ്യപ്പെടുകയോ ചെയ്തില്ല. ആരും പ്രതികരിച്ചു പോയേക്കാവുന്ന സാഹചര്യത്തിലും ആത്മസംയമനം പാലിച്ച ആ യുവാവിനെ ശ്രദ്ധിച്ചുകൊണ്ടു നില്ക്കുകയായിരുന്നു ഒരു ഫ്രാൻസിസ്‌കൻ സന്യാസി. അദ്ദേഹം ഇങ്ങനെ പ്രവചിച്ചു. ”ഇപ്പോൾ നിസാരനായ ഒരു നീഗ്രോയായിരിക്കും നീ. എന്നാൽ നിന്നിൽനിന്നും വലിയ കാര്യങ്ങൾ സംഭവിക്കുന്ന കാലം അതിവിദൂരത്തല്ല.” ആ പ്രവചനം സത്യമാവുകതന്നെ ചെയ്തു. പിന്നീട് ആ സന്യാസി അംഗമായിരുന്ന ഫ്രാൻസിസ്‌കൻ സഭയിൽ ചേർന്ന ബെനഡിക്ട് വിശുദ്ധനായിത്തീർന്നു; വിശുദ്ധ ബെനഡിക്ട് ദ ബ്ലാക്ക്.
തീർച്ചയായും ബെനഡിക്ടിനെക്കുറിച്ച് സന്യാസി പറഞ്ഞ വാക്കുകൾ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കും. വാക്കുകൾക്ക് അനുഗ്രഹവും നിഗ്രഹവും സാധ്യമാണല്ലോ. അതിനാൽ പറയുന്നതിനു മുൻപ് ചിന്തിക്കണം, എന്റെ വാക്കുകൾ മറ്റുള്ളവരെ തളർത്തുന്നതാണോ വളർത്തുന്നതാണോ?