ഉത്തരം ലഭിക്കാൻ വൈകിയ  പ്രാർത്ഥനകൾക്ക് നന്ദി!

തീവ്രമായി ആഗ്രഹിച്ച് പ്രാർത്ഥിച്ച അനേക കാര്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ വൈകുകയോ പ്രതീക്ഷിച്ചതിന് വിരുദ്ധമായ രീതിയിൽ സംഭവിക്കുകയോ ചെയ്തിട്ടുണ്ടാകാം. എന്നാൽ, വർഷങ്ങൾക്കുശേഷം പിൻതിരിഞ്ഞു നോക്കുമ്പോൾ അങ്ങനെ സംഭവിച്ചതിന്റെ പിന്നിൽ നമ്മോടുള്ള ദൈവത്തിന്റെ
കരുതലാണെന്ന് തിരിച്ചറിയാൻ കഴിയും.
‘ദൈവം സ്‌നേഹമില്ലാത്തവനാണ്, പ്രാർ ത്ഥന കേൾക്കാത്തവനാണ്, ദൈവം ഇല്ല’ ഇങ്ങനെയുള്ള ചിന്തകൾ നമ്മുടെയൊക്കെ മനസുകളിൽ പലപ്പോഴും കടന്നുവരാറുണ്ട്. ഈ ചിന്തകൾക്ക് പിന്നിൽ രണ്ട് കാരണങ്ങളായിരിക്കും ഉള്ളത്. ഒന്നാമത്; പ്രാർത്ഥിച്ച കാര്യങ്ങൾ ദൈവം സാധിച്ചു തരുന്നില്ല. രണ്ടാമത്; ആഗ്രഹിക്കുന്നതിന് വിപരീതമായ കാര്യങ്ങൾ ദൈവം അനുവദിക്കുന്നു. ഇങ്ങനെ ചഞ്ചലപ്പെടുക എന്നത് മനുഷ്യപ്രകൃതിയാണ്. ഏത് ശക്തനും ഇടറിപ്പോകുന്ന ചില നിമിഷങ്ങളുണ്ട്. അപ്പോൾ മനസ് ദുർബലമാവുകയും ചോദ്യങ്ങൾ മനസിൽ ഉയരുകയും ചെയ്യും. എന്നാൽ, ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് മാറ്റമില്ല.

ഇക്കാര്യം വിശദമാക്കാൻ സ്‌നാപകയോഹന്നാന്റെ ചിത്രം നിങ്ങളുടെ മനസിലേക്ക് കൊണ്ടുവരട്ടെ. യേശു വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ ആണെന്ന് അറിയുകയും അനുഭവിക്കുകയും അക്കാര്യം പരസ്യമായി സാക്ഷ്യപ്പെടുത്തുകയും ചെയ്ത പ്രവാചകനാണ് യോഹന്നാൻ. ഇപ്രകാരമാണ് അ ദ്ദേഹം യേശുവിനെ സാക്ഷ്യപ്പെടുത്തിയത്: ”ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (യോഹ. 1:29). വളരെ ശക്തമായ ക്രിസ്തു അനുഭവം സ്വായത്തമാക്കിയ പ്രവാചകനായിരുന്നു സ്‌നാപകയോഹന്നാൻ. പക്ഷേ, അദ്ദേഹത്തിന്റെ ജീവിതത്തിൽ യേശുവിനെ സംശയിക്കുന്ന സാഹചര്യം പിന്നീട് ഉണ്ടാകുന്നു.
വരാനിരിക്കുന്നവൻ യേശു തന്നെയാണെന്ന് മുൻപേ സാക്ഷ്യപ്പെടുത്തിയ വ്യക്തിയുടെ മനസിൽത്തന്നെ ‘വരാനിരിക്കുന്നവൻ നീ തന്നെയോ?’ എന്ന ചോദ്യം ഉയരുന്നു. ഈ ചോദ്യം അദ്ദേഹത്തിന്റെ മനസിൽ വരുന്നത് കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടപ്പോഴാണ്.

