ബുദ്ധിമാനും പ്രജാക്ഷേമതല്പരനുമായിരുന്നു രാജാവ്. തന്റെ കാലശേഷവും രാജ്യത്ത് ഐശ്വര്യം നിലനില്ക്കണം. അതിന് അടുത്ത തലമുറയ്ക്ക് നല്കാനുള്ള ഉപദേശം തയാറാക്കാൻ രാജാവ് മന്ത്രിമാരോട് ആവശ്യപ്പെട്ടു. രാജകല്പന വന്ന ഉടൻ മന്ത്രിമാർ രാജ്യത്തുള്ള ചിന്തകരെയും എഴുത്തുകാരെയുമൊക്കെ വിളിച്ചുകൂട്ടി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ പുതിയ തലമുറയ്ക്ക് കൊടുക്കാനുള്ള ഉപദേശങ്ങളുടെ വലിയ കെട്ടുകളുമായി മന്ത്രിമാർ രാജാവിന്റെ അടുത്തെത്തി. ”ഇത്രയും പുസ്തകങ്ങൾ വായിക്കാൻ അധികംപേർ തയാറാവില്ല. അതുകൊണ്ട് ചെറുതാക്കണം.” രാജാവ് പറഞ്ഞു. ഏറെക്കാലത്തെ അധ്വാനത്തിന്റെ ഫലമായി അവർ അത് ഒരു പുസ്തകമായി ചുരുക്കി. ”ഇപ്പോഴും ഉപദേശങ്ങൾ നീണ്ടതാണ്. ഒന്നോ രണ്ടോ പേജോ അല്ലെങ്കിൽ പരമാവധി ഒരു അധ്യായമായോ ചുരുക്കണം.”
അങ്ങനെ ചെയ്യുന്ന ബുദ്ധിമാന്മാർക്ക് 10,000 സ്വർണനാണയങ്ങളും തന്റെ രാജസദസിലെ അംഗത്വവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള വിളംബരം രാജാവ് പുറപ്പെടുവിച്ചു. പേരും പ്രശസ്തിയുമുള്ള അനേകർ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വന്നെങ്കിലും വിജയിച്ചില്ല. അവസാനം കൃഷിക്കാരന്റെ പുത്രൻ വന്നു. മറ്റുള്ളവർ പരിഹാസത്തോടെയാണ് അവനെ കണ്ടത്. അവൻ ഇങ്ങനെ എഴുതി: ”ഒരു കാലത്തും നമ്മുടെ രാജ്യത്ത് ആർക്കും സൗജന്യമായി ഭക്ഷണം ലഭിക്കില്ല.” അടുത്ത തലമുറയ്ക്കുള്ള ഉപദേശമായി ആ വാചകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എഴുതിവയ്ക്കാൻ രാജാവ് ഉത്തരവിട്ടു. ഒപ്പം ആ ചെറുപ്പക്കാരനെ തന്റെ രാജസദസിൽ അംഗമാക്കുകയും ചെയ്തു.
”എറുമ്പിൻകൂട്ടം എത്രയോ ദുർബലം! എങ്കിലും അവ വേനല്ക്കാലത്ത് ആഹാരം കരുതിവയ്ക്കുന്നു. കുഴിമുയൽ-കെല്പില്ലാത്ത ഒരു കൂട്ടം; എങ്കിലും അവ പാറകളിൽ പാർപ്പിടം നിർമ്മിക്കുന്നു” (സങ്കീ. 30:25-26).