ഉണക്കമരത്തിന് വെള്ളമൊഴിക്കാമോ?

മറുചോദ്യമില്ലാത്ത അനുസരണം പലപ്പോഴും ക്ലേശകരമാണ്.  എന്നാൽ, അതുളവാക്കുന്ന ഫലമോ അചിന്ത്യവും.

ആദ്യനൂറ്റാണ്ടുകളിൽ ഈജിപ്തിൽ ജീവിച്ചിരുന്ന സന്യാസിമാരിൽ പാണ്ഡിത്യംകൊണ്ടും വരദാനങ്ങൾകൊണ്ടും ഏറെ പ്രശസ്തനാണ് വിശുദ്ധ ജോൺ. അദ്ദേഹം ലൗകിക ജീവിതത്തോടുള്ള വിരക്തിമൂലം 25-ാമത്തെ വയസിൽ ഒരു സന്യാസിയുടെ ശിഷ്യത്വം സ്വീകരിച്ചു.

ജോണിനെ എളിമപ്പെടുത്തുന്നതിനാ യി സന്യാസി പല മാർഗങ്ങളും സ്വീകരിച്ചു. ആശ്രമത്തിന്റെ മുൻപിൽ ഒരു ഉണങ്ങിയ വൃക്ഷമുണ്ടായിരുന്നു. ദിവസവും അതിനു വെള്ളമൊഴിക്കാൻ ഗുരു നിർദേശിച്ചു. മറുചോദ്യം ഉന്നയിക്കാതെ ഒരു വർഷം അദ്ദേഹം പച്ചമരത്തെ എന്നപോലെ ശ്രദ്ധാപൂർവം നനച്ചു.
ഇത്തരമൊരു പ്രവൃത്തികൊണ്ട് ആ നാളുകളിൽ വലിയ പ്രയോജനമൊന്നും ജോണിനുണ്ടായില്ല. അറിവും കഴിവും ഉണ്ടായിരുന്ന ജോൺ വൃദ്ധനും അറിവു കുറഞ്ഞവനുമായ ഗുരുവിന്റെ നിർദേശങ്ങ ൾ അനുസരിക്കുക മാനുഷിക ദൃഷ്ടിയിൽ ഭോഷത്തമായിരുന്നു. എന്നാൽ, വർഷങ്ങൾക്കുശേഷം വിശുദ്ധ ജോൺ വലിയൊരു പണ്ഡിതനും അനേകായിരങ്ങൾക്ക് ഉപദേശങ്ങൾ നല്കുന്ന വ്യക്തിയുമായി രൂപാന്തരപ്പെട്ടു. ധാരാളം രോഗികളെ സുഖപ്പെടുത്തി. വലിയ അത്ഭുതങ്ങൾ ചെയ്തു.

അനുസരിക്കുക മനുഷ്യന് എക്കാലവും വലിയ പ്രയാസമുള്ള കാര്യമാണ്. അഹത്തെ നിഹനിക്കാതെ അനുസരിക്കുക പ്രയാസമാണ്. ഭയംമൂലം അനുസരിക്കുന്നത് യഥാർത്ഥ അനുസരണമല്ല. അനുസരിക്കാതിരിക്കാൻ സാധ്യതയുള്ളപ്പോഴും അനുസരിക്കുന്നതാണ് യഥാർത്ഥ അനുസരണം. എളിമപ്പെടലിന്റെയും ശൂന്യവല്ക്കരണത്തിന്റെയും പാതയാണത്.