ദൈവം നിശബ്ദത പാലിക്കുന്ന കാലം
നമുക്കും ഇതുപോലെ കാരാഗൃഹ അനുഭവങ്ങളുണ്ടാകാം. നേരത്തേ കർത്താവ് തൊട്ടടുത്തായിരുന്നു. അവിടുത്തെ സാന്നിധ്യം നമ്മുടെ മനസിനെ കുളിർപ്പിച്ചിരുന്നു. പ്രാർത്ഥിക്കുന്ന കാര്യങ്ങൾക്കൊക്കെ ഉടനടി ഉത്തരവും ലഭിച്ചിരുന്നു. എന്നാൽ, ദൈവം നിശബ്ദനായിരിക്കുന്ന നാളുകൾ ജീവിതത്തിൽ ഉണ്ടാകാം. പ്രാർത്ഥിച്ചാലും ഒരു സന്തോഷവും ലഭിക്കുന്നില്ല. കാര്യങ്ങളൊക്കെ പ്രതീക്ഷകൾക്ക് വിരുദ്ധമായി സംഭവിക്കുന്നു. ഈ നാളുകളിൽ മനസ് ചഞ്ചലപ്പെടാനുള്ള സാധ്യതയുണ്ട്. ദൈവത്തിന്റെ ശക്തിയെയോ ദൈവത്തെത്തന്നെയോ നാം സംശയിച്ചുപോകാം. സ്‌നാപകന്റെ അനുഭവം ഓരോ വിശ്വാസിയുടെയും അനുഭവമാണ്.
ഇവിടെ സ്‌നാപകയോഹന്നാൻ ശരിയായ മാർഗദർശനം നല്കുന്നുണ്ട്. അദ്ദേഹത്തിനുണ്ടായ സംശയം പരിഹരിക്കുവാൻ സ്‌നാപകയോഹന്നാൻ യേശുവിലേക്കാണ് തിരിയുന്നത്. യേശുവിന്റെ അടുത്തേക്ക് അദ്ദേഹം തന്റെ ശിഷ്യന്മരെ അയക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ടൊരു സംഗതിയത്രേ. വിശ്വാസത്തിൽ ഒരു പ്രതിസന്ധി വരുമ്പോൾ അത് പരിഹരിക്കുവാൻ ദൈവത്തിലേ ക്കാണ് തിരിയേണ്ടത്. മുട്ടിപ്പായി പ്രാർത്ഥിക്കുക, കൂടുതൽ തീക്ഷ്ണതയോടെ ദൈവത്തിൽ ശരണപ്പെടുക. ദൈവത്തെ ഉപേക്ഷിച്ച് മറ്റു മാർഗങ്ങളിലേക്കോ വ്യക്തികളിലേക്കോ തിരിഞ്ഞാൽ അത് ജീവിതത്തെ കൂടുതൽ തകർച്ചകളിലേക്കേ നയിക്കുകയുള്ളൂ. അതുകൊണ്ടാണ് തിരുവചനം ഇപ്രകാരം മുന്നറിയിപ്പ് നല്കുന്നത്: ”ദൈവത്തോട് ചേർന്നുനില്ക്കുവിൻ, അവിടുന്ന് നിങ്ങളോടും ചേർന്നുനില്ക്കും” (യാക്കോബ് 4:8). എളിമയുള്ളവർക്കു മാത്രമേ ഇപ്രകാരം ചെയ്യുവാൻ സാധിക്കുകയുള്ളൂ. അവർ എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന് വിധേയരായിരിക്കും. എന്നാൽ, അഹങ്കാരമുള്ളവർ ദൈവത്തോട് മറുതലിക്കുന്നു. ദൈവം അഹങ്കാരികളെ എതിർക്കുകയും എളിമയുള്ളവർക്ക് കൃപ കൊടുക്കുകയും ചെയ്യുന്നുവെന്ന് യാക്കോബ് ശ്ലീഹാ നമ്മെ ഓർമിപ്പിക്കുന്നു. അഗാധമായ എളിമയുടെ മനോഭാവമുള്ളവനായിരുന്നല്ലോ സ്‌നാപകയോഹന്നാൻ. ‘എന്നെക്കാൾ ശക്തനായവൻ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അവന്റെ ചെരിപ്പിന്റെ വള്ളികൾ അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല’- ഇങ്ങനെയായിരുന്നു അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. അദ്ദേഹം സംശയനിവാരണത്തിനായി ദൈവത്തിലേക്ക് തിരിയുക സ്വാഭാവികം മാത്രം.

