മോഷണത്തിൽനിന്നും രക്ഷപെടാനുള്ള മരുന്ന്

”എത്ര ശ്രമിച്ചിട്ടും എനിക്ക് മോഷ്ടിക്കാതിരിക്കാനാവില്ല. അതൊരു ഹരമായി മാറി. ഈ സ്വഭാവത്തിൽനിന്നും മോചനം നേടാൻ എന്തുചെയ്യണം?” മനഃശാസ്ത്രജ്ഞനെ കാണാനെത്തിയ ചെറുപ്പക്കാരന് അറിയേണ്ടിയിരുന്നത് അതിനുള്ള ഉത്തരമായിരുന്നു.

ഈ ഗുളികകൾ ദിവസവും രണ്ടു നേരം വീതം ഒരു മാസത്തേക്ക് കഴിക്കണം. ഇനി എപ്പോഴെങ്കിലും മോഷ്ടിക്കണമെന്നുള്ള തോന്നൽ ശക്തമാകുകയാണെങ്കിൽ അപ്പോൾ കഴിക്കാനുള്ളതാണ് ഇതെന്നു പറഞ്ഞുകൊണ്ട് ചെമന്ന കടലാസിൽ പൊതിഞ്ഞ ഏതാനും ഗുളികകളും നല്കി. ചെറുപ്പക്കാരൻ ആശ്വാസത്തോടെ പുറത്തേക്ക് ഇറങ്ങി. പെട്ടെന്ന് അയാളെ തിരികെ വിളിച്ചിട്ട് മനഃശാസ്ത്രജ്ഞൻ പറഞ്ഞു: ”ഒരു മാസംകൊണ്ട് നിങ്ങൾക്ക് മോഷ്ടിക്കണമെന്നുള്ള സ്വഭാവത്തിൽനിന്നും വിടുതൽ ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇനി അതിനു കഴിഞ്ഞില്ലെങ്കിൽ അടുത്ത പ്രാവശ്യം വരുമ്പോൾ പുതിയ മോഡലിലുള്ള മൊബൈൽ ഫോൺകൂടി കൊണ്ടുവരണം.”
തലയാട്ടിയിട്ട് ആ ചെറുപ്പക്കാരൻ പോയി. അല്പം മുന്നോട്ടു ചെന്നപ്പോഴാണ് മനഃശാസ്ത്രജ്ഞന്റെ വാ ക്കുകളുടെ അർത്ഥം എന്താണെന്ന് അയാൾ ചിന്തിച്ചത്. താൻ വീണ്ടും മോക്ഷണത്തിലേക്ക് തിരിഞ്ഞാൽ നല്ലത് എന്നാണല്ലോ ആ വാക്കുകൾ സൂചിപ്പിക്കുന്നത് എന്ന് ചെറുപ്പക്കാരൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു. ആത്മാർത്ഥത ഇല്ലാത്ത ആളിന്റെ അടുത്ത് ചികിത്സ തേടിയതിൽ അയാൾക്ക് വിഷമം തോന്നി.

ഉപദേശം സ്വീകരിക്കുമ്പോഴും അഭിപ്രായങ്ങൾ ചോദിക്കുമ്പോഴും അവർ നമ്മുടെ വളർച്ചയിൽ സന്തോഷിക്കുന്നവരാണെന്ന കാര്യം ഉറപ്പുവരുത്തണം. അല്ലാത്തവരോടുള്ള ഉപദേശം തേടൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുന്നത്.

”നിന്നെ സംശയിക്കുന്നവനോട് ഉപദേശം സ്വീകരിക്കരുത്; അസൂയാലുവിനോടു നിന്റെ ലക്ഷ്യം വെളിപ്പെടുത്തരുത്” (പ്രഭാ. 37:10).

Leave a Reply

Your email address will not be published. Required fields are marked *