തകർച്ചയുടെ കാരണങ്ങൾ
ധ്യാനംകൂടി തീക്ഷ്ണതയോടും ആ ത്മാർത്ഥതയോടുംകൂടി പലരും ശുശ്രൂഷകൾ തുടങ്ങും. ചിലപ്പോൾ അധികാരികളുടെ ഭാഗത്തുനിന്ന് എതിർപ്പ് ഉയരാറുണ്ട്. ഇപ്പോൾ നീ ഇത് ചെയ്യേണ്ട എന്നു പറഞ്ഞെന്നുവരും. അത്തരം സന്ദർഭങ്ങളിൽ ആത്മീയ കാര്യമല്ലേ അധികാരികളെ അവഗണിച്ചിട്ടാണെങ്കിലും ചെയ്യാം എന്ന ചിന്തയോടെ എടുത്തുചാടാറുണ്ട്. വർഷങ്ങൾക്കുശേഷം പിൻതിരിഞ്ഞു നോക്കുമ്പോൾ തകർച്ചയുടെ കാരണം അനുസരണക്കേടായിരുന്നുവെന്ന് മനസിലാകും. അനുസരണയോടെ സ്വയം വിശുദ്ധീകരിച്ച് ദൈവസന്നിധിയിൽ കാത്തിരുന്നതിനുശേഷം ശുശ്രൂഷകൾക്കുവേണ്ടി ഇറങ്ങിയാൽ കൂടുതൽ അനുഗ്രഹം ലഭിക്കും. പലപ്പോഴും അധികാരികളിലൂടെ നമ്മെ തടയുന്നത് ദൈവമായിരിക്കും.

പിതാവിന്റെ ഇഷ്ടം നിറവേറ്റുകയാണ് പരമപ്രധാനം എന്ന് ചിന്തിച്ച യേശുവിനെയാണ് ധ്യാനിക്കേണ്ടത്. നമ്മുടെ കാഴ്ചപ്പാടിൽ നല്ലതും ഉചിതവുമായ പല കാര്യങ്ങളും ഒരുപക്ഷേ ദൈവം ആഗ്രഹിക്കുന്നതാവില്ല. ഇപ്പോൾ നാം ചെയ്യാൻ ആഗ്രഹിക്കുന്നവ എന്തു ഫലം ഉളവാക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. ദൈവത്തിന്റെ സമയത്തിന് കാത്തുനില്ക്കാതെ എടുത്തു ചാടുമ്പോൾ ഗുണത്തിന് പകരം ദോഷമാണ് സംഭവിക്കുന്നത്. ഇത് മുൻകൂട്ടി അറിയാവുന്ന ദൈവം അധികാരികളിലൂടെ ഇടപെടും. ഒരുപക്ഷേ, ഭാഷ കടുത്തതായിരിക്കും. അത് ദൈവസ്വരമായി സ്വീകരിക്കാൻ സാധിക്കണം. ഇതിന് ഏറെ എളിമ ആവശ്യമുണ്ട്. സുവിശേഷം പ്രസംഗിക്കാനുള്ള തീക്ഷ്ണതയാൽ വചനം പ്രഘോഷിക്കാനും സന്യാസസമൂഹം കെട്ടിപ്പടുക്കാനുമുള്ള അനുവാദത്തിനായി അസീസി പുണ്യവാൻ ചെല്ലുമ്പോൾ അനുമതി ലഭിച്ചില്ല. മാത്രമല്ല പന്നികളോട് പ്രസംഗിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെ ഫ്രാൻസിസ് അസീസി ദൈവസ്വരം തിരിച്ചറിഞ്ഞ് എളിമപ്പെട്ട് പന്നികളോട് പ്രസംഗിച്ചു. ഇതിന്റെ അനന്തരഫലം വലുതായിരുന്നു. പിന്നീട് മനുഷ്യരോട് വചനം പറയാനും സന്യാസസമൂഹം തുടങ്ങുവാനും സാധിച്ചു. ‘സകല സൃഷ്ടികളോടും വചനം പ്രസംഗിക്കുക’ എന്ന വചനം ജീവിതത്തിലുടനീളം അനുവർത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇവിടെ ആദ്യഘട്ടത്തിൽ അപമാനം ഏറ്റപ്പോൾ അനുസരിക്കാതെ മുന്നോട്ട് പോയിരുന്നെങ്കിൽ രണ്ടാം ക്രിസ്തു എന്ന അപരനാമം അദ്ദേഹത്തിന് ലഭിക്കുമായിരുന്നില്ല. സഭയെ ആ കാലഘട്ടത്തിൽ തകർച്ചയിൽ നിന്ന് രക്ഷിക്കുവാനും സാധിക്കില്ലായിരുന്നു.