തന്റെ അടുത്തേക്ക് വരുന്ന ഏതൊരു വ്യക്തിയെയും യേശു പൂർണഹൃദയത്തോടെ സ്വീകരിക്കും. അവൻ ആയിരിക്കുന്ന അവസ്ഥ യേശുവിന് പ്രശ്‌നമല്ല. ‘എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുകയുമില്ല’ എന്നാണ് അവിടുത്തെ വാഗ്ദാനം. വിശദീകരണത്തിന് തന്റെ അടുക്കൽ വന്ന സ്‌നാപകന്റെ ശിഷ്യന്മാർക്ക് യേശു നല്കുന്ന മറുപടി ശ്രദ്ധേയമാണ്: നിങ്ങൾ കേൾക്കുന്നതും കാണുന്നതും പോയി യോഹന്നാ നെ അറിയിക്കുക.

അസ്വസ്ഥതകളുടെ കാരണം
കാരാഗൃഹത്തിന്റെ അനുഭവത്തിലൂടെ കടന്നുപോകുമ്പോൾ വിശ്വാസം ചഞ്ചലപ്പെടാം. നമ്മുടെ ജീവിതത്തിലേക്ക് തന്നെ തിരിഞ്ഞാൽ വിശ്വാസം വർധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായി എന്നു വരികയില്ല. അപ്പോൾ യേശു നല്കിയ ഉപദേശം ഓർമിക്കുക. കണ്ണുകളുയർത്തി നോക്കുക. ദൈവം നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ദൈവം പ്രവർത്തനനിരതനാണ്. ആ ദൈവം തന്റെ സമയമാകുമ്പോൾ എന്റെ ജീവിതത്തിലേക്കും കടന്നുവരും. ഈ ചിന്ത ദൈവത്തിൽ കൂടുതൽ ശരണപ്പെടുവാൻ നമ്മെ നിശ്ചയമായും പ്രചോദിപ്പിക്കും. കാണുക മാത്രമല്ല കേൾക്കുകയും വേണം എന്ന് യേശു ഓർമിപ്പിക്കുന്നു. കേൾക്കേണ്ടത് ദൈവത്തിന്റെ വചനങ്ങളാണ്. മാറ്റമില്ലാത്ത ദൈവത്തിന്റെ വാഗ്ദാനങ്ങൾ കേൾക്കുമ്പോൾ ജീവിതത്തിൽ പുതുജീവനും പ്രത്യാശയും കടന്നുവരും. നമുക്ക് മാത്രം കേൾക്കാവുന്ന വിധത്തിൽ ദൈവവചനം വായിക്കുന്നതും നല്ലതാണ്. ആ വചനങ്ങൾ മുറിവേറ്റ മനസിനോട് സംസാരിക്കും, മനസിന് പ്രകാശം നല്കും. വീണ്ടും വലിയ പ്രകാശത്തിന്റെ അനുഭവത്തിലേക്ക് കടന്നുവരുവാൻ അതുവഴി സാധിക്കും.

