ആത്മീയ നിറവുള്ള വാതിലുകൾ

ആത്മീയജീവിതത്തിൽ വിരസത ഉണ്ടാകുന്നതിന്റെ കാരണങ്ങളിലേക്കുള്ള ഒരന്വേഷണം.
എന്റെ അവധിക്കാല യാത്രകളിലൊന്നിൽ, ഇറ്റലിയിലെ ഒരു സന്യാസഭവനത്തിലെ ദേവാലയത്തിൽ സായാഹ്നത്തിൽ ധ്യാനിക്കാനിരിക്കുമ്പോൾ പ്രത്യേക ശ്രദ്ധയാകർഷിച്ച ഒരു കാര്യം ഞാനവിടെ കണ്ടു. ആ സന്യാസ ഭവനത്തിനകത്തേക്കും പുറത്തേക്കും ഉള്ള വാതിൽ ദേവാലയത്തിലൂടെ മാത്രമാണ്. അത്തരത്തിലൊന്ന് എന്റെ ആദ്യത്തെ അനുഭവമായിരുന്നു. അവിടെ വളരെ കുറച്ച് ദിവസങ്ങളാണ് എനിക്ക് ചെലവഴിക്കാൻ സാധിച്ചത്. എന്നിരുന്നാലും ഏറെ ഹൃദ്യമായി തോന്നി. ഉള്ളിൽനിന്നു മായാതെ ആനന്ദം തരുന്ന ഒരു കാര്യമാണിന്നുമത്. ”ഞാനാണ് ആടുകളുടെ വാതിൽ, എന്നിലൂടെ അകത്തു പ്രവേശിക്കുന്നവർ രക്ഷ പ്രാപിക്കും. അവൻ അകത്തു വരുകയും പുറത്തു പോകുകയും മേച്ചിൽ സ്ഥലം കണ്ടെത്തുകയും ചെയ്യും” (യോഹ. 10:9) എന്ന് ഈശോ യോഹന്നാന്റെ സുവിശേഷത്തിലൂടെ ഓർമിപ്പിക്കുന്നുണ്ട്. ഞാനവിടെ ആയിരുന്നപ്പോൾ ഈശോയുടെ വചനം എന്നോട് നേരിട്ട് സംസാരിച്ചതുപോലെ തോന്നി. ദേവാലയത്തിനകത്തുകൂടി ആ ഭവനത്തിലേക്ക് പ്രവേശിച്ചപ്പോഴൊക്കെ എന്തൊക്കെയോ പ്രത്യേകതകൾ അവിടെ ഉള്ളതായി അനുഭവപ്പെട്ടു.

തിരുവചനത്തിലെ ആട് അകത്ത് പ്രവേശിക്കുന്നതും പുറത്തു പോകുന്നതും യേശുവാകുന്ന വാതിലിൽ കൂടിയാണ്. അതുപോലെ ഞാനും ആ സന്യാസഭവനത്തിനകത്തേക്കും പുറത്തേക്കും വന്നതും പോയതും ദേവാലയത്തിലൂടെയായിരുന്നു. മനസിൽ അതൊന്ന് വിഭാവനം ചെയ്തുനോക്കുമ്പോൾത്തന്നെ ഒരു പുതുമ ഉള്ളിൽ കടന്നുവരും എന്നെനിക്കുറപ്പാണ്.

ദേവാലയത്തിനകത്തുകൂടി സന്യാസഭവനത്തിൽ കടക്കുന്നവരും പുറത്തു പോകുന്നവരും അറിഞ്ഞും അറിയാതെയും സക്രാരിയിലെ ഈശോയെ കണ്ടിട്ടാണ് പോകുന്നത്. ഈശോയുടെ സജീവ സാന്നിധ്യമുള്ള ദേവാലയത്തിലൂടെ അകത്തേക്കും പുറത്തേക്കുമുള്ള യാത്ര തരുന്ന ബലം ഏറെ വലുതായിരിക്കും.

വിശകലനത്തിലൂടെ ലഭിക്കുന്ന ഉത്തരങ്ങൾ
വാതിൽ എന്നാൽ ഗൃഹത്തിന്റെ വായ് എന്നൊരർത്ഥമുണ്ട്. ഈശോയാകുന്ന വായിലൂടെ പ്രവേശിക്കുന്ന ആരും ഒരിക്കലും അശുദ്ധരാകില്ല എന്നാർക്കാണറിഞ്ഞുകൂടാത്തത്. ഇത് നല്ലൊരു തുടക്കമാണ്. ഞാൻ ഈശോയാകുന്ന വായിലൂടെ അകത്ത് കടന്നശേഷം പുറത്തേക്ക് വരുമ്പോൾ എത്രയോ ശുദ്ധമായിരിക്കണം എന്റെ ജീവിതം. വിശുദ്ധരുടെയൊക്കെ ചിത്രങ്ങളിൽ കാണുന്ന ഒരു പ്രകാശവലയം അപ്പോൾ നമ്മുടെ ജീവിതത്തിനുചുറ്റും നിറഞ്ഞുനില്ക്കുകയും ചെയ്യും. എന്തെന്നാൽ, ഞാൻ ഈശോയാൽ നിറയപ്പെട്ടിരിക്കുന്നു. ഈശോയുടെ വികാരങ്ങളും വിചാരങ്ങളും എനിക്കിനി സ്വന്തമാണ്. ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കേണ്ടവരായ നമുക്ക് ഇത്തരം അനുഭവം സ്വന്തമാക്കാനായാൽ അതൊരു പുതുജനനമായി മാറ്റപ്പെടും. ബോധപൂർവം ഒരിക്കലെങ്കിലും എനിക്കീ രീതിയിൽ ഈശോയിലേക്ക് പ്രവേശിക്കാനായാൽ ഉറപ്പായും ഞാൻ മാറിയിരിക്കും.

