പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റോമിൽ ജീവിച്ചിരുന്ന വിശുദ്ധനായിരുന്നു ഫാ. വിൻസന്റ് പള്ളോട്ടി. സെന്റോ പ്രെറ്റിയിലെ സൈനിക ആശുപത്രിയിലെ ആത്മീയഗുരുവായിരുന്ന ഫാ. വിൻസന്റ്, ഒരു ദിവസം ഫ്രഞ്ചുവംശജനായ ഫാ. ഗെസലിൻ എന്ന ഒരു യുവവൈദികനോടൊപ്പം ആശുപത്രിയിലേക്ക് പോകുകയായിരുന്നു. അദ്ദേഹം കുറച്ച് വേയ്സ്റ്റ് പേപ്പറുകൾ ശേഖരിച്ചുവച്ചിരുന്നു. പോകുന്ന വഴിക്ക് അത് വിറ്റു. ആ പണത്തിന് ബിസ്ക്കറ്റ് വാങ്ങി.
ആശുപത്രിയിൽ എത്തിയപ്പോൾ മറ്റൊരു വൈദികൻ അവരെ പ്രശ്നക്കാരനായ രോഗിയുടെ അടുത്തേക്ക് കൊണ്ടുപോയി. അയാൾ പിശാചുബാധിച്ചവനെപ്പോലെ ഉറക്കെ ആക്രോശിച്ചുകൊണ്ടിരുന്നു. ഫാ. പള്ളോട്ടി പറഞ്ഞു, ”മക്കളേ, നമുക്ക് പ്രാർത്ഥിക്കാം. ദൈവത്തിന് അസാധ്യമായി ഒന്നും ഇല്ല.” പ്രാർത്ഥനയ്ക്കുശേഷം ഫാ. പള്ളോട്ടി അവന്റെ അടുക്കലേക്ക് പോയി. അയാൾ ഫാ. പള്ളോട്ടിയെ കണ്ടപാടെ ഞരങ്ങുവാനും മൂളുവാനും തുടങ്ങി. എന്നിട്ട് കണ്ണുകൾ മുറുക്കിയടച്ചു. ഞൊടിയിടയിൽ ഫാ. വിൻസന്റ് അവന്റെ കിടക്കയ്ക്കരികിൽ സ്ഥാനം പിടിച്ചു. ആ മനുഷ്യൻ കണ്ണു തുറന്നപ്പോൾ വൈദികൻ അനുഗ്രഹിക്കുന്നതാണ് കണ്ടത്.
അയാളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു. ഒരിക്കൽ പ്പോലും വൈദികരെ അരികിൽ വരുവാൻ അയാൾ അ നുവദിച്ചിരുന്നില്ല. അവൻ പല്ല് കടിച്ചുകൊണ്ട് ദൈവദൂഷണം പറയാൻ തുടങ്ങി. ഫാ. പള്ളോട്ടി ഒരു ബിസ്ക്കറ്റ് എടുത്ത് അവന്റെ വായിൽ തിരുകിക്കൊണ്ട് പറഞ്ഞു, ”മകനേ, ഇത് ഭക്ഷിക്കുക.”
ബിസ്ക്കറ്റ് തീർന്നപ്പോൾ അവൻ പിന്നെയും ദൈവദൂഷണം പറയാൻ വായ് തുറന്നു. ഫാ. പള്ളോട്ടി രണ്ടാമതും ബിസ്ക്കറ്റ് വായിലേക്കുവച്ചു. ഇത് പല പ്രാവശ്യം തുടർന്നു. ഫാ. വിൻസന്റ് അവനരികെ മുട്ടുകുത്തി. അവനെ ഭൂതോച്ഛാടനം നടത്തി.
സാവധാനം ദൈവാത്മാവ് പ്രവർത്തനമാരംഭിച്ചു. അയാളുടെ ഹൃദയത്തിൽ അനുതാപം നിറഞ്ഞു. അവൻ കുമ്പസാരിച്ചു. അന്ത്യകർമങ്ങൾക്കുള്ള കാര്യങ്ങൾ ഒരുക്കുവാൻ ഫാ. പള്ളോട്ടി ഒപ്പംവന്ന വൈദികനോട് ആവശ്യപ്പെട്ടു. ‘ഈശോ മറിയം യൗസേപ്പേ, എന്റെ മരണസമയത്ത് എനിക്ക് കൂട്ടായിരിക്കണമേ’ എന്ന് ഉച്ചരിച്ചുകൊണ്ട് സാവധാനം ആ രോഗി മരിച്ചു.
”ഇപ്പോൾ മനസിലായോ ചെറിയൊരു പേപ്പർ കഷണത്തിന്റെ വില?”ഫാ. പള്ളോട്ടി ആ യുവവൈദികനോട് ചോദിച്ചു.