പ്രതികൂലസാഹചര്യങ്ങളിൽ ദൈവത്തിന്റെ നന്മ മറന്നുപോകുന്നുവെന്നതാണ് നമ്മുടെ ദുര്യോഗം. എന്നാൽ, ദൈവം എപ്പോഴും നല്ലവനാണ്. അവിടുത്തെ സ്വഭാവത്തിന് ഒരിക്കലും മാറ്റം വരുന്നില്ല. ദൈവത്തിന്റെ നന്മ എല്ലാ നാളുകളിലും നമുക്ക് അനുഭവിച്ചറിയുവാൻ സാധിക്കും. ആർക്കാണ് എല്ലായ്‌പ്പോഴും ദൈവത്തിന്റെ നന്മ ആസ്വദിച്ച് ജീവിക്കാൻ സാധിക്കുന്നത്? ”തന്നെ കാത്തിരിക്കുന്നവർക്കും തന്നെ തേടുന്നവർക്കും കർത്താവ് നല്ലവനാണ്. കർത്താവിന്റെ രക്ഷയെ ശാന്തമായി കാത്തിരിക്കുന്നത് ഉത്തമം” (വിലാപങ്ങൾ 3:25-26).

ജീവിതത്തിലെ അസ്വസ്ഥതകൾക്ക് ഒരു പ്രധാന കാരണം നമ്മുടെ അക്ഷമയാണ്. പ്രാർത്ഥിക്കുന്ന കാര്യം ഉടനടി ലഭിക്കണം. ഇല്ലെങ്കിൽ നാം നിരാശരാകുന്നു, തളർന്നുപോകുന്നു. എന്നാൽ, കർത്താവിന് നമ്മെ അനുഗ്രഹിക്കുവാൻ ഒരു സമയമുണ്ട്. അനുഗ്രഹം സ്വീകരിക്കുവാൻ ഇടവേള നല്കി അവിടുന്ന് നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ജീവിതങ്ങളെ ക്രമീകരിക്കുകയാവാം. ആ സമയംവരെ ശാന്തമായി കാത്തിരിക്കുവാൻ തയാറാകണം.

കൺമുൻപിലെ അത്ഭുതം
ശാലോമിന്റെയും എന്റെയും കഴിഞ്ഞകാല അനുഭവങ്ങളിൽ നിന്നാണ് ഞാനീ വരികൾ കുറിക്കുന്നത്. ലോകമെമ്പാടും സുവിശേഷം എത്തിക്കുവാൻ ടെലിവിഷൻ ചാ നൽ തുടങ്ങുവാൻ ദൈവം ശാലോമിന് കൃപ നല്കുന്നു എന്ന സന്ദേശം 1989-ലാണ് ലഭിച്ചത്. അന്ന് ഈ സന്ദേശം വിശ്വസിക്കുവാൻ പ്രയാസമുള്ള ഒന്നായിരുന്നു. കാരണം, ടെലിവിഷൻ അക്കാലത്ത് അപൂർവവസ്തുവായിരുന്നു. ഒരു പഞ്ചായത്തിൽ ഒന്നോ രണ്ടോ വീടുകളിൽ മാത്രമേ ടെലിവിഷൻ സെറ്റ് ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, ടെലിവിഷൻ ചാനൽ ആരംഭിക്കുവാൻ സ്വന്തമായ ഓഫീസോ സ്റ്റാഫോ ആധുനിക ഉപകരണങ്ങൾ പോകട്ടെ പഴഞ്ചൻ ഉപകരണങ്ങൾപോലും ശാലോമിന് ഉണ്ടായിരുന്നില്ല. വാ ഗ്ദാനം ചെയ്ത ദൈവം ഉടനടി അത് നിറവേറ്റിയില്ല. പക്ഷേ, ശാലോമിന്റെ ശുശ്രൂഷകർ ദൈവത്തിന്റെ വാഗ്ദാനത്തിൽ അടിയുറച്ച് വിശ്വസിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പതിനാറ് വർഷങ്ങൾക്കുശേഷമാണ് ദൈവം വാഗ്ദാനം നിറവേറ്റിയത്. നമ്മുടെ കൺമുൻപിലുള്ള ദൈവത്തിന്റെ അത്ഭുതത്തെക്കുറിച്ചാണ് ഞാനെഴുതിയത്.