വായിലൂടെ പ്രവേശിക്കുന്നതല്ല ഒരുവനെ അശുദ്ധനാക്കുന്നത്. മറിച്ച്, വായിൽനിന്ന് പുറത്തുവരുന്നതാണെന്ന് ഈശോ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. എന്റെ വ്യക്തിജീവിതത്തെ ആഴമായ വിശകലനത്തിന് വിധേയമാക്കിയാൽ, ഞാനെന്താെണന്നതിന് ഉത്തരം കിട്ടും. ഈശോയാകുന്ന വാതിലിലൂടെ അകത്ത് പ്രവേശിക്കുന്ന എനിക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്…? എന്നിൽ ആത്മീയ നിറവോടുകൂടിയ കാര്യങ്ങളാണോ രൂപപ്പെട്ടത്? അതോ, അതിന് വിപരീതമായതോ…? ശരിയായ അർത്ഥത്തിൽ മനസിലാക്കിയാൽ, ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടി എന്ന നിലയിൽ, ഈശോയാകുന്ന വാതിൽ മാത്രമാണ് എനിക്കായി തുറന്നിരിക്കേണ്ടത് എന്ന യാഥാർത്ഥ്യം ബോധ്യമാകും. ഈ വാതിലിലൂടെ അകത്തളങ്ങളിൽ കയറിച്ചെന്നാൽ അവിടം നല്കുന്ന ഊഷ്മളത ഏറെ ഹൃദ്യമായി അനുഭവപ്പെടും. അതിനുശേഷം ആ വാതിലിലൂടെതന്നെ അവിടെനിന്ന് പുറത്തിറങ്ങുമ്പോൾ ഉള്ളിൽ സ്വന്തമാക്കിയ നന്മ നഷ്ടപ്പെടുത്താതിരിക്കാനും സാധാരണ രീതിയിൽ നമുക്ക് സാധിക്കും.
ഈശോയാകുന്ന വാതിലില്ലാത്ത ഭവനങ്ങളും വ്യക്തികളും ഏറെയുണ്ട്. ഞാനും ചിലപ്പോൾ അവരിലൊരാളാകാം. എന്റെ ഭവനം അത്തരത്തിലൊന്നാണെങ്കിൽ അവിടെ കടന്നുവരുന്നവർക്ക് ഒരിക്കലും ആത്മീയനിറവ് ലഭ്യമാകില്ല. പകരം അല്പനേരം മാത്രം നിലനില്ക്കുന്ന ലോകസന്തോഷം മാത്രമാകും. പിന്നീടത് കുറ്റബോധമായും നിരാശയായും തീർക്കപ്പെടും.

ഓരോ വിശ്വാസിയും ഞാനാണ് വാതിൽ എന്ന് പറഞ്ഞവന്റെ പ്രതിരൂപങ്ങളാകേണ്ടവരാണ്. ദേ, കണ്ടില്ലേ അവരൊന്നും യഥാർത്ഥ വാതിലായി തീർന്നില്ല എന്ന പരാതി പറയാൻ ആർക്കും എളുപ്പമാണ്. എന്നാൽ, ആ വാതിലായി മാറുക ദുഷ്‌കരമാണ്. ഓരോ വിശ്വാസിയും എന്നതിനെക്കാളുപരിയായി ആത്മീയമായ നേതൃത്വം കൊടുക്കുന്നവർ യഥാർത്ഥ വാതിലായി നിശ്ചയമായും നില്‌ക്കേണ്ടവരാണ് എന്നത് കുറച്ചധികം തെളിച്ചം തരും. നല്ലൊരു ശതമാനവും യഥാർത്ഥ വാതിലുപോലെ നിലകൊള്ളുന്നവരാണെന്ന് ഉറപ്പായും പറയാം. എന്നിരുന്നാലും, ന്യൂനപക്ഷം അതിന് അപവാദമാകുമ്പോൾ, അവരാകുന്ന വാതിലിലൂടെ ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് പലർക്കും എത്തിച്ചേരാൻ കഴിയാതെ വരുമ്പോഴാണ് വിശ്വാസിയുടെ പാതകൾ ഇരുളിലാഴുന്നത്. ചിലരെങ്കിലും സത്യവിശ്വാസത്തിൽ നിന്നകന്ന് പുതിയ സംഹിതകളും വിശ്വാസരീതികളും കെട്ടിപ്പടുക്കുകയും ആദ്യം ഉണ്ടായിരുന്ന കൂട്ടായ്മയെ വെല്ലുവിളിക്കുകയും ചെയ്യുന്നത് നാം കാണുന്നുണ്ട്. എന്താണ് അവർ അങ്ങനെയാകാനുള്ള കാരണങ്ങൾ എന്നന്വേഷിക്കുമ്പോൾ പലപല ഉത്തരങ്ങൾ ഉണ്ടെങ്കിലും, ആത്മീയതയുടെ വാതിലുപോലെ അവർ മനസിലാക്കിയ പലരും അങ്ങനെയല്ലാത്തതും കാരണമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