പത്രോസ് യേശുവിനോടുള്ള ഗാഢസ്‌നേഹത്താൽ നിറഞ്ഞ് നിനക്ക് ഇത് സംഭവിക്കാതിരിക്കട്ടെ എന്ന് പീഡാനുഭവപ്രവചന സമയത്ത് പറയുന്നു. സാത്താനേ ദൂരെപ്പോവുക എന്നാണ് കർത്താവ് ഇതിന് മറുപടി നല്കിയത്. നല്ല ലക്ഷ്യത്തോടെയാണ് പത്രോസ് പറഞ്ഞതെങ്കിലും ദൈ വത്തിന്റെ നന്മ പത്രോസിന്റെ ഭാവനകൾക്ക് അപ്പുറമായിരുന്നു. കാരണം, മനുഷ്യൻ തന്റെ ആയുസിൽ പറയുന്ന മുഴുവൻ വാക്കുകളെക്കാൾ ജ്ഞാനം ദൈവത്തിന്റെ ഒരു വാക്കിനുണ്ട്. മുന്തിരിച്ചെടി കൂടുതൽ കായ്ക്കുന്നതിനായി വെട്ടി ഒരുക്കപ്പെടണം. എന്നാൽ, നാമിന്ന് വെട്ടിയൊരുക്കലിന് വിധേയപ്പെടാറില്ല. എപ്പോഴും ഫലം നല്കുന്നതിനുള്ള വ്യഗ്രതയിൽ ആരെയും അംഗീകരിക്കാതെ സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തുന്നു.

വിശ്വാസത്തോടെയുള്ള അനുസരണം
നമ്മെക്കാൾ ഉന്നതരായവരുടെ വാക്കുകൾ അനുസരിക്കുക സ്വാഭാവികമാണ്. എന്നാൽ, എളിയവരുടെയും നമ്മുടെ കീഴിൽ പ്രവർത്തിക്കുന്നവരുടെയും വാക്കുകൾ അനുസരിക്കുക പ്രയാസമാണ്. എന്നാൽ, ഏറ്റവും എളിയവരുടെ വാക്കുകൾപോലും ഉചിതമെന്ന് തോന്നി അനുസരിക്കാൻ തയാറാകുമ്പോൾ നാം വളരുകയാണ്. ദൈവം ശിശുക്കളുടെ അധരങ്ങളിലൂടെപോലും സംസാരിക്കും. ഏറ്റവും എളിയവന്റെ ദാസനാകുമ്പോൾ നാം സ്വർഗരാജ്യത്തിലെ വലിയവരായിത്തീരും.
അനുസരണം, എളിമ, വിശുദ്ധി എന്നീ പുണ്യങ്ങൾക്ക് മുൻപിൽ പിടിച്ചുനില്ക്കാൻ, സാത്താന്യശക്തിക്ക് ഒരിക്കലും സാധിക്കില്ല. കുടുംബത്തിലും ഇടവകയിലും സമൂഹത്തിലും പ്രാർത്ഥനാ ഗ്രൂപ്പുകളിലുമെല്ലാം അനുസരണത്തിന്റെയും എളിമയുടെയും പാത പിൻതുടർന്നാൽ അനേകം ആത്മാക്കളെ നേടാനുള്ള കർത്താവിന്റെ ഉപകരണമായി മാറാൻ സാധിക്കും. കർത്താവിന് ഇന്ന് ആവശ്യമുള്ളത് മനുഷ്യന്റെ അറിവുകളും കഴിവുകളുമല്ല, മറിച്ച് വിശുദ്ധരായ വ്യക്തികളെയാണ്.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു: ”മാമോദീസ സ്വീകരിച്ച വ്യക്തി സഭയുടെ അംഗമാകുന്നതോടെ തന്റേതല്ല, പിന്നെയോ നമുക്കുവേണ്ടി മരിക്കുകയും ഉയിർക്കുകയും ചെയ്തവന്റെ സ്വന്തമായി ഭവിക്കുന്നു. ആ സമയം മുതൽ മറ്റുള്ളവർക്ക് വിധേയനായിരിക്കാനും അവരോട് ബഹുമാനം പ്രകടിപ്പിക്കാനും അവൻ വിളിക്കപ്പെട്ടിരിക്കുന്നു” (സിസിസി.1269).

