നായാട്ടിനിടയിൽ കാട്ടിൽനിന്നാണ് രാജാവിന് കുട്ടിക്കുരങ്ങനെ കിട്ടിയത്. അവനെ പരിശീലിപ്പിക്കാൻ മൃഗശാലയുടെ അധികാരിയെ ഏല്പിച്ചു. വളരെ എളുപ്പത്തിൽ എല്ലാവരുമായി ഇണങ്ങി. ഒരു ദിവസം മൃഗശാലയിൽ എത്തിയ രാജാവ് ആ കുരങ്ങനെ രാജകൊട്ടാരത്തിലേക്കു കൊണ്ടുപോയി. കുറച്ചു കഴിഞ്ഞപ്പോൾ അവൻ കൊട്ടാരത്തിലെ ഒരംഗത്തെപ്പോലെയായി. ക്രമേണ രാജാവിന്റെ സിംഹാനത്തിനരികിൽ അവന് സ്ഥാനം ലഭിച്ചു.
രാജാവ് എവിടെപ്പോയാലും കുരങ്ങനെയും കൊണ്ടുപോകാൻ തുടങ്ങി. രാജാവ് കുരങ്ങന് അമിതപ്രാധാന്യം നല്കുന്നത് ശരിയല്ലെന്ന് പലർക്കും തോന്നി. ഒരിക്കൽ മന്ത്രി അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. രാജാവ് അതൊന്നും ചെവിക്കൊണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ അംഗരക്ഷകന്റെ പദവിയായി കുരങ്ങന്.
രാജാവ് ഉറങ്ങുമ്പോൾ വിശറി വീശിക്കൊടുക്കുന്നതും കുരങ്ങനായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് രാജാവ് മയങ്ങുമ്പോൾ കുരങ്ങൻ പതിവുപോലെ കിടക്കയുടെ സമീപത്തുനിന്ന് വീശിക്കൊണ്ടിരുന്നു. ഇതിനിടയിൽ ഒരു തേനീച്ച പറന്നുവന്ന് രാജാവിന്റെ മുഖത്തിരുന്നു. കുരങ്ങൻ പല പ്രാവശ്യം ഈച്ചയെ ഓടിച്ചെങ്കിലും പിന്നെയും അത് വീണ്ടും നെറ്റിയിൽ വന്നിരുന്നു. ദേഷ്യം വന്ന കുരങ്ങൻ രാജാവിന്റെ വാളെടുത്ത് ഈച്ചയെ ആഞ്ഞുവെട്ടി. ഈച്ച പറന്നുപോയെങ്കിലും തല രണ്ടായി പിളർന്ന് രാജാവ് മരിച്ചു.
കൂട്ടുകാരേ, ബന്ധങ്ങളിലും ചിലപ്പോൾ അകലംപാലിക്കേണ്ടതായി വരും. ബന്ധങ്ങൾ സ്ഥാപിക്കുമ്പോൾ നാം അത് വിസ്മരിക്കരുത്. അല്ലെങ്കിൽ, രാജാവിന് ജീവൻ നഷ്ടപ്പെട്ടതുപോലെ നമ്മൾക്കും അപകടങ്ങൾ സംഭവിക്കാം.