പുതുമ നഷ്ടപ്പെടുമ്പോൾ
വാതിലാകേണ്ടവർ വാതിലാകാതെ വാതിലുപോലെ നിലകൊണ്ട് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുമ്പോൾ വരുത്തുന്ന ഭവിഷ്യത്ത് ചിലപ്പോൾ അവർ അറിയുന്നുണ്ടാകില്ല. അങ്ങനെയുണ്ടാകുന്ന മുറിവുകളും വേദനകളും സുഖപ്പെടുത്താൻ മറ്റ് വ്യക്തികൾക്ക് കഴിഞ്ഞുവെന്നും വരില്ല. ഈശോയ്ക്ക് മാത്രം അതിനെയെല്ലാം വീണ്ടും വിശുദ്ധമാക്കി തീർക്കാനാകുമെന്ന് നാം വിശ്വസിക്കുന്നു.

ഈശോ പ്രാർത്ഥിച്ചതുപോലെ പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് പൊറുക്കണമേ എന്ന് വ്യാജവാതിലുകളായി തീർന്നവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ഈശോയെന്ന വാതിലിലൂടെയാണോ നമ്മളും അകത്ത് കടക്കുന്നതെന്ന ചോദ്യംപോലും അരോചകമാകുന്ന കാലത്തിലാണ് നമ്മളായിരിക്കുന്നത് എന്നെനിക്ക് തോന്നുന്നു. മുകളിൽ സൂചിപ്പിച്ച സന്യാസഭവനത്തിൽ നിന്ന് മടങ്ങിയപ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞിരുന്നു. ചില ദേവാലയങ്ങളിൽ കടന്നുചെല്ലുമ്പോൾ നാമറിയാതെ നമ്മുടെ ഹൃദയത്തിൽ ആനന്ദത്തിന്റെ അലയടികൾ ഉയരുന്നത് തിരിച്ചറിയാറില്ലേ? പക്ഷേ, അവിടെത്തന്നെ
സ്ഥിരമായി കഴിയുന്നവർക്ക് അതിലൊരുപ്രത്യേകതയും കാണുകയുമില്ല. ഇംഗ്ലീഷിൽ ഇങ്ങനെ പറയാറില്ലേ ളമാശഹശമൃശ്യേ യൃലലറ െരീിലോു.േ പരിചിതത്വം വെറുപ്പ് ജനിപ്പിക്കും എന്നോ പഴകുംതോറും പാലും പുളിക്കും എന്നോ വേണമെങ്കിൽ മലയാളീകരിച്ച് പറയാം. അവിടെയുള്ളവർ നിത്യേന ആ വാതിലിലൂടെയാണ് അകംപുറം യാത്രകൾ നടത്തുന്നത്. അതിനാൽത്തന്നെ അവർക്ക് പുതുമ നഷ്ടമായിക്കഴിഞ്ഞു. എപ്പോഴാണോ വിശുദ്ധമായതിലെ പുതുമ തീരുന്നത് അന്നുമുതൽ യന്ത്രംപോലെയേ ശരീരം പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുകയുള്ളൂ.

കുറച്ചുപേരെയെങ്കിലും ദൈവാനുഭവത്തിലേക്ക് നയിക്കാൻ ദേവാലയത്തിലൂടെയുള്ള വഴി ഉപകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ചിലപ്പോൾ ഭൂരിപക്ഷവും യാതൊരുവിധ പ്രത്യേകതയും ഇല്ലാതെ കടന്നുപോയെന്നുവരാം. സാരമില്ല, ന്യൂനപക്ഷവും ശരിയായ പക്ഷം തന്നെയാണല്ലോ. അവർ മിക്കപ്പോഴും ശരിക്കുള്ള വാതിലായി മാറുകയും ചെയ്യും.

ഫാ. പോൾ കൊട്ടാരം കപ്പൂച്ചിൻ

Leave a Reply

Your email address will not be published. Required fields are marked *