സിസ്റ്റർ ഫൗസ്റ്റീന രോഗാവസ്ഥയിലായിരിക്കുമ്പോൾ ഉപവാസം എടുക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ് അധികാരി പറഞ്ഞു; ”ഇപ്പോൾ ഉപവസിക്കേണ്ട.” ഫൗസ്റ്റീന അനുസരിച്ചു. പിന്നീട് ഈശോ പ്രത്യക്ഷപ്പെട്ടപ്പോൾ പറഞ്ഞത്, നീ ഉപവാസം എടുത്തതിനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് നിന്റെ അനുസരണമാണ് എന്നായിരുന്നു. അനുസരണം ബലിയെക്കാൾ ശ്രേ ഷ്ഠമാണ്. ഇവിടെ അഗ്നിപോലെ എരിയുന്ന മനസുണ്ട്, ബലിവസ്തുവുമുണ്ട്. പലപ്പോഴും അനുസരിക്കുമ്പോൾ മുന്നിൽ ശൂന്യത മാത്രമായിരിക്കും. അബ്രാഹം ദൈവത്തെ അനുസരിച്ചപ്പോഴും മോശ ഇസ്രായേലിനെ നയിച്ചപ്പോഴും പരിശുദ്ധ മറിയം ദൈവദൂതന്റെ വാക്ക് ശ്രവിച്ചപ്പോഴും ഇതേ ശൂന്യത ഉണ്ടായിരുന്നു. അതിനാൽ അനുസരണം വിശ്വാസത്തോട് ചേരുമ്പോഴാണ് പൂർണഫലം ഉളവാകുന്നത്.

നിവൃത്തികേടിന്റെ പേരിൽ വിദ്വേഷത്തോടെ അനുസരിക്കുന്നവരുണ്ട്. ധൂർത്തപുത്രന്റെ ജ്യേഷ്ഠന്റെ മനോഭാവം ഇതായിരുന്നു. അവൻ പിതാവിനെ അനുസരിച്ചെങ്കിലും ഉള്ളിൽ രോഷമായിരുന്നു. ഇത്തരം അനുസരണം ഗുണം ചെയ്യില്ല. ഇവിടെ അനുസരണത്തിന്റെ ഫലം സാത്താൻ കൊയ്‌തെടുക്കുന്നു. സ്‌നേഹത്തോടെയുള്ള അനുസരണമാണ് സ്വായത്തമാക്കേണ്ടത്. ഏത് അപമാനം നേരിട്ടാലും വിശ്വാസത്തോടെ മുന്നോട്ട് പോകാൻ സ്‌നേഹം നമ്മെ ശക്തിപ്പെടുത്തും. എല്ലാ വിശുദ്ധരും ഇപ്രകാരം അനുസരിച്ചവരായിരുന്നു. എന്നാൽ, പാപം ചെയ്യാൻ ആരെങ്കിലും നിർബന്ധിച്ചാൽ അനുസരിക്കരുത്. അപ്പോൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്.

”സ്വന്തം മനസിന്റെ പരിപൂർണ തിരസ്‌ക്കരണമാണ് അനുസരണം. അത് പ്രവൃത്തിയിലൂടെ പ്രത്യക്ഷമാക്കണം. സ്വാർത്ഥത ബഹിഷ്‌ക്കരിച്ചുകൊണ്ടുള്ള ജീവിതശൈലിയാണ് അനുസരണം”- വിശുദ്ധ ജോൺ

സുബിൻ തോമസ്

Leave a Reply

Your email address will not be published. Required fields are marked *