നോറിച്ചിലെ ജൂലിയന്റെ ദർശനങ്ങൾ-1

നോറിച്ചിലെ ജൂലിയൻ ഒരിക്കലൊരു ദർശനം കണ്ടു. ശാരീരികമായി സാമ്യമുള്ള രണ്ടുപേർ. ഒരാൾ പ്രഭുവും മറ്റേയാൾ ദാസനും. പ്രഭു ശാന്തനായി സിംഹാസനത്തിൽ ഇരിക്കുന്നു. ദാസൻ ബഹുമാനത്തോടെ ആജ്ഞ അനുസരിക്കുവാൻ കാത്തുനില്ക്കുന്നു. പ്രഭു ദാസനെ സ്‌നേഹത്തോടും സൗമ്യതയോടും നോക്കി. പിന്നെ തന്റെ ഇംഗിതം നിറവേറ്റാൻ ഒരു സ്ഥലത്തേക്ക് അയച്ചു. ദാസൻ പുറപ്പെട്ടു എന്നു മാത്രമല്ല, സ്‌നേഹത്താൽ പ്രേരിതനായി കുതിച്ചുചാടിയും ഓടിയുമാണ് പോകുന്നത്. എന്നാൽ, പെട്ടെന്ന് ഒരു കുഴിയിൽ വീണ് മാരകമായി മുറിവേറ്റു. ദാസൻ കരയുകയും നിലവിളിക്കുകയും ചെയ്തു. അവന് ഒരു വിധത്തിലും തനിയെ എഴുന്നേറ്റുനില്ക്കാൻ കഴിയുന്നില്ല. യജമാനനിൽ എല്ലാ ആശ്വാസവും ഉണ്ടായിട്ടും അദ്ദേഹം അത്ര അടുത്തുണ്ടായിട്ടും സ്‌നേഹനാഥന്റെ നേരെ തിരിയാനും കണ്ണുയർത്തി നോക്കാനും പറ്റാത്തതിലുള്ള ആശ്വാസരാഹിത്യമാണ് വേദനകളിൽ ഏറ്റവും വലുത്. ക്ഷീണിതനും ഭോഷനുമായ മനുഷ്യനെപ്പോലെ അയാൾ തന്റെ വികാരങ്ങളിലേക്കും നില്ക്കാത്ത വ്യഥകളിലേക്കും ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഈ സ്ഥിതിയിൽ അയാൾ ഏഴു വ്യഥകൾ അനുഭവിക്കുന്നുണ്ട്.
1. വീഴ്ചയിൽ പറ്റിയ പരിക്ക്.
2. ശരീരത്തിന്റെ ക്ഷീണം.
3. ഇവ രണ്ടും മൂലമുണ്ടായ
ബലഹീനത.
4. തനിക്കുണ്ടായ സ്‌നേഹം മറന്നു പോകത്തക്കവിധം ചിന്തകൾക്കും മനസിനുമേറ്റ ആഘാതത്തിന്റെ അങ്കലാപ്പ്.
5. സ്വയം എഴുന്നേല്ക്കാൻ
കഴിയാത്തത്.
6. പൂർണമായും ഒറ്റപ്പെട്ട അവസ്ഥ
7. വളരെ ഇടുങ്ങിയതും കഠിനവും വേദനാജനകവുമായിരുന്നു അവൻ കിടന്നിരുന്ന സ്ഥലം.
ഉദാരനായ യജമാനൻ പറയുന്നത് കേൾക്കുക: ”എന്റെ പ്രിയപ്പെട്ട ദാസനെ കാണൂ. എന്നോടുള്ള സ്‌നേഹത്തെപ്രതി എന്തുമാത്രം മുറിവുകളുമാണ് അവനുണ്ടായിരിക്കുന്നത്. അതെ, അവന്റെ നല്ല മനസുകൊണ്ടാണിതെല്ലാം സംഭവിച്ചത്. അവൻ അനുഭവിച്ച വേദനയ്ക്കും ദുഃഖത്തിനുമെല്ലാം പ്രതിഫലം കൊടുക്കുക യുക്തമല്ലേ? ബഹുമാന്യമായ ഒരു സമ്മാനം അവന് കൊടുക്കുന്നില്ലെങ്കിൽ ഞാൻ ഉദാരനല്ല എന്ന് എനിക്കുതന്നെ തോന്നും.”
ഈ ദർശനത്തിന്റെ അർത്ഥം ജൂലിയന് ഒരു ആത്മീയ വെളിപാടുപോലെ ലഭിച്ചു- എന്നേക്കും ഉന്നതമായ ഒരു പ്രതിഫലം, താൻ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ദാസന് സമ്മാനിക്കുന്നത് പ്രഭുവിന്റെ മഹത്തായ നന്മയുടെ ഭാഗമാണ്. അതെ, അവന്റെ വീഴ്ചയും അതിൽനിന്നുളവായ എല്ലാ ദുഃഖങ്ങളും എല്ലാറ്റിനെയും അതിലംഘിക്കുന്ന ഉന്നത മഹത്വമായും അനന്ത സൗഭാഗ്യമായും മാറും.

Leave a Reply

Your email address will not be published. Required fields are marked *