എന്റെ വ്യക്തിപരമായ അനുഭവവും അതുതന്നെയാണ്. 1983-ൽ എം.എ. പാസായപ്പോൾ കോളേജ് അധ്യാപകനാകുവാൻ ഞാൻ കൊതിച്ചു. തീവ്രമായി ആഗ്രഹിച്ച് പ്രാർത്ഥിച്ചു. എന്നാൽ, എന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി ബാങ്കിലെ ജോലിയാണ് എനിക്ക് ലഭിച്ചത്. എന്നാൽ, 1989-ൽ ഗവൺമെന്റ് കോളേജിൽ അധ്യാപകനായി കർത്താവ് എനിക്ക് നിയമനം നല്കി. ഈ ഇടവേള എന്റെ ജീവിതത്തെ ക്രമീകരിക്കുവാൻ ദൈവം ഉപയോഗിക്കുകയായിരുന്നുവെന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഞാൻ മനസിലാക്കുകയും എന്റെ പ്രാർത്ഥന കേൾക്കുവാൻ താമസം വരുത്തിയതിന് ഞാൻ നന്ദി പറയുകയും ചെയ്യുന്നു.

പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെങ്കിൽ ഇക്കാര്യം ഓർക്കുക. നിങ്ങളെ അനുഗ്രഹിക്കുവാൻ ദൈവം കാത്തിരിക്കുന്നു. അതുകൊണ്ട് നിശ്ചയമായും നിങ്ങളും കാത്തിരിക്കുവാൻ തയാറാകണം.

