നന്ദി പറയാൻ ഇനി വൈകരുതേ !

ഓരോ പുതുവർഷത്തിലും എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ എന്തെങ്കിലും ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ? എന്നാൽ, ഈ പുതുവർഷത്തിൽ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കഴിഞ്ഞാൽ അതു ജീവിതത്തെ മാറ്റിമറിക്കും.
ആദ്യത്തെ കുഞ്ഞ് പിറന്ന് അധികം കഴിയുന്നതിനുമുൻപ് രണ്ടാമത് ഗർഭിണിയായപ്പോൾ, ആദ്യത്തെ കൺമണിക്ക് പരിചരണം കുറഞ്ഞുപോയെങ്കിലോ എന്ന് വിചാരിച്ച് ആ അമ്മ തന്റെ ഉദരത്തിലെ ശിശുവിനെ കൊല്ലാൻ തീരുമാനിച്ചു. അഞ്ചുതവണ അബോർഷന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. വർഷങ്ങൾ കഴിഞ്ഞു. പെട്ടെന്നൊരു ദിവസം ഭർത്താവ് രോഗബാധിതനായി. രോഗം തിരിച്ചറിഞ്ഞ് പതിനെട്ട് ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം മരിച്ചു. ഒരു വർഷത്തിനുശേഷം ഒൻപതു വയസുകാരനായ മൂത്തമകനും രോഗബാധിതനായി മരണമടഞ്ഞു. അന്ന് അബോർഷൻ ചെയ്യാൻ പരിശ്രമിച്ച്, പരാജയപ്പെട്ട് ജന്മം നല്കിയ പെൺകുട്ടി മാത്രം അവശേഷിച്ചു. അന്ന് ആ കുഞ്ഞ് മരിച്ചിരുന്നുവെങ്കിൽ ഇന്ന് കുറ്റബോധത്താൽ നീറി ഇവൾ തകർന്നുപോകുമെന്നറിയാമായിരുന്ന ദൈവം അതനുവദിച്ചില്ല. നമ്മുടെ ഭാവിയെപ്പറ്റി അറിയാവുന്നവൻ ഒരുവനേ ഉള്ളൂ-നല്ലവനായ ദൈവം. നാളുകൾ കടന്നുപോയപ്പോൾ ദൈവശുശ്രൂഷ ചെയ്യുന്ന ഒരു വ്യക്തി അവളെ വിവാഹം ചെയ്യുകയും ഉദരത്തിൽവച്ചുതന്നെ മുറിവുകളേറ്റ് ഈശോയുടെ സഹനത്തിൽ പങ്കാളിയായ മകളെ അദ്ദേഹം വലിയ ദൈവസ്‌നേഹത്തിലും ദൈവാശ്രയബോധത്തിലും വളർത്തുകയും ചെയ്തു. ഇന്നാ പെൺകുട്ടി ഒരു സമർപ്പിതസമൂഹത്തിൽ അംഗമാണ്. കുടുംബനാഥ ഭർത്താവിനോടൊപ്പം സജീവമായി ദൈവശുശ്രൂഷയിൽ പങ്കുചേർന്ന് ജീവിക്കുന്നു. ദിവ്യകാരുണ്യ സന്നിധിയിലിരിക്കുമ്പോൾ അവരുടെ ഹൃദയം നന്ദിയാൽ നിറയും. കണ്ണുകൾ നിറഞ്ഞൊഴുകും. ”ദൈവം എത്രയോ നല്ലവനാണ്. എന്റെ തകർച്ചയുടെ അനുഭവങ്ങളും നന്മയ് ക്കായി മാറ്റിയല്ലോ.”

കുടുംബജീവിതമാണെങ്കിലും സമർപ്പിതജീവിതമാണെങ്കിലും വേദനയുടെയും കഷ്ടതയുടെയും അനുഭവങ്ങൾ നേരിടേണ്ടിവരുമ്പോൾ അതു നമ്മുടെ നന്മയ്ക്കായിട്ടാണെന്ന് ഉറച്ചുവിശ്വസിക്കണം. നമ്മുടെ ജീവിതത്തിലെ കഴിഞ്ഞ കാര്യങ്ങൾ കുറെ ഓർമയിലുണ്ടാകും. ഭാവി നമുക്കറിയില്ല. ദൈവം നമ്മുടെ ഭാവി അറിയുന്നവനാണ്. ”കർത്താവ് നിനക്കു കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നിൽനിന്ന് മറഞ്ഞിരിക്കുകയില്ല…” (ഏശയ്യാ 30:20). അതുകൊണ്ടാണല്ലോ സങ്കീർത്തകൻ പറയുന്നത,് ”ദുരിതങ്ങൾ എനിക്കുപകാരമായി; തന്മൂലം ഞാൻ അങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ” (സങ്കീ. 119:71).
എത്രമാത്രം ബലഹീനരും പാപികളും ആയിക്കൊള്ളട്ടെ. ഓർക്കുക, നമ്മുടെ ജീവിതത്തെ മുഴുവനായും അറിയുന്ന ദൈവം നല്ലവനാണ്. ഇതുവരെയുള്ള ജീവിതത്തിൽ നാംപോലും അറിയാത്തതും ചിന്തിക്കാത്തതുമായ എത്രയോ അനുഗ്രഹങ്ങൾ അപ്രതീക്ഷിതമായി നല്കി ദൈവം നമ്മെ അത്ഭുതപരതന്ത്രരാക്കിയിട്ടുണ്ട്? എന്തുമാത്രം കൃപകൾ നല്കിയിട്ടുണ്ട്! എന്നാൽ, വേദനകൾ ലഭിച്ചപ്പോൾ, ദുഃഖംകൊണ്ട് ഹൃദയം നീറിയപ്പോൾ നാം ദൈവത്തെ തള്ളിപ്പറഞ്ഞു. ആ ദുഃഖങ്ങളും വേദനകളും ജീവിതവഴിത്താരകളിൽ അനുഗ്രഹങ്ങളായി മാറിയപ്പോൾ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്ന് പത്രോസിനെപ്പോലെ ഏറ്റുപറയാൻ മറന്നുപോയി. നല്ലവനായ ദൈവവുമായി നമുക്ക് അനുരഞ്ജനപ്പെടാം. ഒപ്പം ആത്മാർത്ഥമായി നന്ദി പറയാം. അകലാൻ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടാം. അതാകട്ടെ ഈ പുതുവർഷത്തിലെ ഏറ്റവും വലിയ തീരുമാനം.

മരിയ വിയാനിയമ്മ DECBA

Leave a Reply

Your email address will not be published. Required fields are marked *