തിരമാലകളെ ഭയപ്പെടണോ?
ദൈവത്തിന്റെ നന്മ സദാ അനുഭവിച്ചറിയുവാനുള്ള രണ്ടാമത്തെ കാര്യം ദൈവത്തെ തേടുക എന്നതത്രേ. അതായത് എല്ലാറ്റിനുമുപരി ദൈവത്തെ സ്വന്തമാക്കുവാനുള്ള തീവ്രമായ അഭിലാഷം ഉണ്ടായിരിക്കുക. ഒരുവന്റെ മനസ് ദൈവത്തിനുവേണ്ടി തീവ്രമായി ആഗ്രഹിക്കുന്നതെങ്കിൽ തീച്ചൂളയിലും അവന് ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുവാൻ സാധിക്കും. മനുഷ്യന്റെ ആത്മാവ് ദൈവത്തിനുവേണ്ടി സ്വാഭാവികമായി ദാഹിക്കുന്നുവെങ്കിലും അവന്റെ ജീവിതസാഹചര്യങ്ങൾ ആ ദാഹത്തെ കെടുത്തിക്കളയുന്നുണ്ട്. ജീവിതവ്യഗ്രത, സുഖിക്കുവാനുള്ള ആസക്തി ഇവയൊക്കെ ആ ദാഹത്തെ നിർവീര്യമാക്കുന്നു. ചില മനുഷ്യർ ഇതിന് അടിമകളായിത്തീരുന്നു. തിന്നണം, കുടിക്കണം എന്ന് മാത്രം ചിന്തിക്കുന്നവരാണവർ. ഈലോകജീവിതമാണ് അവരുടെ ഓഹരി. അവർക്കൊരിക്കലും ദൈവത്തെ നേടുവാൻ സാധിക്കുകയില്ല. അതിനാൽ നമ്മുടെ ആത്മാക്കളിൽ ഉറങ്ങിക്കിടക്കുന്ന ദൈവികസാന്നിധ്യത്തെ ഊതിക്കത്തിക്കുവാൻ പരിശുദ്ധാത്മാവിനോട് നിരന്തരം പ്രാർത്ഥിക്കേണ്ടതായിട്ടുണ്ട്. തീക്കനൽ ചാരം മൂടിക്കിടക്കുന്നതുപോലെ, ലൗകിക സുഖാസക്തികൾ നമ്മുടെ ആത്മാവിനെ മൂടിയിരിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ കാറ്റുവീശണം. ചാരം പാറിപ്പോകും, ദൈവസ്‌നേഹത്താൽ നാം ജ്വലിക്കും. പരിശുദ്ധാത്മാവാണ് ദൈവത്തിന്റെ പരമമായ സ്‌നേഹം നമുക്ക് അനുഭവമാക്കിത്തരുന്നത്. യോഹന്നാൻ ശ്ലീഹാ ഇപ്രകാരം എഴുതിയിരിക്കുന്നു: ”ദൈവം തന്റെ ആത്മാവിനെ നമുക്ക് തന്നിരിക്കുന്നതിനാൽ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നുവെന്ന് നാം അറിയുന്നു” (1 യോഹ. 4:13). നാം ദൈവത്തിലാണ് ജീവിക്കുന്നത്. ഈ ചിന്ത എത്രയോ വലിയ സുരക്ഷിതത്വം നല്കുന്നു. പിന്നെന്തിന് നാം ഭയപ്പെടണം? എന്നാൽ, തിരമാലകൾ ആഞ്ഞടിക്കുമ്പോൾ, കാറ്റും കോളുമുണ്ടാകുമ്പോൾ, ഇ ക്കാര്യം വിസ്മരിച്ച് നാം ഭയപ്പെടുന്നു. കാറ്റടിച്ചപ്പോൾ, തോണി ആടിയുലഞ്ഞപ്പോൾ ദൈവപുത്രൻ തോണിയിലുണ്ടായിട്ടും ഭയപ്പെട്ട് നിലവിളിച്ച ശിഷ്യന്മാരെപ്പോലെ. എന്നാൽ, ഈ ചിന്ത ഒരു അറിവായി നമ്മുടെ മനസിൽ നിക്ഷേപിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണെന്ന് വിശുദ്ധ യോഹന്നാൻ അനുസ്മരിപ്പിക്കുന്നു. മനുഷ്യന് അസാധ്യമായത് സാധ്യമാക്കുന്ന ദൈവത്തിന്റെ മുൻപിൽ നമുക്ക് മുട്ടുമടക്കി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അവിടുന്ന് എപ്പോഴും എ ന്നെ സ്‌നേഹിക്കുന്നുവല്ലോ. ഞാൻ അങ്ങയെ സംശയിക്കുമ്പോഴും അവിടുന്ന് എന്നെ വിശ്വസിക്കുന്നു. ഞാൻ അങ്ങയെ ഉപേക്ഷിക്കുമ്പോഴും അവിടുന്ന് എനിക്കായി കാത്തിരിക്കുന്നു. ഓ, പരമസ്‌നേഹമേ, അങ്ങയുടെ നന്മ എനിക്ക് ബോധ്യമാക്കിത്തരണമേ. അങ്ങയുടെ ആത്മാവിനെ ഇപ്പോൾത്തന്നെ എന്റെ ആത്മാവിലേക്ക് അയച്ചാലും. എന്റെ ആത്മാവ് അങ്ങയോടുള്ള സ്‌നേഹത്താൽ ജ്വലിക്കട്ടെ. എന്റെ മനസിലെ എല്ലാ കയ്പും മധുരമാക്കി മാറ്റണമേ. അങ്ങയുടെ മാധുര്യം അനുഭവിച്ചുകൊണ്ട് എല്ലാക്കാലത്തും ഞാൻ അങ്ങയുടെ ആലയത്തിൽത്തന്നെ വസിക്കട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എന്റെ പ്രാർത്ഥനകൾ തിരുസന്നിധിയിൽ ഉയർത്തണമേ, ആമ്മേൻ.

കെ. ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *